Breaking News
Home / Lifestyle / നിന്റെ സമയo ആകുമ്പോഴേക്കും എനിക്ക് ദൈവം തന്ന സമയം കഴിയാതിരുന്നാൽ മതി

നിന്റെ സമയo ആകുമ്പോഴേക്കും എനിക്ക് ദൈവം തന്ന സമയം കഴിയാതിരുന്നാൽ മതി

ഞാൻ എത്ര തവണ പറഞ്ഞു അമ്മയോട് എനിക്ക് ഇപ്പോഴേ കല്യാണം ഒന്നും ആലോചിക്കേണ്ട എന്ന്.. ഞാൻ ഇവിടെ കെട്ടാൻ മുട്ടി നിൽക്കുവല്ല… പതിവ് പോലെ അമ്മയുടെ നേരെയാണ് ഇന്നും എന്റെ ചാട്ടം..

നീ എന്തിനാ ഇങ്ങനെ ചൂടാവണെ? ആരെയും കൊല്ലുന്ന കാര്യമല്ലല്ലോ ഞാൻ പറഞ്ഞത്. നിന്റെ കല്യാണക്കാര്യം അല്ലെ? ഇതിപ്പോ എത്ര നാളായി ഇങ്ങനെ? ഇപ്പൊ ഒരു ജോലിയൊക്കെ ആയല്ലോ പിന്നെ എന്താണ്?

അമ്മേ എനിക്ക് വിവാഹം കഴിക്കാൻ സമയം ആകുമ്പോൾ ഞാൻ അമ്മയോട് പറഞ്ഞോളാം.. വെറുതെ ആ ബ്രോക്കറെ വിളിച്ചു അമ്മ കുഴയേണ്ട..

ഓ നിന്റെ സമയo ആകുമ്പോഴേക്കും എനിക്ക് ദൈവം തന്ന സമയം കഴിയാതിരുന്നാൽ മതി.
വയസ് 28 ആയി. ഇനി എന്നാണ് നിന്റെ സമയം ആകുന്നെ? ഇത്രയും നാൾ ഞാൻ പറഞ്ഞത് നീ കേട്ടു. ഇതും നീ കേൾക്കും.. ഞാൻ പറയുന്ന പെണ്ണിനെ നീ കെട്ടുകയും ചെയ്യും.. നാളെ ഒരു കൂട്ടർ ഇങ്ങോട്ട് വരുന്നുണ്ട്.. അമ്മ അത് പറഞ്ഞു നിർത്തി വരാന്തയിലേക്ക് ഇരുന്നു എന്നെയൊന്നു നോക്കി..

ആ എന്നാൽ നാളെ വരുന്നവർ വന്നിട്ടങ്ങു പോകത്തതെ ഉള്ളൂ.. അമ്മേ അമ്മയോട് ഞാൻ പറഞ്ഞു.. എന്റെ ശബ്ദത്തിന്റെ ഒച്ച ഉയർന്നു തുടങ്ങിയിരുന്നു..

എനിക്കിപ്പോ അറിയണം നീ ആരെയെങ്കിലും സ്നേഹിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ തുറന്നു പറ.. കുറെ നാളായി എന്നെ പറ്റിക്കുന്നു …

അമ്മയുടെ ചോദ്യത്തിന് മുന്നിൽ ഞാനൊന്നു പതറി…

നിന്നോടാ ചോദിച്ചത് ഏതെങ്കിലും പെൺകുട്ടികളെ നീ സ്നേഹിക്കുന്നുണ്ടോ എന്ന്?
ഞാൻ അമ്മയുടെ മുഖത്ത് നോക്കാതെ ഉമ്മറത്ത് നിന്നും വെളിയിലേക്കു നോക്കി.. ഇനിയും പറയാതിരുന്നാൽ ശെരിയാകില്ല…

ഉണ്ട് അമ്മേ. എനിക്ക് ഒരു കുട്ടിയെ ഇഷ്ട്ടമാണ്..

