Breaking News
Home / Lifestyle / സ്വന്തം ഏട്ടന്റെ കല്യാണത്തിന് സദ്യയ്ക്ക് വെറും വിളമ്പുകാരി ആകേണ്ടി വന്ന അനിയത്തി

സ്വന്തം ഏട്ടന്റെ കല്യാണത്തിന് സദ്യയ്ക്ക് വെറും വിളമ്പുകാരി ആകേണ്ടി വന്ന അനിയത്തി

ഒരു നിമിഷത്തെ എടുത്തു ചാട്ടത്തില്‍ ജീവിതം നശിപ്പിയ്ക്കുന്ന പെണ്‍കുട്ടികള്‍ ശ്രദ്ധിയ്ക്കേണ്ട ഒരു കാര്യമാണ്. ഇന്നലെ കണ്ട ഒരാളുടെ കൂടെ വീട്ടുകാരെ ധിക്കരിച്ച് ഇറങ്ങി പോകുന്നതിനു മുമ്പ് ആലോചിയ്ക്കണം.

ഇത്ര കാലവും നിങ്ങള്‍ക്ക് വേണ്ടി ജീവിച്ചിരുന്ന മാതാപിതാക്കളെ, സഹോദരങ്ങളെ. അവര്‍ നിങ്ങളുടെ നന്മ മാത്രം ആഗ്രഹിയ്ക്കുന്നവരാണ് എന്ന് മനസ്സിലാക്കണം.

“സ്വന്തം സഹോദരന്റെ കല്ല്യാണത്തിന് കാറ്ററിങ്ങ് സപ്ലയറായി ഭക്ഷണം വിളമ്പേണ്ടി വന്ന ഒരു സഹോദരിയുടെ മാനസീകാവസ്ഥ എന്താണെന്നറിയോ..?

തന്റെ സഹോദരന്റെ ആഡംബരമായി നടത്തിയ ഒരു കല്ല്യാണത്തിന് നാട്ടുകാരെ മൊത്തം വിളിച്ചിട്ടും ക്ഷണം ലഭിക്കാതെ പോയ ഏക സഹോദരിയുടെ വിഷമം എത്രയാണെന്ന് അനുഭവിച്ചറിയണം.

അച്ഛനും അമ്മയും ഏട്ടനും അടങ്ങുന്ന സന്തോഷകരമായ ആ കുടുംമ്പത്തിന് താനിന്ന് അന്യയാണ്. “തന്റെ എല്ലാമായിരുന്ന കളികൂട്ടുക്കാരനായ ഏട്ടന് താനിന്ന് ശത്രു.

തന്റെ കുസൃതികളിലും കുരുത്തകേടുകളിലും അച്ഛനും അമ്മയും വഴക്ക് പറയുമ്പോൾ ഇടക്ക് വന്ന് ആ കുറ്റം സ്വയം ഏറ്റെടുത്ത് ശാസനകൾ ഏറ്റുവാങ്ങിയിരുന്നു ഏട്ടൻ. തന്റെ ഏതാവശ്യങ്ങളും നിറവേറ്റി തന്നിരുന്ന തന്റെ കൂടപ്പിറപ്പ്.

സായാമീസ് ഇരട്ടകളെന്നാണ് തങ്ങളെ വീട്ടുകാരും നാട്ടുകാരും വിളിച്ചിരുന്നത്. ഏട്ടന് സൗഹൃദം വിരലിൽ എണ്ണാവുന്നത് മാത്രം.

ബാക്കി എല്ലാ സമയത്തും തന്നോടോപ്പം തല്ലുകൂടിയും കളിച്ചും ചിരിച്ചും നടക്കാറുണ്ടായിരുന്നുള്ളു.

പുതിയ പടം റിലീസായാൽ ഏട്ടനോടോപ്പം താനും കണ്ടിരുന്നു ഫസ്റ്റ് ദിവസം തന്നെ. ആ നാട്ടിലെ ഉത്സവങ്ങൾക്കെല്ലാം പോയി ശിങ്കാരിമേളത്തിനൊപ്പം ചുവടുംവച്ച് പല ദിവസങ്ങളിലും പാതിരാത്രിയിലാണ് തങ്ങൾ വീട്ടിലേക്ക്‌ കയറി വരാറുള്ളത്. അപ്പോഴമ്മ പറയും എനിക്ക് രണ്ടാൺ മക്കളാണെന്ന്.

