Breaking News
Home / Lifestyle / കാഞ്ഞിരപ്പിള്ളിക്കാരി ത്രേസ്യക്കുട്ടിടെ ഇളയ മകൾക്കിത്തിരി മൂച്ച് കൂടുതലാണെന്നുള്ള നാട്ടുകാരുട സംസാരത്തെ അഭിമാനപൂർവ്വം തന്നെയാണ് കാതിലേറ്റുവാങ്ങിയത്.

കാഞ്ഞിരപ്പിള്ളിക്കാരി ത്രേസ്യക്കുട്ടിടെ ഇളയ മകൾക്കിത്തിരി മൂച്ച് കൂടുതലാണെന്നുള്ള നാട്ടുകാരുട സംസാരത്തെ അഭിമാനപൂർവ്വം തന്നെയാണ് കാതിലേറ്റുവാങ്ങിയത്.

#ഫെമിനിസ്റ്റ്

കാഞ്ഞിരപ്പിള്ളിക്കാരി ത്രേസ്യക്കുട്ടിടെ ഇളയ മകൾക്കിത്തിരി മൂച്ച് കൂടുതലാണെന്നുള്ള നാട്ടുകാരുട സംസാരത്തെ അഭിമാനപൂർവ്വം തന്നെയാണ് കാതിലേറ്റുവാങ്ങിയത്.

ചെറുപ്പം മുതലെ കുരുത്തം കെട്ട സന്തതിയെന്ന അച്ഛാമയുടെ പിൻ വിളിക്കുനേരെ പല്ലിളിച്ചു കാട്ടാറുണ്ട് ഞാൻ.

സ്വതവേ കട്ട വാശിക്കാരിയായിരുന്ന ഞാൻ എന്റെ രണ്ട് ഇച്ഛായൻമാർക്കു കിട്ടുന്ന ആനുകൂല്യങ്ങൾ ഒരേ സമത്വത്തിന്റെ കുടക്കീഴിൽ നിർത്താൻ ശ്രമിച്ചപ്പോഴൊക്കെ എന്റെ ത്രേസ്യാമ്മ എന്നെ കണക്കിനു ശകാരിക്കുകയാണുണ്ടായത്.

എങ്കിലും എന്റെ പോരാട്ടങ്ങൾക്കൊക്കെ തേരുതെളിയിച്ചത് അപ്പച്ചനായിരുന്നു, കുരുത്തക്കേടുകളൊപ്പിക്കുമ്പോൾ പട്ടവടിക്ക് തല്ലാനോടിപ്പിക്കുന്ന അച്ഛാമയുടെ കൈയ്യിൽ നിന്നും ഒരുപാടു തവണ രക്ഷിച്ചിട്ടുണ്ട് അപ്പച്ചൻ.

സ്ത്രീകളെ അടിച്ചമർത്താൻ കുടുംബത്തുള്ള സ്ത്രീകൾ തന്നെ ശ്രമിക്കുന്നതു കണ്ടപ്പോൾ എന്നിലെ ഫെമിനിസ്റ്റിന് ജീവൻ വെക്കുകയായിരുന്നു..

കാലിന്മേൽ കാലു കേറ്റി വെച്ചിരിക്കരുത്, വീടിനു വെളിയിലേക്കിറങ്ങരുത്, ആണുങ്ങളോട് സംസാരിക്കരുത് തുടങ്ങിയ അമ്മയുടെ വേദവാക്യങ്ങൾ ഒരു കാതിലൂടെ കേട്ട് മറു കാതിലൂടെ വിട്ടു കളയുകയാണ് പതിവ്.

അന്നൊക്കെ അപ്പച്ചനെ കൂട്ടുപിടിച്ചുള്ള പടയോട്ടത്തിൽ നാവടങ്ങിപ്പോയത് അമ്മയുടെ മാത്രമായിരുന്നില്ല വീട്ടിലെ തല മൂത്ത കാർന്നോത്തി അച്ഛാമയുടേതു കൂടിയായിരുന്നു..നാട്ടിൽ സ്ത്രീകൾക്കെതിരെ അക്രമങ്ങൾ കൂടുന്നു എന്നറിഞ്ഞപ്പോൾ തിളച്ചുപൊന്തിയ രക്തത്തിന്റെ ചൂടളക്കാൻ തെർമോ മീറ്ററിനു പോലും സാധിക്കില്ലെന്നു തോന്നി..