ജാതിയും മതവും ഒന്നും എനിക്കൊരു വിഷയമല്ല… അവളുടെ വീട്ടുകാർ കെട്ടിച്ചു തന്നില്ലെങ്കിൽ നീ ഇങ്ങട് വിളിച്ചിറക്കിക്കൊണ്ടു പോരെ.. അമ്മ ഒറ്റ ശ്വാസത്തിൽ ഇത് പറഞ്ഞു നിർത്തി എന്നെയൊന്നു നോക്കി… ന്തേ ന്റെ കുട്ടി വിചാരിച്ചോ അമ്മ നിന്റെ ഇഷ്ടങ്ങൾക്കു എതിര് നിൽക്കും എന്നോ? നിന്റെ ഇഷ്ട്ടം അതാണെങ്കിൽ അത് നടക്കട്ടെ മോനെ.. ഞാനും നിന്റെ പെങ്ങളും വല്യമ്മയും കൂടി പോയി കുട്ടിയെ ഒന്ന് കാണാം ന്തേ?

അമ്മയുടെ ആവേശം കണ്ടപ്പോൾ അത്രയും നേരം പിടിച്ചു വെച്ച ധൈര്യം ചോർന്നു പോയി തുടങ്ങിയിരുന്നു… മുറ്റത്തെ നിലാവിനെ നോക്കി ഞാൻ പറഞ്ഞു തുടങ്ങി..

അമ്മേ ജാതിയും മതവും ഒന്നുമല്ല വിഷയം…

പിന്നെ? അമ്മ ആകാംഷയോടെ ചോദിച്ചു?

ഞാൻ അമ്മയുടെ അടുത്തേക്ക് ചെന്ന്… തറയിൽ ഇരുന്നു അമ്മയുടെ കാലിൽ പിടിച്ചു പറഞ്ഞു അവളുടെ കല്യാണം കഴിഞ്ഞതാണ് എന്ന്..

ഒരു ഞെട്ടലോടെ അമ്മ ചാടി എഴുന്നേറ്റു…

ഇത് നടക്കുമെന്ന് നീ സ്വപ്നത്തിൽ പോലും വിചാരിക്കേണ്ട.. നിനക്കിപ്പോ ഒരു രണ്ടാം കെട്ടുകാരിയെ കെട്ടി ചുമന്നു ഇങ്ങോട്ട് കൊണ്ടുവരേണ്ട ആവശ്യം ഇല്ല… ന്റെ ജീവൻ ഉള്ളിടത്തോളം ഞാൻ അതിനു സമ്മതിക്കികയുമില്ല അമ്മയുടെ ഭാവം മാറി…
എന്നാലും ഏതവളാ ഈശ്വരാ എന്റെ കുഞ്ഞിനെ വശീകരിച്ചത്? നാട്ടുകാർ അറിഞ്ഞാൽ? കുടുമ്പക്കാർ അറിഞ്ഞാൽ?
ഞാൻ എങ്ങനെ അവരുടെ മുഖത്ത് നോക്കും?

അമ്മയുടെ സംസാരo കേട്ടു നിന്ന എനിക്ക് പിന്നെ ദേഷ്യം പിടിച്ചു നിർത്താൻ കഴിഞ്ഞില്ല..

അമ്മയുടെയും അമ്മ ഇപ്പറഞ്ഞ കുടുമ്പക്കാരുടെയും നാട്ടുകാരുടെയും അനുവാദം വാങ്ങിയിട്ടല്ല ഞാൻ അവളെ ദേ ഈ നെഞ്ചിനകത്തു കേറ്റിയത്..