വീട്ടിലറിയാതെ, വിശേഷ ദിവസങ്ങളിൽ ഏട്ടൻ വാങ്ങി ഒളിച്ചു വച്ച് കഴിക്കുന്ന ബിയറിന് താനും അവകാശിയായിരുന്നു. തങ്ങളുടെ കൂട്ട് കെട്ട് കണ്ട് അച്ഛനും അമ്മക്കും വരെ അസൂയ തോന്നാറുണ്ട്.

ഇവളെ കെട്ടിച്ച് വിട്ടാ ഇവൻ എന്തു ചെയ്യും എന്നമ്മ ചോദിക്കുമ്പോൾ ഏട്ടന്റെ കണ്ണുകൾ നിറയുന്നത് കണ്ടിട്ടുണ്ട്.

ഒരിക്കൽ ഏട്ടനെ പുറകിലിരുത്തി താൻ ഓടിച്ച ബൈക്ക് പെട്ടന്ന് കറുകെചാടിയ നായയെ കണ്ട് തൊട്ടടുത്ത മതിലിൽ ഇടിച്ച് മറിഞ്ഞപ്പോൾ തെറിച്ച്റോട്ടിൽ വീണ ഏട്ടൻ രക്തമൊലിക്കുന്ന മുഖവുമായി എഴുന്നേറ്റ് ആദ്യം ചോദിച്ചത് എന്റെ മോൾക്കെന്തെലും പറ്റിയോ എന്നായിരുന്നു.

തനിക്കൊന്നും പറ്റിയില്ലെങ്കിലും അന്നാ പാവത്തിന്റെ കൈ ഒടിഞ്ഞിരുന്നു. തനിക്ക് പിറകെ നടന്ന് ശല്ല്യം ചെയ്യുന്നവരെ ഒരു കരുണയുമില്ലാതെ അടിച്ചോടിച്ചിട്ടുണ്ട്.

ഇനിയെത്ര ജന്മമുണ്ടെങ്കിലും ഈ ഏട്ടന്റെ തന്നെ അനിയത്തിയായി പിറക്കണം തനിക്കെന്ന് ദിനവുമുള്ള പ്രർത്ഥനയായിരുന്നു.

കൂട്ടുകാരികൾ ഏട്ടന്റെ കഥകൾ കേൾക്കുമ്പോൾ കോരിത്തരിച്ചിരുന്ന് തങ്ങൾക്ക് കിട്ടിയില്ലല്ലോ ഇങ്ങനൊരേട്ടനെയെന്ന് അസൂയയോടെ പലവട്ടം പറഞ്ഞിട്ടുണ്ട്.

“സ്ഥിരം കോളേജിൽ പോകുന്ന ബസ്സിലെ ക്ലീനർ ആദിയുമായി ഒരു ഉടക്കിൽ തുടങ്ങിയ ബന്ധം അത് പ്രണയത്തിലെത്തിയതെങ്ങനെ എന്ന് പോലും അറിയില്ല.

പ്രണയം തലക്ക് പിടിച്ചപ്പോൾ ഏട്ടനെയും വീട്ടുകാരെയും ഓർത്തില്ല. ആരിൽ നിന്നോ ഇതറിഞ്ഞ ഏട്ടൻ തന്നെ പിൻതിരിപ്പിക്കാൻ കുറെ ശ്രമിച്ചു..!

“ഏട്ടന്റെ മോള് വേറെ ആരെ വേണമെങ്കിലും പ്രണയിച്ചോ ഏട്ടൻ നടത്തി തരും കല്ല്യാണം പക്ഷെ അവനെ എനിക്കറിയാം അവൻ ആള് ശരിയല്ലെന്ന് പലവട്ടം പറഞ്ഞിരുന്നു.

