Breaking News
Home / Lifestyle / മനുഷത്വം മാത്രം കൈമുതലുള്ള ഒരാളാണ് മമ്മൂട്ടി

മനുഷത്വം മാത്രം കൈമുതലുള്ള ഒരാളാണ് മമ്മൂട്ടി

വിഷ്ണു എന്ന മമ്മൂട്ടി ചിത്രം സംവിധാനം ചെയ്ത പി ശ്രീകുമാർ അറിയപ്പെടുന്ന ഒരു നടൻ കൂടെയാണ്. മമ്മൂട്ടിയെ നായകനാക്കി കർണൻ എന്ന ചിത്രത്തിനു തിരക്കഥ ഒരുക്കുന്ന ശ്രീകുമാർ മമ്മൂട്ടിയുമായുള്ള ഹൃദയബന്ധം അടുത്തിടെ സഫാരി ചാനലിലെ ഒരു അഭിമുഖത്തിൽ തുറന്നു പറഞ്ഞത് ഇങ്ങനെ..

“കൈയും തലയും പുറത്തിടരുത് എന്ന എന്റെ ചിത്രത്തിലെ ഒരു വേഷം മമ്മൂട്ടിയെ കൊണ്ട് ചെയ്യിപ്പിക്കാൻ എന്റെ സുഹൃത്ത് മാധവൻ വഴി ഞാൻ മമ്മൂട്ടിയുടെ ചെന്നൈയിൽ അടുത്തെത്തി. മമ്മൂട്ടി ഞാനെത്തുമ്പോൾ ഒരു വലിയ സദസിന്റെ നടക്കു ഇരിക്കുകയാണ്. അന്നത്തെ സിനിമയിലെ വലിയ നിർമ്മാതാക്കൾ ആയിരുന്നു മമ്മൂട്ടിക്ക് ചുറ്റും ഇരുന്നത്. ഞങ്ങൾ ഒന്ന് വരാമോ എന്ന് മമ്മൂട്ടിയോട് ചോദിച്ചു മാറി നിന്നു. ഏകദേശം മുക്കാൽ മണിക്കൂർ ഞങ്ങളെ അദ്ദേഹം വെയിറ്റ് ചെയ്യിപ്പിചു. പതുക്കെ മുക്കാൽ മണിക്കൂറിനു ശേഷം അദ്ദേഹം ഞങ്ങളുടെ അടുത്ത് എത്തി.

എന്നിട്ട് കാര്യം ചോദിച്ചു. ഞങ്ങൾ വേഷത്തിന്റെ കാര്യം പറഞ്ഞു. ഒന്ന് ആലോചിച്ചിട്ട് എന്നത്തേക്ക് ആണ് ഷൂട്ട് തുടങ്ങുന്നത് എന്നും ചോദിച്ചു. ഞങ്ങൾ ഈ സെപ്റ്റംബറിൽ ആണെന്ന് പറഞ്ഞു. കുറച്ചു നേരം ആലോചിച്ചു നിന്നിട്ട് ഈ സെപ്റ്റംബറിൽ പറ്റില്ല,തനിക്ക് ഡേറ്റില്ല എന്ന് പറഞ്ഞു. ഞങ്ങൾ ഒരു ആറു ദിവസം തന്നാൽ മതിയെന്ന് പറഞ്ഞു. അദ്ദേഹം പറ്റില്ല എന്ന് തീർത്തു പറഞ്ഞു. 6 ദിവസമല്ലേ ഒന്ന് അഡ്ജസ്റ്റ് ചെയ്യാമോ എന്ന് മമ്മൂട്ടിയോട് ചോദിച്ചു.

പെട്ടന്ന് മമ്മൂട്ടി വല്ലാതങ്ങു ദേഷ്യപ്പെട്ടു, അഡ്ജസ്റ്റ് ചെയ്യാൻ പറയാൻ താൻ ആരാ എന്റെ ബന്ധുവാണോ..? അതോ ബാല്യകാല സുഹൃത്തോ? എന്നെല്ലാം പറഞ്ഞു രോക്ഷം കൊണ്ടു. ഞാനങ്ങു വല്ലാതെയായി, ഒന്നും തിരിച്ചു പറയാൻ പറ്റാത്ത അവസ്ഥ. കുറച്ചു നേരം മിണ്ടാതെ ഇരുന്നിട്ട് അദ്ദേഹം പറഞ്ഞു, “ഒരു കാര്യം ചെയ്യ്, അടുത്ത വര്ഷം സെപ്റ്റംബറിൽ ഞാൻ ഡേറ്റ് തരാം. അന്നൊരു പടം ചെയ്യാം….”