ഇറുകിക്കൂടിയ കൈകളിലെ പേശിവലിഞ്ഞു മുറുകിയപ്പോഴാണ് മനസ്സിൽ ഒരു തീരുമാനമെടുത്തത്.. എങ്ങനെയെങ്കിലും കരാട്ടെ പഠിക്കണം അല്ലാതെ ഇന്നത്തെ അവസ്ഥയിൽ ജീവിക്കാൻ പറ്റില്ല എന്ന്..

അവശ്യമുന്നയിച്ചപ്പോൾ മറുവാക്കൊന്നും തന്നെ പറയാതെ അപ്പച്ചൻ എന്നെ അവിടെക്കൊണ്ടു ചേർക്കുകയാണുണ്ടായത്.. പഠനം തകൃതിയായി നടന്നപ്പോൾ തന്നെ മനസ്സിനൊരു ആത്മവിശ്വാസമായിരുന്നു, ഒപ്പം എന്തും നേരിടാനുള്ള ചങ്കുറപ്പ് അറിയാതെയുളളിൽപ്പിറവിയെടുത്തു..

അപ്പച്ചൻ പറഞ്ഞ പോലെ എന്തെടാ ന്നു ചോദിച്ചാൽ ഏതെടാന്നു തിരിച്ചു ചോദിക്കാനുള്ള ഉൾക്കരുത്തെന്നിലുളവായിരുന്നു..

അതു കൊണ്ടു തന്നെ ഇളയ പുത്രിയെന്നും പറഞ്ഞുള്ള പൊന്നാങ്ങളമാരുടെ ചെണ്ടയായിരുന്ന ഞാൻ പിന്നീടവരുടെ അതേ രീതിയിലുള്ള സമീപനത്തെ ഒരു സെന്റർ പഞ്ചിൽ ഒതുക്കുകയായിരുന്നുഅങ്ങനെയിരിക്കലെ എന്റെയുള്ളിലെ കഴിവുകളെ എങ്ങിനെയെങ്കിലും നാലാൾക്കു മുൻപിൽ പ്രദർശിപ്പിക്കണം എന്ന മോഹം മനസ്സിൽ വെമ്പി നിൽക്കുമ്പോഴാണ് അയലത്തെ വീട്ടിലെ അമ്മിണിയേട്ടത്തിനെ മദ്യലഹരിയിലാറാടിയെത്തിയ കെട്ട്യോൻ ശശിയേട്ടൻ മീൻകറിയിൽ ഉപ്പില്ലെന്നും പറഞ്ഞ് കറിച്ചട്ടിക്ക് തൊഴിക്കണ കണ്ടത്..

പിടിച്ചു മാറ്റാൻ നിന്ന അപ്പച്ചനെയും ഇച്ഛായൻമാരെയും കാഴ്ച്ചക്കാരാക്കിക്കൊണ്ട് കാലിന്റെ പെരുവിരൽ മുതൽ കൈയ്യിന്റെ തള്ള വിരൽ വരെ അരിച്ചു കയറിയ കോപം ഞാൻ തീർത്തത് ശശിയേട്ടന്റെ മൂക്കിന്റെ പാലത്തിൻമേലായിരുന്നു..

തടിമിടുക്കുള്ള ആങ്ങളമാരെ പുച്ഛത്തോടെയൊന്നു ഞാൻ നോക്കിയപ്പോൾ പുഞ്ചിരിച്ചു കൊണ്ടപ്പച്ചനെന്നെ ചേർത്തുനിർത്തിക്കൊണ്ട് അഭിമാനത്തോടെ പറയുന്നുണ്ടായിരുന്നു എനിക്കാൺമക്കൾ മൂന്നാണെന്ന്..അന്നുണ്ടായ സന്തോഷത്തേക്കാൾ ഇരട്ടി മാധുര്യമുണ്ടായത് പിറ്റേ ദിവസം കാവിലേ വേല കാണാനൊരുമിച്ചു ഇണക്കുരുവികളെപ്പോലെ കളിച്ചും ചിരിച്ചും പോകുന്ന ശശിയേട്ടനേയും അമ്മിണിയേട്ടത്തിനേയും കണ്ടപ്പോഴാണ്..

