രാപ്പകലില്ലാതെ രാജ്യത്തിന് കാവലിരിക്കുന്ന, ഓരോ ഇന്ത്യന്‍ പൗരന്റെയും ജീവന് സംരക്ഷണമൊരുക്കുന്ന ജവാന്മാരുടെ ജീവനോടും ജീവിതത്തോടുമുള്ള അങ്ങേയറ്റം ബഹുമാനം സൈബര്‍ സ്പേസില്‍ ഇരുന്ന് ഭാരതീയര്‍ സ്ഥിരമായി പടച്ചു വിടാറുണ്ട്. കമാന്‍ഡോ ഓപ്പറേഷനുകളും ജവാന്മാരുടെ ധീര മരണവും ചിത്രീകരിച്ച് ഓരോ പ്രേക്ഷകനിലും രാജ്യ സ്നേഹമുണര്‍ത്തുന്ന ചിത്രങ്ങള്‍ വെള്ളിത്തിരയിലും വിരളമല്ല.
എന്നാല്‍, നാടിനു വേണ്ടി ജീവന് ബലിയര്‍പ്പിക്കുന്ന, സ്വന്തങ്ങളും ബന്ധങ്ങളും മന:പൂര്‍വം തിരസ്കരിക്കേണ്ടി വരുന്ന ഈ ജവാന്മാരുടെ യഥാര്‍ത്ഥ ജീവിതാവസ്ഥ ഇത്തരം മിഥ്യാ ധാരണകള്‍ക്കുമപ്പുറമാണ്. ജവാന്മാരെ വാനോളം പുകഴ്ത്തിപ്പാടുന്ന ഓരോ ഇന്ത്യന്‍ പൗരനും അവരുടെ ജീവിതാവസ്ഥയിലേക്ക് എത്തി നോക്കിയാല്‍ കാണാന്‍ കഴിയുക കഷ്ടപ്പാടുകളും അവഗണനകളും അപമാനങ്ങളും കൊണ്ട് ജീവിച്ച് മരിക്കേണ്ടി വന്ന ഒരു വിഭാഗം ‘കാവല്‍ ഭടന്മാ’രുടെ കേട്ടാല്‍ വിശ്വസിക്കാനാകാത്ത ജീവിത കഥകളാണ്.
കഴിഞ്ഞ വര്‍ഷം ഛത്തീസ്ഗഢില്‍ മരണപ്പെട്ട സി.ആര്.പി.എഫ് ജവാന് അനില്‍ അച്ചന്‍കുഞ്ഞിന്റെ കുടുംബത്തിന്, അദ്ദേഹത്തിന്റെ ദീര്‍ഘകാല രാജ്യ സേവനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്കിയ പാരിതോഷികം എംബാം ചെയ്യാതെ ചീഞ്ഞളിഞ്ഞ്, പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ ദുര്‍ഗന്ധം വമിക്കുന്ന നിലയിലുള്ള തിരിച്ചറിയാനാകാത്ത ഒരു മൃതശരീരമായിരുന്നു. കാല് വിരലിലെ അടയാളങ്ങള്‍ കൊണ്ട് മാത്രം തിരിച്ചറിയാന്‍ കഴിഞ്ഞ ഒരു ശരീരത്തിലാണ് ഉറ്റവര്‍ക്കും ഉടയവര്‍ക്കും അന്ത്യോപചാരമര്‍പ്പിക്കേണ്ടി വന്നത്.
ദേശസ്നേഹവും ജവാന്മാരോടുള്ള ബഹുമാനവും സദാസമയം ‘ട്വീറ്റ്’ ചെയുന്ന ഒരു കേന്ദ്ര സര്‍ക്കാര്‍ ഭരണത്തിലിരിക്കുമ്പോഴാണ് അനിലിന് മരണാനന്തരം ഒരു സാധാരണ ഭാരതീയ പൗരന് ലഭിക്കേണ്ട പരിഗണന പോലും ലഭിക്കാതെ പോയത്. ഒരു ജവാന്റെ മൃതദേഹത്തോട് അനാദരവ് കാണിച്ചു എന്നത് മാത്രമല്ല, മരണാനന്തരം അടുത്ത ബന്ധുക്കള്‍ക്ക് നല്‍കേണ്ട ആനുകൂല്യങ്ങള്‍ക്കെതിരെയും ഭരണകൂടം കണ്ണടച്ചിരിക്കുകയാണ്.
