Breaking News
Home / Lifestyle / “ശ്രീയേട്ടൻ എന്നെ ഓർക്കാറുണ്ടോ..? എനിക്ക് സുഖമാണോ എന്നന്വേഷിക്കാറുണ്ടോ..? എന്റെ ജന്മദിനം ഓർക്കാറുണ്ടോ..?”; ഒരു ഭാര്യയുടെ കുറിപ്പ്..!!

“ശ്രീയേട്ടൻ എന്നെ ഓർക്കാറുണ്ടോ..? എനിക്ക് സുഖമാണോ എന്നന്വേഷിക്കാറുണ്ടോ..? എന്റെ ജന്മദിനം ഓർക്കാറുണ്ടോ..?”; ഒരു ഭാര്യയുടെ കുറിപ്പ്..!!

ഓഫിസിലേക്ക് കയറാൻ തുടങ്ങിയപ്പോഴാണ് പുറത്തു നിൽക്കുന്ന രാജീവിനെ ശ്രീജിത്ത് കണ്ടത്..

“ഗുഡ്മോർണിങ്”

“ശ്രീജിത്ത് സാറിനെ ഞാൻ ശരിക്കും കാണാൻ ഇരിക്കുവായിരുന്നു”

“എന്താടോ കാര്യം”

“സർ എന്നാലും ഈ കാര്യം ഞങ്ങളോട് ഒന്നും പറഞ്ഞില്ലല്ലോ?”

“എന്ത് കാര്യം???”

“ആര്യ നന്നായിട്ട് എഴുതാറുണ്ട് അല്ലെ? റൈറ്റിംഗ്സിന് പ്രൈസുകളും കിട്ടാറുണ്ട് അല്ലെ? സർ പറഞ്ഞില്ലല്ലോ?”

“ഏത് ആര്യ?”

“അത് എന്ത് ചോദ്യം ആണ് സാറേ? സാറിന്റെ ഭാര്യ ആര്യ അല്ലാതെ ആരാ?”

ശ്രീജിത്ത് പൊട്ടിച്ചിരിച്ചു..

“താൻ എന്താടോ രാജീവേ രാവിലെ ആളെ കളിയാക്കാൻ ഇറങ്ങിയെക്കുവാണോ?”

പറഞ്ഞുകൊണ്ട് രാജീവിന്റെ മറുപടി കേൾക്കാൻ നിൽക്കാതെ ശ്രീജിത്ത്ഓഫിസിലേക്ക് നടന്നു. ഓഫീസിലെ ജോലിത്തിരക്കിനിടയിലും അവന്റെ മനസ്സിലേക്ക് രാവിലെ രാജീവ് പറഞ്ഞത് തന്നെ ആയിരുന്നു..”ഇതിപ്പോ മൂന്നാലു തവണയായി ആരൊക്കെയോ തന്നോട് ചോദിച്ച ചോദ്യം ആണ്..

ആര്യ എഴുതാറുണ്ടോ എന്ന്? അവളുടെ പേരിൽ ഉള്ള ആരേലും എഴുതുന്നുണ്ടാകും ആൾക്കാർ തെറ്റിദ്ധരിച്ചത് വെറുതെ ആകില്ല..അല്ലാതെ അവളെകൊണ്ട് എഴുതാൻ ഒന്നും കൊള്ളില്ല..എഴുതാൻ പോയിട്ട് അവൾ ഒരു പേന കയ്യിൽ എടുക്കുന്നത് പോലും കണ്ടിട്ടില്ല..ആകെ കിട്ടുന്ന സമയം ഒരു ഫോൺ എടുത്ത് വാട്സാപ്പിലോ ഫേസ്ബുക്കിലോ കൂട്ടുകാരും ആയി ചാറ്റിംഗ്..”ഓർത്തപ്പോൾ തന്നെ അവന് ദേഷ്യം ഇരച്ചുവന്നു..

“അവളുടെ ആ കുന്തം ഫോൺ ഒരുദിവസം ഞാൻ തല്ലിപ്പൊട്ടിച്ചുകളയും” അവൻ സ്വയം പറഞ്ഞു..”

