Breaking News
Home / Lifestyle / കുടുംബത്തിനു വേണ്ടി സ്വന്തം ജീവിതവും സ്വപ്നങ്ങളും മാറ്റി വച്ച് സ്വന്തം നാടും വീടും വിട്ട് കഷ്ടപ്പെടുന്നവർക്കായി

കുടുംബത്തിനു വേണ്ടി സ്വന്തം ജീവിതവും സ്വപ്നങ്ങളും മാറ്റി വച്ച് സ്വന്തം നാടും വീടും വിട്ട് കഷ്ടപ്പെടുന്നവർക്കായി

ടൗണിലെ പ്രശസ്തമായ ആശുപത്രിയിൽ അച്ഛനുയായി വന്നതാണ് ഞാൻ. ഡോക്ടറെ കാണാൻ അത്യാവശ്യം നല്ല തിരക്കുണ്ട്. ഡോക്ടറുടെ റൂമിനു പുറത്ത് വരാന്തയിൽ കസേരയിൽ ഇരിപ്പായി..

പെട്ടെന്നാണ് ഒരു നഴ്സ് പെട്ടെന്നു എന്റെ തൊട്ടടുത്തുള്ള കസേരയിൽ വന്നിരുന്നത്. കൈ തലയിൽ വച്ചാണ് ഇരിക്കുന്നത്.
“ഹലോ എന്തു പറ്റി?” ഞാൻ ചോദിച്ചു

ഉത്തരമില്ല അത ഇരിപ്പു തുടരുന്നു.. എന്തോ പന്തികേടു തോന്നിയ ഞാൻ പിന്നേം വിളിച്ചു.
“ഹലോ… എന്താ പറ്റിയേ?”

ഒന്നു മുളിയിട്ട് ഉത്തരം പറഞ്ഞു
” ഉം… ഒന്നുമില്ല സാർ.. പെട്ടെന്നു തലക്കെന്തോ അസ്വസ്ഥത തോന്നി അതാ പെട്ടെന്ന് ഇരുന്നത്..”
” കുടിക്കാൻ വേള്ളോ മറ്റോ വേണോ?”
” വേണ്ട സാർ…”

” എന്നാൽ കുറച്ചു നേരം ഇവിടെ ഇരുന്നിട്ട് പോ… പെട്ടെന്ന് എഴുന്നേറ്റാൽ തല കറങ്ങിയാലോ?”
“ഇരിക്കണമെന്നുണ്ട് സാർ… പക്ഷെ ഞാൻ ഡ്യൂട്ടിയിലാ… ഇരിക്കാൻ സമയമില്ല…”

ഇതു പറഞ്ഞ് അവൾ എഴുന്നേറ്റു രണ്ടടി നടന്നു കാണും… ഒരു ശബ്ദം കേട്ടാണ് ഞാൻ നോക്കിയത്.. അവളതാ നിലത്തു കിടക്കുന്നു… ഞാൻ ഓടിച്ചെന്നു വേറെ രണ്ടു നഴ്സുമാരും ഞാനും ചേർന്ന് അവളെ എഴുന്നേൽപിച്ച് കസേരയിൽ ഇരുത്തി… പിന്നെ ഒരു വീൽ ചെയറിൽ അത്യാഹിത വിഭാഗത്തിലേക്കു കൊണ്ടുപോയി…..
അച്ഛനെ ഡോക്ടറെ കാണിച്ച് ഞാൻ വീട്ടിലേക്ക് മടങ്ങിയെങ്കിലും അവളെ അങ്ങനെ ഉപേക്ഷിക്കാൻ എനിക്കു തോന്നിയില്ല.. ഉച്ചയ്ക്കു ശേഷം ഞാൻ വീണ്ടും ആശുപത്രിയിൽ എത്തി…
“അതേയ് ഇന്നിവിടെ ഒരു നഴ്സ് തല കറങ്ങി വീണില്ലേ… എന്തായി എന്നിട്ട് ”
ഞാൻ റിസപ്ഷനിൽ ചോദിച്ചു.

