Breaking News
Home / Lifestyle / ജനനേന്ദ്രിയം വലുതാവുമ്പോള്‍ അവന്റെ ആണത്തത്തിന്റെ പ്രതീകമാകുന്നത് എങ്ങനെ

ജനനേന്ദ്രിയം വലുതാവുമ്പോള്‍ അവന്റെ ആണത്തത്തിന്റെ പ്രതീകമാകുന്നത് എങ്ങനെ

ജനിച്ചപ്പോ വെറുമൊരു അവയവം മാത്രമായിരുന്ന ജനനേന്ദ്രിയം, വലുതാവുമ്പോള്‍ അവന്റെ ആണത്തത്തിന്റെ പ്രതീകമാകുന്നത് എങ്ങനെയാ, അല്ലേ.

കാരണം എല്ലാ ഭര്‍ത്താക്കന്മാരും അറിഞ്ഞിരിയ്ക്കണം, ഗര്‍ഭം നിര്‍ത്താന്‍ സ്ത്രീകളില്‍ നടത്തുന്ന ശസ്ത്രക്രിയയേക്കാള്‍ നല്ലത് പുരുഷനില്‍ നടത്തുന്ന ശസ്ത്രക്രിയ ആണെന്ന്. അതേ കുറിച്ച് ഒരു വിവരണം.

പ്രശസ്ഥ എഴുത്തുകാരിയായ യുവ ഡോക്ടര്‍ സെക്കന്റ്‌ ഒപ്പീനിയൻ എന്ന പംക്തിയിലൂടെ കൃത്യമായ വിശദീകരണങ്ങൾ നൽകിയിരിക്കുകയാണ്. ഡോക്ടറുടെ ഫേസ്ബുക്ക്‌ പോസ്റ്റ്‌ വായിക്കാം.

ഒരു കുഞ്ഞുവാവ ‘ളേ ളേ’ന്ന്‌ നിലവിളിച്ചോണ്ട്‌ ജനിച്ചൂന്ന്‌ വെക്കുക. പെട്ടെന്നൊരാൾ എന്ത് കുട്ടിയാന്ന്‌ പറഞ്ഞ്‌ തരാതെ നിങ്ങടെ കൈയിൽ കൊണ്ടുത്തന്നൂന്ന്‌ കൂടിയിരിക്കട്ടെ.

ആകെ മൂടിയ കുഞ്ഞാവ ആണാണോ പെണ്ണാണോ എന്ന്‌ എങ്ങനെ തിരിച്ചറിയും? “അയ്യേ… ഡോക്‌ടർ ഇതെന്തൊക്കെയാ ഈ ചോദിക്കുന്നത്” എന്ന്‌ പറയാൻ വരട്ടെ.

നിങ്ങൾ വിചാരിച്ചത്‌ തന്നെയാണ്‌ മാർഗം. അവരുടെ ജനനേന്ദ്രിയം നോക്കിയാണ്‌ നമ്മളിത്‌ തിരിച്ചറിയുന്നത്‌. പെണ്ണിന്റെ ലൈംഗികാവയവത്തെ കുറിച്ച്‌ കഴിഞ്ഞാഴ്‌ചത്തെ #SecondOpinion പറഞ്ഞു കഴിഞ്ഞു.

അപ്പോ പിന്നെ, ആണിന്റെ ജനനേന്ദ്രിയത്തിന്റെ ഭൂമിശാസ്‌ത്രത്തെ കുറിച്ച്‌ കൂടി പറയാതെ സമത്വസുന്ദരലൈംഗികത പുലരുവതെങ്ങനെ? അതൂടെ പറഞ്ഞേക്കാല്ലേ?

പെണ്ണിന്‌ അടിവയറിനകത്ത്‌ പമ്മിയിരിക്കുന്ന ഗർഭപാത്രത്തിലേക്കുള്ള വഴിയായ യോനി മാത്രമാണ്‌ പുറത്തുള്ളതെങ്കിൽ, ആണിന്‌ സർവ്വത്ര എക്‌സ്‌റ്റേണൽ ഹാർഡ്‌വെയറാണ്‌.

എന്ന്വച്ചാൽ, ഏതാണ്ട് മുഴുവനായും ശരീരത്തിന്‌ പുറത്താണെന്ന്‌. (കൂടുതൽ വ്യക്തത വേണമെന്നുള്ളവർക്ക് റെഫർ ചെയ്യാനുള്ള ചിത്രം ആദ്യ കമന്റിൽ നൽകിയിട്ടുണ്ട്.)