ഭാര്യയും അഞ്ചു വയസ്സ് പ്രായമുള്ള മകളും വാര്‍ധക്യ രോഗങ്ങളാല്‍ ക്ഷീണിതരായ മാതാപിതാക്കളും അനിലിന്റെ മരണശേഷം നിത്യ ചിലവിനു വേണ്ടി നെട്ടോട്ടമോടുകയാണ്. ഒരു സൈനികന്റെ മരണശേഷം കുടുംബത്തിന് ലഭിക്കേണ്ട പെന്ഷന് പോലും ഒന്നര വര്‍ഷം പിന്നിട്ടിട്ടും ഹരിപ്പാട് മാങ്കിയില്‍ തെക്കതില്‍ വീട്ടില്‍ എത്തിയിട്ടില്ല. അനിലിന്റെ ഭാര്യ ലിനിമോള്‍ക്ക്,
വളര്‍ന്നു വരുന്ന കുഞ്ഞിന് എങ്ങനെ നല്ല വിദ്യാഭ്യാസം നല്‍കുമെന്നും, പ്രായമായ മാതാപിതാക്കളെ എങ്ങനെ നോക്കുമെന്നും ഇനിയും അറിയില്ല. പഠന കാലത്ത് തന്നെ വിവാഹം ചെയ്യേണ്ടി വന്നതിനാല്‍ ലിനിമോള്‍ക്ക് ബിരുദ പഠനം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നില്ല. അതിനാല്‍ തന്നെ ജോലികളൊന്നും തരപ്പെട്ടതുമില്ല.
അനിലിന്റെ മരണ സമയത്ത് നിരവധി സഹായങ്ങള്‍ വാഗ്ദാനം ചെയ്ത മുന്‍നിര രാഷ്ട്രീയ നേതാക്കളും ഇന്ന് ഈ കുടുംബത്തിന്റെ കണ്ണീരു കാണാന്‍ ഒരുക്കമല്ല. ജാതിയും മതവും ചോദിച്ച് ആനുകൂല്യങ്ങള്‍ നിഷേധിക്കുന്ന രാഷ്ട്രീയ വൃത്തങ്ങളും ഈ നാട്ടില്‍ തന്നെയുണ്ടെന്നുള്ളതിന്റെ തെളിവുകളാണ് ഈ ജവാന്റെ മരണം.
വാഗ്ദാനങ്ങള്‍ തന്നിട്ടുപോയവരുടെ ഇപ്പോഴത്തെ നിലപാടുകള്‍ മനസ്സിലായത് കൊണ്ടാകണം ഹൃദ്രോഗിയായ അച്ഛന് മീന്‍ വില്ക്കാന് പോകുന്നതും വാര്‍ധക്യ രോഗങ്ങളുള്ള അമ്മ തൊഴിലുറപ്പ് പണിക്ക് പോകാന്‍ തുടങ്ങിയതും. ഈ കുടുംബത്തിന്റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് ലിനിമോളുടെ സഹോദരന് കെ. ലിനു സംസാരിക്കുന്നു:
ആദ്യം അനാദരവ് മൃതദേഹത്തോട്; ഇപ്പോള്‍ അവഗണന കുടുംബത്തോട്; മരണപ്പെട്ട സൈനികന്റെ ഭാര്യയ്ക്ക് പറയാനുള്ളത്
ഇന്ത്യന്‍ സൈന്യം പ്ലാസ്റ്റിക് ഷീറ്റില്‍ പൊതിഞ്ഞു ഒരു ‘തക്കാളിപ്പെട്ടിയില്‍’ അടച്ചു നാട്ടിലെത്തിച്ച സൈനികന് അനില്‍ അച്ചന്‍കുഞ്ഞിന്റെ ഭാര്യയ്ക്ക് വാഗ്ദാനം ചെയ്ത ജോലി ഇതുവരെ സര്‍ക്കാര്‍ നല്‍കിയില്ല
സൈനികരെ വാനോളം പുകഴ്ത്തുകയും അവര്‍ ജീവന് പണയം വെച്ചു രാജ്യത്തെ സംരക്ഷിക്കുന്നതില്‍ നമ്മള് അഭിമാനം കൊള്ളുകയും ചെയ്യുമ്പോഴാണ് ഛത്തീസ്ഗഡില്‍ നിന്നു മരിച്ച സി ആര് പി എഫ് ജവാന് അനില്‍ അച്ചന്‍കുഞ്ഞിന്റെ ഭൌതിക ശരീരം ഇന്ത്യന്‍ സൈന്യം പ്ലാസ്റ്റിക് ഷീറ്റില്‍ പൊതിഞ്ഞു ഒരു ‘തക്കാളിപ്പെട്ടിയില്‍’ അടച്ചു നാട്ടിലെത്തിച്ചത്. സൈനികന്റെ മൃതദേഹത്തോട് കാണിച്ച ഈ അനാദരവ് അന്നേറെ വിവാദം സൃഷ്ടിച്ചിരുന്നു.
കൂടാതെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപണവുമായി കുടുംബം രംഗത്തെത്തുകയും രാഷ്ട്രപതിക്കടക്കം കത്തയക്കുകയും ചെയ്തു. അതില്‍ നടപടിയൊന്നും ഉണ്ടായില്ല എന്നു മാത്രമല്ല മരണാനന്തര സഹായങ്ങള്‍ വാഗ്ദാനം ചെയ്ത് സര്‍ക്കാര്‍ വഞ്ചിക്കുന്ന നിരവധി നിരാശ്രയരില് ഒരാളായി അനിലിന്റെ ഭാര്യ ലിനിമോളും മാറി. തന്റെ ആയുസ്സൊടുങ്ങും വരെ രാജ്യത്തിന് കാവല്‍ നിന്ന സൈനികന്റെ ഭാര്യയും നാലര വയസ്സുകാരി മകളും ഇന്ന് ജീവിക്കാന്‍ വഴിയില്ലാതെ നെട്ടോട്ടമോടുകയാണ്.
ഭര്‍ത്താവിന്റെ ആകസ്മിക മരണത്തിന്റെ ഞെട്ടലും വേദനയും ലിനിമോള്‍ക്ക് ഇന്നും മാറിയിട്ടില്ല. ഒരു വര്‍ഷം മുമ്പ് ഒരു പ്ലാസ്റ്റിക് ഷീറ്റില്‍ പൊതിഞ്ഞ് വീട്ടിലെത്തിച്ച ഭര്‍ത്താവിന്റെ മരണ കാരണം പോലും ഇവര്‍ക്ക് അവ്യക്തമാണ്. കഴിഞ്ഞ മാര്‍ച്ചിനാണ് സിആര്‍പിഎഫ് ജവാനായിരുന്ന അനില്‍ അച്ചന്‍കുഞ്ഞ് മരണപ്പെടുന്നത്. ജോലിയ്ക്കിടെ ഛത്തീസ്ഗഡില്‍ വച്ചായിരുന്നു മരണം.
വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു എന്നാണ് കുടുംബത്തിന് സൈനികവകുപ്പില് നിന്ന് കിട്ടിയ വിശദീകരണം. എന്നാല്‍ തലച്ചോറില്‍ രക്തം കട്ടപിടിച്ചാണ് മരണം സംഭവിച്ചിരിക്കുന്നതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു. മരണകാരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ലിനിമോളും കുടുംബവും ഏറെ അലഞ്ഞെങ്കിലും ഇതുണ്ടായില്ല.
എന്നാല്‍ ഇവരെ ഏറ്റവും വേദനിപ്പിച്ചത് മറ്റൊന്നാണ്. ജവാന്റെ മൃതദേഹത്തോട് സൈനിക വകുപ്പും സര്‍ക്കാരും കാണിച്ച അനാദരവ്. ഇതിനെക്കുറിച്ച് മരണപ്പെട്ട അനിലിന്റെ ഭാര്യ ലിനിമോള്‍ പറയുന്നതിങ്ങനെ ‘തക്കാളിപ്പെട്ടി പോലൊരു പെട്ടിയില്‍ വസ്ത്രം പോലും ധരിപ്പിക്കാതെ പ്ലാസ്റ്റിക് ഷീറ്റില്‍ പൊതിഞ്ഞാണ് ഇച്ചായന്റെ മൃതദേഹം വീട്ടിലെത്തിച്ചത്. ഞാന്‍ കണ്ടില്ല. കാണാനാവുമായിരുന്നില്ല.