രാജീവിനോട് ചോദിക്കാം അവൻ പറഞ്ഞ റൈറ്റിങ് എവിടെ ആണെന്ന്..നല്ലതാണേൽ ഒന്നു വായിക്കാം..”സമയം കളയാതെ അവൻ രാജീവിനെ വിളിച്ചു..അടക്കിപ്പിടിച്ച ചിരിയോടെ അവൻ രാജീവിനോട് ചോദിച്ചു

“താൻ എവിടെ ആണെടോ ആര്യയുടെ എഴുത്തുകൾ വായിച്ചത്..?”

“അതിപ്പോ ഫേസ്ബുക്കിലൊക്കെ എല്ലാ പ്രധാനപ്പെട്ട പേജുകളിലും ഗ്രൂപ്പുകളിലും വൈറൽ ആയിട്ട് വരാറുണ്ട് ആര്യ ശ്രീജിത്ത് എന്ന പേരിൽ കഥകൾ ഒക്കെ. പിന്നെ നമ്മുടെ നമ്മുടെ ശശികല മാഡം പറയുന്നകേട്ടു ഏതോ മാഗസിനിൽ ഒക്കെ ആർട്ടിക്കിൾ വന്നിരുന്നു എന്ന്.., അതിൽ ഫോട്ടോ ഉണ്ടായിരുന്നത് കൊണ്ട് ആണ് ആളെ മനസ്സിലായത് എന്ന്..”

ശ്രീജിത്തിന് വീണ്ടും ചിരി ആണ് തോന്നിയത് ഫോട്ടോ ഉണ്ടായിരുന്നു പോലും..

“താൻ ഇനി ആ കഥകൾ കാണുമ്പോൾ എനിക്ക് ഒന്ന് തരണേ …ഞാൻ വായിച്ചിട്ടേയില്ലടോ അതാ..”

പരിഹാസച്ചുവയുള്ള ശ്രീജിത്തിന്റെ വാക്കുകൾ കേട്ടപ്പോൾ രാജീവിന് അത്ഭുതം തോന്നി…

ദിവസങ്ങൾ കടന്നു പോയി..ശ്രീജിത്തിന്റെ ഓർമ്മയിൽ നിന്നും ഈ സംഭവങ്ങളും മാഞ്ഞു പോയി…ഒരു ദിവസം ഓഫീസിൽ ഊണു കഴിക്കാൻ ഇരുന്നപ്പോഴാണ് രാജീവ് ഓടി അടുത്തേക്ക് വന്നത്..ഫോൺ അവനു നേരെ നീട്ടിക്കൊണ്ട് രാജീവ് പറഞ്ഞു..”

നോക്ക് ആര്യയുടെ പുതിയ എഴുത്…ഭർത്താവിന് മനസ്സ് തുറന്നൊരു കത്ത് എന്നാണ് പേര്…സംഭവം ഹൃദയസ്പർശിയാണ്.. കരഞ്ഞു പോകും വായിച്ചാൽ…”

“ഓഹോ എന്നാ ഞാൻ കൂടി കരയട്ടെ.. ഇങ്ങു തന്നെ..”

ശ്രീജിത്ത് അത് മുഴുവനും വായിച്ചു…വായിച്ചു തീർന്നപ്പോൾ അവന് അവിടെ ഇരിക്കാൻ മനസ്സുവന്നില്ല…ഹാഫ് ഡേ ലീവ് എടുത്ത് അവൻ അവിടെ നിന്നും ഇറങ്ങി…

രാജീവിന് ഫോൺ തിരികെ നൽകിയപ്പോൾ അവനും ചോദിച്ചു എന്ത് പറ്റി എവിടെ പോകുവാണ് എന്നൊക്കെ…മറുപടി കൊടുക്കാൻ പോലും മനസ്സ് വന്നില്ല…ഓഫീസിൽ നിന്നും ഇറങ്ങി അവൻ നേരെ പോയത് അടുത്തുള്ള പാർക്കിലേക്ക് ആയിരുന്നു…അവിടുത്തെ ബെഞ്ചിൽ ഇരുന്ന് കൊണ്ട് അവൻ അവന്റെ ഫോണിൽ ആ എഴുത് സെർച്ച് ചെയ്ത് എടുത്തു….അവൻ അത് വായിക്കുവാൻ തുടങ്ങി..

