ബെംഗളൂരുവില്‍നിന്ന് നാട്ടിലേക്ക് വരുന്ന മലയാളികള്‍ ഇനിയെങ്കിലും സൂക്ഷിക്കേണ്ടിയിരിക്കുന്നു. അത്തരം ഭയാനകമായ ഒന്നാണ് നിങ്ങളെ കാത്തിരിക്കുന്നത്. സ്വന്തം വാഹനങ്ങളില്‍ പോകുന്ന കുടുംബങ്ങളെ വലയിലാക്കാന്‍ കൊള്ളക്കാര്‍ യാത്രാമധ്യേ ഒളിഞ്ഞിരിക്കുന്നു. കേരള അതിര്‍ത്തിക്കപ്പുറമാണ് ഇവര്‍ തമ്പടിക്കുന്നത്.
കഴിഞ്ഞ ദിവസം ഒരു കുടുംബത്തിന് നേരിട്ട അനുഭവം ഞെട്ടിക്കുന്നതാണ്. പെരിക്കല്ലം സ്വദേശികളായ സ്ത്രീകളും കുഞ്ഞുങ്ങളും അടക്കമുള്ള പത്തോളം പേരുമായി കര്‍ണാടകയില്‍നിന്ന് വയനാട് റോഡ് വഴി വരികയായിരുന്ന ടാക്സി കാറാണ് ആക്രമിക്കപ്പെട്ടത്. രാത്രിയിലാണ് സംഭവം. ഘോണികുപ്പ കഴിഞ്ഞാണ് അപകടം ഉണ്ടായത്.
എന്നാല്‍ ഇവര്‍ കൊള്ളക്കാരുടെ കൈകളില്‍നിന്ന് ഭാഗ്യത്തിന് രക്ഷപ്പെട്ടു. മരണത്തെ മുഖാമുഖം കണ്ട നിമിഷമായിരുന്നു അതെന്ന് ടാക്സി ഡ്രൈവര്‍ റഷീദ് പറയുന്നു. റോഡിന് നടുവില്‍ ഒരു കാര്‍ നിര്‍ത്തിയിട്ടതു കണ്ടു. കാറിന്റെ ഡിക്കിയും ഡോറും തുറന്നു കിടക്കുകയും രണ്ടുപേര്‍ മുന്‍വശത്തുനിന്ന് കാറിനകത്തേക്കും രണ്ടുപേര്‍ ഡിക്കിക്കുള്ളില്‍ തല താഴ്ത്തിയും നില്‍ക്കുന്നതാണ് കണ്ടത്.
സംഭവം എന്താണെന്ന് അറിയാന്‍ ഇവര്‍ കാറിന്റെ വേഗതക്കുറച്ച് നിര്‍ത്തിയിട്ട കാറിന്റെ അടുത്തേക്ക് ചെന്നു. പെട്ടെന്ന് കാറിനുള്ളിലെ ഒരാള്‍ കൈ കാണിച്ച് വണ്ടി നിര്‍ത്താന്‍ ആവശ്യപ്പെട്ടു. എന്തോ അപകടം മണത്തപ്പോള്‍ ടാക്സി ഡ്രൈവര്‍ കാറിനെ വെട്ടിച്ച് വേഗതയില്‍ പോകാന്‍ നോക്കി. ഇതിനിടയില്‍ കാറിനുള്ളില്‍ നിന്നൊരാള്‍ ഇരുമ്പു പൈപ്പെടുത്ത് കാറിനെ ആഞ്ഞടിച്ചു.
ചില്ല് തകര്‍ന്നപ്പോള്‍ എല്ലാവരും ഭയന്നുവിറച്ചു. എന്നാല്‍, ടാക്സിക്കു പിന്നാലെ അവര്‍ പിന്തുടരുകയായിരുന്നു. കുറച്ച് കഴിഞ്ഞപ്പോള്‍ എതിരെ ഒരു ട്രാവലര്‍ വരുന്നത് കണ്ടു. ടാക്സി ഡ്രൈവര്‍ റഷീദ് ട്രാവലറിന്റെ മുന്നില്‍ കൊണ്ടുപോയി നിര്‍ത്തി.
അപകടം ഒഴിവാക്കാന്‍ ട്രാവലര്‍ പെട്ടെന്ന് നിര്‍ത്തുകയായിരുന്നു. ഇവരുടെ കരച്ചില് കേട്ട അയ്യപ്പ ഭക്തന്മാര് ഇറങ്ങിവന്ന് കാര്യം തിരക്കി. ഇതിനിടയില്‍ കൊള്ളക്കാരുടെ വണ്ടി മുന്നിലേക്ക് കുതിച്ചു പോകുകയും ചെയ്തു.
പിന്നീട് അയ്യപ്പ ഭക്തന്മാര് ഇവരെ കുട്ടയെത്തുന്നവരെ കൊണ്ടുചെന്ന് ആക്കുകയായിരുന്നു. ചെക്ക് പോസ്റ്റ് ഉദ്യോഗസ്ഥരോട് കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ അങ്ങനെയൊരു കാര്‍ കണ്ടിട്ടില്ലെന്നാണ് മറുപടി. നിങ്ങള്‍ക്ക് തോന്നിയതാകാമന്നും അവര്‍ പറഞ്ഞത്രേ.
യാത്രയില്‍ ഇനിയും അപകടം ഉണ്ടായേക്കാമെന്ന് കരുതിയ റഷീദ് ചെക്ക് പോസ്റ്റിന് സമീപം കുറേ സമയം കാര്‍ നിര്‍ത്തിയിട്ടു. അതിലേ വന്ന ബസ് കൈ കാണിച്ച് നിര്‍ത്തി അവരോട് കാര്യം പറയുകയും പിന്നീട് ബസിന് മുന്നിലായി യാത്ര തുടരുകയുമായിരുന്നുവെന്ന് റഷീദ് പറയുന്നു. മൈസൂരുവില്‍ നിന്ന് ഇങ്ങനെ വരുന്ന വാഹനങ്ങളെ പ്രത്യേക സംഘം നിരീക്ഷിക്കുന്നതായി വ്യാപകമായ റിപ്പോര്‍ട്ടുണ്ട്.
വാർത്ത ഇഷ്ട്ടപ്പെട്ടെങ്കിൽ ഷെയർ ചെയ്ത് സുഹൃത്തുക്കളിലും എത്തിക്കൂ.