പക്ഷെ കണ്ടവരെല്ലാം ഇത് തന്നെ പറഞ്ഞു. ഇത് സംബന്ധിച്ച് ഞങ്ങള്‍ വിശദീകരണം തേടി. രാഷ്ട്രപതിയ്ക്ക് പോലും പരാതികളയച്ചു. പക്ഷെ മറ്റൊന്നിനുമുള്ള സൗകര്യമുണ്ടായിരുന്നില്ല എന്ന മറുപടി മാത്രമാണ് ഞങ്ങള്‍ക്ക് ലഭിച്ചത്. സംഭവിച്ച കാര്യങ്ങളെ ന്യായീകരിക്കുകയല്ലാതെ ആരും ഒരു ക്ഷമാപണം പോലും നടത്തിയില്ല. ഇച്ചായന്റെ മരണവും, സൈനിക വകുപ്പിന്റെ ഇത്തരത്തിലുള്ള പെരുമാറ്റവും ഞങ്ങള്‍ക്കിന്നും ചോദ്യചിഹ്നമായി അവശേഷിക്കുന്നു.’
അനില്‍ മരണപ്പെട്ടപ്പോള്‍ മരിച്ച ജവാന്റെ കുടുംബത്തിന് താമസിക്കാന്‍ വീടും ഭാര്യ ലിനിമോള്‍ക്ക് ജോലിയും സര്‍ക്കാര്‍ വാഗ്ദാനം ചെയ്തു. അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തല മാധ്യമങ്ങളുടെ മുന്നിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. എന്നാല്‍ ഒരു വര്‍ഷം പിന്നിടുമ്പോഴും ഇക്കാര്യത്തില്‍ ഒരു നടപടിയുമുണ്ടായിട്ടില്ല. വാഗ്ദാനം ചെയ്ത ജോലിയുടെ കാര്യം അന്വേഷിച്ച് ലിനിമോള്‍ ആറ് തവണ രമേശ് ചെന്നിത്തലയെ കണ്ടിരുന്നു.
എന്നാല്‍ ഭരണം മാറിപ്പോയതുകൊണ്ട് ഒന്നും ചെയ്യാനാവില്ലെന്നായിരുന്നു അദ്ദേഹത്തില്‍ നിന്ന് അവര്‍ക്ക് ലഭിച്ച മറുപടി. ഒടുവില്‍ ഭരിക്കുന്ന പാര്‍ട്ടിയുടെ മുന്നില്‍ തന്റെ ആവശ്യവുമായി ലിനിമോള്‍ എത്തി. മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ കണ്ടു. എന്നിട്ടും ഫലമുണ്ടായില്ല.
ഒടുവില്‍ ലിനിമോളുടെ സഹോദരന് ബിനു തന്റെ ഫേസ്ബുക്ക് പേജിലൂടെ സിആര്‍പിഎഫ് ജവാനായിരുന്ന അനിലിന്റെ കുടുംബത്തോട് സര്‍ക്കാര്‍ പുലര്‍ത്തുന്ന നിസ്സഹകരണ നിലപാട് തുറന്നുകാണിച്ചു. ഇത് ചെറിയ തോതില്‍ ഫലം കണ്ടു. അനില്‍ മരിച്ച സമയത്ത് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്ന ധനസഹായമായ 10 ലക്ഷം രൂപ ഇവര്‍ക്ക് ലഭിച്ചു. എന്നാല്‍ മറ്റ് രണ്ട് വാഗ്ദാനങ്ങളും പാലിക്കപ്പെട്ടില്ല.
