സിനിമ മേഖലക്കുള്ളിലെ സൗഹൃദ വലയങ്ങളിൽ നിന്ന് ഇപ്പോഴും മികച്ച ചിത്രങ്ങൾ ഉണ്ടാകാറുണ്ട്. സിനിമ പാരമ്പര്യം ഒന്നുമില്ലാതെ സിനിമയിലെത്തി സുഹൃത്തുക്കളെ അവിടേക്ക് കൊണ്ട് വന്നു രണ്ടു മികച്ച സിനിമകൾ എടുത്ത സംവിധായകനാണ് അൽഫോണ്സ് പുത്രൻ. ആദ്യ ചിത്രമായ നേരത്തിലും പിന്നീട് വന്ന പ്രേമത്തിലും അൽഫോൻസ് അഭിനയിപ്പിച്ചത് അടുത്ത കൂട്ടുകാരെ ആണ്. നിവിൻ പോളിയും സിജു വിത്സനും, കൃഷ്ണ ശങ്കറും അടങ്ങുന്ന സുഹൃത്ത് സംഘത്തിന്റെ വിശേഷങ്ങൾ സിജു വിൽസൺ അടുത്തിടെ പങ്കു വച്ചതിങ്ങനെ.
സിജുവിന്റെ വാക്കുകൾ ഇങ്ങനെ ” എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് അൽഫോൻസ് പുത്രനെ പരിചയപ്പെടുന്നത്. അടുത്ത സുഹൃത്ത് നെവിൻ ചെറിയാന്റെ വീട്ടിൽ വച്ചായിരുന്നു അത്. പിന്നീട് ഞങ്ങളുടെ നാട്ടിൽ ഞങ്ങൾ ക്രിക്കറ്റ് കളിയ്ക്കാൻ പോകുമ്പോഴെല്ലാം അൽഫോൻസ് വന്നിരുന്നു. പള്ളിയിലെ clc പരിപാടികൾ വഴിയാണ് കൂടുതൽ പരിചയപ്പെട്ടത്. നിവിനും അപ്പോൾ ഞങ്ങളോടോപ്പം ഉണ്ടായിരുന്നു. നാടകങ്ങളും പാട്ടുകളും എല്ലാം പരിപാടിയുടെ ഭാഗമായി ഞങ്ങൾ ചെയ്തിരുന്നു.
നിവിനോട് ഒപ്പമാണ് ആദ്യം ക്ലാസ് കട്ട് ചെയ്തു സിനിമക്ക് പോകുന്നത്. ദിലീപ് നായകമായ ഇഷ്ടം എന്ന ചിത്രമായിരുന്നു അത്. ചെറുതിലെ ചർച്ചകളൊന്നിലും ഞങ്ങളുടെ ഇടയിൽ സിനിമ വിഷയമായി വന്നിരുന്നില്ല. നഴ്സിംഗ് പഠിക്കാൻ ഞാൻ പോയ സമയം അൽഫോൻസ് സിനിമ പഠിക്കാൻ ചെന്നൈയിലേക്ക് പോയി. പിന്നീടു പഠനം കഴിഞ്ഞു ഞാൻ ഒരു വേഷം കിട്ടാൻ പലയിടത്തും അലഞ്ഞു തിരിഞ്ഞു നടന്നു. അൽഫോൻസ് സിനിമയെടുത്തപ്പോൾ പഴയ കൂട്ടുകാരെ എല്ലാം വിളിച്ചു. അവന്റെ നല്ല മനസാണത്, ആരും അങ്ങനെയൊന്നും ചെയ്യില്ല.”