ഇരുപത്തി മൂന്നാം വയസിൽ ഒരു കുഞ്ഞിനേയും കൊണ്ട് വിധവ ആകേണ്ടി വന്നവൾ.. സ്വപ്‌നങ്ങൾ പാതിയിൽ കൊഴിഞ്ഞു വീണവൾ.. എന്നിട്ടും മറ്റൊന്നും ചിന്തിക്കാതെ അവൾ എന്റെ ഓഫീസിൽ ജോലിക്ക് വന്നു തുടങ്ങിയപ്പോൾ അവൾ ആരോടും ഒന്നും പറഞ്ഞില്ലായിരുന്നു. പിന്നെ ഓരോരുത്തരും അറിഞ്ഞു തുടങ്ങിയപ്പോൾ എല്ലാർക്കും അവളോട് സിമ്പതി… എനിക്ക് അവളോട് ബഹുമാനമാണ് തോന്നിയത്..
ഒരു ദിവസം അവളെ പിടിച്ചു നിർത്തി ഞാൻ ഒരു ജീവിതം തന്നാൽ കൂടെപ്പോരുമോ എന്ന് ചോദിക്കാൻ എനിക്ക് രണ്ടാമത് ഒന്ന് ചിന്തിക്കേണ്ടി വന്നിട്ടില്ല അമ്മേ.

കാരണം അവളെ കെട്ടി ഒരു ജീവിതം കൊടുക്കാൻ ഞാൻ അത്രമാത്രം ആഗ്രഹിച്ചിരുന്നു..
നിനക്കിവിടെ പെണ്ണ് കിട്ടാതെ നിൽക്കുകയൊന്നും അല്ല. ഒരു പുണ്യാളൻ വന്നേക്കുന്നു… ഞാൻ വീണ്ടും പറയുവാ എന്റെ കൊക്കിൽ ജീവനുള്ളിടത്തോളം കാലം ഞാൻ ഇത് നടത്തി തരില്ല പറഞ്ഞില്ല എന്ന് വേണ്ട…

ഇക്കാര്യത്തിൽ അമ്മയെ എതിർക്കേണ്ടി വരുമെന്ന് എനിക്ക് അറിയാമായിരുന്നു .. അമ്മ സമ്മതിക്കില്ല എന്നും ഉറപ്പായിരുന്നു.. പക്ഷെ എനിക്കിനിയൊരു തീരുമാനം എടുക്കാനില്ല ഈ കാര്യത്തിൽ കാരണം അവളിപ്പോ എന്നെ ഒരു നോട്ടം കൊണ്ടെങ്കിലും ഇഷ്ടപ്പെടുന്നുണ്ട്.

എന്റെ സാമീപ്യം അവൾ ആഗ്രഹിക്കുന്നുണ്ട്ഞാൻ കൊടുത്ത വാക്ക് എനിക്ക് പാലിക്കണം അമ്മേ.. അവളുടെ നെറ്റിയിൽ ഇനിയൊരു സിന്ദൂരത്തിന്റെ ചുവപ്പ് വീഴുന്നുണ്ട് എങ്കിൽ ദേ അത് എന്റെ കൈകൊണ്ടു ആയിരിക്കും… അവൾ ഇനിയൊരു നെഞ്ചിൽ തലചായ്ച്ചു ഉറങ്ങുന്നുണ്ട് എങ്കിൽ ദേ ഈ എന്റെ ഈ നെഞ്ചിൽ ആയിരിക്കും…

എനിക്ക് ഇക്കാര്യത്തിൽ അമ്മയെ എതിർക്കേണ്ടി വരും..

