“നീ കൂടെക്കൂടെ കൊച്ചിനെ ഇങ്ങനെ വഴക്ക് പറയുന്ന കൊണ്ടാ അത് മിണ്ടാതേം പറയാതേം നടക്കുന്നെ..പാവം കൊച്ച്…ഇന്നാ മോള് പോയി മുട്ടായി വാങ്ങിച്ചു തിന്നോ”
കുറെ ദിവസങ്ങളായി പ്രസരിപ്പ് നഷ്ടപ്പെട്ട്, മരപ്പാവയെപ്പോലെ നടക്കുന്ന ചെറുമകള്‍ അനുവിനെ അരികിലേക്ക് വിളിച്ച് പത്തു രൂപയുടെ ഒരു തുട്ടു നീട്ടി അമ്മൂമ്മ പറഞ്ഞു.
“അമ്മയാ ഈ പെണ്ണിനെ പിഴപ്പിക്കുന്നത്. താലോലിച്ച് വഷളാക്കുകയല്ലേ..ഹും”
അനുവിന്റെ അമ്മ ജ്യോതി ദേഷ്യത്തോടെ അങ്ങനെ പറഞ്ഞിട്ട് ഉള്ളിലേക്ക് പോയി. എട്ടുവയസുകരിയായ അനു വാടിയ ചേമ്പില പോലെ അവര്‍ പറയുന്നത് കേള്‍ക്കുന്നുണ്ടോ എന്നുപോലും അറിയാത്ത മട്ടില്‍ ഇരിക്കുകയായിരുന്നു. സാധാരണ ചോക്കലേറ്റ് വാങ്ങാന്‍ പണം നല്കിയാല് ഓടിച്ചാടി വന്നു വാങ്ങിക്കൊണ്ട് പോകുന്ന പെണ്‍കുട്ടി താന്‍ പറഞ്ഞത് കേട്ടഭാവം പോലും കാണിക്കാതെ ഇരിക്കുന്നത് കണ്ടപ്പോള്‍ അമ്മൂമ്മയ്ക്കും കലികയറി.
“ഇവിടെ വാടി പെണ്ണെ”
അവര്‍ ദേഷ്യത്തോടെ പറഞ്ഞു. അനു തളര്‍ന്ന ഭാവത്തോടെ എഴുന്നേറ്റ് അവരുടെ അരികിലെത്തി മുഖത്തേക്ക് നോക്കാതെ തല കുനിച്ചു നിന്നു. അവളുടെ ദയനീയമായ ആ നില്‍പ്പ് കണ്ടപ്പോള്‍ അമ്മൂമ്മയ്ക്ക് കോപം മാറി വീണ്ടും സഹതാപം തോന്നി.
“എന്താ മോളെ..എന്ത് പറ്റി നിനക്ക്? അസുഖം വല്ലോം ഒണ്ടോ? അതോ അമ്മ വഴക്ക് പറഞ്ഞതിനാണോ ഇങ്ങനെ വിഷമിച്ചു നടക്കുന്നത്?” അവളുടെ നെറ്റിയില്‍ തടവിക്കൊണ്ട് അവര്‍ ചോദിച്ചു. അനു മറുപടി ഒന്നും പറഞ്ഞില്ല.
“ഇന്നാ..പത്തുരൂപ ഒണ്ട്. മോള് പോയി മുട്ടായി വാങ്ങിച്ചു തിന്നോ..എന്നിട്ട് പോയി വല്ലതും പഠിക്ക്”
“എനിക്ക് വേണ്ട” അങ്ങനെ പറഞ്ഞിട്ട് അവള് തിരികെപ്പോയി. അമ്മൂമ്മ അവളുടെ പോക്ക് നോക്കി ഇരുന്ന ശേഷം എഴുന്നേറ്റ് അടുക്കളയിലേക്ക് ചെന്നു.