ഭർത്താവിന് മനസ്സ് തുറന്നൊരു കത്ത്

___________________________________

എന്റെ ശ്രീയേട്ടന്…,

ഒരുപാട് നാളായി എന്റെ മനസിൽ അടക്കിവച്ചിരുന്ന നൊമ്പരങ്ങൾ ഒക്കെയും എനിക്ക് ശ്രീയേട്ടനോട് പറയാൻ ഉള്ള സമയം ആയപോലെ ഒരു തോന്നൽ..അതിനാണ് ഈ എഴുത്…നമ്മൾ ആദ്യമായി കാണുകയും സംസാരിക്കുകയും ചെയ്ത ദിവസം ശ്രീയേട്ടന് ഓർമയുണ്ടോ…?

ശ്രീയേട്ടൻ ഇനി ഒരിക്കലും അതൊന്നും ഓർക്കാൻ ഇഷ്ടപ്പെടുന്നില്ല എന്ന് എനിക്ക് നന്നായിട്ട് അറിയാം…എങ്കിലും ഇടയ്ക്കൊക്കെ ഞാൻ ആഗ്രഹിക്കാറുണ്ട് സ്വപ്നം കാണാറുണ്ട് എന്നെ അന്നതെപ്പോലെ ശ്രീയേട്ടൻ ഒന്ന് സ്നേഹിച്ചിരുന്നെങ്കിൽ എന്ന്… ഒരു വീട്ടുജോലിക്കാരി

ആയിട്ട് മാത്രമല്ലേ എന്നെ ശ്രീയേട്ടൻ ഇപ്പോൾ കാണുന്നത്… ശ്രീയേട്ടനും മക്കൾക്കും ഭക്ഷണം ഉണ്ടാക്കാനും വസ്ത്രങ്ങൾ അലക്കാനും വീട് നോക്കാനും മാത്രമായിട്ട് ഒരു ജോലിക്കാരി…. എനിക്ക് വേണ്ടി എന്റെ പ്രണയത്തിന് വേണ്ടി എത്രയോ ദൂരങ്ങൾ താണ്ടി എത്രയൊക്കെ സാഹസങ്ങൾ കാണിച്ച് എത്തിക്കൊണ്ടിരുന്ന എന്റെ ആ പഴയ ശ്രീയേട്ടനെ എനിക്ക് നഷ്ടമായത് എവിടെ വച്ചാണ്..?

ജനിച്ച വീടും നാടും സഹോദരങ്ങളെയും മാതാപിതാക്കളെയും വരെ ഉപേക്ഷിച്ച് ശ്രീയേട്ടനോടൊപ്പം ഞാൻ വന്നതിന് ദൈവം എനിക്ക് നൽകുന്ന ശിക്ഷ ആണോ അതോ ശ്രീയേട്ടൻ തന്നെ എനിക്ക് വിധിയ്ക്കുന്ന ശിക്ഷ ആണോ ഈ ജീവിതം..

ശ്രീയേട്ടൻ ചിരിക്കാൻ പോലും മറന്നുപോയി എന്നെനിക്ക് തോന്നാറുണ്ട്…അമ്മു എന്ന് പഴയപോലെ ശ്രീയേട്ടൻ ഒന്ന് വിളിച്ചുകേൾക്കാൻ കൊതിച്ചിട്ടുണ്ട് പലപ്പോഴും ഞാൻ….ഞാൻ ചെയ്ത തെറ്റ് എന്താണെന്ന് എനിക്ക് ഇപ്പോഴും അറിയില്ല..സ്നേഹിച്ചിട്ടല്ലേ ഉള്ളു എന്നും ഞാൻ…എന്നിട്ടും…ശ്രീയേട്ടന് അറിയാമോ ഞാൻ എന്തിനാണ് ശ്രീയേട്ടന്റെ മുൻപിൽ എപ്പോഴും ഫോണും നോക്കി ഇരിക്കുന്നത് എന്ന്..?

