Breaking News
Home / Lifestyle / പെണ്ണുകാണാന്‍ നടന്ന് ചെരിപ്പ് തേഞ്ഞു ഒടുക്കം വരിക്കപ്ലാവിനെ കെട്ടി ഒരു വര്‍ഷത്തിന് ശേഷം സുഗതിയെ കിട്ടി

പെണ്ണുകാണാന്‍ നടന്ന് ചെരിപ്പ് തേഞ്ഞു ഒടുക്കം വരിക്കപ്ലാവിനെ കെട്ടി ഒരു വര്‍ഷത്തിന് ശേഷം സുഗതിയെ കിട്ടി

വെള്ളരിക്കുണ്ട്: വിവാഹത്തെക്കുറിച്ച് സമൂഹത്തില്‍ നിലനല്‍ക്കുന്ന ധാരണകള്‍ക്കെതിരെ ചന്ദ്രുവെന്ന യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. പെണ്ണുകാണാന്‍ നടന്ന് ചെരിപ്പ് തേഞ്ഞത് മിച്ചം. പെണ്‍കുട്ടികളുടെ നിബന്ധനകള്‍ക്കു ചേര്‍ന്ന വരനാകാന്‍ സാധിക്കാത്തതിനാല്‍ താന്‍ വരിക്കപ്ലാവിനെ വധുവാക്കുന്നു എന്ന് ആക്ഷേപം നിറഞ്ഞ ക്ഷണക്കത്ത് ചന്ദ്രു ഫേസ്ബുക്കില്‍ തയാറാക്കുകയായിരുന്നു.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 31നായിരുന്നു ഈ ഹാസ്യ പോസ്റ്റ്. നവംബര്‍ 4ന് വിവാഹിതനാകുമെന്നായിരുന്നു അതിലെ വരികള്‍. ഏതായാലും കൃത്യം ഒരുവര്‍ഷത്തിന് ശേഷം നവംബര്‍ നാലാംതീയതി തന്നെ ചന്ദ്രു വിവാഹിതനായി. എന്നാല്‍ ചന്ദ്രുവിന് വധുവായത് പ്ലാവ് അല്ല…. ആഗ്രഹിച്ചതുപോലെ ഡിമാന്റുകള്‍ ഒന്നുമില്ലാതെ പാലക്കാട് സ്വദേശിയായ സുഗതിയാണ് തന്റെ സഹദര്‍മ്മിണിയായി എത്തിയത്. വധൂഗ്രഹത്തില്‍വെച്ച് ലളിതമായിട്ടായിരുന്നു വിവാഹം.

ചന്ദ്രുവിന്റെ പഴയ പോസ്റ്റ് ഇങ്ങനെ;

*ക്ഷണക്കത്ത്*

സുഹൃത്തെ/ബന്ധുജനങ്ങളെ,

ഞാന്‍ വിവാഹിതനാവുകയാണ്.

അടുത്ത മാസം നാലാം തീയതി ഞായറാഴ്ച പകല്‍ പത്തു മണിക്കാണ് ചടങ്ങ്.

എല്ലാവരും കുടുംബസമേതം കൃത്യ സമയത്ത് എത്തുമല്ലോ.

വധുവിനെ പരിചയപ്പെടുത്തട്ടെ,

വീടിന്റെ വടക്കുഭാഗത്ത് തല ഉയത്തി നില്‍ക്കുന്ന വരിക്കപ്ലാവാണ് വധു.

വിവാഹത്തിന് വലിയ ചടങ്ങുകളോ ആര്‍ഭാടങ്ങളോ ഒന്നുമില്ല

അവള്‍ കുറേ പഴുത്ത പ്ലാവിലകള്‍ പൊഴിച്ചു തരും ഞാനത് മാലയാക്കി അവള്‍ക്ക് ചാര്‍ത്തും.

വന്നവര്‍ക്കെല്ലാം ചക്കയുപ്പേരി വിളമ്പും ശുഭം!