“എടി ആ കൊച്ചിന് എന്ത് പറ്റി? നിനക്ക് അതെപ്പറ്റി ഒരു ചിന്തേം ഇല്ലേ? അവക്ക് എപ്പോഴും വെപ്പും കുടിയും തന്നെ..പിള്ളേരുടെ ഒരു കാര്യോം നിനക്കറിയണ്ടല്ലോ” എന്തോ പാചകം ചെയ്തുകൊണ്ടിരുന്ന ജ്യോതിയോട് അമ്മൂമ്മ പറഞ്ഞു.
“പിന്നെ അമ്മയല്ലേ അവരുടെ കാര്യം നോക്കുന്നത്. ആ പെണ്ണിന് നല്ല തല്ലു കിട്ടാത്തതിന്റെ സൂക്കേടാ..പറഞ്ഞാല്‍ അനുസരണ ഇല്ലാത്ത വക..”
“എടി ഇപ്പോള്‍ ആറേഴു ദിവസങ്ങളായി അവളിങ്ങനെ മാറിയിട്ട്..കണ്ടിട്ട് വേറെ അസുഖങ്ങള്‍ ഒന്നും ഉള്ളതായി തോന്നുന്നുമില്ല. മുട്ടായി വാങ്ങാന്‍ കാശ് കൊടുത്താല്‍ തട്ടിപ്പറിച്ചു കൊണ്ടുപോയിരുന്ന പെണ്ണാരുന്നു..ഇപ്പം ദാ അവള്‍ക്ക് മുട്ടായി വേണ്ടാന്ന്..കൊച്ചിന് വല്ല അസുഖോം ആണോന്നാ എന്റെ പേടി..നീ അവളെ വല്ല ഡോക്ടറേയും കാണിക്ക്…”
അമ്മൂമ്മ തന്റെ ആശങ്ക മറച്ചു വയ്ക്കാതെ പറഞ്ഞു.
ജ്യോതി ആലോചനയോടെ അമ്മയെ നോക്കി. പിന്നെ അടുപ്പില്‍ ഇരുന്ന കറി അടച്ചുവച്ച ശേഷം വെളിയിലേക്ക് ചെന്നു മകളെ വിളിച്ചു. അനു മെല്ലെ അവളുടെ അരികിലെത്തി.
“നിനക്കെന്താ വല്ല അസുഖോം ഉണ്ടോ? വയറു വേദനയോ തലവേദനയോ മറ്റോ?”
അവള് ഇല്ലെന്ന അര്‍ത്ഥത്തില്‍ തലയാട്ടി.
“പിന്നെ നീ എന്താ കുരങ്ങന് ചത്ത കുറവനെപ്പോലെ നടക്കുന്നത്? ങേ? കളിക്കാതെ പറ പെണ്ണെ..” ജ്യോതിക്ക് വീണ്ടും ദേഷ്യം കയറി.
“നീ അതിനോട് ചൂടാകാതെ സ്നേഹത്തോടെ ചോദിക്ക്. ഒക്കത്തില്ലേല് വല്ല ഡോക്ടറേയും കാണിക്ക്. യ്യോടാ ഓടിച്ചാടി നടന്നിരുന്ന കൊച്ച് പെട്ടെന്ന് ഇങ്ങനെ മിണ്ടാതായാല്‍ അതെന്താന്ന് അറിയണ്ടേ…?” അവിടേക്ക് എത്തിയ അമ്മൂമ്മ പറഞ്ഞു.
“മനുഷ്യനിവിടെ നൂറു കൂട്ടം പണിയാ, അതിന്റെടേലാ ആശൂത്രീം ഡോക്ടറും. വേണേല്‍ അമ്മ കൊണ്ടുപോ..ഞാനൊരു ഓട്ടോ വിളിച്ചു തരാം” ജ്യോതി താല്പര്യം ഇല്ലാത്ത മട്ടില്‍ ഉള്ളിലേക്ക് വെട്ടിത്തിരിഞ്ഞ് പോകുന്നതിനിടെ പറഞ്ഞു.
“എന്നാ വേഷം മാറ് മോളെ..അമ്മൂമ്മ വരാം കൂടെ” അനുവിന്റെ അടുത്തെത്തി അവളെ തലോടിക്കൊണ്ട് അമ്മൂമ്മ പറഞ്ഞു.