എന്നോട് സംസാരിക്കാൻ പോലും സമയവും താൽപര്യവും ഇല്ലാത്ത ശ്രീയേട്ടൻ വഴക്ക് പറയാൻ വേണ്ടി എങ്കിലും എന്നോട് ഒന്ന് സംസാരിക്കുവാൻ വേണ്ടി മാത്രം ആയിരുന്നു അതൊക്കെ…. ഫേസ്ബുക്കിൽ ഓണ്ലൈനിൽ ഇരുന്നു എന്ന് കരുതി ചാറ്റിങ് മാത്രം അല്ലല്ലോ അതിൽ ഉള്ളത്…

ഒരു ദിവസം എങ്കിലും ശ്രീയേട്ടൻ വീട്ടിലേക്ക് നേരത്തെ വരാറുണ്ടോ? എന്നെ ഒന്ന് നോക്കാറുണ്ടോ? ഞാൻ ഭക്ഷണം കഴിച്ചോ എന്നു ചോദിക്കാറുണ്ടോ? എനിക്ക് സുഖം ആണോ എന്ന് അന്വേഷിക്കാറുണ്ടോ..?എന്റെ ജന്മദിനം ശ്രീയേട്ടൻ ഓർക്കാറുണ്ടോ? വിവാഹ വാർഷികം ഓർക്കാറുണ്ടോ?

എന്നെത്തന്നെ മറന്നപോയ ശ്രീയേട്ടൻ എങ്ങിനെയാ ഇതൊക്കെ ഓർക്കുന്നത് അല്ലേ…? ഒരു ഭാര്യ എന്ന നിലയിൽ എന്റെ കഴിവുകളെ പ്രോത്സാഹിപ്പിക്കേണ്ടത് ശ്രീയേട്ടൻ ആയിരുന്നില്ലേ….എന്­നിട്ടുംഎന്നെ ഇന്നുവരെ ഒന്ന് മനസ്സിലാക്കാൻ എങ്കിലും ശ്രമിച്ചിട്ടുണ്ടോ…?എന്റെ വാക്കുകളെ അംഗീകരിക്കുവാനും ഏത് സങ്കടത്തിലും ചേർത്തുപിടിച്ച്

ആശ്വസിപ്പിക്കുവാനും എന്റെ കൊച്ചു കൊച്ചു ആഗ്രഹങ്ങളെ സാധിപ്പിച്ചു തരുവാനും ശ്രീയേട്ടൻ ശ്രമിച്ചിട്ടുണ്ടോ…?ഞാൻ ആണ് ശ്രീയേട്ടന്റെ സന്തോഷങ്ങളെ തല്ലിക്കെടുത്തിയത് എന്ന് എപ്പോഴും പറയാറില്ലേ…

അതാണ് ഇത്തരം അവഗണനകൾക്ക് പിന്നിൽ എങ്കിൽ ഈ ജീവിതത്തിൽ നിന്നും അല്ല ശ്രീയേട്ടന് സന്തോഷം ലഭിക്കാൻ ഈ ഭൂമിയിൽ നിന്ന് തന്നെ ഒഴിഞ്ഞുതരാൻ ഞാൻ തയാറാണ്…എങ്കിലും എന്റെ ഹൃദയമിടിപ്പ് നിലയ്ക്കുന്ന വരെ എനിക്ക് ശ്രീയേട്ടനോടുള്ള പ്രണയത്തിന് മരണം ഉണ്ടാകില്ല….

എന്റെ രഹസ്യങ്ങളുടെ താക്കോൽ തേടി അലഞ്ഞപ്പോൾ ശ്രീയേട്ടൻ ഓർക്കാതെ പോയ ഒന്നുണ്ട്.., എനിക്ക് ഈ ലോകത്ത് ഏറ്റവും വലുത് എന്റെ ശ്രീയേട്ടൻ ആണ് എന്ന്….അത്കൊണ്ട് തന്നെ ആ താക്കോൽ എന്നും ശ്രീജിത്ത് എന്നായിരിക്കും എന്ന്……

ശ്രീയേട്ടന്റെ സ്വന്തം

അമ്മു….

ശ്രീജിത്ത് ഒരു പത്തു തവണ എങ്കിലും അത് വായിച്ചു… ആ എഴുത്തിന്റെ അവസാന ഭാഗത്തിലേക്ക് അവൻ കണ്ണുകൾ ഓടിച്ചു…written by ആര്യ ശ്രീജിത്ത്….

അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി കൊണ്ടിരുന്നു…അമ്മു…അവൾ…അവളുടെ മനസ്സ് അല്ലെ ഇതിൽ അവൾ പകർത്തി വച്ചിരിക്കുന്നത്…അവളെ എനിക്ക് ജീവനായിരുന്നില്ലേ…? അവളെ കാണണം സംസാരിക്കണം എന്ന് തോന്നിയപ്പോഴൊക്കെ രാവെന്നോ പകലെന്നോ നോക്കാതെ കിലോമീറ്ററുകൾ താണ്ടി ഞാൻ പോയിട്ടില്ലേ..?

എന്റെ അമ്മുന്റെ ഓരോ ജന്മദിനവും ഉത്സവം പോലെ ആഘോഷിച്ചിട്ടില്ലേ…ഇതൊക്കെ ഞാൻ എങ്ങിനെ മറന്നു….എല്ലാവരെയും ഉപേക്ഷിച്ചു കൂടെ വന്ന നാൾ കണ്ണു നനയിക്കാതെനോക്കാം എന്നവൾക്ക് വാക്ക് കൊടുത്തിരുന്നതല്ലേ…ആ ഞാൻ അവളുടെ കണ്ണുനീർ കാണാതെ പോയത് എന്തേ….എവിടെ ആണെനിക്ക് തെറ്റിയത്..എന്തിനാണ് ഞാൻ അവളെ കാരണങ്ങൾ സൃഷ്ടിച്ച് വെറുത്തുകൊണ്ടിരുന്നത്…

ലോകം മുഴുവൻ കറങ്ങുന്നത് പോലെയും കണ്ണിൽ ഇരുട്ട് പടരുന്നത് പോലെയും തോന്നി അവന്… ഒന്നു പൊട്ടിക്കരയുവാൻ തോന്നി…

ഫോൺ റിങ് ചെയ്തപ്പോഴാണ് സ്ഥലകാലബോധം വീണത്..രാജീവ് ആണ് വിളിക്കുന്നത് എന്ന് മനസ്സിലായപ്പോൾ ഒന്ന് മനസ്സ് തുറക്കാൻ എന്തുകൊണ്ടും നല്ലത് അവൻ ആണെന്ന് ശ്രീജിത്തിന് തോന്നിയത്..

രാജീവിനോട് പാർക്കിലേക്ക് വരാൻ ആവശ്യപ്പെടുകയും ചെയ്തു..കരഞ്ഞുകലങ്ങിയ കണ്ണുകളോടെ ശ്രീജിത്തിനെ കണ്ടപ്പോൾ രാജീവിന് എന്തോ ഒരു ടെൻഷൻ തോന്നി…എന്ത് പറ്റി എന്ന രാജീവിന്റെ ചോദ്യത്തിന് മനസ്സ് തകർന്നപോലെ ആയിരുന്നു ശ്രീജിത്ത് മറുപടി പറഞ്ഞുതുടങ്ങിയത്…

“അത് എഴുതിയത് എന്റെ അമ്മു ആണെടോ…എന്റെ ആര്യ….എന്ത്കൊണ്ട് അവൾ എന്നോട് മനസ്സ് തുറന്ന് ഒന്ന് സംസാരിച്ചില്ല…ഒരുപക്ഷേ ഞാൻ അതിനു അവസരം കൊടുത്തില്ല എന്നതാവും ശരി…അവളോടുള്ള ഇഷ്ടം കൂടിയപ്പോൾ 21 വയസ് തികയാൻ നോക്കിയിരുന്ന് കല്യാണം കഴിച്ചതാണ് ഞാൻ അവളെ….

സന്തോഷത്തോടെ ആണ് ഞങ്ങൾ ജീവിച്ചുതുടങ്ങിയത്…മക്കൾ ജനിച്ചപ്പോഴേക്കും പ്രാരാബ്ധവും കൂടി..എന്റെ പ്രായത്തിലുള്ള സുഹൃത്തുക്കൾ അടിച്ചുപൊളിച്ചു നടക്കുന്നത് കണ്ടുതുടങ്ങിയ എനിക്ക് ഒരു കുടുംബം മുന്നോട്ട് കൊണ്ടുപോകാൻ ഉള്ള ബുദ്ധിമുട്ടുകൾ കൂടി കൂടി വന്നപ്പോൾ എല്ലാത്തിനോടും ദേഷ്യം ആയി മാറി…

