എടാ നീ കണ്ടോ ആ പെണ്ണിനെ, പോക്കു കേസാ…
ഭർത്താവ് ഗൾഫിലല്ലേ എന്തും ആകാലോ.. ആരറിയാൻ… പാവം ഭർത്താവ് ഇതൊന്നുമറിയുന്നില്ലല്ലോ അല്ലേ..”
ബസ് വെയ്റ്റിംഗ് ഷെഡിൽ പ്രത്യോകിച്ച് പണിയൊന്നുമില്ലാതിരിക്കുകയായിരുന്ന സഫീർ ആ വഴി പോകുന്ന അനാമികയെ ചൂണ്ടി കാണിച്ച് കൊണ്ട് പ്രണവിനോടായി പറഞ്ഞു.
“ഹല്ല പിന്നെ !! ഞമ്മളൊക്കെ ചോദിച്ചാ ബല്യ ഡിമാന്റാ… രാവിലെ മുതൽ രാവ് വരെ വല്ലോന്റേം കൂടെ നടക്കുന്നതിന് ഒരു കൊഴംപ്പോല്യ”
പ്രണവ് അവന്റെ ചിന്തയും ഓഹരി ചെയ്തു.
അങ്ങനെ എത്രയെത്ര സ്ത്രീകളുടെ പേരിലാണ് ഒരോ പകലന്തിയിലും അപരാധങ്ങളുടെ കുറ്റപത്രം സമർപ്പിച്ചത്..
തനിച്ച് ഹോസ്പിറ്റലിൽ കഴിയുന്ന വൃദ്ധ മാതാവിനെ പരിചരിക്കാൻ ഒരാഴ്ചയായി അനാമിക പോവുകയും വരികയും ചെയ്യുന്നു.
രാവിലെ വീട്ടുജോലികളെല്ലാം തീർത്തു മക്കളെ സ്കൂളിലേക്ക് ഒരുക്കിയയച്ചു ഹോസ്പിറ്റലിൽ പോവുകയും അമ്മക്ക് വേണ്ട പരിചരണമെല്ലാം നൽകി സന്ധ്യ മയങ്ങുന്നേരം തിരിച്ചെത്തുകയും ചെയ്യുമെങ്കിലും അവൾ വരുന്നത് മാത്രമേ അവർ കണ്ടുള്ളൂ..
എപ്പോഴാണ് പോകുന്നത്. എവിടേക്കാണ് പോവുന്നത് എന്നൊന്നും അവർ അറിയില്ല. അറിയാൻ ശ്രമിച്ചിട്ടില്ല എന്ന് പറയുന്നതാവും സത്യം.
ഏകാകിയായി കൂട്ടിനാളില്ലാതെ കഴിയുന്ന അമ്മയുടെ അവസ്ഥ പറഞ്ഞപ്പോൾ വിദേശത്തുള്ള ഭർത്താവ് മഹേഷ് തന്നെയാണ് അവളോട് പോയി പരിചരിക്കാനും കൂട്ടിരിക്കാനും പറഞ്ഞത്.
പലയിടത്തു നിന്നും അപവാദ കഥകൾ പ്രചരിച്ചു തുടങ്ങിയപ്പോൾ ജീവിതം വെറുത്തിട്ടാണ് അവസാനം അവളവനെ വിളിക്കുന്നത്.
“മഹേഷേട്ടാ നാളെ ഇവിടെയെത്തിയില്ലെങ്കിൽ ഒരു പക്ഷേ എന്നെ നിങ്ങൾ പിന്നെ കണ്ടേക്കില്ല”
അന്നു തന്നെ കമ്പനിയിൽ നിന്നും എമർജൻസി ലീവെടുത്ത് മഹേഷ് നാട്ടിലേക്ക് തിരിച്ചു. വീട്ടിലെത്തിയപ്പോഴേക്കും സമയം സന്ധ്യയാവാറായി.
വീടും കഴിഞ്ഞാണ് ഹോസ്പിറ്റൽ.
അനാമികയെ വിളിച്ചപ്പോൾ അവൾ ഗോകുലം ബസ്സിലാണെന്നും ഇരുപതു മിനുട്ട് കൊണ്ട് എത്തുമെന്നും പറഞ്ഞപ്പോൾ സ്റ്റോപ്പിൽ കാത്തു നിൽക്കാമെന്ന് മഹേഷ് പറഞ്ഞു.
ചീറിപ്പാഞ്ഞുള്ള ഗോകുലം ബസ്സിന്റെ വരവ് കണ്ടപ്പോൾ അനാമിക അതിലുണ്ടാവില്ലേയെന്ന് ആശങ്കപ്പെട്ടെങ്കിലും അവന്റെ തൊട്ടടുത്തായി ബ്രേക്കിട്ട ബസ്സിൽ നിന്നിറങ്ങിയ അനാമികയെ നിറഞ്ഞ പുഞ്ചിരിയോടെ മഹേഷ് ഷേക്ക് ഹാൻഡ് ചെയ്തു എതിരേറ്റു.