വിവാഹപ്രായമെത്തിയപ്പോൾ എന്നിലെ ഫെമിനിസ്റ്റിനെ തളയ്ക്കാൻ പാകത്തിനാണ് അമ്മച്ചി ആലോചനകൾ കൊണ്ടുവന്നത്, എങ്കിലും തന്റേടിയായ ഈ മറിയക്കുട്ടിയെ കെട്ടാനാലോചിച്ചു വന്നവരൊക്കെ തിരിച്ച് കണ്ടം വഴി ഓടുകയാണുണ്ടായത്..

എങ്കിലും എല്ലാം അറിഞ്ഞു കൊണ്ടൊരു ആലോചന വന്നപ്പോൾ ആദ്യം മുടക്കം പറഞ്ഞെങ്കിലും ഒളിക്കണ്ണിട്ടയാളേയൊന്നു നോക്കിയപ്പോൾ എനിക്ക് നന്നേ ബോധിച്ചു..

ചങ്കുറപ്പുള്ള കാഞ്ഞിരപ്പിള്ളി കാന്താരിയെ പ്രണയിക്കാനും പാകത്തിലുള്ള ധൈര്യമുള്ളവനെ വിവാഹം കഴിക്കുന്നതിൽ തെറ്റില്ലെന്ന് എനിക്കും തോന്നി..

ആ തോന്നലൊക്കെ കാറ്റിൽപ്പറന്നത് വിവാഹത്തിനു ശേഷമായിരുന്നു.. വാക്കിലും പ്രവർത്തിയിലുമുണ്ടായിരുന്ന അയാളുടെ പൈങ്കിളി ടോൺ എനിക്ക് ചേർന്നതല്ല എന്നെനിക്ക് തോന്നിയിരുന്നു

എങ്കിലും സ്നേഹം കൊണ്ടെന്നെ വീർപ്പുമുട്ടിച്ച അദ്ദേഹത്തോടൊന്നു മുഖം കറുപ്പിച്ച് സംസാരിക്കാൻ പോലും അവസരം കിട്ടിയിരുന്നില്ല..

അമ്മായിയമ്മപ്പോരു പ്രതീക്ഷിച്ച് ചെന്ന എന്നെ ചേർത്തു പിടിച്ച് അമ്മയേപ്പോൽ സ്നേഹിച്ചു കൊല്ലുകയായിരുന്നു ഉണ്ടായത്. എന്നും ഉച്ചയൂണിനിരിക്കുമ്പോഴുo ആയമ്മ എന്നെ എല്ലാവരുടെയുമൊപ്പമിരുന്നു ഊണു കഴിക്കാൻ നിർബന്ധിക്കും.. തീൻമേശയിൽലെ പാത്രത്തിൽ നിന്നുമെടുത്ത പൊരിച്ച മീനിന്റെ വാൽക്കഷ്ണത്തിന്റെ മുള്ള് കടിച്ചു വലിക്കുന്ന എന്റെ കെട്ടിയോനെ കൗതുകത്തോടെ നോക്കിയിരിക്കുമ്പോളും എനിക്കുള്ള ആ നടുക്കഷ്ണം എന്നേനോക്കിപ്പുഞ്ചിരിക്കുന്നുണ്ടായിരുന്നു..

പ്രതികരിക്കാനവസരം തരാതെ എന്നിലെ ഫെമിനിസ്റ്റിനെയവർ ബന്ധിക്കുകയായിരുന്നു..

