ശബരിമല കോടതി വിധിക്കെതിരെയും സര്ക്കാരിനെതിരെയുമായി അയ്യപ്പഭക്തരുടെ സമരം തലസ്ഥാനത്തെത്തിയപ്പോള്‍ അങ്ങ് അയ്യപ്പന്റെ തിരുനട ഉള്‍പ്പെടുന്ന പ്രദേശത്ത് വീണ്ടും പ്രളയം . സ്വാമിയെ അയ്യപ്പാ ശരണം വിളിച്ച് ഭക്തജനങ്ങള്‍ എല്ലാം അയ്യപ്പന്റെ മായയായി കരുതുന്നു. ശക്തമായ പെരുമഴയും ഉരുള്‍പൊട്ടലുമാണ് പത്തനംതിട്ട ജില്ലയിലെ വിവിധ പ്രദേശങ്ങളിലായി ഉണ്ടായിട്ടുള്ളത്.
കോന്നി, അരുവാപ്പുലം പഞ്ചായത്തുകളുടെ വിവിധ മേഖലകളിലെ മൂന്നിടത്ത് ശക്തമായ ഉരുള്‍പൊട്ടല്‍. മൂന്ന് വീടുകള്‍ പൂര്‍ണമായും നിരവധി വീടുകള്‍ ഭാഗികമായും തകര്‍ന്നതായാണ് ഔദ്യോഗിക വിവരം. ശനിയാഴ്ച വൈകീട്ട് നാലോടെ ഊട്ടുപാറ, ചെളിക്കുഴി, മുറ്റാക്കുഴി ഭാഗത്തും മുപേഴുങ്കല് കൊട്ടാരത്തില്‍ ഭാഗത്തുമാണ് ശക്തമായ ഉരുള്‍പൊട്ടല്‍ ഉണ്ടായത്.
ഈ സമയം മുതല്‍ പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാനപാതയുടെ വി.കോട്ടയം മുതല്‍ മുറിഞ്ഞകല്‍ ഭാഗത്തും അരുവാപ്പുലം പഞ്ചായത്തിലെ പുളിഞ്ചാണി മുതല്‍ രാധപ്പടി വരെയും റോഡുകള്‍ പൂര്‍ണമായി വെള്ളത്തില്‍ മുങ്ങി. മൂന്ന് മണിക്കൂര്‍ കഴിഞ്ഞിട്ടും ഗതാഗതം പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞില്ല.
നിരവധി യാത്രക്കാര്‍ മണിക്കൂറുകളോളം വഴിയില്‍ കുടുങ്ങി. രാത്രി വൈകിയും ഗതാഗതം പൂര്‍ണമായി പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല. ഉരുള്‍പൊട്ടി വെള്ളം കയറിയ ഭാഗങ്ങളില്‍ അടൂര്‍ പ്രകാശ് എം.എല്‍.എ, ഡെപ്യൂട്ടി കലക്ടര്‍, കോന്നി തഹസില്‍ദാര്‍ എന്നിവര്‍ സന്ദര്‍ശിച്ചു.