എങ്കിൽ നാട്ടിലൊക്കെയുള്ള വിധവമാർക്കു ഓരോ ജീവിതം കൊടുക്കടാ.. നിന്റെ ഈ ആഗ്രഹം ഈ വീട്ടിൽ നിൽക്കുന്നിടത്തോളം കാലം നടക്കില്ല. പിന്നെ എന്റെ മോൻ അങ്ങ് മരിച്ചെന്നു കരുതും ഈ അമ്മ.. അമ്മ അത് പറഞ്ഞു നിർത്തുമ്പോൾ അവരുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു..
എല്ലാവർക്കും കൊടുക്കാൻ കഴിഞ്ഞില്ല എങ്കിലും ഒരാൾക്ക് കൊടുത്താൽ അത് പുണ്യം തന്നെയാണ് അമ്മേ? വിധവ ആയാൽ എന്താ അവൾ പെണ്ണല്ലേ?
ഈ വീട്ടിൽ നിന്നും ഇറങ്ങേണ്ടി വന്നാലും എന്റെ ഈ തീരുമാനത്തിൽ മാറ്റമില്ല.. ഞാൻ ദേഷ്യത്തോടെ പറഞ്ഞു നിർത്തി..

ഓ അപ്പൊ ഇന്നലെ കണ്ട അവളാണ് നിനക്ക് വലുത്.. അപ്പൊ അമ്മ പുറത്തു.. ഏതു നശിച്ചവളാടാ അത്? ഒരുത്തന്റെ ജീവിതം തുലച്ചു. ഇനി എന്റെ കുഞ്ഞിന്റെ ജീവിതം കൂടി തുലക്കാനായിട്ടു ഓരോ നശൂലങ്ങൾ..

അമ്മേ ആ വിളി വീടാകെ പ്രകമ്പനം കൊള്ളിച്ചു… അതുകൊണ്ടാകണം അകത്തെ മുറിയിൽ പഠിച്ചു കൊണ്ടിരുന്ന പെങ്ങൾ ഓടി ഉമ്മറത്തേക്ക് വന്നത്?

അപ്പൊ അമ്മ കാരണമാണോ അച്ഛന്റെ ജീവിതം ഇല്ലാതായത്? എന്റെ പ്രതീക്ഷിക്കാത്ത ചോദ്യം കേട്ടത് കൊണ്ടാകും അമ്മ പൊട്ടിക്കരഞ്ഞത്… ആണോ അമ്മേ?

ഏട്ടാ? ന്തൊക്കെയാ ഈ പറയുന്നേ? ന്റെ ഏട്ടൻ തന്നെയാണോ ഇത്? പെങ്ങൾ കണ്ണു നിറച്ചുകൊണ്ടു ചോദിച്ചു? ഒന്നും പറയാതെ അമ്മ കരഞ്ഞുകൊണ്ട് അകത്തേക്ക് നടന്നു..

രാത്രിയിൽ കിടന്നിട്ടു ഉറക്കം വരുന്നില്ല… അമ്മയോട് അങ്ങനെ പറയേണ്ടിയിരുന്നില്ല എന്ന് തോന്നി… കട്ടിലിൽ നിന്നും എഴുന്നേറ്റു അമ്മയുടെ മുറി ലക്ഷ്യമാക്കി നടന്നു തുടങ്ങി…

കട്ടിലിൽ കിടക്കുന്ന അമ്മയുടെ കാലിൽ തൊട്ടു മാപ്പ് ചോദിച്ചു… അമ്മേ എനിക്ക് അവൾക്കു കൊടുത്ത വാക്ക് പാലിച്ചേ പറ്റൂ.. അവൾ വീണ്ടും സ്വപ്‌നങ്ങൾ കാണാൻ തുടങ്ങിയത് ഞാൻ കാരണമാണ്… എല്ലാ ആഗ്രഹങ്ങളും സ്വപ്നങ്ങളും തകർന്നിരുന്നവളെ വീണ്ടും സ്വപ്‌നങ്ങൾ കാണിച്ചു തുടങ്ങിയത് ഞാനാണ് അമ്മേ?

അമ്മയുടെ ഈ മകൻ ചെയ്യുന്നത് തെറ്റായി കാണരുത്… ശപിക്കുകയും അരുത്.. എന്നോട് ക്ഷമിക്കണം.. കാരണം അവൾ അത് അർഹിക്കുന്നുണ്ട്.. അത്രയും പറഞ്ഞു പുറത്തേക്കു ഇറങ്ങി നടന്നു തുടങ്ങി… അപ്പോഴേക്കും ഹാളിലെ ലൈറ്റ് വീണിരുന്നു…

ഞാൻ തിരിഞ്ഞു നോക്കി.. പെങ്ങൾ..

