ശത്രുസൈന്യം ആര്‍ത്തിരമ്പുമ്പോഴും അക്ഷോഭ്യനായി നിലകൊള്ളുന്നു പടത്തലവന്. നെറ്റിക്കുനേരെ പാഞ്ഞുവരുന്ന അസ്ത്രം തലകുനിക്കാതെ ആയുധം കൊണ്ടു തകര്‍ത്തു കളയുന്ന യോദ്ധാവ്, തലകുനിച്ച് നിവര്‍ന്നാല്‍ പിന്നിലൂടെ വരുന്ന അസ്ത്രം ശിരസ്സു തകര്‍ക്കുമെന്ന് അറിയാം.
അലകടലായ് അയ്യപ്പഭക്തിയില്‍ കേരളം ഒഴുകിയെത്തുമ്പോഴും വിശ്വസിക്കുന്ന ശരിക്കുവേണ്ടിയെന്നോണം നിലയുറപ്പിക്കുന്ന ഭരണാധികാരിയുടെ മുഖമാണിപ്പോള്‍ കേരളത്തിലെ ഒരു വിഭാഗത്തിന്. ശബരിമല സമരം അതിന്റെ എല്ലാ തീവ്രതയോടും കൂടി പ്രേക്ഷകമുന്നിലെത്തിക്കുന്ന മലയാളിവാര്‍ത്തക്ക് പിണറായി വിജയനെന്ന ഭരണാധികാരിയുടെ പതറാത്ത മുഖം കൗതുകമാകുന്നു. അതുകൊണ്ടു തന്നെയാണ് ഈ തുറന്നുപറച്ചില്‍. സ്വന്തം വിശ്വാസം സംരക്ഷിക്കാന്‍ പോരാടുന്നവര്‍ക്ക്,
ഏറ്റവും ശക്തമായി പ്രതിഷേധിക്കുവാന്‍ എല്ലാ അവകാശവുമുള്ളതുപോലെ താന്‍ വിശ്വസിക്കുന്ന ശരിക്കുവേണ്ടി നിലയുറപ്പിക്കുവാന്‍ ഭരണാധികാരിക്കും സ്വാതന്ത്ര്യമുണ്ട്.
ഇരട്ടച്ചങ്കനെന്ന വിശേഷണങ്ങള്‍ക്കപ്പുറം പിണറായി വിജയനിലൂടെ കേരളം നോക്കിക്കാണുന്ന നേതാവിന്റെയും, പോരാളിയുടെയും മുഖമാണ് ഇന്ന് ചര്‍ച്ചയാകുന്നത്. ഇതിനെ ധാര്‍ഷ്ട്യമായും, അഹങ്കാരമായും വിലയിരുത്തുന്നവരെ നട്ടെല്ലുയര്‍ത്തിയ ഉഗ്രനോട്ടത്തിലൂടെ നിലം പരിശാക്കി മുഖ്യമന്ത്രിക്കസേരയ്ക്ക് അധികാരഭാവം നല്കുന്നു.
മുന്‍പ് കാബിനറ്റ് റൂമില്‍ നിന്നിറങ്ങുമ്പോള്‍ തിക്കിത്തിരക്കിയെത്തുന്ന പത്രക്കാരോട് എല്ലാം വിളമ്പുന്ന ഒരു മുഖ്യമന്ത്രിയും നമുക്കുണ്ടായിരുന്നു. പത്രസമ്മേളനം കഴിഞ്ഞു മടങ്ങുമ്പോള്‍ ചാനല്‍ മൈക്കിന്റെ ക്ണാപ്പുകൊണ്ട് തോളില്‍ തട്ടി ഒ.സിയെന്നു വിളിച്ച് ചോദ്യങ്ങളെറിഞ്ഞിരുന്നു മാധ്യമപ്രവര്‍ത്തകര്‍. ഇന്ന് ആറ്റിക്കുറുക്കിയ മറുപടിയുടെ കരുത്തില്‍ ചോദ്യങ്ങള്‍ തൊണ്ടയിലുടക്കുന്ന പത്രക്കാരെ കാണുമ്പോള്‍ കൗതുകം തോന്നുന്നു.
