അമ്മയിൽ നടിമാർ ഉയർത്തിയ കലാപം രൂക്ഷമായി. പ്രസിഡന്റ് മോഹൻലാൽ വരെ സ്ഥാനം ഒഴിയാൻ തയ്യാറായി മുതിർന്ന അംഗങ്ങളേ അറിയിച്ചു കഴിഞ്ഞു. വിഷയം ഒഴിവാക്കാനും വെള്ളം ഒഴിച്ച് തല്ക്കാലം തീ കെടുത്താനും ദിലീപിനേ കൊണ്ട് സ്വയം പിന്മാറാൻ സമ്മർദ്ദം ചെലുത്തുന്നു. ദിലീപിനെ തള്ളി പറയാതെ തന്നെ അമ്മയിൽ നിന്നും മാറ്റി നിർത്തുകയാണ് ലക്ഷ്യം.
അമ്മയിൽ നിന്നും പൂർണ്ണമായി ദിലീപ് പുറത്തായാൽ പിന്നെ തള്ളി പറയേണ്ടതും ഇല്ല എന്നും കണക്ക് കൂട്ടുന്നു. എന്തായാലും തന്റെ കരിയറിനേയും ഭാവിയേയും ഈ വിഷയം ബാധിച്ചു എന്നും ഇനി ഇങ്ങിനെ എങ്കിൽ പ്രസിഡന്റ് സ്ഥാനത്ത് തുടരാൽ ആകില്ലെന്നും മോഹൻലാൽ പറയുന്നു.
മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യ്ക്കെതിരെ രൂക്ഷമായി തുറന്നടിക്കലായിരുന്നു ഇന്നലെ ഡബ്ല്യുസിസി വാർത്താസമ്മേളനത്തിൽ നടത്തിയത്. നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിനെ സംരക്ഷിക്കുകകയും ഇരയായ അംഗത്തിന്റെ പരാതിക്കു നേരെ കണ്ണടക്കുകയും ചെയ്യുന്ന അമ്മ നേതൃത്വത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും തെറ്റായ ദിശയിലേക്കാണ് അവർ സംഘടനയെ നയിക്കുന്നതെന്നും കൂട്ടായ്മ വ്യക്തമാക്കി. ‘ഞങ്ങളെ അപമാനിക്കുന്ന നിലപാടാണ് സംഘടന സ്വീകരിച്ചത്.
ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള നാടകമാണ് നടക്കുന്നത്. ഞങ്ങൾക്കു മുറിവേറ്റു. വർഷങ്ങളായുള്ള നീതികേട് അവസാനിപ്പിക്കണം. ഇനി മിണ്ടാതിരിക്കാൻ തീരുമാനിച്ചിട്ടില്ല. സംഘടനക്കുള്ളിൽ നിന്നു തന്നെ പോരാടും. ഇത് ഒരു തുടക്കം മാത്രം ‘- ദിലീപിനെതിരെ നടപടിയുൾപ്പടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് അമ്മയ്ക്കു കത്തു നൽകിയ അംഗങ്ങളായ രേവതി, പാർവതി തിരുവോത്ത്, പത്മപ്രിയ എന്നിവർ പറഞ്ഞു
മലയാളത്തിലും മീ ടൂ ആളിക്കത്തുകയാണ്. ശ്യാംധർ സംവിധാനം ചെയ്ത മമ്മൂട്ടിച്ചിത്രം പുള്ളിക്കാരൻ സ്റ്റാറയുടെ ലൊക്കേഷനിൽ വെച്ച് നടിക്ക് മോശം അനുഭവമുണ്ടായതായി വെളിപ്പെടുത്തൽ. സിനിമയിലെ ചെറിയ വേഷങ്ങളിലഭിനയിക്കുന്ന നടി അർച്ചന പദ്മിനിയാണ് മീ ടൂവിൽ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്.
ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ച് പ്രൊഡക്ഷൻ കൺഡ്ടോളർ ബാദുഷയുടെ അസിസ്റ്റന്റ് ആയിരുന്ന ഷെറിൻ സ്റ്റാൻലിയിൽ നിന്നുമാണ് തനിക്ക് മോശം അനുഭവമുണ്ടായതെന്ന് നടി വെളിപ്പെടുത്തി.