എന്ത ഏട്ടാ പതിവില്ലാതെ? കണ്ണൊക്കെ നിറഞ്ഞിട്ടുണ്ടല്ലോ?

നിനക്ക് ഉറക്കമൊന്നുമില്ലേ? അവളുടെ മുഖത്ത് നോക്കി ഞാൻ ചോദിച്ചു?

ഞാൻ ടോയ്‌ലെറ്റിൽ പോകാൻ എഴുന്നേറ്റതാണ്.. ഞാനാണ് മുറിയുടെ ലോക് തുറന്നതു. അതുകൊണ്ടെന്താ എനിക്ക് ഈ കാഴ്ച കാണാൻ പറ്റിയല്ലോ?

അമ്മ എന്നോട് എല്ലാം പറഞ്ഞു.. ഏട്ടന് വേറെ പെണ്ണ് കിട്ടാഞ്ഞിട്ടാണോ? അതും ഒരു കുഞ്ഞുള്ളവളെ? വല്ലവന്റെയും കൊച്ചിനെ ഇവിടെ വളർത്തേണ്ട ആവശ്യം ഇല്ല… അതുമല്ല ഒരു വിധവയെ കെട്ടി പോറ്റേണ്ട ഗതികേട് ന്റെ ഏട്ടന് വന്നിട്ടുമില്ല… ഏട്ടൻ അവളെ കെട്ടി ഇങ്ങോട്ട് വന്നാൽ അമ്മയുടെ കൂടെ ഞാനും ഇറങ്ങും… അവളുടെ സംസാരത്തിൽ അതുവരെ ഇല്ലാതിരുന്നൊരു പക്വത ഞാൻ അന്നാദ്യമായി കണ്ടു…

ഒന്നും മിണ്ടാതെ ഞാൻ അവളുടെ കയ്യിൽ പിടിച്ചു മുറിയിലേക്ക് നടന്നു… എന്നിട്ട് ഫോൺ എടുത്തു അവളുടെ ഫോട്ടോ കാണിച്ചുകൊണ്ട് ഞാൻ ചോദിച്ചു ഇവളെ നിനക്ക് അറിയാമോ എന്ന്?

ഇല്ല.

ഞാൻ അടുത്ത ഫോട്ടോ എടുത്തു ചോദിച്ചു ഇയാളെ അറിയാമോ എന്ന്?

ഇല്ല എന്നവൾ മറുപടി പറഞ്ഞു..

ഞാൻ അലമാരിയിൽ നിന്നും ഒരു പഴയ പത്രം എടുത്തു അവളെ കാണിച്ചു.. അച്ഛൻ മരിച്ച ദിവസം ഓർമ്മയുണ്ടോ ന്റെ മോൾക്ക്‌…

കണ്ണുകൾ നിറച്ചു അവൾ എന്നെ നോക്കി അതെ എന്ന് തലയാട്ടി…

ദേ നോക്കിക്കേ ഞാൻ പത്രത്തിലേക്ക് വിരൽ ചൂണ്ടി

ആക്‌സിഡന്റിൽ യുവാവ് മരിക്കാൻ ഇടയായ സാഹചര്യം. KSRTC ഡ്രൈവർ ആത്മഹത്യ ചെയ്തു… ഒരു വിറയലോടെ ഞാൻ അത് വായിച്ചു നിർത്തി.. എന്നിട്ട് അതിൽ ആക്‌സിഡന്റിൽ മരിച്ച ആളുടെ ഫോട്ടോയും എന്റെ മൊബൈലിൽ കിടന്ന ഫോട്ടോയും തമ്മിൽ അവളെ കാണിച്ചു…

