ശബരിമലയിലെ ഏത് പ്രായത്തിലുമുള്ള സ്ത്രീകളുടെയും പ്രവേശനം അനുവദിച്ച് കൊണ്ടുള്ള സുപ്രീം കോടതി വിധിയെ സംസ്ഥാന സര്‍ക്കാര്‍ പിന്തുണച്ചത് വലിയ വിവാദങ്ങള്‍ക്കാണ് വഴിവെച്ചത്. ഇത് കെട്ടടങ്ങും മുമ്പേ പുതിയ പുലിവാല് പിടിച്ചിരിക്കുകയാണ് സര്‍ക്കാര്‍. ക്രിസ്ത്യന്‍ പള്ളികളിലെ ആചാരങ്ങളെയും മാറ്റി മറിക്കാന്‍ ഒരുങ്ങുകയാണ് എന്നാണ് വിവരം.
കുര്‍ബാനയുടെ ഭാഗമായി അപ്പവും വീഞ്ഞും നാവില്‍ വാങ്ങുന്നത് നിരോധിക്കാന്‍ അധികാരം നല്‍കണമെന്നാണ് സര്‍ക്കാര്‍ ആവശ്യം. രോഗാണുബാധ ഉണ്ടാകാന്‍ സാധ്യത ഉള്ളതിനാല്‍ അവ നിരോധിക്കാന്‍ സര്‍ക്കാരിന് അധികാരം നല്‍കണമെന്ന് ജസ്റ്റിസ് കെ.ടി. തോമസ് അധ്യക്ഷനായ സമിതി തയ്യാറാക്കിയ കരട് ബില്ലില്‍ നിര്‍ദേശിക്കുന്നു. ഒരാളില്‍നിന്ന് മറ്റൊരാളിലേക്ക് രോഗാണുക്കള്‍ പടരാന്‍ സാധ്യതയുള്ള മതചടങ്ങുകള്‍ വിലക്കണമെന്നാണ് നിയമപരിഷ്കരണ കമ്മിഷന് ശുപാര്‍ശ ചെയ്യുന്നത്
‘ദി കേരള റെഗുലേഷന് ഓഫ് പ്രൊസീജിയേഴ്സ് ഫോര്‍ പ്രിവന്റിങ് പേഴ്സണ്‍ ടു പേഴ്സണ്‍ ട്രാന്സ്മിഷന് ഓഫ് ഇന്‍ഫെക്ഷിയസ് ഓര്‍ഗാനിസംസ്’ എന്നാണ് നിര്‍ദിഷ്ട നിയമത്തിന്റെ പേര്. ഇക്കാര്യത്തില്‍ കമ്മീഷന് പൊതുജനാഭിപ്രായം ആവശ്യമായ മാറ്റങ്ങള്‍ വരുത്തി മാത്രമേ സര്‍ക്കാരില്‍ സമര്‍പ്പിക്കുകയുള്ളു. നിപ വൈറസ് പടര്‍ന്നുപിടിച്ചപ്പോള്‍ കുര്‍ബാന അപ്പവും വീഞ്ഞും കൈകളില്‍ നല്‍കണമെന്ന് സിറോ മലബാര്‍ സഭയുടെ താമരശ്ശേരി രൂപത ആ സമയത്ത് പ്രത്യേകം ഇടയലേഖനം ഇറക്കിയിരുന്നു.
ഉമിനീര്, വായു, രക്തം, ശരീരസ്രവങ്ങള്‍ എന്നിവവഴി പകരാന്‍ സാധ്യതയുള്ള രോഗങ്ങള്‍ നിയന്ത്രിക്കലാണ് നിയമം കൊണ്ട് ഉദദ്ദേശിക്കുന്നത്. നിയമം നിലവില്‍ വന്നാല്‍ പിന്നീട് ലംഘിക്കുന്നവര്‍ക്ക് ആറുമാസം തടവാണ് ശിക്ഷ. കുര്‍ബാനയ്ക്ക് ഉപയോഗിക്കുന്ന ചെറിയ അപ്പം വായില്‍ വെച്ച് കൊടുക്കുമ്പോള്‍ വൈദികന്റെ കയ്യില്‍ ഉമിനീര് പടരാന്‍ സാധ്യതയുണ്ട്.
അതേ കൈകൊണ്ട് മറ്റൊരാള്‍ക്ക് അപ്പം കൊടുക്കുന്നത് രോഗാണു ബാധ പടരാന്‍ കാരണമായേക്കാം.ഇതേ രീതിയില്‍ ഒരു സ്പൂണില്‍ തന്നെ വിശ്വാസികള്‍ക്ക് വീഞ്ഞ് നല്‍കുന്നതും അപകടമാണ്. പലരുടെയും നാവിലും പല്ലിലും സ്പൂണ്‍ സ്പര്‍ശിക്കുന്നുണ്ട്. ഇത് വൈറസ് പകരാന്‍ കാരണമാകും എന്നാണ് ചൂണ്ടിക്കാണിക്കുന്നത്. ഇതിനാല്‍ ചില ക്രൈസ്തവസഭകള്‍ ഇപ്പോള്‍ത്തന്നെ അപ്പം കൈകളില്‍ നല്കുന്ന രീതിയാണ് പിന്തുടരുന്നത്.
കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കുര്‍ബാനയുടെ ഭാഗമായുള്ള കുര്‍ബാനയപ്പ സ്വീകരണം നിര്‍ബന്ധമായും നാവിലേക്കിയത്. കയ്യില്‍ അപ്പം സ്വീകരിക്കുന്നവര്‍ അത് പുറത്തേയ്ക്ക് കൊണ്ടു പോയി പല നീച പ്രവര്‍ത്തികള്‍ക്കും ഉപയോഗിക്കുകയും കൈമാറുകയും ചെയ്യുന്നെന്ന് ചൂണ്ടികാട്ടിയാണ് നാവിലാക്കിയത്.