ശബരിമല തന്ത്രികുടുംബവും, പന്തളം രാജകുടുംബവും, സുകുമാരന്‍ നായരുമൊക്കെ ഒത്തുചേര്‍ന്ന് സമരത്തിനിറങ്ങിയപ്പോഴും സവര്‍ണ്ണ മേധാവിത്വ കഥകള്‍ പറഞ്ഞ് പോരാട്ടവീര്യം കൊഴുപ്പിച്ചു പിണറായി വിജയന്. മുന്‍പ് അരമന മുറ്റത്തും, എന്‍.എസ്.എസിന്റെ ആസ്ഥാന മന്ദിരത്തും ഓടിയെത്തിയിരുന്ന മുഖ്യമന്ത്രിയില്‍നിന്ന് ഏറെ ദൂരെയാണ് പിണറായി. മെത്രാനും, നായര്‍ പ്രമാണിക്കും കാണണമെങ്കില്‍ അപ്പോയ്മെന്റെടുത്ത് മുഖ്യമന്ത്രിയുടെ അടുക്കലെത്തണം.
ഈ വിട്ടുവീഴ്ചയില്ലായ്മയില്‍ നിന്നാണ് പിണറായി വിജയന് പോരാടിയതും, മുഖ്യമന്ത്രി കസേരയിലെത്തിയതും. പ്രതിഷേധങ്ങളെ പോരാട്ടവീര്യത്തില്‍ പൊരുതി തോല്പിക്കാനുള്ള മെയ്വഴക്കവും ഈ കണ്ണൂരിന്റെ പുത്രനുണ്ട്.
ശബരിമല സമരം ബി.ജെ.പി യുടെ അവസാന ആയുധമാണ്. ഇവിടെ പരാജയപ്പെട്ടാല്‍ കേരളം പിണറായിയുടെയും കമ്മ്യൂണിസ്റ്റുകാരുടെയും കൈയില്‍ സുരക്ഷിതമാകും. ഒരു പക്ഷേ ബി.ജെ.പി. യെ തീര്‍ത്ത പിണറായിക്കു പിന്നില്‍ ന്യൂനപക്ഷം കൂടുതല്‍ കരുത്തോടെ നില്ക്കും.
പാര്‍ട്ടിയില്‍ ഭിന്നാഭിപ്രായമുണ്ടെങ്കിലും, പിണറായി ശബരിമല വിഷയത്തില്‍ വിജയിക്കുമെന്ന് തന്നെയാണ് സി.പി.എമ്മില്‍ ഏറെപ്പേര്‍ കരുതുന്നത്. അതുകൊണ്ടുതന്നെ ഒരുവിധ വിമര്‍ശനങ്ങളും സി.പി.എമ്മിലുയരുന്നില്ല. ഈ കരുത്താണ് നാളെയുടെ രാഷ്ട്രീയവും, കേരളവുമെന്ന് അവര്‍ കരുതുന്നു.
വിശ്വസികള്‍ക്കു പിന്നില്‍ ബി.ജെ.പി യും ഹിന്ദു സംഘടനകളും, കോണ്‍ഗ്രസുമൊക്കെ അണിചേര്‍ന്നാലും ഭരണഘടനയാണ് വലുതെന്ന് പറയുന്ന മുഖ്യമന്ത്രി. പിന്നില്‍ നവോത്ഥാന കേരളത്തിന്റെ സാംസ്കാരിക നായകരും, വിപ്ലവം കൊതിക്കുന്നവരും. ഇല്ല ഒന്നും കാണാതെ പിണറായി പൊരുതില്ല. ഈ പ്രതിഷേധം കെടുത്താനായാല്‍ പിണറായി വിജയനെന്ന മുഖ്യമന്ത്രി ഒരു പക്ഷേ ജ്വലിച്ചുയരുന്ന നാളുകളാകും ഇനി കേരളം കാണുക.