സ്ത്രീധനം വാങ്ങി സുഹൃതുക്കൾ വിവാഹം കഴിച്ച് സെറ്റിൽഡ് ആവുന്നത് കണ്ടപ്പോൾ എനിക്ക് സ്ത്രീധനം കിട്ടിയില്ലല്ലോ അങ്ങിനെ കിട്ടിയിരുന്നെങ്കിൽ ഈ കഷ്ടപ്പാടുകൾ ഇല്ലാതെ ആയേനെ എന്നൊക്കെ തോന്നലുകൾ വളർന്നു..

ആ തോന്നലുകൾ പിന്നീട് അവളോട് ഉള്ള ദേഷ്യം ആയി മാറി…രണ്ട് മക്കൾക്ക് ജന്മം നൽകിയതോടെ അവളുടെ സൗന്ദര്യം നശിച്ചപ്പോൾ എനിക്ക് അവളോട് ഉണ്ടായിരുന്ന പ്രണയവും കൗതുകവും സ്നേഹവും എല്ലാം എന്നിൽ നിന്നും അകന്നു പോയി…എല്ലാം എന്റെ തെറ്റ് ആണ്…അവളാണ് എന്റെ സൗഭാഗ്യം എന്ന് ഞാൻ മനസ്സിലാക്കിയില്ല…­സ്ത്രീധനത്തേക്കാളും വലിയ സ്വത്ത് അവളാണെന്ന് ഞാൻ മനസ്സിലാക്കിയില്ല…­

അവളുടെ സൗന്ദര്യം അവൾ നശിപ്പിച്ചത് എന്റെ കുഞ്ഞുങ്ങൾക്ക് ജന്മം നൽകുവാനും അവരെ വളർത്തുവാനും ആണെന്ന് ഞാൻ മനസ്സിലാക്കിയില്ല…തനിക്ക് അറിയാമോ ഞാൻ അവൾക്ക് മറ്റെന്തോ ബന്ധം ഉണ്ടെന്നു വരെ സംശയിച്ചിട്ടുണ്ട്…

അവളുടെ ഫേസ്ബുക് അക്കൗണ്ടിന്റെ പാസ്വേഡ് അവളോട് ചോദിക്കാതെ കണ്ടുപിടിക്കാൻ ഒരുപാട് വഴികൾ നോക്കിയിട്ടുണ്ട്.. ആ റൈറ്റിങിന്റെ അവസാനം അവൾ എഴുതിയിട്ടില്ലേ അവളുടെ രഹസ്യങ്ങളുടെ താക്കോൽ എന്നും ശ്രീജിത്ത് എന്നായിരിക്കും എന്ന്… അതിന്റെ അർത്ഥം എന്താണെന്ന് തനിക്ക് അറിയാമോ..?

എന്റെ പേരാണ് അവളുടെ പാസ്വേഡ് എന്ന്… അതുപോലും മനസ്സിലാക്കാൻ കഴിയാത്ത ഞാൻ ഒരു വലിയ വിഡ്ഢി അല്ലെടോ…അവളുടെ ജീവിതം മുഴുവൻ ചവിട്ടി അരച്ചു നശിപ്പിച്ചു കളഞ്ഞ മഹാപാപി അല്ലെടോ ഞാൻ…

എനിക്ക് വേണ്ടി എന്റെ മക്കൾക്ക് വേണ്ടി ഒരു ജീവിതം മുഴുവൻ എന്റെ വീടിന്റെ നാലു ചുവരുകൾക്കുള്ളിൽ ഹോമിച്ച അവൾക്ക് ഞാൻ എന്താടോ പകരം കൊടുക്കേണ്ടത്…ഇന്നോളം അവൾ എന്നോട് ഒരു പരാതിയോ പരിഭാവവാക്കോ പറഞ്ഞില്ലല്ലോ എന്നോർക്കുമ്പോൾ സഹിക്കാൻ കഴിയുന്നില്ലടോ…തനിക്ക് അറിയാമോ മക്കൾ എഴുതിതീരാറായ ബുക്കുകൾ അവൾ എടുത്തുവയ്ക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്.. പക്ഷെ ഒരിക്കൽ പോലും അത് എന്തിനാണെന്ന് ഞാൻ ചോദിച്ചിട്ടില്ല…അതിലാവും അവളുടെ സങ്കടങ്ങൾ അവൾ എഴുതിതീർത്തത്…