‘ഇച്ചായന്റെ വലിയ ആഗ്രഹമായിരുന്നു ഒരു വീട്. ഇച്ചായന്റെ അച്ഛന് അച്ചന്‍കുഞ്ഞിന്റെ പേരിലുള്ള ഒന്നര സെന്റ് സ്ഥലമാണ് ഞങ്ങള്‍ക്ക് ആകെയുണ്ടായിരുന്നത്. ഏപ്രില്‍ മാസത്തില്‍ ലീവിന് വരുമ്പോള്‍ ലോണെടുത്ത് സ്ഥലം വാങ്ങാനും വീട് പണി തുടങ്ങാനുമായിരുന്നു ഇച്ചായന്റെ പദ്ധതി. പക്ഷെ അതിനൊത്തില്ല. അദ്ദേഹം പോയി. പക്ഷെ ഞങ്ങള്‍ക്കൊരു വീട് വേണം. എനിക്ക് ഒരു പെണ്‍കുഞ്ഞാണ്. ഇച്ചായന്റെ അച്ഛനും അമ്മയ്ക്കും ശരീര സുഖമില്ല. ഞങ്ങള്‍ക്കെല്ലാവര്‍ക്കും പേടിയില്ലാതെ ജീവിക്കാന്‍ ഒരു വീട് ആവശ്യമാണ്. സര്‍ക്കാര്‍ വീട് വച്ചുതരുമെന്ന പ്രതീക്ഷ അസ്തമിച്ചതിനാല്‍ ലഭിച്ച ധനസഹായം കൊണ്ട് ഒന്നര സെന്റില്‍ ഒരു വീട് വച്ചുകൊണ്ടിരിക്കുകയാണ് ഞാന്‍. അതല്ലാതെ വേറെ നിവൃത്തിയില്ല. പക്ഷെ ആനുകൂല്യമായി കിട്ടിയ പണമെല്ലാം വീടിന് വേണ്ടി ചെലവഴിച്ചാല്‍ പിന്നെ എന്റെ കയ്യില്‍ ഒന്നും ബാക്കിയില്ല.
അച്ഛനേയും അമ്മയേയും കുഞ്ഞിനേയും എന്റെ ആയുസ്സ് തീരും വരെ എനിക്ക് നന്നായി നോക്കണം. അതിനാണ് സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ജോലിയ്ക്കായി ഞാന്‍ വീണ്ടും വീണ്ടും അപേക്ഷിക്കുന്നത്. ഇനി ജീവിതം മുന്നോട്ട് കൊണ്ടുപോവണമെങ്കില്‍ എനിക്കൊരു ജോലി അത്യാവശ്യമാണ്. വലുതൊന്നും വേണ്ട. എന്ത് ജോലി തന്നാലും സ്വീകരിക്കാന്‍ ഞാന്‍ ഒരുക്കമാണ്. പക്ഷെ ഇപ്പോള്‍ എല്ലാവരും കൈമലര്‍ത്തുകയാണ്. പാലിക്കാനല്ലായിരുന്നെങ്കില് പിന്നെ വാഗ്ദാനം തന്നെതെന്തിനായിരുന്നു?’ ലിനി ചോദിക്കുന്നു.
ആലപ്പുഴ കാര്‍ത്തികപ്പള്ളി സ്വദേശിനിയാണ് ലിനി. കാര്‍ത്തികപ്പള്ളി മാങ്കില്ത്തറയിലുള്ള ഒന്നര സെന്റില്‍ രണ്ട് മുറികളുള്ള വീടിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി വരികയാണ്. വിവാഹത്തോടെ ഇടയ്ക്ക് വച്ച് നിന്നുപോയ തന്റെ ബിരുദ പഠനം പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ ഈ മുപ്പതുകാരി. നാലര വയസ്സുള്ള ഇക്സയ്ക്ക് നല്ല വിദ്യാഭ്യാസം നല്‍കണം.
അവള്‍ക്ക് നല്ല ജീവിത സാഹചര്യം ഒരുക്കി നല്കി അച്ഛനില്ലാതായതിന്റെ കുറവ് പരിഹരിക്കണം. നാലംഗ കുടുംബത്തിന്റെ ജീവിതചെലവുകള്‍ വഹിക്കണം. ഇതിനെല്ലാമാണ് ലിനിയ്ക്ക് ജോലി വേണ്ടത്. എന്നാല്‍ മറ്റ പലതിന്റേയും കൂട്ടത്തില്‍ ഇതും കണ്ടില്ലെന്ന് നടിക്കുകയാണ് സര്‍ക്കാര്‍.