സാധാരണ പ്രവാസികളെ നാട്ടിലുള്ളോരാണല്ലോ എതിരേൽക്കൽ അനൂ.. ഇതിപ്പോ നേരെ മറിച്ചാണല്ലോ എന്നൊക്കെ കൊച്ചു കൊച്ചു തമാശകൾ പറഞ്ഞു ബൈക്ക് സ്റ്റാർട്ടു ചെയ്തു മൂവ് ചെയ്തു തുടങ്ങിയതേയുള്ളൂ അടുത്തുള്ള ബസ് വെയ്റ്റിംഗ് ഷെഡിൽ നിന്നും ഒരു കമന്റ് അനാമികയുടെ ഹൃദയം തകർത്ത കൊണ്ട്് മഹേഷിന്റെ ചെവിയിൽ പതിച്ചു.
” ഇങ്ങനെയാണെങ്കിൽ ഗൾഫിലൊന്നും പോകേണ്ട കാര്യല്യ. കെട്ട്യോൾ സന്ധ്യവരെ കറങ്ങി സമ്പാദിക്കുന്നുണ്ടല്ലോ….!!”
മൂവ് ചെയ്തു തുടങ്ങിയ ബൈക്ക് സൈഡ് സ്റ്റാൻഡിലിട്ട് ഇറങ്ങി വന്ന മഹേഷ് കമന്റടിച്ച സഫീറിന്റെ കരണകുറ്റിക്കിട്ട് രണ്ട് പൊട്ടിച്ചു.
അപ്രതീക്ഷിതമായതു കൊണ്ടും, നല്ല ശക്തിയിൽ കിട്ടിയതുകൊണ്ടുമാവണം അടികിട്ടിയിടം കൈ കൊണ്ട് പൊത്തിപ്പിടിച്ചു തരിച്ചുനിൽക്കുകയായിരുന്ന സഫീറിനോടായി മഹേഷ് പറഞ്ഞു.
“എടാ പരട്ട &%$#&*+%$……ജോലിയും കൂലിയുമില്ലാതെ തെണ്ടിത്തിരിഞ്ഞു വെയ്റ്റിംഗിൽ ഷെഡിൽ ഇരുന്നു നാട്ടുകാരുടെ മേൽ പരദൂഷണം പറയുന്നതിനു മുമ്പ് ഒന്നന്വോഷിക്കണം… നീയൊക്കെ എത്ര പാവങ്ങളെ ഇങ്ങനെ കൊല്ലാകൊല ചെയ്തിട്ടുണ്ടെടാ… നിനക്കറിയോ ഇവൾടെ അമ്മ രണ്ടാഴ്ചയായി ഹോസ്പിറ്റലിൽ അസുഖബാധിതയായി കിടക്കുന്നു. അവരെ പരിചരിക്കാൻ ഞാൻ പറഞ്ഞിട്ടാ അവൾ പോയത്.
എന്തിനാ പോവുന്നതെന്നോ, സഹായം വേണമെന്നോ ഒരാളും അവളോട് ചോദിച്ചില്ല.
ചോദിക്കാനോ സഹായിക്കാനോ മനസ്സിലെങ്കിൽ വേണ്ട.
ദ്രോഹിക്കാതിരിക്കാനുള്ള ഒരു മനസ്സ് വെച്ചൂടെ….?
നിന്റെ നാട്ടുകാരനായതിൽ എനിക്കെന്നോടു തന്നെ വെറുപ്പു തോന്നുന്നുവെന്നും പറഞ്ഞു നിലത്തേക്ക് കാർകിച്ച് തുപ്പിയപ്പോഴും സഫീറിന്റ മുഖം കുറ്റബോധത്താൽ താഴ്ന്നിരുന്നു.
വാൽകഷ്ണം:
ഇതൊരു അനുഭവകഥയാണ്.
കാമം തീർക്കാനോ, കാശുണ്ടാക്കാനോ
ചുറ്റിക്കറങ്ങുന്നവരെ വെള്ള പൂശാൻ എഴുതിയതല്ല.
എല്ലാവരും അനാമികയെ പോലെയാവണമെന്നില്ല.
എങ്കിലും ഒരു വിഷയം ഒരാളിൽ ആരോപിക്കുമ്പോൾ ഒരിക്കലും ഊഹം വെച്ചാവരുത്.
പലരുടെയും ജീവിതം ഇത്തരം ഇല്ലാ കഥകൾ കൊണ്ട് കുട്ടിച്ചോറായിട്ടുണ്ട്.
മിനിമം നമ്മുടെ വേണ്ടപ്പെട്ടവരെ കുറിച്ച് ഇങ്ങനെ ആരോപിച്ചാൽ എങ്ങനിരിക്കുമെന്നെങ്കിലും ചിന്തിക്കുക
ഇബ്രാഹിം നിലമ്പൂർ