എന്നെ ജീവിതത്തിൽ ഏറ്റവും കൂടുതൽ പറ്റിച്ചിട്ടുള്ളത് മോഹൻലാൽ ആണ്. അതിലൊന്ന് ഈ സംഭവമാണ്. നാടോടികാറ്റു റീലീസ് ചെയ്ത സമയമാണ്. അന്ന് ഞാൻ അന്തിക്കാട് താമസിച്ചിരുന്ന വീട്ടിലേക്ക് ഒരു ഇടവഴി കയറിയാണ് പോകേണ്ടത്. ഒരു ദിവസം വൈകുന്നേരം നോക്കിയപ്പോൾ വീട്ടിലേക്ക് മോഹൻലാലിനെ പോലെയൊരാൾ കയറി വരുന്നത് കണ്ടു. ശ്രദ്ധിച്ചു നോക്കിയപ്പോൾ അത് മോഹൻലാൽ തന്നെയാണ് എന്ന് മനസിലായി കൂടെ സെഞ്ച്വറി ഫിലിമ്സിലെ കൊച്ചു മോനും ഉണ്ട്.
വീട് എങ്ങനെ കണ്ടുപിടിച്ചെന്ന് ചോദിച്ചപ്പോള്‍ ലാല്‍ പറഞ്ഞു, കൈ വച്ച് മുഖം മറച്ചൊക്കെയാണ് ചോദിച്ച് വന്നതെന്ന് ലാൽ പറഞ്ഞു. പെട്ടന്നു ലാൽ എന്നോട് ഒരു കാര്യം പറഞ്ഞു കാറിൽ ഒരു നിർമ്മാതാവ് ഇരുപ്പുണ്ട് എന്നും അയാൾ കൊലക്കേസ് പ്രതിയാണ് എന്നും പറഞ്ഞു എന്നെ ഞെട്ടിച്ചു. അയാൾക്ക് ഞാൻ ഒരു ഒളിത്താവളം ഒപ്പിച്ചു കൊടുക്കണമത്രേ. ഒളിപ്പിക്കില്ലെന്ന് അപ്പോള്‍ തന്നെ തീരുമാനിച്ചു. എന്നാൽ ഇത് ലാലിനോട് എങ്ങനെ പറയും എന്ന് ചിന്തിച്ചു നിന്ന എന്നെ അര മണിക്കൂറോളം ടെൻഷൻ അടിപ്പിച്ചു. അവസാനം കൊച്ചുമോന്റെ മുഖത്തെ ചിരികണ്ടിട്ടാണ് പറ്റിച്ചതാണെന്ന് എനിക്ക് മനസ്സിലായത്.
അടുത്തിടെ വേറൊരു അപകടത്തിൽ നിന്ന് ഞാൻ കഷ്ടിച്ച് രക്ഷപെട്ടു. പിണറായി വിജയന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് ദിവസങ്ങൾക്ക് മുൻപ് എനിക്ക് ഒരു ഫോൺ വന്നു. ഞാൻ ഫോൺ എടുത്തപ്പോൾ മറുതലക്കൽ നിന്ന് “ഇത് പിണറായി വിജയനാണ്. സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിക്കാന്‍ വിളിച്ചതാണ്.’ എന്ന ക്ഷണം. ഞാൻ വിചാരിച്ചു അത് മോഹൻലാൽ ആണെന്ന് ഏതറ്റം വരെ പോകുമെന്ന് അറിയാൻ വെയിറ്റ് ചെയ്തു ഞാൻ. ഇത്തരത്തില്‍ പലതവണ വിളിച്ച് പറ്റിച്ചിട്ടുള്ളതാണ്. ലാൽ ആണെന്ന് ഞാൻ ഉറപ്പിച്ചു. വച്ചിട്ട് പോ ലാലേ എന്ന് പറയാനിരുന്നതാണ്. പക്ഷെ എന്തോ അങ്ങനെ പറഞ്ഞില്ല….
പറ്റിച്ചതിന് ശേഷം ഉടന്‍ ലാല്‍ വിളിക്കാറുണ്ട്. അങ്ങനെ വിളിക്കുമ്പോള്‍ അങ്ങോട്ട് തിരിച്ചടിക്കാനുള്ള തയാറെടുപ്പുകൾ നടത്തിയിട്ടും ലാലിൻറെ കാൾ വരാത്തത് കണ്ടു ഞാൻ കുറെ കഴിഞ്ഞു ലാലിനെ വിളിച്ചു. ലാൽ ഫോൺ എടുത്തു “എന്താ സത്യേട്ടാ” ഞാൻ -“പറ്റിക്കാന്‍ നോക്കണ്ട, നീ അല്ലേ പിണറായി സഖാവിന്റെ പേരും പറഞ്ഞ് കുറച്ച് മുന്‍പ് എന്നെ വിളിച്ചത്. നീ ആണെന്ന് എനിക്ക് മനസിലായി. “.. ലാലിൻറെ മറുപടി എന്നെ ഞെട്ടിച്ചു അത് പിണറായി സഖാവ് തന്നെയായിരുന്നു എന്നെ വിളിച്ചത്, അദ്ദേഹം ലാലിനെയും വിളിച്ചു അത്രേ. പോയി പണി നോക്കോടോ എന്ന് ലാൽ ആണെന്ന് വിചാരിച്ചു പറയാതിരുന്നത് മഹാ ഭാഗ്യം. എങ്കിൽ ഇവിടെ ഇത് പറയാൻ ഞാൻ ഉണ്ടാകില്ലയായിരുന്നു