ഒടുവിൽ ഏട്ടൻ ചെന്നവനെ തല്ലിയതറിഞ്ഞാണ് ആദ്യമായി താൻ ഏട്ടനോട് ചൂടായത് തട്ടിക്കയറിയത്. ആ വാശിക്കവനും കൂട്ടുകാരും തന്റെ വീടിനു മുൻപിൽ വന്നു തന്നെ ഇറക്കി കൊണ്ട് പോവാൻ.

അപ്പോഴും നെഞ്ച് വിരിച്ച് നിന്ന് ഏട്ടൻ പറയുന്നുണ്ടായിരുന്നു ഇവൾ എന്റെ കുട്ടിയാ ഇവളിറങ്ങിവരില്ല അഥവാ വന്നാൽ നീ കൊണ്ട് പോയ്ക്കോടാ ഞാൻ തടയില്ലെന്ന്.

ഒച്ചയും ബഹളവും കേട്ട് കൂടിയ നാട്ടുകാർ കാൺകെ അവന്റെ വാക്ക് കേട്ട് കൂടെ ഇറങ്ങിയ തന്നെ തടയാൻ വന്ന അച്ഛന്റെ കൈ തടഞ്ഞു കൊണ്ട് ഏട്ടൻ പറയുന്നുണ്ടായിരുന്നു അവൾ പോയ്ക്കോട്ടെ.

അച്ഛാ നമ്മളേക്കാൾ വലുതവൾക്ക് അവനാണെ പോയ്ക്കോട്ടെ എന്ന്.

“എന്നും നാട്ടുകാരുടെ മുൻപിൽ തല ഉയർത്തി മാത്രം നടന്ന ഏട്ടന്റെയും അച്ഛന്റെയും തല കുനിഞ്ഞതും കണ്ണുകൾ നിറഞ്ഞ് തുളുമ്പിയതും പുറകിൽ നിന്ന് അമ്മയുടെ നെഞ്ചത്തടിച്ചുള്ള കരച്ചിലും പ്രണയം തലക്ക് പിടിച്ച തനിക്ക് കേൾക്കാനോ കാണാനോ സാധിച്ചില്ല ശ്രമിച്ചും ഇല്ല.

ഇറങ്ങി പോരുമ്പോഴും തന്നെ കാണാതെ ഇരിക്കാൻ കഴിയാത്ത ഏട്ടൻ തങ്ങളെ കൂട്ടികൊണ്ട് പോകാൻ വരും എന്ന് ഉറപ്പുണ്ടായിരുന്നു ഏറിയാൽ ഒരാഴ്ച്ചക്കുള്ളിൽ.

പക്ഷെ മാസങ്ങൾ കഴിഞ്ഞിട്ടും അതുണ്ടായില്ല ഒരു കുഞ്ഞുണ്ടായാലെങ്കിലും വരുമെന്ന് കരുതി കുട്ടികൾ രണ്ടായിട്ടും വർഷം എട്ടായിട്ടും വന്നില്ല.

കല്ല്യാണം കഴിഞ്ഞ് ഒരു മാസം കഴിഞ്ഞപ്പോഴേ മനസ്സിലായി ആദിയെ കുറിച്ച് വെള്ളമടിയും ചീട്ടുകളിയും പിന്നെ രാത്രികാലങ്ങളിൽ വന്ന് തന്നെ ഉപദ്രവിക്കലും.

കിട്ടുന്ന പണം കുടിക്കാനും ചീട്ടുകളിക്കാനും മാത്രം. “സൗഭാഗ്യങ്ങളോടെ നടന്നിരുന്ന താൻ പട്ടിണിയുടെ രുചിയറിഞ്ഞു.

“നിന്റെ വീട്ടിലെ പണം കണ്ടാണ് നിന്നെ സ്നേഹിച്ചതെന്ന് പലവട്ടം പറഞ്ഞിട്ടുണ്ട്.

വീട്ടിലെ പട്ടിണി മാറ്റാനാണ് ക്യാറ്ററിങ്ങ് ജോലിക്ക് ഇറങ്ങേണ്ടി വന്നത് ആഴ്ച്ചയിൽ രണ്ടോ മൂന്നോ ദിവസം കിട്ടുന്ന ജോലി. പക്ഷെ ഇന്നത്തെ കല്ല്യാണസദ്യ.

