മാസമുറയുടെ സമയത്ത് വയറുവേദന കൊണ്ട് പുളയുമ്പോൾ പലപ്പോഴും ചിന്തിച്ചിട്ടുണ്ട് ഒരാണായി ജനിച്ചിരുന്നെങ്കിൽ എന്ന്………
ഒരു കാട്ടുമൃഗത്തിന്റെ വ്യഗ്രതയോടെ താലികെട്ടിയവൻ എന്റെ ശരീരത്തെ കീഴ്പെടുത്തിയപ്പോൾ മനസ്സിൽ വീണ്ടും ആ തോന്നലുണ്ടായി….
ആണായിരുന്നെങ്കിൽ………
ചെറുപ്പത്തിൽ വീട്ടിലെ ആൺപ്രജകൾ എല്ലാം ആഹാരം കഴിച്ചതിനു ശേഷം ബാക്കിയാവുന്ന ഭക്ഷണത്തിന്റെ മാത്രം അവകാശികളായി ഞാനും അമ്മയും മാറിയപ്പോഴും…..
പെണ്ണായതിന്റെ പേരിൽ അയല്പക്കങ്ങളിലെ വീടുകളിൽ പോയി കളിക്കുന്നതിനു അനുവദിക്കാതെ വീട്ടു തടങ്കലിൽ എന്ന പോലെ കഴിയേണ്ടി വന്നപ്പോഴും മനസ് പറഞ്ഞു ഒരാണായിരുന്നെങ്കിൽ……
കോളേജിൽ പോയി ബസ് കിട്ടാൻ വൈകി വീട്ടിൽ തിരിച്ചെത്തുമ്പോൾ ഇത്രയും നേരം എവിടായിരുന്നു എന്ന ചോദ്യ ശരങ്ങളും നീയൊരു പെണ്ണാണ് സന്ധ്യക്ക് മുന്നേ തിരിച്ചെത്തണം എന്ന ഉപദേശവും….. അപ്പോഴും ആഗ്രഹിച്ചുപോയി . ഞാനും ഒരു ആണായിരുന്നെങ്കിൽ……
സമയമോ സ്ഥലമോ പ്രശ്നമില്ലാതെ യഥേഷ്ടം സഞ്ചരിക്കാമായിരുന്നില്ലേ…
കിട്ടിയ ജോലി അന്യ നാട്ടിലായതിന്റെ പേരിൽ വീട്ടുകാർ ആ അവസരം നിഷേധിച്ചപ്പോഴും മനസ് മന്ത്രിച്ചു ആണായിരുന്നെങ്കിൽ…..
കൂടുതൽ നേരം ഫോൺ ഉപയോഗിച്ചാൽ…. കമ്പ്യൂട്ടറിന്റെ മുന്നിൽ ഇരുന്നാൽ….
തനിച്ചു യാത്ര ചെയ്താൽ….. ആൺസുഹൃത്തുക്കളുമായി വഴിയിൽ നിന്ന് സംസാരിച്ചാൽ…..
എന്തിനു സംസാരിക്കുമ്പോൾ ശബ്ദം ഇത്തിരി ഉയർന്നു കേട്ടാൽ….
തുറിച്ചു നോട്ടവും നീ ഒരു പെണ്ണാണ് മറക്കണ്ട എന്ന ശകാരവും ആയിരുന്നു ഫലം… അപ്പോഴെല്ലാം മനസ് കൊതിച്ചു ഒരാണായി ജനിക്കാൻ…..
പെണ്ണായി പിറന്നു സഹനത്തിന്റെ പാതയിൽ സഞ്ചരിക്കുമ്പോൾ സ്ത്രീകളിൽ ഏറിയ പങ്കും ജീവിതത്തിൽ ഒരു തവണയെങ്കിലും ആഗ്രഹിച്ചിരുന്നിരിക്കും താനും ഒരാണായിരുന്നെങ്കിൽ……..
written by – അതിഥി അമ്മു