Breaking News
Home / Lifestyle / ഊണിലും ഉറക്കത്തിലും ഒരുമിച്ചുണ്ടായിരുന്ന ഈ സഹോദരന്മാരെ ‍വേർപിരിക്കാൻ മരണത്തിനും കഴിഞ്ഞില്ല

ഊണിലും ഉറക്കത്തിലും ഒരുമിച്ചുണ്ടായിരുന്ന ഈ സഹോദരന്മാരെ ‍വേർപിരിക്കാൻ മരണത്തിനും കഴിഞ്ഞില്ല

‘‘രണ്ടു വ്യക്തിത്വങ്ങളാണെന്നു പറയാറുണ്ടെങ്കിലും ഹൃദയത്തിന്റെ അടിത്തട്ടിൽ നാം ഒന്നായിരുന്നു.’’ തിരുവല്ലയിൽ അപകടത്തിൽ മരിച്ച എൽദോയുടെ ജന്മദിനത്തിൽ ആശംസകൾ നേർന്ന് സഹോദരൻ എൽജോ ഫെയ്സ്ബുക്കിൽ കുറിച്ച വരികളാണിത്. പ്രായത്തിൽ വ്യത്യാസമുണ്ടായിരുന്നെങ്കിലും എവിടെയും ഒരുമിച്ച് എത്തിയിരുന്ന ഈ യുവാക്കളെക്കുറിച്ചുള്ള ഓർമകളിൽ വിതുമ്പുകയാണ് ചിങ്ങവനം കനകക്കുന്ന് ഭാഗത്തുള്ള നാട്ടുകാർ.

സ്കൂട്ടർ യാത്രക്കാരായ സഹോദരങ്ങളാണ് ലോറി കയറി മരിച്ചത്. കോട്ടയം ചിങ്ങവനം വട്ടത്തകിടിയിൽ വി.ടി. ഏബ്രഹാമിന്റെ (സാബു) മക്കളായ എൽദോ ഏബ്രഹാം (27), എൽജോ ഏബ്രഹാം (25) എന്നിവരാണ് മരിച്ചത്. എംസി റോഡിൽ തിരുവല്ല ഇടിഞ്ഞില്ലത്ത് വെള്ളിയാഴ്ച രാവിലെ എട്ടരയോടെയാണ് അപകടം. പരുമല സെന്റ് ഗ്രിഗോറിയോസ് ആശുപത്രിയിലെ ഫാർമസിസ്റ്റായ ഏൽദോയും തിരുവല്ല പോബ്സ് ഗ്രൂപ്പ് ഓഫിസിലെ അക്കൗണ്ടന്റായ എൽജോയും ജോലി സ്ഥലത്തേക്കു പോകുകയായിരുന്നു.

ഇവർ സഞ്ചരിച്ച സ്കൂട്ടർ ചരക്കുലോറിയെ മറികടക്കുന്നതിനിടയിലായിരുന്നു അപകടം. എതിർ ദിശയിൽ വന്ന കാർ സ്കൂട്ടറിൽ തട്ടിയതായും സംശയിക്കുന്നു. ചരക്കുലോറിക്കടിയിലേക്ക് യുവാക്കൾ തെറിച്ചു വീണു. ലോറി ഇവർക്ക് മുകളിലൂടെ കയറിയിറങ്ങി. സംഭവത്തെ തുടർന്ന് എംസി റോഡിൽ ഏറെ നേരം ഗതാഗതം മുടങ്ങി.

നാട്ടിലെ ഏതു കാര്യത്തിനും ആവേശത്തോടെ ആദ്യം ഓടിയെത്തിയിരുന്ന യുവാക്കളുടെ മരണം വീട്ടുകാർക്കും സുഹൃത്തുക്കൾക്കും നാട്ടുകാർക്കും ഇനിയും ഉൾക്കൊള്ളാനായിട്ടില്ല. കഴിഞ്ഞ മാസങ്ങളിൽ പ്രളയസമയത്തും ക്നാനായ യൂത്ത് അസോസിയേഷൻ പ്രവർത്തകരായ ഇരുവരും ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി സജീവമായിരുന്നു.

‍ജന്മദിനങ്ങളും മറ്റു വിശേഷ ദിവസങ്ങളും വിപുലമായി ആഘോഷിക്കുന്നതിൽ ഏറെ തൽപരരായിരുന്ന ഇരുവർക്കും ചുറ്റും വലിയ സുഹൃത് വലയവുമുണ്ടായിരുന്നു. എല്ലാവരുടെ മുന്നിലും ചിരിച്ച മുഖത്തോടെയാണ് സഹോദരന്മാർ എത്തിയിരുന്നത്.

സംഘാടന മികവും ഏതു ജോലിയും ചെയ്യാനുള്ള സന്നദ്ധതയും ഇരുവരെയും പ്രിയങ്കരരാക്കിയിരുന്നു. മാതാപിതാക്കളും എൽദോയും എൽജോയും ഉൾപ്പെടുന്ന കുടുംബം എവിടെയും ഒരുമിച്ചാണ് പോയിരുന്നത്. മൂത്ത മകനായ എൽദോ എംഫാം പഠനത്തിനായി കോയമ്പത്തൂർ പോയ സമയത്തു മാത്രമാണ് ഇവർ തമ്മിൽ വേർപിരിഞ്ഞു നിന്നിട്ടുള്ളത്.

പഠനശേഷം തിരികെയെത്തിയ എൽദോ പരുമലയിൽ സ്വകാര്യ ആശുപത്രിയിൽ ജോലിക്കു കയറി. എംകോം പൂർത്തിയാക്കിയ എൽജോയ്ക്ക് കുറ്റൂരിൽ ജോലി ലഭിച്ചതോടെ സഹോദരന്മാർ ഒരുമിച്ചായി ജോലി സ്ഥലത്തേക്കുള്ള യാത്ര. തിരുവല്ലയിൽ എൽദോയെ ഇറക്കിയശേഷം സ്കൂട്ടറുമായി എൽജോ കുറ്റൂരേക്കു പോകും. വൈകിട്ടു മടക്കയാത്രയും ഒരുമിച്ചായിരുന്നു. ‍

About Intensive Promo

Leave a Reply

Your email address will not be published.