“എനിക്ക് പോണ്ട” അനു ചിണുങ്ങി.
“മോളെ നീ പറേന്നെ കേള്‍ക്ക്….ചെല്ല്..വേറെ ഉടുപ്പിട്ടിട്ടു വാ”
അനു മനസില്ലാമനസോടെ ഉള്ളിലേക്ക് വേഷം മാറാനായി പോയപ്പോള്‍ അമ്മൂമ്മയും വേഷം മാറാനായി കയറി.
“മോള്‍ക്ക് അസുഖം ഒന്നുമില്ലല്ലോ അമ്മെ…അവള് നല്ല മിടുക്കിയായി ഇരിക്കുകയല്ലേ..” അനുവിനെ പരിശോധിച്ചിട്ട് ഡോക്ടര്‍ പറഞ്ഞു.
“പിന്നെന്താ ഡോക്ടറെ ഈ കൊച്ച് കൊറേ ദിവസങ്ങളായി മിണ്ടാതേം ഉരിയാടാതേം നടക്കുന്നത്? ഞാന്‍ മൂത്ത മോള്‍ടെ വീട്ടില്‍ പോയിട്ട് വന്ന അന്നുമുതല്‍ ഇവളിങ്ങനാ..വീടിനകം ഇളക്കി മറിച്ചുകൊണ്ടിരുന്ന കൊച്ചിങ്ങനെ ജീവനില്ലാത്ത പോലെ നടക്കുന്നെ കണ്ടാല്‍ നമുക്ക് വെഷമം തോന്നത്തില്ലേ..” അമ്മൂമ്മ ആശങ്കയോടെ അങ്ങനെ പറഞ്ഞപ്പോള്‍ ഡോക്ടര്‍ അനുവിനെ നോക്കി.
“ശരിയാണോ മോളെ അമ്മൂമ്മ പറയുന്നത്?” അദ്ദേഹം ചോദിച്ചു. അവള് മിണ്ടാതെ തല കുനിച്ച് ഇരുന്നതെയുള്ളൂ.
“മോളെ ഡോക്ടറോട് ഒന്നും ഒളിക്കരുത്. മോള്‍ക്ക് എന്തെങ്കിലും അസ്വസ്ഥതയൊ അസുഖമോ അതുമല്ലെങ്കില്‍ മറ്റു വല്ല വിഷമമോ ഉണ്ടോ? എന്തായാലും മോള് പറ..പരിഹാരം ഇല്ലാത്ത ഒന്നുമില്ലല്ലോ..മോളെ ആരേലും വഴക്ക് പറഞ്ഞോ? അതോ അടിച്ചോ? സ്കൂളിലെ സാറോ, അമ്മയോ അങ്ങനെ ആരെങ്കിലും?” ഡോക്ടര്‍ അവളുടെ മനസ് അറിയാനായി ചോദിച്ചു.
അനു അദ്ദേഹത്തിന്റെ കണ്ണിലേക്ക് നോക്കി. അവളുടെ കണ്ണുകളില്‍ നനവ് പടരുന്നത് കണ്ട ഡോക്ടറുടെ നെറ്റിയില്‍ സംശയത്തിന്റെ ചുളിവുകള്‍ വീണു.
“പറ മോളെ..മടിക്കാതെ പറ…”
അദ്ദേഹം അങ്ങനെ പറഞ്ഞപ്പോള്‍ അനു അടുത്തിരിക്കുന്ന അമ്മൂമ്മയെ ഇടംകണ്ണിട്ട് നോക്കി. അമ്മൂമ്മയുടെ മുന്പില് വച്ച് അവള്‍ക്ക് സംസാരിക്കാന്‍ വിഷമമുണ്ട് എന്ന് മനസിലായ ഡോക്ടര്‍ മെല്ലെ എഴുന്നേറ്റു.