അത് ഒരിക്കലും തന്റെ ഏട്ടന്റെ കല്ല്യാണമാവും എന്നറിയില്ലായിരുന്നു. ഏട്ടന്റെ കല്ല്യാണത്തിനെങ്കിലും തന്നോടുള്ള പിണക്കം മാറി വന്നു വിളിക്കുമെന്ന് കരുതി.

കല്ല്യാണപെണ്ണിനും ഏട്ടനും ഒപ്പം തന്നെ തിളങ്ങി നിൽക്കേണ്ട തനിക്ക് പകരം ചെറിയച്ഛന്റെ മകൾ രുദ്ര സജീവമായി ഓടി നടക്കുന്നു. ഏട്ടന്റെ കുഞ്ഞു പെങ്ങളായി.

മുൻപായിരുന്നെ ഞാനവളെ ഓടിച്ചേനെ തന്റെ ഏട്ടനെ തന്നെക്കാൾ കൂടുതൽ ആരും സ്നേഹിക്കുന്നത് തനിക്കിഷ്ടമല്ല അതച്ഛനും അമ്മയും ആയാൽ പോലും.

തനിക്ക് പകരം മറ്റൊരുത്തി ഏതൊരു സഹോദരിയുടെയും ഹൃദയം തകർക്കുന്ന കാഴ്ച്ചയാണത്. “എന്നിട്ടോ സ്വന്തം പെങ്ങളായ താൻ ഭക്ഷണ പാത്രവുമായി വിളമ്പാൻ നിൽക്കുന്നു.

കഴിക്കാനിരിക്കുന്ന അച്ഛന്റെ പാത്രത്തിലേക്ക് ഭക്ഷണം വിളമ്പുന്നതിനിടയിൽ പിടിച്ച് നിർത്തിയിട്ടും അറിയാതെ വിളിച്ചു പോയി അച്ഛാ എന്ന്.

തന്റെ മുഖത്ത് പോലും നോക്കാതെ വിളമ്പാൻ വന്നവർ വിളമ്പിയിട്ട് പോയ്ക്കോളണം മനസ്സിലായല്ലോ എന്നച്ഛൻ ഉറക്കെ പറഞ്ഞപ്പോൾ അതു കേട്ട് വന്ന ഏട്ടൻ അച്ഛനെ ശ്വാസിക്കുന്നുണ്ടായിരുന്നു.

എന്താ അച്ഛാ ഇത് ജോലിക്ക് വന്നവരോട് ഇങ്ങനാണോ പെരുമാറുന്നതെന്ന്.

“വളർത്തി വലുതാക്കിയ സ്വന്തം വീട്ടുകാരെ അപമാനിച്ച് ഇന്നലെ കണ്ട ഒരുത്തനൊപ്പം ഇറങ്ങിപ്പോയപ്പോൾ വീട്ടുകാർക്കുണ്ടായ വേദനയേക്കാൾ വേദന ഉണ്ടായിരുന്നോ തനിക്കപ്പോൾ..?

സ്വന്തം വീട്ടുകാർ എപ്പോഴും മക്കളുടെ നല്ല ഭാവിക്ക് വേണ്ടിയാണ് ഓരോ കാര്യവും പറയുന്നതെന്ന് അനുഭവം കൊണ്ട് പഠിക്കേണ്ടി വന്നു തനിക്ക്.

തലയും താഴ്ത്തി അടുത്ത പാത്രത്തിൽ ഭക്ഷണം വിളമ്പുമ്പോഴും കണ്ണുകളിൽ നിന്ന് കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു.

അപ്പോഴും മനസ്സിൽ ചിന്തിച്ചു ഒരിക്കൽ കൂടെ എനിക്കാ പഴയ കാലത്തേക്ക് തിരിച്ച് പോകാൻ പറ്റിയിരുന്നെങ്കിൽ എന്ന്.

നഷ്ടസ്വർഗ്ഗം

രചന: സുനിൽ തൃശ്ശൂർ

About Intensive Promo

Leave a Reply

Your email address will not be published.