ഇന്ദിരാഗാന്ധിയ്ക്കെഴുതിയ കത്ത് ലോകപ്രശസ്തമാണ്. സമാനമായ രീതിയില്‍ ഈ തലമുറയിലെ ഒരച്ഛന്, കൗമാരത്തിലേയ്ക്ക് കാലെടുത്ത് വച്ചിരിക്കുന്ന തന്റെ മകള്‍ക്കെഴുതിയ ഒരു കത്താണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
സമത്വവും സ്ത്രീപക്ഷവാദവും ചര്‍ച്ചയും വിവാദവുമായിരിക്കുന്ന കാലഘട്ടത്തില്‍ എപ്രകാരമാണ് ഒരു പെണ്‍കുട്ടി ജീവിക്കേണ്ടത് എന്ന് വ്യക്തവും കൃത്യവുമായി പറഞ്ഞുകൊടുക്കുകയാണ് പിതാവ്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ജയറാം സുബ്രമണ്യന്‍ എന്ന പിതാവ് അവന്തിക എന്ന പേരായ തന്റെ മകള്‍ക്കായി കത്തെഴുതിയിരിക്കുന്നത്.
താങ്കളുടെ മകള്‍ക്ക് മാത്രമല്ല, എല്ലാ കുട്ടികള്‍ക്കും, പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ക്ക് താങ്കളുടെ ഈ ഉപദേശം പിഞ്ചെല്ലാവുന്നതാണെന്നാണ് ഇദ്ദേഹത്തിന്റെ പോസ്റ്റിന് കീഴില്‍ കമന്റ് ചെയ്യുന്ന എല്ലാവരും പറയുന്നത്. കൗമാരത്തിലേയ്ക്ക് പ്രവേശിക്കുന്ന,അല്ലെങ്കില്‍ അതിനോടടുത്ത പ്രായങ്ങളിലുള്ള കുട്ടികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും തീര്‍ച്ചയായും ഉപകാരപ്പെടുന്നതാണ് ഇദ്ദേഹത്തിന്റെ കുറിപ്പ്.
ടീൻ ഏജിലേക്ക് കടന്നു എന്ന ക്ലീഷേ ഞാൻ പറയില്ല.മുപ്പതായാലും അറുപതായാലും ഞങ്ങൾക്ക് നീ കുഞ്ഞ് തന്നെ.
അറിയേണ്ടത് അറിഞ്ഞു തന്നെയാണ് നീ വളരുന്നത്.നല്ലതിനെ സ്വീകരിക്കാനും കെട്ടതിനെ തള്ളാനുമുള്ള ആർജ്ജവം നിനക്ക് എന്നുമുണ്ടാകണം.തീരുമാനങ്ങൾ എടുക്കും മുൻപ് അതൊന്ന് അനലൈസ് ചെയ്യാനുള്ള ബുദ്ധി നിനക്കുണ്ടാകണം.
നിനക്കുണ്ടായേക്കാവുന്ന പ്രശ്നങ്ങൾക്ക് ഏറ്റവും നല്ല പരിഹാരം നിർദ്ദേശിക്കാൻ കഴിയുന്ന മാതാപിതാക്കൾ നിനക്കുണ്ട്.നിന്നെ ഒരു പെൺകുട്ടിയായി കണ്ട് ഒതുക്കി നിർത്താനല്ല മറിച്ച് ഒരു സുഹൃത്തായി കണ്ട് ഒപ്പം ചേർക്കാനാണ് ഞങ്ങൾക്കിഷ്ടം.
പ്രതികരിക്കേണ്ടിടത്ത് പ്രതികരിക്കുക തന്നെ വേണം.അതിൽ വച്ചുണ്ടാകുന്ന സകല ബുദ്ധിമുട്ടുകളും നേരിടാൻ നിനക്കൊപ്പം ഞങ്ങളുണ്ടാകും.നിനക്ക് പെൺസുഹൃത്തുക്കളും ആൺസുഹൃത്തുക്കളും പാടില്ല…!!സുഹൃത്തുക്കൾ മാത്രം മതി.ആരെയും അനുകരിക്കണ്ട നീ…സ്വന്തമായൊരു ശൈലി വേണം നിനക്ക്..!!
ജാതിയുടെയോ മതത്തിന്റെയോ രാഷ്ട്രീയത്തിന്റെയോ നിയതമായ ചട്ടക്കൂട്ടിൽ നിന്നെ വളരാൻ ഞങ്ങൾ പ്രേരിപ്പിക്കില്ല..നീ നിന്റെ വിശ്വാസങ്ങൾക്കൊപ്പിച്ചാണ് വളരേണ്ടത്..!!ജീവിതവിജയം എന്നത് അക്കാദമിക്ക് വിജയങ്ങളല്ല…ജോലി നേടുന്നതല്ല…പണമുണ്ടാക്കുന്നതല്ല..! മറ്റുള്ളവർക്ക് നിന്നിലുണ്ടാകുന്ന വിശ്വാസവും മനോഭാവവുമാണ് നിന്റെ വിജയം.
നിനക്ക് താൽപ്പര്യമുള്ള വിഷയങ്ങൾ നീ പഠിക്കുക..നീ ഭാവിയിൽ ആരാകണം എന്ന ഒരു പ്രതീക്ഷയും ഞങ്ങൾ വയ്ക്കുന്നില്ല.പക്ഷേ എന്നും ഒപ്പമുള്ളവർക്കൊരു കൈതാങ്ങാകാൻ നീ ശ്രദ്ധിക്കണം.പരാജയങ്ങളോ പഴികളോ അവമതികളോ നിന്നെ തളർത്തരുത്.അതു കൂടി ചേർന്നതാണ് ഈ ജീവിതം എന്നതറിയണം നീ.
സ്ത്രീത്വമല്ല നിനക്ക് വേണ്ടത്..ശ്രീത്വമാണ്.തല ഉയർത്തിപ്പിടിച്ച് തന്റേടത്തോടെ വളരണം നീ..എന്നാൽ അങ്ങനെ നിനക്ക് തല ഉയർത്തി തന്റേടത്തോടെ നിൽക്കണമെങ്കിൽ നിന്നിൽ സത്യം വേണം..ന്യായം വേണം..നീതിബോധം വേണം..അത് മറക്കണ്ടഞങ്ങൾക്ക് ശേഷവും ഈ ഭൂമിയിൽ ജീവിക്കേണ്ടവളാണ് നീ…