“ശരി..മോള് വാ.നമുക്ക് ഉള്ളില്‍ പോകാം. അമ്മ ഇവിടിരിക്ക്..ഞാന്‍ മോളോട് മാത്രമായി ഒന്ന് സംസാരിക്കട്ടെ”
“ശരി ഡോക്ടറെ”
ഡോക്ടര്‍ അവളെയും കൂട്ടി ഉള്ളിലേക്ക് പോയപ്പോള്‍ അമ്മൂമ്മ ആശങ്കയോടെ പുറത്ത് കാത്തിരുന്നു. ഏതാണ്ട് അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഡോക്ടര്‍ അനുവിന്റെ തോളില്‍ കൈ വച്ചുകൊണ്ട് ചെറിയ ഒരു പുഞ്ചിരിയോടെ പുറത്തെത്തി.
“കുഴപ്പം ഒന്നുമില്ല അമ്മെ. മോള്‍ക്ക് ചെറിയ പ്രശ്നം ഉണ്ടായി. അതിന്റെ വിഷമത്തില്‍ ആയിരുന്നു അവള്..ഇനി അവള് മിടുക്കിയയിരിക്കും..പഴയത് പോലെ..അല്ലെ മോളെ”
അനു തലയാട്ടി.
“എന്താ ഡോക്ടറെ..എന്താ എന്റെ കുഞ്ഞിനു പറ്റിയത്” അമ്മൂമ്മ അവളെ ചേര്‍ത്ത് നിര്‍ത്തി മൂര്‍ദ്ധാവില്‍ താലോടിക്കൊണ്ട് ചോദിച്ചു.
“ഏയ് കാര്യമായി ഒന്നുമില്ല. കുട്ടികള്‍ക്ക് ചില ചെറിയ കാര്യങ്ങള്‍ മതി വിഷമമാകാന്‍..ഇനി അതെപ്പറ്റി അമ്മ ഒന്നും ചോദിക്കണ്ട..അവള് അതൊക്കെ മറന്നു..എന്നാല്‍ അമ്മ മോളെയും കൂട്ടി പൊയ്ക്കോ”
ഡോക്ടര്‍ പുഞ്ചിരിയോടെ പറഞ്ഞു. കാര്യം അറിയണം എന്നുണ്ടായിരുന്നു എങ്കിലും അതെപ്പറ്റി സംസാരിക്കണ്ട എന്ന് ഡോക്ടര്‍ പറഞ്ഞത് കൊണ്ട് അമ്മൂമ്മ അദ്ദേഹത്തെ നോക്കി കൈകള്‍ കൂപ്പിയ ശേഷം അവളെയും കൂട്ടി പുറത്തേക്കിറങ്ങി.
“മിസ്സിസ് ജ്യോതി..ഇവന്റെ കരണം തീര്‍ത്ത് നിങ്ങള്‍ അടിക്ക്..ഇവനുള്ള ആദ്യ ശിക്ഷ നിങ്ങളുടെ കൈകൊണ്ട് തന്നെ ആയിരിക്കട്ടെ..എന്നിട്ടേ ഞങ്ങള്‍ കൈ വയ്ക്കുന്നുള്ളൂ”
സബ്ബ് ഇന്‍സ്പെക്ടര്‍ ആനന്ദ് ജ്യോതിയുടെ സഹോദരന് ജയേഷിനെ മുന്‍പിലേക്ക് നീക്കി നിര്‍ത്തി അങ്ങനെ പറഞ്ഞപ്പോള്‍ ജ്യോതി പക കത്തുന്ന കണ്ണുകളോടെ അവനെ നോക്കി. പിന്നെ വലതുകൈ ഉയര്‍ത്തി അവന്റെ കവിളത്ത് ശക്തമായി അടിച്ചു.
“നായെ..നിന്നെ വിശ്വസിച്ചു വീട്ടില്‍ കയറ്റിയ എന്നെ വേണമെടാ പറയാന്‍..നിന്നെപ്പോലെ ഒരു ആഭാസന് എങ്ങനെ എന്റെ അമ്മയുടെ വയറ്റില്‍ എന്റെ സഹോദരനായി ജനിച്ചു..ത്ഫൂ” അവള് അവന്റെ മുഖത്തേക്ക് കാറിത്തുപ്പി.