ഞാൻ വാക്ക് കൊടുത്തവളുടെ ചേട്ടനായിരുന്നു… അവളുടെ കഴുത്തിൽ താലി കെട്ടിയവൻ…

അച്ഛന്റെ ചെറിയൊരു അശ്രദ്ധയിൽ നഷ്ടമായത് ഒരാളുടെ ജീവൻ ആയിരുന്നു എങ്കിൽ അവിടെ ഇല്ലാതായത് ആയാൾ താലി കെട്ടിയ പെണ്ണിന്റെ ജീവിതമാണ്.. ആയാളുടെ തുടിപ്പിൽ ജനിച്ച കുഞ്ഞിന്റെ ജീവിതമാണ്…

എനിക്കും ഇത് അറിയില്ലായിരുന്നു.. ഒരു ദിവസം അവളുടെ ഫോൺ എടുത്തു നോക്കിയപ്പോഴാണ് അവളുടെ ഭർത്താവിന്റെ ഫോട്ടോ കണ്ടത്… അന്ന് ഞാനൊന്നു ഞെട്ടി. പക്ഷെ അവളോട് ഒന്നും തുറന്നു പറഞ്ഞില്ല…

പറഞ്ഞാൽ അവൾ കരുതും ഞാൻ സിംപതിയുടെ പുറത്തു കൊടുക്കുന്ന ജീവിതമാകുമെന്നു.. ഞാൻ അത്രയും പറഞ്ഞു കട്ടിലിൽ ഇരുന്നു..

അച്ഛൻ ചെയ്ത തെറ്റിന് അച്ഛനായി തന്നെ പാപ മോചനവും കണ്ടു. പക്ഷെ ഇവൾ ന്തു പിഴച്ചു? അവളുടെ കുഞ്ഞു? ഭർത്താവ് മരിച്ചു ആറേഴു മാസം കഴിഞ്ഞപ്പോൾ അവളുടെ ഭർത്താവിന്റെ വീട്ടുകാർ അവളെ അവളുടെ വീട്ടിൽ കൊണ്ടുചെന്നാക്കി. പിന്നെ അങ്ങോട്ട്‌ തിരിഞ്ഞു നോക്കിയിട്ട് കൂടിയില്ല.. എല്ലാത്തിനും കാരണം അന്നത്തെ ആ നശിച്ച ദിവസമാണ്.. അവൾക്കല്ലാതെ പിന്നെ ഞാൻ ആർക്കാഡോ ഒരു ജീവിതം കൊടുക്കേണ്ടത്? ഒരുപക്ഷെ അച്ഛന്റെയും അവളുടെ ഭർത്താവിന്റെയും ആത്മാക്കൾ ഒരുപോലെ സന്തോഷിക്കുന്നുണ്ടാകും എന്റെ ഈ തീരുമാനത്തിൽ

അമ്മയുടെ മുഖത്ത് നോക്കി ഞാൻ പറയണമായിരുന്നോ മനഃപൂർവം അല്ലെങ്കിലും അച്ഛന്റെ കൈകൊണ്ടു മരിച്ച ആളുടെ വിധവയെയാണ് ഞാൻ കെട്ടാൻ പോകുന്നത് എന്ന്? നിങ്ങളൊക്കെ പെണ്ണുങ്ങൾ ആയതുകൊണ്ട് മറ്റൊരു പെണ്ണിന് ജീവിതം കൊടുക്കുന്ന കാര്യം ആയതുകൊണ്ട് എതിർക്കില്ല എന്ന് കരുതി.. പക്ഷെ ഇപ്പൊ ഞാൻ ഒറ്റപ്പെട്ടു.. സാരമില്ല എന്നാലും അവളെ ഞാൻ ഉപേക്ഷിക്കില്ല.. കൂടെ കൂട്ടണം… മരിക്കുന്ന നാൾ വരെ.. ആ കുഞ്ഞിനെ സ്വന്തം മകനായി വളർത്തണം… ഇത്രയും പറഞ്ഞു കഴിഞ്ഞപ്പോൾ അവൾ കരഞ്ഞുകൊണ്ട് എന്റെ നെഞ്ചിലേക്ക് വീണിരുന്നു…