അങ്ങനെയിരിക്കലെയാണ് ആ ദിവസം എന്റെ മുൻപിലേക്ക് കടന്നു വന്നത് ഒരു ക്രിസ്മസ് ദിനം, അന്നു രാവിലെ അമ്മായിയമ്മക്കു മാത്രമായി ക്രിസ്മസ് സമ്മാനം വാങ്ങിക്കൊണ്ടുവന്ന എന്റെ കെട്ടിയേനെ കണ്ടപ്പോൾ വീണ്ടും പഴയപോലെ എന്റെ രക്തം തിളച്ചു കയറി

ആഘോഷത്തിമർപ്പിന്റെ കെട്ടടങ്ങിയിട്ടാകാം എന്റെ പ്രതികരണം എന്നു കരുതി ഞാനെന്റെ ദേഷ്യം അടക്കിപ്പിടിച്ചു.വൈന്നേരം പൊട്ടിത്തെറിക്കാൻ മനപ്പൂർവ്വം കച്ചകെട്ടി നിന്ന എനിക്ക് അതിനുള്ള ആമ്പിയർ ഉണ്ടാകുമോ എന്നുള്ള കാര്യവും സംശയമായിരുന്നു

കാരണം അദ്ദേഹത്തിന്റെ മുഖത്ത് നോക്കിയൊന്ന് ദേഷ്യമാണെന്ന് പോലും തോന്നിയിട്ടില്ലിന്നോളം, വാതിലു ചാരിയിട്ട് എന്റെയരികിലേക്ക് നടന്നടുത്ത അദ്ദേഹത്തിന്റെ മുഖം പുഞ്ചിരിയാൽ വിളങ്ങി നിന്നു, ഓരോ ചുവടും എന്റെയടുക്കലേക്ക് നടന്നടുക്കുമ്പോഴും തിളച്ചു കയറിയ എന്റെ രക്തം ഐസുപോലെ തണുത്തുറഞ്ഞു.

കുനിഞ്ഞിരുന്ന എന്റെ മുഖമുയർത്തിക്കൊണ്ടദ്ദേഹം പോക്കറ്റിൽ നിന്നെടുത്തൊരു നീലക്കൽ മോതിരം എനിക്കു നേരേ നീട്ടി.

നറുപുഞ്ചിരി തൂകിയ ആ മുഖത്തേക്കൊന്നു നോക്കിയപ്പോൾ അറിയാതെയെന്റെ മിഴികൾ നിറഞ്ഞൊഴുകുകയായിരുന്നു. വൈകിയാണെങ്കിലും ഞാനാ സത്യം മനസ്സിലാക്കി..

യഥാർത്ഥ ഫെമിനിസ്റ്റ് സ്ത്രീ സമത്വത്തിനു വേണ്ടി പോരാടുന്നോരു മാത്രമല്ല സ്ത്രീയെ ബഹുമാനിക്കുകയും സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നവരാണെന്ന്.. അങ്ങനെ നോക്കിയാൽ എന്റെ ജീവിതത്തിൽ ഞാൻ കണ്ട കൊടികുത്തിയ ഫെമിസ്റ്റുകളിൽ ഒന്ന് എന്റെ അപ്പച്ചനും മറ്റേത് എന്റെ കെട്ടിയോനുമാണ്..

അർദ്ധരാത്രിയിലെ അരണ്ട വെളിച്ചത്തിലെയാ നിലാവിനോടെങ്കിലും എനിക്കൊന്ന് ഉറക്കെ വിളിച്ചു പറയണമെന്ന് തോന്നി

മകനെയും മകളെയും ഒരേപോലെ ഭിന്നതയില്ലാതെ വളർത്തിയ എന്റെയപ്പച്ചൻ ഒരു ഫെമിനിസ്റ്റായിരുന്നെന്ന്
സ്നേഹം കൊണ്ടു വീർപ്പുമുട്ടിച്ച എന്റെയാഗ്രഹങ്ങൾ ഞാനറിയാതെ തന്നെ പൂർത്തീകരിക്കുന്ന എന്റെ കെട്ടിയോൻ ഒരു ഫെമിനിസ്റ്റ് ആണെന്ന്..

#അമ്മു_മാളു

About Intensive Promo

Leave a Reply

Your email address will not be published.