ആണിന്‌ അവന്റെ തനിക്കൊണം കൊടുക്കുന്ന ഹോർമോണായ ടെസ്‌റ്റോസ്‌റ്റിറോണും കുഞ്ഞുങ്ങളെ ഉണ്ടാക്കുന്നതിലേക്ക്‌ അവരുടെ സംഭാവനയായ ബീജങ്ങളേയും ഉണ്ടാക്കുന്ന ഫാക്‌ടറികളായ രണ്ട്‌ വൃഷ്‌ണങ്ങളെ വൃഷ്‌ണസഞ്ചിയിലാക്കി ശരീരത്തിനു വെളിയിൽ തൂക്കിയിട്ടേക്കുന്നത്‌ ചുമ്മാതാണെന്നാ വിചാരം?

അല്ലേയല്ല. ശരീരത്തിന്റെ സ്വാഭാവിക താപനിലയേക്കാൾ അൽപം താഴ്‌ന്ന താപനിലയിലേ ബീജേട്ടൻമാർക്ക്‌ ജീവനോടെയിരിക്കാനാകൂ. അയ്‌നാണ്‌ ഈ സൂത്രം. ഇപ്പോ ടെക്‌നിക്‌ പിടികിട്ടിയോ?

ഈ വൃഷ്‌ണങ്ങൾ, അവിടുന്ന്‌ ബീജങ്ങളെ കയറ്റി അയക്കാൻ വേണ്ടിയുള്ള ചെറിയ കുഴലുകൾ, ഈ കുഴലെല്ലാം കൂടി എത്തിച്ചേരുന്ന വല്ല്യോരു കുഴൽ പോലുള്ള ലിംഗം അഥവാ പീനിസ്‌, ഇതെല്ലാം ചേർന്നതാണ് ആണുങ്ങളുടെ ലൈംഗികവ്യവസ്‌ഥ.

ങാ, കൂട്ടത്തിലൊരു പ്രോസ്‌റ്റേറ്റ്‌ ഗ്രന്‌ഥി കൂടെ ആ പരിസരത്തായിട്ടുണ്ട്‌ കേട്ടോ. ബീജങ്ങളെ സ്വന്തം മക്കളെപ്പോലെ തിന്നാൻ കൊടുത്തും താലോലിച്ചും സംരക്ഷിച്ചും പോരുന്നത്‌ ഈ ഗ്രന്‌ഥിയിലെ സ്രവമാണ്‌. കണ്ണു നിറഞ്ഞ്‌ പോയല്ലേ? നിറയും, അതങ്ങനാ…

ഈ പറയുന്ന മൂന്നും ഒന്നും നാല്‌ സംഗതികളും അയ്‌ന്റെ പൈപ്പും കണക്ഷനും ഒക്കെ കൊണ്ട്‌ നമ്മുടെ നാട്ടുകാർ എന്തൊക്കെ അളക്കുമെന്നറിയാമോ?

പൗരുഷം, ശേഷി, ആത്മവിശ്വാസം, പെണ്ണിനെ നിലക്ക്‌ നിർത്താനുള്ള കഴിവ്‌ എന്ന്‌ തുടങ്ങി സർവ്വത്തിന്റേം എപ്പിസെന്റർ ഈയൊരു ഇത്തിരിവട്ടമാണത്രേ !

പോരേ പൂരം? എന്തിന്‌ പറയുന്നു ബോർഡായ ബോർഡും ചുമരും മതിലും മുഴുവൻ ‘സ്വപ്‌നസ്‌ഖലനം, ശീഘ്രസ്‌ഖലനം, ശേഷി വർദ്ധിപ്പിക്കൽ, ഉദ്ധാരണക്കുറവ്, സമയക്കുറവ്‌’ എന്ന്‌ തുടങ്ങിയവയുടെ ചികിത്സകൾ കൊണ്ടങ്ങ്‌ തകർക്കുവാ ! സത്യത്തിൽ ഇതിനും മാത്രം അവിടെ വല്ലോം നടക്കുന്നുണ്ടോ?

ആദ്യം ഇക്കൂട്ടത്തിലെ ഉദ്ധാരണം എന്താണെന്ന് നമുക്ക് നോക്കാം… ലിംഗത്തിന്റെ ചുറ്റുപാടിൽ ഒരു ഞരമ്പിൻകൂട്ടമുണ്ട്‌.