എനിക്കങ്ങു ദേഷ്യം വന്നു ഞാൻ മമ്മൂട്ടി എന്നോട് ദേഷ്യപ്പെട്ട അതെ രീതിയിൽ തിരിച്ചു സംസാരിച്ചു, “അടുത്ത വര്ഷം എന്റെ പടത്തിൽ അഭിനയിക്കും എന്ന് പറയാൻ താൻ എന്റെ ബന്ധുവാണോ, അതോ ബാല്യകാല സുഹൃത്തോ അതോ സ്വജാതിയോ?” എന്നെല്ലാം പറഞ്ഞു ദേഷ്യപ്പെട്ടു. അത് പിന്നെ വലിയ വഴക്കായി. അത്രക്കും മോശമായ രീതിയിലെ സംഭാഷണം ആണ് അന്ന് ഉണ്ടായത്. അന്ന് മുതൽ കുറേക്കാലം അദ്ദേഹത്തോട് ഞാൻ മിണ്ടിയിട്ടില്ല….

വർഷങ്ങൾക്ക് ശേഷം ഞാൻ സ്വത്തുക്കൾ ഒക്കെ വിറ്റു ഒരു നിവൃത്തിയുമില്ലാതെ നിൽക്കുന്ന കാലം. പട്ടിണിയും പരിവട്ടവും ആയിരുന്നു എനിക്കന്നു, എന്റെ അവസ്ഥ വേണു നാഗവള്ളിയിൽ നിന്ന് അറിഞ്ഞു മമ്മൂട്ടി എന്നെ ആലപ്പുഴയിലേക്ക് വിളിപ്പിച്ചു. അവിടെ ഷൂട്ട് നടക്കുന്ന ചിത്രത്തിന്റെ സെറ്റിൽ ആണ് ഞാൻ എത്തിയത്. അവിടെ അദ്ദേഹം എനിക്ക് അദ്ദേഹത്തിന്റെ റൂമിനു എതിരെ ഒരു റൂം ശെരിയാക്കി തന്നു, അവിടെ താമസിക്കാൻ പറഞ്ഞു.

എന്നും എന്നെ സെറ്റിൽ കാറിൽ കൊണ്ടുപോയി, അദ്ദേഹം ഇരുകുന്നിടത് തന്നെ ഒരു കസേര ഇട്ടു ഇരുത്തുതുമായിരുന്നു. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ഞാൻ അദ്ദേഹത്തിനോട് ദേഷ്യപ്പെട്ടു. “നിങ്ങളുടെ പത്രാസ് കാണിക്കാൻ ആണോ എന്നെ ഇവിടെ കൊണ്ട് വന്നത്, എന്റെ അവസ്ഥ കഷ്ടമാണ്, ഞാൻ ഇല്ലെങ്കിൽ എന്റെ വീട്ടിൽ അടുപ്പു പുകയില്ല. എന്റെ ദേഷ്യം കണക്കിലെടുക്കാതെ അദ്ദേഹം എന്നോട്, “ശ്രീകുമാറിന്റെ കൈയിൽ എനിക്ക് പറ്റിയ കഥകൾ എന്തെങ്കിലും ഉണ്ടോ” എന്ന് ചോദിച്ചു. അന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞ കഥയാണ് വിഷ്ണു….

പിന്നീട് ആ ചിത്രത്തിന് നിർമ്മാതാവിനെ പോലും ഒപ്പിച്ചു തന്നത് അദ്ദേഹമാണ്. ഞാൻ എന്റെ കടങ്ങൾ എല്ലാം തീർത്തത്, ഒരു വീട് വച്ചത് എല്ലാം ആ ചിത്രം കൊണ്ടാണ്. പിന്നീട് വർഷങ്ങൾക് ശേഷം എന്റെ മകൻ പഠനം കഴിഞ്ഞു പുറത്തു വന്നത് അറിഞ്ഞു ഇങ്ങോട്ട് വിളിച്ചു അവനു വിദേശത്തു ജോലി തരപ്പെടുത്തി കൊടുത്തതും, എന്നോട് അന്ന് ദേഷ്യപ്പെട്ട ആ മനുഷ്യനാണ്. പലരും അദ്ദേഹത്തിന് ജാഡയാണ്, അഹങ്കാരമാണ് എന്നെല്ലാം പറയും, അദ്ദേഹത്തെ ആരും മനസിലാക്കിയിട്ടില്ല എന്നതാണ് സത്യം. നിങ്ങൾ വിഷമിക്കുമ്പോൾ നിങ്ങൾക്ക് വേണ്ടി കണ്ണീർ പൊഴിക്കുന്നവനാണ് ആ മനുഷ്യൻ. മനുഷത്വം മാത്രം കൈമുതലുള്ള ഒരുവൻ

About Intensive Promo

Leave a Reply

Your email address will not be published.