“ഇവനെ സെല്ലില്‍ ഇടടോ” എസ് ഐ അവനെ പിടിച്ചു പോലീസുകാരുടെ നേര്‍ക്ക് തള്ളിക്കൊണ്ട് പറഞ്ഞു.
“ഇരിക്ക്”
അദ്ദേഹം ജ്യോതിയെ നോക്കി പറഞ്ഞു. അവള് കോപം കൊണ്ട് വിറയ്ക്കുകയായിരുന്നു. മെല്ലെ അവള് ഡോക്ടറുടെ സമീപം എസ് ഐയ്ക്ക് അഭിമുഖമായി ഇരുന്നു.
“തെറ്റ് നിങ്ങളുടേത് മാത്രമാണ് മിസ്സിസ് ജ്യോതി. ഇപ്പോള്‍ അത് വ്യക്തമായി മനസിലായല്ലോ അല്ലെ?” എസ് ഐ ചോദിച്ചു.
“എങ്കിലും സര്..അവനെന്റെ സഹോദരനല്ലേ.. അവനിത്തരക്കാരന് ആണെന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും കരുതിയിരുന്നതല്ലല്ലോ”
“കരുതണം..കൊച്ചുകുട്ടികളെ മറ്റുള്ളവരെ അന്ധമായി വിശ്വസിച്ച് ഒരിക്കലും ഏല്‍പ്പിക്കരുത്. അവര്‍ക്ക് സ്വന്തമായി ചിന്തിക്കാന്‍ പ്രായമാകുന്നത് വരെ അച്ഛന്റെയും അമ്മയുടെയും നിരന്തര സാന്നിധ്യത്തിലും സംരക്ഷണത്തിലും ആയിരിക്കണം അവര്‍ വളരേണ്ടത്..പ്രത്യേകിച്ച് പെണ്‍കുഞ്ഞുങ്ങള്‍..നിങ്ങളുടെ ഭര്‍ത്താവ് വിദേശത്തായ സ്ഥിതിക്ക് നിങ്ങളാണ് മക്കളെ ശ്രദ്ധിക്കേണ്ടത്.” എസ് ഐ കുറ്റപ്പെടുത്തുന്ന സ്വരത്തിലാണ് അത് പറഞ്ഞത്.
“അന്ന് അമ്മ വീട്ടില്‍ ഇല്ലാത്തത് കൊണ്ട് അവനെ ഞാന്‍ വീട്ടിലേക്ക് വിളിപ്പിച്ചതാ സാറേ..ഒരു കൂട്ടിന്. രാത്രി കിടക്കാന്‍ നേരം മോളെ കൂടെ കിടത്തിക്കോളാം എന്നവന് പറഞ്ഞപ്പോള്‍ ഞാന്‍ അതില്‍ യാതൊന്നും സംശയിച്ചില്ല. മുലകുടി മാറാത്ത മോന് എന്റെ കൂടെ കിടക്കുന്നത് കൊണ്ട് അവള് എന്നും അമ്മയുടെ ഒപ്പമായിരുന്നു കിടന്നിരുന്നത്. അന്ന് ഒരു ദിവസത്തേക്ക് മാത്രമാണ് അവള്…….” ജ്യോതി അര്‍ദ്ധോക്തിയില്‍ നിര്‍ത്തി ചെറുതായി വിതുമ്പി.
“ഒരിക്കളും കൊച്ചുകുട്ടികളെ വേറെ ആരുടെയും ഒപ്പം കിടത്തരുത്. അമ്മൂമ്മയുടെ കൂടെ കിടക്കുന്നത് പ്രശ്നമല്ല. മറ്റ് ആരുതന്നെ അങ്ങനെ പറഞ്ഞാലും നിങ്ങള്‍ അതിനു സമ്മതിക്കാന്‍ പാടില്ല. ആണോ പെണ്ണോ ആകട്ടെ, കുട്ടികള്‍ക്ക് പ്രായമാകുന്നത് വരെ അവരെ നിങ്ങള്‍ ഉറങ്ങുന്ന മുറിയില്‍ത്തന്നെ കിടത്തി ഉറക്കണം. അഥവാ അതിനു സൗകര്യം ഇല്ലെങ്കില്‍, വീട്ടില്‍ അതിഥികള്‍ ഉള്ള സമയത്തെങ്കിലും അവരെ ഒപ്പം കിടത്തണം..