അസൂയക്കാര്‌ അതുങ്ങളെ പാരാസിംപതെത്തിക്‌ നേർവസ്‌ സിസ്‌റ്റത്തിന്റെ ഭാഗം എന്നൊക്കെ വിളിക്കും.

ആ, എന്തേലും ആവട്ട്‌ ! ലൈംഗിക ചിന്തകളുണരുമ്പോൾ, ഈ ഞരമ്പുകൾ കുമുകുമാ അങ്ങട് ഇത്തേജിക്കും, ഈ ഉത്തേജനം മൂലം ലിംഗത്തിലുള്ള മൂന്ന്‌ കൂട്ടം കോശങ്ങളിൽ രക്‌തം നിറയുകയും ചെയ്യും.

ലിംഗത്തിന്റെ ചോട്ടിലുള്ള കുറച്ച്‌ മസിലുകൾ മുറുകി ആ രക്‌തത്തെ അവിടെ ബ്ലോക്ക്‌ ചെയ്‌ത്‌ വെക്കും. ഒന്നുകിൽ സ്‌ഖലനം ഉണ്ടാകുകയോ അല്ലെങ്കിൽ ലൈംഗികചിന്ത ഇല്ലാതാവുകയോ ചെയ്യും വരെ ഞരമ്പ് ഇങ്ങനെ ‘ഹമ്പട ഞാനേ’ എന്ന്‌ പറഞ്ഞ്‌ ഉത്തേജിതനായി ഉദ്ധാരണം നില നിർത്തും. അത്‌ കഴിഞ്ഞ്‌ അവിടെ കേറിക്കൂടിയ ചോര ഇറങ്ങി അതിന്റെ പാട്ടിന്‌ പോകുകയും ചെയ്യും. ഇത്രേള്ളൂ.

അപ്പോ പിന്നെ, ജനിച്ചപ്പോ വെറുമൊരു അവയവം മാത്രമായിരുന്ന ലിംഗം, വളരുമ്പോൾ അവന്റെ ആണത്തത്തിന്റെ പ്രതീകമാകുന്നത്‌ എങ്ങനെയാണ്‌?

പെണ്ണിനെ ‘കീഴ്‌പ്പെടുത്തലാണ്’‌ ഉത്തമപുരുഷന്റെ യോഗ്യതയുടെ അളവുകോൽ എന്ന ഹീനമായ ചിന്താഗതിയിൽ നിന്നുമാണ്‌ ഇത്‌ ഉടലെടുത്തത്‌. ഇങ്ങനെ കീഴ്‌പെടുത്താൻ വേണ്ടി മൂന്നാംലോക മഹായുദ്ധം ഒന്നുമല്ല കിടപ്പറയിൽ നടക്കുന്നത്‌ !

ഏറെ സന്തോഷത്തോടെയും സ്‌നേഹത്തോടെയും നടക്കേണ്ടുന്ന പവിത്രമായ ഒരു സംഗതിയാണ്‌ ലൈംഗികത. എങ്ങനെ നോക്കിയാലും സമത്വം പുലർത്തേണ്ട ഒന്ന്‌.

പക്ഷേ അവിടെയും ‘അവളെയങ്ങ്‌ ശരിയാക്കിക്കളയാം’ എന്ന വികല ചിന്താഗതി വളർത്തുന്ന സകല നീലച്ചിത്രങ്ങൾക്കും മഞ്ഞപുസ്‌തകങ്ങൾക്കും പച്ചമനുഷ്യർക്കും കൂടെ, ബോധമില്ലാത്ത വൈവിധ്യമാർന്ന കൂട്ടുകാർക്കും നല്ല നമസ്‌കാരം.

ലൈംഗിക പ്രത്യുൽപാദനം നടത്തുന്ന മിക്ക ജീവജാലങ്ങളിലുമെന്ന പോലെ മനുഷ്യനിലും പുരുഷശരീരത്തിലുള്ള ബീജത്തെ സ്‌ത്രീശരീരത്തിനകത്തേക്ക്‌ എത്തിക്കുക എന്നതാണ്‌ ലിംഗത്തിന്റെ പ്രധാന ധർമ്മം.

പുരുഷൻമാർ മൂത്രമൊഴിക്കാൻ ഉപയോഗിക്കുന്നതും ഇതേ അവയവം തന്നെ. ഇതിൽ കവിഞ്ഞ്‌ ഈ അവയവത്തിനുള്ള വളവ്‌, ചെരിവ്‌, വലിപ്പക്കുറവ്‌, നിറക്കുറവ്‌ പിന്നെ ഏതാണ്ടൊക്കെ തുടങ്ങിയവയെല്ലാം തികച്ചും സ്വാഭാവികമാണ്‌.