അവളുടെ മനസ്സ് അറിയാത്ത ഞാൻ എങ്ങിനെ ആണെടോ അവളുടെ ഉള്ളിലെ എഴുത്തുകരിയെ അറിയുന്നത്..കെട്ടിയ പെണ്ണിനെ പൊന്നുപോലെ സംരക്ഷിക്കാൻ കഴിയാത്തവൻ ഒരു നല്ല ഭർത്താവ് പോയിട്ട് ഒരു നല്ല മനുഷ്യൻ പോലും അല്ല എന്നവൾ എനിക്ക് ബോധ്യപ്പെടുത്തിത്തന്നു…”

രാജീവിന് മുന്നിൽ ശ്രീജിത്ത് ഹൃദയം തകർന്നു കരഞ്ഞു…

“സാറിന്റെ ഈ കണ്ണുനീരാണ് സർ ഇതുവരെ ചെയ്ത തെറ്റിനുള്ള പ്രതിവിധി…ഇതുവരെ കൊടുക്കാൻ പറ്റാത്ത സ്നേഹം ഇനി കൊടുത്താൽ മതി സാർ…”

വീട്ടിലേക്കുള്ള വഴിയിൽ അത്രയും ശ്രീജിത്തിന്റെ മനസ്സ് നിറയെ അവൾ ആയിരുന്നു…

വീട്ടിൽ കുറെ നാളുകൾക്ക് ശേഷം ആണ് ഇത്രയും നേരത്തെ എത്തുന്നത് എന്ന് അവൻ സ്വയം ഓർത്തു…നേരത്തെ അച്ഛനേകണ്ടതിനാൽ മക്കൾക്ക് ഭയങ്കര സന്തോഷം ഉണ്ടായതായി അവന് ബോധ്യപ്പെട്ടു..അമ്മുന്റെ കണ്ണിലും ഉണ്ടൊരു തിളക്കം..

പക്ഷെ എന്തോ അവന്റെ സ്വഭാവം അറിയുന്നത് കൊണ്ട് ആകണം അവനുള്ള ചായ മേശപ്പുറത്തു കൊണ്ടുവച്ചിട്ട് പെട്ടെന്ന് ഫോണും എടുത്ത് ഒരു കസേരയിൽ പോയിരുന്ന് ഫോണിലേക്ക് കണ്ണും നട്ട് അവൾ ഇരുന്നു..

അവന് കണ്ടിട്ട് ചിരി വന്നു..

അവൾക്കെതിരായി അവനും ഇരുന്നു..അവൾ ഇടയ്ക്കിടെ അവനെ നോക്കി..എന്തേ ദേഷ്യപ്പെടാത്തത് എന്ന് അവൾ ആലോചിച്ചു..

“ടീ..” എന്നൊരു വിളി കേട്ട് അവൾ ഞെട്ടി അവനെ നോക്കി

” നിന്റെ ഫേസ്ബുക് പാസ്സ്വേർഡ് എന്താടീ..?”

“എന്തിനാ..?”

“എന്തിനാണെന്ന് അറിഞ്ഞാൽ മാത്രേ നീ പറയുള്ളോ..?”

“അതേ..ഞാൻ ആരുടേം പാസ്വേഡ് ഒന്നും ചോദിക്കാൻ വരുന്നില്ലല്ലോ പിന്നെന്തിനാ എന്നോട് വഴക്കിടാൻ വരുന്നത്..?”

അവളുടെ മുഖത്തെ കൃതിമദേഷ്യം കണ്ടപ്പോൾ അവന് പൊട്ടിച്ചിരിക്കാൻ തോന്നി….

“നീ ചോദിച്ചോടി…ഇന്നലെ വരെ എന്തായിരുന്നു എന്ന് ഞാൻ പറയില്ല പക്ഷെ ഇന്ന് മുതൽ എന്റെ പാസ്സ്വേർഡ് അമ്മു എന്നാണ്…”

അവളുടെ മുഖത്ത് ഒരു ഞെട്ടൽ ദൃശ്യം ആയി…അവളുടെ കണ്ണുകളിൽ ഒരു പുതിയ തിളക്കം….