ന്റെ ഏട്ടന്റെ നന്മ അറിയാൻ എനിക്കും കഴിഞ്ഞില്ലല്ലോ ഏട്ടാ? അവൾ ഇവിടേക്കാണ്‌ വരേണ്ടത്.. അമ്മയെ ഞാൻ പറഞ്ഞു മനസിലാക്കാം. ഏട്ടൻ വിഷമിക്കേണ്ട എന്ന് പറഞ്ഞവൾ മുറിയിൽ നിന്നും പുറത്തേക്കിറങ്ങാൻ നേരം മുറിയുടെ പുറത്തു എല്ലാം കേട്ടുകൊണ്ട് നിന്നു വിതുമ്പുന്ന അമ്മയെക്കണ്ടു അവൾ ഞെട്ടി…

ഇനി നീ അവളെയെ കെട്ടാവൂ.. ന്റെ മോളായി അവൾ ഇനിയുള്ള കാലം ഇവിടെ വളരണം… അമ്മ കരച്ചിൽ അടക്കാൻ വല്ലാതെ പാടുപെടുന്നുണ്ടായിരുന്നു…

ഡാ ചെക്കാ നീ വീഴും ഇങ്ങോട്ട് ഇറങ്ങാൻ? അമ്മേ ദേ ഇവൻ മാവിൽ കേറുന്നു..

രാവിലെ തന്നെ അവളുടെ ഉച്ചത്തിലുള്ള സംസാരം കേട്ടാണ് ഞാൻ മുറ്റത്തേക്ക് ചെന്നത്… അപ്പോഴുണ്ട് ദേ മ്മടെ മോൻ മാവിന്റെ മുകളിൽ. താഴെ മ്മടെ കെട്ട്യോളും പെങ്ങളും അമ്മയും കൂടി മുകളിലോട്ടു നോക്കി നിൽപ്പാണ്..

അച്ഛാ ദേ ഇന്നെനിക്കു സ്കൂളിൽ പോകാൻ വയ്യ.. അവൻ അത് എന്നെ നോക്കിയാണ് പറയുന്നത്..

വേണ്ട ഇന്ന് പോകേണ്ട.. ന്റെ മോൻ താഴെ വീഴും.. ഇങ്ങോട്ട് ഇറങ്ങിക്കെ.. മഴ പെയ്തു വഴുക്കലായി കിടക്കുവാ..

God പ്രോമിസ്.

ആ അതേടാ സത്യം.. നീ ഇറങ്ങിക്കെ. വാ നമുക്കിന്നു പുഞ്ചയിൽ മീൻ പിടിക്കാൻ പോകാടാ?

അത് കേട്ടതും താഴേക്കിറങ്ങി അച്ഛ എന്ന് വിളിച്ചു എന്റെ കവിളിൽ മാറി മാറി ഉമ്മ വെക്കുന്ന അവനെ നോക്കി ഹോ ഒരു അച്ഛനും മോനും എന്ന് പറയുമ്പോൾ നിറഞ്ഞു വന്ന കണ്ണുകൾ മറക്കാൻ അവൾ പാടുപെടുന്നുണ്ടായിരുന്നു…

അച്ഛന്റെ വിളക്കുമാടത്തിലൂടെ തഴുകി വന്ന പുലർകാല ഇളം തെന്നൽ ഞങ്ങളിൽ കുളിരണിയിച്ചുകൊണ്ടിരുന്നു

ശുഭം ❤

രചന = മുഹൈമിൻ

About Intensive Promo

Leave a Reply

Your email address will not be published.