മറ്റേതൊരു അവയവവും പോലെ ലിംഗത്തിന്റെ പ്രത്യേകതകളും തീരുമാനിക്കുന്നത്‌ പാരമ്പര്യവും ജീനുമൊക്കെയാണ്‌.

അല്ലാതെ, എങ്ങാണ്ടൊരുത്തൻ സ്വയംഭോഗം ചെയ്‌തപ്പോൾ മുതൽ നാൽപ്പത്തഞ്ച്‌ ഡിഗ്രി ചെരിഞ്ഞു പോയ ലിംഗങ്ങളുടെ കഥയൊക്കെ വെറും കഥയാണെന്നറിയുക.

ഇണയുടെ ലൈംഗികതൃപ്‌തിയുമായി ഇതിനൊന്നും യാതൊരു ബന്ധവുമില്ല താനും. ഉദ്ധാരണം ആവശ്യമുള്ളത്ര സമയം നിൽക്കുന്നില്ല എന്നെല്ലാം പറയുന്നത്‌ ബഹുഭൂരിപക്ഷത്തിനും മനസ്സിലെ കാര്യമാണ്‌.

ഒരു മിനിറ്റ്‌ കൊണ്ട്‌ സ്‌ഖലനമുണ്ടായി തൃപ്തിയാകുകയും ആക്കുകയും ചെയ്യുന്നവനും, എത്ര നേരമെടുത്താലും ഒന്നും പോരാതെ വരുന്നവനുമുണ്ട്.

ആകെ മൊത്തം ഭൂലോകത്തിന്റെ സ്പന്ദനം ആ ഒരൊറ്റ തെറിച്ചു പോകലിലാണെന്ന് ജപിച്ച് പോകുന്നതുകൊണ്ടാണീ പ്രശ്നങ്ങളിൽ ഭൂരിഭാഗവും വരുന്നത്.

കൂട്ടത്തിൽ പറയാനുള്ളത്‌, മേൽ പറഞ്ഞതെല്ലാം മാറാനുപയോഗിക്കുന്ന കുഴമ്പ്, പൊടി, സ്‌പ്രേ, മരുന്ന്‌ തുടങ്ങിയവയെല്ലാം കാശ്‌ കൊടുത്ത്‌ ആത്മവിശ്വാസം നേടിത്തരുന്നവയാണ്‌.

ഇത്തരം പറ്റിക്കൽ വസ്‌തുക്കൾ വാങ്ങുന്നവർ സാമാന്യയുക്‌തി വെച്ച്‌ ഇത്തരം എന്തെങ്കിലും ഒരു വസ്‌തു വെച്ച്‌ സ്വന്തം മൂക്കോ ചെവിയോ ഒക്കെ വലുതാകുമോ, നിറം മാറുമോ, വളവ്‌ മാറി നിവരുമോ എന്നെല്ലാം ഓർത്ത്‌ നോക്കുക.

കേവലം അത്‌ പോലൊരു അവയവം മാത്രമായ ലിംഗവും അത്രയൊക്കെയേയുള്ളൂ. യോനിക്ക്‌ അകത്തേക്ക്‌ രണ്ട്‌ ഇഞ്ച്‌ മാത്രം സംവേദനക്ഷമതയുള്ള പെണ്ണിന്‌ തൃപ്‌തിപ്പെടാനുള്ള അവയവസൗകുമാര്യമൊക്കെ എല്ലാ പുരുഷനുമുണ്ട്‌ താനും.

അവൾക്ക്‌ പലപ്പോഴും അത്‌ പോലും വേണ്ട താനും. അവന്‌ ഇല്ലാതെ പോകുന്നത്‌ ആത്മവിശ്വാസമാണ്‌. അത്‌ നഷ്‌ടപ്പെടുന്ന തരത്തിലുള്ള അന്ധവിശ്വാസങ്ങൾ ഈ പറയുന്ന ‘പെർഫോമൻസ്’ നെ സംബന്ധിച്ച്‌ ഉള്ളതിനാൽ ‘എന്നെക്കൊണ്ട്‌ പറ്റ്വോ’ എന്ന്‌ ചിന്തിച്ച്‌ ബേജാറാകുന്നവന്റെ പാവത്തിന്റെ കൈയിലെ കാശില്ലേ? അത്‌ ഊറ്റി മേടിച്ച്‌ കൊഴുക്കുന്നവരാണ്‌ വ്യാജമരുന്നുകൾ വിറ്റ്‌ കീശ വീർപ്പിക്കുന്നത്‌.