“ശ്രീയേട്ടൻ എന്താ വിളിച്ചേ…”

“അമ്മുന്ന്….എന്തേ…?”

“ഏയ് ഒന്നുല്ല….”

അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി….അവൻ പതിയെ അവളുടെ അടുത്തേക് ചെന്നു..അവളുടെ മുഖം കൈക്കുള്ളിൽ ചേർത്ത് വച്ചുകൊണ്ട് ആ കണ്ണീർ തുടച്ചുകൊണ്ട് അവൻ പറഞ്ഞു

“ഇനിയീ കണ്ണ് നിറയരുത്…ഒരിക്കലും…”

അവളുടെ ചുണ്ടിൽ ഒരു ചിരി വിടർന്നു…അവളുടെ മുഖത്ത് ഒരു പ്രകാശം കടന്ന് വന്നു….ഒരു പ്രാർത്ഥനാസഫല്യത്തിന്റെ പ്രകാശം….അവിടേക്ക് വന്ന മക്കളെ നോക്കി അവൻ പറഞ്ഞു

“റൂമിൽ അച്ഛൻ ഒരു ഗിഫ്റ്റ് ബോക്സ് വച്ചിട്ടുണ്ട് ഇങ്ങെടുത്തിട്ട് വാ മക്കളെ…”

“ആർക്കാ അച്ഛാ ഗിഫ്റ്റ്”

“അതൊരു എഴുത്ത്കാരിയ്ക്…”

“അതാരാ അച്ഛാ…”

“നമ്മളാരും അറിയാത്തൊരു എഴുത്തുകാരി ഉണ്ട് നമുക്കിടയിൽ…അത് ആരാന്ന് അറിഞ്ഞപ്പോ ഒരു ഗിഫ്റ്റ് കൊടുക്കാന്ന് വച്ചു അതാ ..”

മക്കൾ ഒന്നും മനസ്സിലാകാതെ ആ ബോക്സ് എടുത്ത് കൊണ്ട് കൊടുത്തു…

പക്ഷെ ആ സമ്മാനം കയ്യിൽ വാങ്ങുമ്പോൾ ഒരു വലിയ ഭാരം ഇറക്കി വച്ചപോലെ ഒരു ആശ്വാസം അവൾക്ക് തോന്നി…അതിലേറെ സന്തോഷവും….അവൾ അത് തുറന്നുനോക്കി..ഒരു വലിയ ഡയറിയും മനോഹരമായ ഒരു പേനയും….

“ഇനിയെന്റെ അമ്മു എഴുതുന്നത് ഇതിലാവണം… എന്നിട്ട് എനിക്കും കൂടി തരണം വായിക്കാൻ…ഞാനും വായിച്ചു നോക്കി അഭിപ്രായം പറയാം….”

അവളുടെ കഴിവുകളെ അവൻ അംഗീകരിച്ച ദിവസം….അവളുടെ കണ്ണുകളിൽ സന്തോഷത്തിന്റെ കണ്ണുനീർ നിറഞ്ഞു…അവൻ അവളെ നെഞ്ചോട് ചേർത്തണച്ചു….

“അച്ഛാ അമ്മയുടെ സ്റ്റോറിയിൽ അച്ഛൻ വില്ലൻ ആണോ ഹീറോ ആണോ…?”

മക്കളുടെ ചോദ്യം കേട്ട് അവർ ഒരുമിച്ച് ചിരിച്ചു…

“ഇതുവരെ അച്ഛൻ വില്ലൻ ആയിരുന്നു ഇനി അമ്മേടെ ഹീറോ എന്നും അച്ഛൻ ആയിരിക്കും…”

അവന്റെ ആ മറുപടിയിൽ അവൾക്ക് ഒരുപാട് സന്തോഷം തോന്നി…

ഇനിയങ്ങോട്ട് എന്നും ഈ സന്തോഷം നിലനിൽക്കട്ടെ എന്നവൾ മൗനമായി പ്രാർത്ഥിച്ചു…

എഴുതിയത്- Malu Sheheerkhan

About Intensive Promo

Leave a Reply

Your email address will not be published.