Breaking News
Home / Lifestyle / സംസ്ഥനത്തെ ആദ്യ വനിതാ മോട്ടോര്‍വെഹിക്കിള്‍ നിറവേറ്റിയത് അച്ഛന്റെ സ്വപ്നം

സംസ്ഥനത്തെ ആദ്യ വനിതാ മോട്ടോര്‍വെഹിക്കിള്‍ നിറവേറ്റിയത് അച്ഛന്റെ സ്വപ്നം

സംസ്ഥാനത്ത് നേരിട്ട് നിയമനം ലഭിച്ച ആദ്യ വനിതാ മോട്ടോര്‍വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായി സരിഗ. ആറ്റിങ്ങല്‍ ഊരൂപ്പൊയ്ക പൂക്കുളത്ത് സരിഗ ജ്യോതിയാണ് തന്റെ അച്ഛന്റെ സ്വപ്‌നം നിറവേറ്റിയത്. പുതിയ 176 അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരുടെ ബാച്ചിലെ ഏക വനിതയാണ് സരിഗ. ഇടുക്കി സ്‌ക്വാഡിലേക്കാണ് നിയമനം. പോലീസ് പരിശീലനം പൂര്‍ത്തിയായശേഷം ഫെബ്രുവരിയിലായിരിക്കും ഓഫീസ് ഡ്യൂട്ടി നല്‍കുക.

മോട്ടോര്‍വാഹനവകുപ്പില്‍ നാല് വനിതാ ഇന്‍സ്പെക്ടര്‍മാരുണ്ടെങ്കിലും അവരെല്ലാം തസ്തികമാറ്റംവഴി നിയമനം നേടിയവരാണ്. റോഡ് അപകടങ്ങള്‍ കുറയ്ക്കുന്നതിന് സേഫ് കേരളയുടെ ഭാഗമായാണ് 176 അസിസ്റ്റന്റ് വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരുടെ തസ്തിക സൃഷ്ടിച്ചത്. പൊതുപരീക്ഷയിലൂടെ നേരിട്ട് നിയമനം നേടിയ ആദ്യവനിതയാണ് ബി ടെക് ബിരുദധാരിയായ സരിഗ. ഡ്രൈവറായ അച്ഛന്‍ ജ്യോതികുമാര്‍ എന്നും ബഹുമാനത്തോടെ കണ്ടിരുന്ന വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരുടെ യൂണിഫോം, സ്‌കൂള്‍നാളുകളിലേ സരിഗ ലക്ഷ്യമിട്ടിരുന്നു.

അച്ഛന്റെ ആഗ്രഹമായിരുന്നു അതിന് പ്രേരണയായതെന്ന് സരിഗ പറയുന്നു. ആണ്‍മക്കളുണ്ടായിരുന്നെങ്കില്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറാക്കാമായിരുന്നുവെന്ന് അച്ഛന്‍ പറഞ്ഞപ്പോള്‍ പെണ്‍കുട്ടികള്‍ക്കും അതേ തസ്തികയിലേക്ക് അപേക്ഷിക്കാനാകുമോ എന്നായിരുന്നു സരിഗയ്ക്ക് അറിയേണ്ടിയിരുന്നത്. വനിതകള്‍ക്കും അപേക്ഷിക്കാമെന്ന് അറിഞ്ഞതോടെ പ്ലസ്ടുവിന് ശേഷം ആറ്റിങ്ങല്‍ ഗവണ്‍മെന്റ് പോളിടെക്നിക്കില്‍ ഓട്ടോമൊബൈല്‍ എന്‍ജിനീയറിങ് ഡിപ്ലോമയ്ക്ക് ചേര്‍ന്നു.

ടു വീലര്‍, ഓട്ടോറിക്ഷ, കാര്‍ എന്നിവയുടെ ലൈസന്‍സ് 20-ാം വയസ്സില്‍ നേടി. രണ്ടുവര്‍ഷത്തിന് ശേഷം ഹെവി ലൈസന്‍സും സ്വന്തമാക്കി. വലിയവാഹനങ്ങള്‍ അനായാസം ഓടിച്ചുതുടങ്ങി. മണ്ണുമാന്തിയും, ക്രെയിനുമൊക്കെ നിയന്ത്രിക്കാന്‍ പഠിച്ചു. പെരുമണ്‍ എന്‍ജിനീയറിങ് കോളേജില്‍ ബി ടെക്കിന് അവസാനസെമസ്റ്റര്‍ പഠനത്തിനിടെയാണ് അസിസ്റ്റന്റ് മോട്ടോര്‍വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ പരീക്ഷ എഴുതിയത്. കഴിഞ്ഞ വെള്ളിയാഴ്ച ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറേറ്റില്‍ എത്തിയാണ് ജോലിയില്‍ പ്രവേശിച്ചത്. വനിതയെന്ന പ്രത്യേക പരിഗണന വേണ്ടെന്നും ഏത് ഓഫീസില്‍വേണമെങ്കിലും ജോലിയില്‍ പ്രവേശിക്കാന്‍ തയാറാണെന്ന് അറിയിക്കുകയും ചെയ്തു. അച്ഛന്റെ ആഗ്രഹം സാധിച്ചുകൊടുക്കാന്‍ കഴിഞ്ഞ സന്തോഷത്തിലാണ് സരിഗ.

About Intensive Promo

Leave a Reply

Your email address will not be published.