ഒരാളെയും വിശ്വസിക്കാന്‍ സാധിക്കാത്ത ലോകമാണ് ഇന്നത്തേത് എന്നുള്ള വസ്തുത മറക്കരുത്..എന്തായാലും ഡോക്ടര്‍ മോളുടെ മനസ്സില്‍ നിന്നും കാര്യങ്ങള്‍ അറിഞ്ഞത് കൊണ്ട് അവനെ പിടികൂടാന്‍ പറ്റി..ഇനിയെങ്കിലും ഇത്തരം അബദ്ധങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുക..”
“ഇല്ല സര്..ഇനി ഒരിക്കലും എനിക്ക് തെറ്റ് പറ്റില്ല..എന്നാലും ആ നീചന്” ജ്യോതി പകയോടെ പല്ല് ഞെരിച്ചു.
“അവനുള്ള ശിക്ഷ കോടതി നല്‍കും..ഇനി നിങ്ങള്‍ അതെപ്പറ്റി കുട്ടിയോട് ചോദിക്കുകയോ പറയുകയോ ചെയ്യാന്‍ പാടില്ല. അമ്മയും ഭര്‍ത്താവും ഈ വിവരം അറിയണ്ട. ഇങ്ങനെ ഒന്ന് നടന്നിട്ടില്ല എന്ന് കരുതി സാധാരണമട്ടില്‍ ജീവിക്കുക. അവളും പതിയെ എല്ലാം മറന്നുകൊള്ളും…” ഡോക്ടര്‍ ആണ് അത് പറഞ്ഞത്.
“ശരി ഡോക്ടര്‍..വളരെ നന്ദി സര്..വളരെ നന്ദി ഡോക്ടര്‍” രണ്ടുപേരെയും നോക്കി കൈകള്‍ കൂപ്പിയിട്ട് ജ്യോതി എഴുന്നേറ്റ് വെളിയിലേക്ക് നടന്നു.
“സ്വന്തക്കാര് എന്ന് പറയുന്നവര്‍ ആണ് ഡോക്ടറെ ഏറ്റവും വലിയ തലവേദന. കുട്ടികളെ സ്വന്തം കണ്‍വെട്ടത്ത് നിന്നും ഒരു നിമിഷം പോലും മാറ്റാതെ സൂക്ഷിച്ചില്ല എങ്കില്‍, ഇന്നത്തെക്കാലത്ത് ഒന്നും പറയാന്‍ പറ്റില്ല..അത്രയ്ക്ക് അധപതിച്ചിരിക്കുന്നു മനുഷ്യര്‍” എസ് ഐ കസേരയില്‍ പിന്നോക്കം ചാരിക്കൊണ്ടു പറഞ്ഞു.
“ഇന്നത്തെ മനുഷ്യര്‍ക്ക് ശരിയായ ആത്മീയത ഇല്ല മിസ്റ്റര്‍ എസ് ഐ; അതാണ് ഈ അധപതനതിന്റെ കാരണം. പണ്ട് അങ്ങനെ ആയിരുന്നില്ല. പക്ഷെ ഇന്ന് ആത്മീയതയിലും മാലിന്യം കയറിക്കൂടിയിരിക്കുകയല്ലേ. ഈ കലികാലത്ത് അവനവന് സ്വയം സൂക്ഷിക്കുകയല്ലാതെ വേറെ വഴിയില്ല..”
ഡോക്ടര്‍ അത് പറഞ്ഞപ്പോള്‍ എസ് ഐ അനുകൂലഭാവത്തില്‍ തലയാട്ടി