ഈ നിമിഷത്തിനായി ലിനിയെത്ര കൊതിച്ചു കാണും. പക്ഷേ മരണത്തിന്റെ പക്ഷികൾ കൊത്തിയെടുത്തു കൊണ്ടു പോയ ആ മാലാഖ ആ സ്വപ്നങ്ങളെ ഇവിടെ ബാക്കിവച്ചു പോയി. മലയാളിയുടെ ഓർമ്മച്ചിരാതുകളിൽ ഒരു നെരിപ്പോടു പോലെ എരിയുന്ന ലിനിയെന്ന മാലാഖയെക്കുറിച്ചാണ് പറഞ്ഞു വരുന്നത്.
സ്വപ്നങ്ങൾ പാതിവഴിക്കാക്കി, ജീവിച്ചു കൊതിതീരാതെ തൻ പ്രിയനേയും കുരുന്നുകളേയും വിട്ട് മൺമറഞ്ഞ ലിനി ഇന്നും നമ്മുടെ മുന്നിൽ ദീപ്തമായ ഓർമ്മയാണ്.
കുഞ്ഞുങ്ങളുടെ ശോഭനമായ ഭാവിയെ തന്റെ സ്വപ്നങ്ങൾക്കൊപ്പം ചേർത്തു വച്ചായിരുന്നു ലിനിയുടെ ജീവിതം. പക്ഷേ അത് കാണാൻ വിധി അവളെ അനുവദിച്ചില്ല. എങ്കിലും മക്കളെക്കുറിച്ചുള്ള തന്റെ സ്വപ്നങ്ങളെ നല്ലപാതിക്ക് പകുത്തു നൽകിയാണ് അവൾ യാത്രയായത്.
“സജീഷേട്ടാ, am almost on the way. നിങ്ങളെ കാണാന്‍ പറ്റുമെന്ന് തോന്നുന്നില്ല. sorry… നമ്മുടെ മക്കളെ നന്നായി നോക്കണേ… പാവം കുഞ്ചു. അവനെയൊന്ന് ഗള്‍ഫില്‍കൊണ്ടുപോകണം… നമ്മുടെ അച്ഛനെ പോലെ തനിച്ചാവരുത്, please…with lots of love..”–ജീവിതത്തിന്റേയും മരണത്തിന്റേയും നൂൽപ്പാലത്തിനിടയിൽ നിന്നും ലിനി പങ്കുവച്ച ആ ഹൃദയാക്ഷരങ്ങൾ ഇന്നും നമ്മുടെ മുന്നിലുണ്ട്. മരിക്കുമ്പോഴും ലിനിയുടെ ഓർമ്മകൾ നിറയെ ആ പിഞ്ചു പൈതങ്ങളും അവരെക്കുറിച്ചുള്ള സ്വപ്നങ്ങളും.
ലിനി ബാക്കിവച്ചു പോയ സ്വപ്നങ്ങളിലേക്ക് സജീഷ് ആദ്യചുവടുവച്ച ദിനമായിരുന്നു ഇന്നലെ. വിദ്യാരംഭദിനത്തില്‍ ലിനിയുടേയും സജീഷിന്റെയും ഇളയമകന് സിദ്ധാര്‍ഥ് അച്ഛന്റെ മടയിലിരുന്നു അക്ഷരലോകത്തേക്ക് പിച്ചവച്ചു. ലിനിയുടെ ആഗ്രഹപ്രകാരം ലോകനാര്‍കാവില്‍ വച്ചാണ് സിദ്ധാര്‍ഥ് അക്ഷരമധുരം നുണഞ്ഞത്. ലിനിയുടെ മൂത്തമകന് രിതുലിന്റെ ആദ്യാക്ഷരവും ഇവിടെ വച്ച് തന്നെയായിരുന്നു.
ലോകനാർകാവിലെ ആ ധന്യനിമിഷത്തിന് സാക്ഷിയാകാനും നിരവധി പേരാണ് എത്തിയത്. അമ്മയെ നഷ്ടപ്പെട്ട ആ കുരുന്നുകളെ മാറോട് ചേർത്തുപിടിച്ചു പല അമ്മമാരും. നിഷ്ക്കളങ്കമായ അവരുടെ മുഖംകണ്ടമാത്രയിൽ പലരും കണ്ണീരടക്കാൻ പാടു പെടുന്നുണ്ടായിരുന്നു.
ആ ധന്യനിമിഷം സോഷ്യൽ മീഡിയയിൽ പങ്കുവച്ചു കൊണ്ട് സജീഷ് പങ്കുവച്ച ഒരു കുറിപ്പും നമ്മെ വല്ലാതെ കുത്തിനോവിക്കുന്നുണ്ട്. ‘ആദ്യാക്ഷരം നിന്നിലേക്കെത്തുവാൻ എന്റെ ലിനി ഒരുപാട് ആഗ്രഹിച്ചു കാണും…’–വികാരനിർഭരം സജീഷിന്റെ വാക്കുകൾ
ലിനി ഒരു പക്ഷേ ഇതെല്ലാം കണ്ട് വാനലോകത്തിരുന്ന് സന്തോഷിക്കുന്നുണ്ടാകും…ത്യാഗപൂർണമായ തന്റെ ജീവിതം സാർത്ഥകമായതിലുള്ള സന്തോഷത്തിലാകും കേരളത്തിന്റെ ആ കാവൽ മാലാഖ…
സജീഷിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്;
“ആരു ഞാനാകണം എന്നുണ്ണി ചോദിക്കി – ലാരാകിലും നല്ല തെന്നുത്തരം.. ഉച്ചക്ക് തീവെയിൽ കൊള്ളുന്ന പൂവിനെ തൊട്ടുതലോടും തണുപ്പാവുക… ”
“നില തെറ്റി വീഴുന്ന കൂടപിറപ്പിനെ താങ്ങുന്ന അലിവിന്റെ നിഴലാവുക.. അച്ഛനുമമ്മക്കുമെപ്പഴും ഉണ്ണി നീ വളരാതെ ഒരു നല്ല മകനാവുക..”
ആദ്യാക്ഷരം നിന്നിലേക്കെത്തുവാൻ എന്റെ ലിനി ഒരുപാട് ആഗ്രഹിച്ചു കാണും…?
ഞങ്ങളുടെ സിദ്ധു (സിദ്ധാർത്ഥ്) ഇന്നലെ വടകര ലോകനാർക്കാവ് ക്ഷേത്ര നടയിൽ വെച്ച് ആദ്യാക്ഷരം കുറിച്ചു.