” ഇവിടെ വാർഡിൽ അഡ്മിറ്റ് ആണ്”
ഞാൻ തപ്പിപ്പിടിച്ച് വാർഡിൽ ചെന്നു… അവിടെ അരോരുമില്ലാത്ത അനാഥ രോഗികളെ പോലെ ഒരു കട്ടിലിൽ അവളുണ്ട്. ട്രിപ്പും ഇട്ടിട്ടുണ്ട്… ഞാനങ്ങോട്ട് ചെന്നു.
“ഹലോ എന്നെ മനസിലായോ? ഇന്നു രാവിലെ…”

“മനസിലായി സാർ… ഒന്നു ബി പി കുടിയതായിരുന്നു… സാറു ഡോക്ടറെ കണ്ടു പോയില്ലാരുന്നോ? ”
” അച്ഛനെ കാണിക്കാൻ വന്നതായിരുന്നു.. രാവിലെ തന്നെ ഡോക്ടറെ കണ്ടു. ഇപ്പൊ തന്റെ വിവരം അറിയാന്നോർത്തു വന്നതാ.. ”

ഇതു കേട്ടതും നന്ദിയോടെ അവളെന്നെ നോക്കി .
“വയ്യാരുന്നെങ്കി ലീവെടുത്തുകൂടാരുന്നോ?” ഞാൻ ചോദിച്ചു
” ഞങ്ങൾക്ക് അങ്ങനെ ലീവൊന്നും കിട്ടില്ല സാർ… ഒരാഴ്ചയായിട്ട് തുടർച്ചയായി നൈറ്റ് ഡ്യൂട്ടി ആരുന്നു…ഒന്നുറങ്ങീട്ട് കുറച്ചു ദിവസായി… പിന്നെ ഭക്ഷണം കഴിക്കാൻ പോലും നേരം കിട്ടാറില്ല.. അതൊക്കെ കൊണ്ടായിരിക്കുo രാവിലെ… ”
” ഉം.. എന്തായാലും നാളെ ക്രിസ്തുമസല്ലേ… അവധി ആയിരിക്കുമല്ലോ… റെസ്റ്റ് എടുക്കാമല്ലോ…”
“ഞങ്ങൾക്കെന്തു ക്രിസ്തുമസ്.. ഞങ്ങൾക്കന്നും ഡ്യൂട്ടിയുണ്ട്…. ഓണമായാലും ക്രിസ്തുമസ് ആയാലും ഞങ്ങൾക്കൊരു പോലാ…ഒന്നു വീട്ടിൽ പോകാൻ പോലും പറ്റുന്നില്ല…. “(ഇതു പറയുമ്പോ ആ കണ്ണുകൾ നിറഞ്ഞിരുന്നു)
നഴ്സിങ്ങ് കഷ്ടപ്പാടു പിടിച്ച ജോലി ആണെന്നറിയാമെങ്കിലും ഇത്രയും ബുദ്ധിമുട്ട് ഉണ്ടെന്ന് ഞാൻ സ്വപ്നത്തിൽ പോലും ചിന്തിച്ചിരുന്നില്ല.
“ചായ കുടിച്ചാരുന്നോ.. ”

കുടിച്ചൂന്നു അവൾ പറഞ്ഞെങ്കിലും വിളറിയ അവളുടെ കണ്ണുകളും വാടിയ മുഖവും ഉച്ചയ്ക്ക് ഊണുപോലും കഴിച്ചില്ല എന്ന് എന്നോട് വിളിച്ചു പറയുന്നുണ്ടായിരുന്നു..
ഞാൻ പുറത്തു പോയി ചായയും ഉഴുന്നു വടയും വാങ്ങി വന്നു.. വേണ്ടാന്നു പറഞ്ഞെങ്കിലും ഞാൻ നിർബന്ധിച്ചപ്പോ അവൾ അത് കഴിച്ചു…
” വീട്ടിൽ അറിയിച്ചാരുന്നോ ”

മൗനമായിരുന്നു മറുപടി… ഞാൻ വീണ്ടും ചോദിച്ചു…
” വീട്ടിൽ അറിഞ്ഞില്ലേ വയ്യാതെ വന്നത്? ”
” അത്….. ഇന്ന് അറിയിക്കണ്ടാന്നു തോന്നി…..ഇന്നു എന്റെ അനിയത്തിയുടെ വിവാഹ നിശ്ചയമാണ്. ”
” എന്ത്?…. എന്നിട്ട് താനെന്തേ പോകത്തെ?”
” ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല സാർ…. “(അവൾ കരഞ്ഞു പോയി )
“അനിയത്തിയുടെ കല്യാണം ആയല്ലേ. അപ്പൊ താനോ?… ”

