അതിവേഗം സുഖപ്പെടുന്ന ബാലഭാസ്കിന്റെ ഭാര്യ ലക്ഷ്മിയെ വാർഡിലേക്ക് മാറ്റ രുതെന്ന് ബന്ധുക്കൾ ഡോക്ടർ മാരോട് ആവശ്യപ്പെട്ടു. ഐ.സി യുവിൽ തന്നെ കുറച്ചു കാലം കഴിയട്ടെ എന്നും അങ്ങനെ ചെയ്യാതിരുന്നാൽ അതിഥികളെ താങ്ങാനുള്ള കരുത്ത് ലക്ഷ്മിക്ക് ഉണ്ടാകില്ലെന്നും ബന്ധുക്കൾ അറിയിച്ചതായി ആശുപത്രിയുമായി ബന്ധപ്പെട്ട വൃത്തങ്ങളിൽ നിന്നും അറിയുന്നു.
നിരന്തരം ഫേസ് ബുക്ക് ലൈവ് നൽകുന്ന ഒരു കലാകാരനെകൊണ്ട് ബാലുവിന്റെ കുടുംബം തീർത്തും അസഹൃരാണ്. ലക്ഷമി സുഖം പ്രാപിച്ച വരുന്നുവെന്നും അവർക്കു വേണ്ടി പ്രാർത്ഥിച്ചവർക്ക് നന്ദി എന്നും പറഞ്ഞ് ലൈവ് നടത്തിയതോടെ എല്ലാവരും ഞ്ഞെട്ടി. ജനക്കൂട്ടം ആശുപത്രി ഫോണിലേക്കും ബന്ധുക്കളുടെ ഫോണിലേക്കും വിളി തുടങ്ങി. ലക്ഷ്മിയെ പേവാർഡിലേക്ക് മാറ്റിയാൽ എന്തു ചെയ്യുമെന്ന അവസ്ഥയിലാണ് ബന്ധുക്കൾ.
ബാലുവിന്റെയും മകളുടെയും വിയോഗ വാർത്ത ലക്ഷ്മിയെ അറിയിച്ചു എന്നാണ് വിവരം. അമ്മ തന്നെയാണ് വിവരം പറഞ്ഞത്. അതിനോട് ലക്ഷ്മി ഒന്നും പ്രതികരിച്ചിട്ടില്ല. ലക്ഷ്മിക്ക് ബോധമുണ്ട്. അതിനർത്ഥം വിവരം ലക്ഷ്മി അറിഞ്ഞു എന്നു കരുതാം. ഒന്നു കരയാത്തതെന്തേ എന്ന വേദനയിലാണ് ബന്ധുക്കൾ. ലക്ഷമി ഒന്നു പൊട്ടികരഞ്ഞെങ്കിൽ എന്നാണ് വീട്ടുകാർ ആഗ്രഹിക്കുന്നത്. എന്നാൽ അത് സംഭവിക്കുന്നില്ല. ലക്ഷ്മി കരഞ്ഞോ എന്ന് ഡോക്ടർമാർ ആരായുന്നുണ്ട്.
വലിയൊരു ഷോക്ക് അറിയുമ്പോൾ സാധാരണ പൊട്ടികരയാറാണ് പതിവ്. അങ്ങനെ സംഭവിച്ചില്ലെങ്കിൽ അതിൽ ഡോക്ടർമാർ അപകടം മണക്കും. അതാണ് ലക്ഷ്മിയുടെ കാര്യത്തിൽ സംഭവിച്ചിരിക്കുന്നത്. ലക്ഷമി ഒന്നു കരഞ്ഞെങ്കിൽ എന്ന് ആഗ്രഹിക്കുകയാണ് എല്ലാവരും.
ലക്ഷ്മിയെ കാണണമെന്ന് അന്വേഷിച്ച് നൂറു കണക്കിനാളുകൾ വിളിക്കുന്നുണ്ട്. അത് ഒഴിവാക്കാനാണ് വാർഡിലേക്ക് മാറ്റരുതെന്ന് വീട്ടുകാർ ആവശ്യപ്പെടുന്നത്. വരുന്നവർ ലക്ഷ്മിയുടെ മുന്നിൽ വിതുമ്പിയാൽ അതവർക്ക് സഹിക്കില്ല.എന്ത് സംഭവിക്കുമെന്ന് പറയാനാവില്ല. ലക്ഷ്മിക്ക് എന്തെങ്കിലും സംഭവിച്ചാൽ വീട്ടുകാർ എങ്ങനെ സഹിക്കും?
അതിനാൽ ആരെയും കാണാൻ ലക്ഷ്മിയുടെ വീട്ടുകാർ ആഗ്രഹിക്കുന്നില്ല. എല്ലാവരുടെയും പ്രാർത്ഥനക്ക് അവർക്ക് നന്ദിയുണ്ട്. പക്ഷേ ലക്ഷ്മിയുടെ സ്ഥിതി മനസിലാക്കണമെന്ന് വീട്ടുകാർ പറയുന്നു.