ചരക്കെടുക്കാന്‍ തുണിക്കടയിലൊ സ്വര്‍ണ്ണം വാരാന്‍ ജൂവലറിയിലൊ പോയില്ല

തേഞ്ഞു തീര്‍ന്ന ചെരുപ്പു മാറ്റി പുതിയൊരെണ്ണം വാങ്ങി അതു മാത്രം..

ജീവിതത്തില്‍ എന്റെ ഈ തീരുമാനത്തെ ഒരു സാഹസമായി കാണേണ്ടതില്ല എല്ലാം ഒത്തുവന്നത് ഇപ്പഴാണ്

വരനെക്കുറിച്ച് അവള്‍ക്ക് വേവലാതികള്‍ ഉണ്ടായിരുന്നില്ല; ചോദ്യങ്ങളും..

സര്‍ക്കാര്‍ ഉദ്യോഗമോ

അഞ്ചക്ക ശമ്പളമോ

ബാങ്ക് ബാലന്‍സോ

എന്റെ നിറമോ ജാതിയോ ജാതകമോ ചോദിച്ചില്ല.

പ്രായമോ പത്തിലെട്ട് പൊരുത്തമോ ചോദിച്ചില്ല

ചേര്‍ന്ന കോഴ്‌സുകളോ കിട്ടിയ ഡിഗ്രികളെക്കുറിച്ചോ ചോദിച്ചില്ല

പട്ടുസാരിയോ സ്വര്‍ണ്ണത്തൂക്കമോ ചോദിച്ചില്ല…

ഒരേയൊരു ഡിമാന്റ് മാത്രം

‘ഒരു മഴു പോലും വീഴാതെ അവസാനം വരെ തുണയാകണം..’

അങ്ങനെ എല്ലാം ഒത്തുവന്നപ്പോള്‍ ഞാനിതങ്ങ് ഉറപ്പിക്കുകയായിരുന്നു.

ആയതിനാല്‍ സുഹൃത്തെ ഈ മംഗളകര്‍മ്മത്തില്‍ എന്റെ സന്തോഷത്തിനൊപ്പം പങ്കുചേരാന്‍ പ്രിയപ്പെട്ട ഏവരേയും ഹൃദ്യമായി ക്ഷണിക്കുന്നു..

ചന്ദ്രു വെള്ളരിക്കുണ്ട്

chandroouae@gmail.com

( കവിത സമര്‍പ്പണം: സമാന ഹൃദയര്‍ക്ക്)

ചന്ദ്രുവിന്റെ പുതിയ പോസ്റ്റ്…

വരിക്കപ്ലാവിനെ വരിച്ച കഥ ഫേസ്ബുക്കില്‍ ഞാന്‍ പോസ്റ്റ് ചെയ്തിട്ട് ഒരു വര്‍ഷം തികയുകയാണ്. കൗതുകവും അപ്രതീക്ഷിതവുമെന്ന് പറയട്ടെ ആ ക്ഷണക്കത്തിലെ ആദ്യവരികളില്‍ എഴുതിയപോലെ നാലാം തീയതി ഞായറാഴ്ച പകല്‍ പത്തു മണിക്ക് വധൂഗൃഹത്തില്‍ വച്ച് കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ ലളിതമായ ചടങ്ങില്‍ ഞാന്‍ വിവാഹിതനായി. ഡിമാന്റുകളൊന്നും മുന്നോട്ട് വെക്കാതെ പാലക്കാട് പുതുശ്ശേരിയിലെ സുഗിതയാണ് ജീവിതവഴിയില്‍ കൂടെ ചേര്‍ന്നിരിക്കുന്നത്.

പ്രിയപ്പെട്ടവരെ മുഴുവന്‍ ക്ഷണിച്ച് വരുത്തി ആഘോഷമായി നടത്താനുള്ള സാഹചര്യമൊന്നും ഉണ്ടായിരുന്നില്ല ക്ഷമിക്കുമല്ലോ. നിങ്ങളുടെ പിന്തുണയും സ്‌നേഹവും പ്രതീക്ഷിച്ചുകൊണ്ട്..
ചന്ദ്രു

About Intensive Promo

Leave a Reply

Your email address will not be published.