” ആലോചനകളൊക്കെ വന്നിരുന്നു.കുടുംബമായി ജീവിക്കണമെന്നൊക്കെ ആഗ്രഹവുമുണ്ട്.. ഏതൊരു പെണ്ണിനെയും പോലെ കല്യാണത്തെപ്പറ്റി ഒരു പാട് സ്വപ്നങ്ങളും ഉണ്ട്.. പക്ഷെ എനിക്ക് താഴെ രണ്ടു പേരാ… ഒരു അനിയനും അനിയത്തിയും… വീട്ടിലെ ഒരേ ഒരു വരുമാനം എന്റെയീ ജോലിയാ… അനിയനു ഒരു ജോലി ആകാതെ ഞാനെങ്ങനാ എന്നെ പറ്റി ചിന്തിക്കുന്നത്… പിന്നെ എന്റെ പ്രാരാബ്ദമൊക്കെ എടുത്തു തലയിൽ വയ്ക്കാൻ മനസ്സുള്ള ഒരാൾ വേണ്ടേ… (അവൾ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു നിർത്തി).

കേട്ടപ്പോ അവളോട് ബഹുമാനവും സഹതാപവും ഇത്തിരി സ്നേഹവും തോന്നി
” അപ്പൊ നാളെ ഡിസ്ചാർജ് ആകുവോ താൻ….”
“നാളെയോ…. ഇന്നു എനിക്ക് ഡ്യൂട്ടിക്ക് കേറണം..ഇന്നത്തെ പകൽ ഡ്യൂട്ടി മുടങ്ങിയെന്നു പറഞ്ഞ് എനിക്ക് ഇന്ന് നൈറ്റ് ഡ്യൂട്ടി ഇട്ടിരിക്കുവാ…. ”
” അതെവിടുത്തെ ഏർപ്പാടാ… എഴുന്നേറ്റു നിൽക്കാൻ വയ്യാത്ത ആൾക്ക് ഡ്യൂട്ടി ഇട്ടിരിക്കുന്നോ.. ”
“അതെ സാർ…. ഈ ദൈവത്തിന്റെ മാലാഖമാരെന്നൊക്കെ ചുമ്മാ പറയാന്നേ ഉള്ളൂ….. മറ്റുള്ളോരുടെ ആരോഗ്യം നോക്കി ഓടി നടക്കുന്ന ഞങ്ങളെ ആർക്കും വേണ്ട”

” എന്തായാലും താൻ ഈ അവസ്ഥയിൽ ഇന്നു ഡ്യൂട്ടിക്ക് കേറണ്ട… എന്താ പറ്റുന്നതെന്ന് നോക്കട്ടെ… ”
“കൂടുതലൊന്നും പറ്റില്ല സാർ.. എന്റെ ഈ പണി അങ്ങു പോകും… ”
” അങ്ങനെ പോകുന്ന പണിയാണെങ്കിൽ അങ്ങു പോട്ടെ…. ”
“സാർ തമാശ പറയുവാണോ? എന്റെ വീട്ടിൽ അടുപ്പ് പുകയുന്നത് ഈ പണി ഉള്ളതുകൊണ്ടാ…”
“തനിക്ക് സമ്മതമാണെങ്കിൽ പകരം ഞാൻ തനിക്കൊരു പണി തരാം… എന്തായാലും താനും തന്റെ കുടുംബവും പട്ടിണി കിടക്കില്ല.”

അങ്ങനെ ഞാൻ അവൾക്ക് അതിലും നല്ലൊരു എട്ടിന്റെ പണി തന്നെ ഞാൻ കൊടുത്തു … ‘എന്റെ ഭാര്യ ‘ എന്ന പണി… ഈ പണിക്ക് അങ്ങനെ ശമ്പളമൊന്നുമില്ലെങ്കിലും അവൾ ഇന്നു ഹാപ്പിയാണ് എല്ലാ അർത്ഥത്തിലും…//

(കുടുംബത്തിനു വേണ്ടി സ്വന്തം ജീവിതവും സ്വപ്നങ്ങളും മാറ്റി വച്ച് സ്വന്തം നാടും വീടും വിട്ട് അന്യനാടുകളിൽ പോയി കഷ്ടപ്പെടുന്നവർക്കായി…) കടപ്പാട്..

About Intensive Promo

Leave a Reply

Your email address will not be published.