ഇതൊന്നുമല്ല കാര്യം- ‘എനിക്ക്‌ സ്‌നേഹിക്കാനും ആസ്വദിക്കാനുമറിയാം’ എന്ന്‌ തീരുമാനിച്ചാൽ അന്ന്‌ തീരും ഇവിടത്തെ ഇത്തരം കച്ചോടങ്ങൾ. എങ്ങനെ തീരുമാനിക്കാനാണ്‌? അന്ധവിശ്വാസങ്ങളങ്ങനെ നിരത്തിപ്പിടിച്ച്‌ കിടക്കുവല്ലേ… അറിയേണ്ടതും മാറേണ്ടതും നമ്മളാണ്‌, നമ്മൾ മാത്രം.

വാൽക്കഷ്‌ണം:

ശരീരത്തിന്‌ പുറത്ത്‌ കിടക്കുന്ന വൃഷ്‌ണസഞ്ചിയുടെ തൊലിയിൽ തൊടുമ്പോൾ തന്നെ പിടിക്കാൻ കിട്ടുന്ന ബീജവാഹിനിക്കുഴലിലേക്ക്‌ നേരിട്ട്‌ എങ്ങനെ സ്‌പർശിക്കും? – ഒന്ന്‌ തരിപ്പിച്ച്‌ ചുമ്മാ ആ തൊലിയൊന്ന്‌ മുറിച്ചാൽ ദേ നിൽക്കുന്നു കുഴൽ.

സ്‌ത്രീശരീരത്തിലെ അണ്‌ഢാശയത്തിൽ നിന്നും അണ്‌ഢം പുറത്തെത്തുന്ന കുഴലായ ഫലോപിയൻ ട്യൂബ്‌ എങ്ങനെ തൊടും? – അതോ… മിക്കവാറും സ്‌പൈനൽ അനസ്‌തേഷ്യ കൊടുത്ത്‌ വയറിന്റെ തൊലി, കൊഴുപ്പിന്റെ പാളി, മസിൽ ഒക്കെ മുറിച്ച്‌ അകത്തി മാറ്റി ട്യൂബിനെ പിടികൂടും.

ഇതിലേത്‌ തൊടാൻ ശ്രമിക്കുമ്പഴാ കൂടുതൽ കുഴപ്പമുണ്ടാകുക? – പെണ്ണിന്റെ വയറിനകത്തുള്ള ഫലോപിയൻ ട്യൂബ്‌.

അണുബാധക്കുള്ള സാധ്യത? – അത്‌ പെണ്ണിന്റെ ട്യൂബ്‌ തൊടുമ്പഴാകുമെന്ന്‌ ഉറപ്പല്ലേ?

ആണിനും പെണ്ണിനും ട്യൂബിൽ കെട്ടിട്ടോ മുറിച്ച്‌ മാറ്റിയോ അല്ലേ പ്രസവം നിർത്തുന്നത്‌? – അതേ. സ്‌ത്രീകൾക്ക്‌ ട്യൂബെക്‌ടമി. പുരുഷൻമാർക്ക്‌ വളരെ ലളിതമായ വാസക്‌ടമി.

വേദന കുറവുള്ളതും വാസക്‌ടമിക്കാകുമല്ലേ? – പിന്നല്ലാണ്ട്‌ ! പോരാത്തതിന്‌ വിശ്രമം വേണ്ട, പറയത്തക്ക യാതൊരു നിയന്ത്രണങ്ങളുമില്ല. ട്യൂബക്‌ടമി എന്തൊക്കെ പറഞ്ഞാലും ഒരു ശസ്‌ത്രക്രിയയല്ലേ? അൽപസ്വൽപം നിയന്ത്രണങ്ങളൊക്കെ കാണും.

അപ്പോൾ നല്ലത്‌ വാസക്‌ടമിയാണ്‌? – തീർച്ചയായും.

അപ്പോൾ ആരാ പ്രസവം നിർത്തുക? – സംശയമെന്താ, പെണ്ണ്‌.

ഹേ ! അതെന്താ അങ്ങനെ? – സ്‌പർശനേ പാപം, ദർശനേ പുണ്യം. എന്റെ പൗരുഷമാണേ… തൊടക്കൂടാത്‌… വ്വോ… സന്തോഷം.

കടപ്പാട്

About Intensive Promo

Leave a Reply

Your email address will not be published.