കേരളാ പൊലീസിന് തലവേദനയായി ഡിവൈഎസ്പി ഹരികുമാറിന്റെ നരനായാട്ട്. ഡിവൈഎസ്പി ഹരികുമാറുമായി റോഡില്‍ വച്ച് തര്‍ക്കിച്ചു കൊണ്ടിരിക്കേ യുവാവ് വാഹനമിടിച്ച് മരിച്ച സംഭവത്തിൽ ഡിവൈഎസ്പി ഒളിവിലാണ്. വാഹനം മാറ്റുന്നതിനെ ചൊല്ലിയുള്ള തർക്കത്തിനിടെയാണ് നെയ്യാറ്റിന്‍കര കാവുവിള സ്വദേശി സനല്‍ (32) കൊല്ലപ്പെട്ടത്.
നെയ്യാറ്റിൻകര കിടങ്ങാം വിളയിൽ ചായക്കടയിൽ ഇരിക്കുകയായിരുന്ന സനലിന്റെ വാഹനം ഡിവൈഎസ്പി യുടെ വാഹനത്തിനു മുന്നിൽ പാർക്ക് ചെയ്തിരിക്കുകയായിരുന്നു. സമീപത്തെ പെണ്‍സുഹൃത്തിന്റെ വീട്ടിലെ സ്ഥിരം സന്ദർശകനായ ഡിവൈഎസ്പി വാഹനം മാറ്റാൻ പറഞ്ഞു കയർക്കുകയായിരുന്നു. സിവില്‍ ഡ്രെസ്സിലായിരുന്ന ഡി.വൈ.എസ്.പിയെ സനലിന് തിരിച്ചറിയാനായില്ല. തുടർന്ന് വാഹനം മാറ്റുന്നതിനെ ചൊല്ലി ഇരുവരും പരസ്പരം ഉന്തും തള്ളും നടക്കുന്നതിനിടെ സനലിനെ മർദ്ദിച്ച് തള്ളിയിടുകയായിരുന്നു.
നിലത്ത് ആഞ്ഞുവീണ സനലിനെ എതിരെവന്ന കാർ ഇടിക്കുകയായിരുന്നു. പരിക്കേറ്റ് കിടന്ന സനലിനെ ആശുപത്രിയിലേയ്ക്ക് എത്തിക്കാൻ പോലും ഡിവൈഎസ്പി കൂട്ടാക്കാതെ പ്രശ്നം ഗുരുതരമാണെന്ന് മനസിലായതോടെ സ്ഥലത്ത് നിന്ന് മുങ്ങുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ വ്യക്തമാക്കുന്നു.
അപകടം നടന്ന് കുറച്ച് നേരത്തേക്ക് യുവാവിന് ജീവനുണ്ടായിരുന്നതായി പറയപ്പെടുന്നു. തുടര്‍ന്ന് നെയ്യാറ്റിന്‍കര എസ്ഐയും സംഘവും എത്തിയാണ് യുവാവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജിലേക്കും യുവാവിനെ കൊണ്ടുപോയെങ്കിലും സനൽ മരണപ്പെടുകയായിരുന്നു.
പൊലീസിനെതിരേയും ഗുരുതര ആരോപണങ്ങള്‍ ഉയരുന്നുണ്ട്. ആശുപത്രിയിലേക്ക് കൊണ്ടു പോകാതെ സനലിനെ ആദ്യം പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോയെന്നതാണ് അതില്‍ പ്രധാനം. പൊലീസിനൊപ്പം ആശുപത്രിയിലേക്ക് പോയ രണ്ട് പേരെ വഴിയില്‍ ഇറക്കി വിടുകയും ചെയ്തു. അങ്ങനെ സനലിന്റെ മരണത്തില്‍ പൊലീസും കള്ളകളി കളിച്ചുവെന്നാണ് ആരോപണം. ഡിവൈഎസ്പിയെ രക്ഷിക്കാന്‍ പൊലീസ് കള്ളക്കളികള്‍ കളിച്ചുവെന്നാണ് ആരോപണം.
സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ഇന്നലെ റോഡ് ഉപരോധിച്ചിരുന്നു. സ്ഥലം എം.എല്‍.എ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ സ്ഥലത്തെത്തുകയും ചെയ്തു. റൂറല്‍ എസ്.പി അശോക് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് ഇപ്പോഴും ക്യാമ്പ് ചെയ്യുന്നുണ്ട്. യുവാവിന്റെ മരണത്തിൽ ഇന്ന് നെയ്യാറ്റിന്‍കര മുനിസിപ്പാലിറ്റിയിലും അതിയന്നൂര്‍ പഞ്ചായത്തിലും ആഹ്വാനം ചെയ്ത ഹര്‍ത്താലിന് ബി.ജെ.പി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.