സ്വന്തം പട്ടാളക്കാർക്കെതിരെ കേസ് നടത്താൻ കേന്ദ്ര സർക്കാർ വക്കീൽ ഫീസായി കൊടുത്തത് 105 കോടി. വിവിധ ഓപ്പറേഷനുകളിൽ ഗുരുതരമായി പരിക്കേറ്റവർ, കയ്യും കാലും നഷ്ടപെട്ടവർ, ജീവൻ പോയവരുടെ വിധവകൾ എന്നിവർക്കെതിരെ കേസ് നടത്താനാണ് മോദി സർക്കാർ ഇത്രയും പണം ചെലവാക്കിയത്. 2015-2018 കാലയളവിലാണ് ഈ ഭീമൻ തുക സർക്കാർ പൊടിച്ചത്.
സെെന്യത്തിനുള്ളിലെ ചില തൽപ്പര കക്ഷികളാണ് ഇത്തരത്തിലുള്ള നീക്കത്തിനു പിന്നിൽ. സെെനികൻ രാജ്യത്തിനു വേണ്ടി സ്വജീവൻ വെടിയുമ്പോൾ അയാളുടെ കുടുംബത്തിന് ലഭിക്കേണ്ട ആനുകൂല്യം ഇത്തരത്തിൽ കേസുകൾ നടത്തി വെെകിപ്പിക്കുകയാണ് ഇവർ ചെയ്യുന്നത്. ഏറ്റുമുട്ടലിൽ സെെനികൻ മരണപ്പെട്ടാൽ 20 മുതൽ 40 ലക്ഷം രൂപ വരെ സാധാരണഗതിയിൽ കുടുംബത്തിന് നഷ്ടപരിഹാരമായി സർക്കാർ നൽകാറുണ്ട്. അല്ലെങ്കിൽ കുടുംബത്തിന്റെ മുന്നോട്ടുള്ള ജീവിതത്തിനായി ബന്ധുക്കൾക്ക് മറ്റ് മേഖലകളിൽ ജോലി കൊടുക്കുന്നതും സാധാരണമാണ്.
എന്നാൽ, പ്രത്യേക പട്ടാള കോടതിയിൽ വരെ ഇത്തരം തൽപ്പര കക്ഷികളായ ചില ബിജെപി നിയമ വിദഗ്ധരുടെ മനഃപൂർവ്വമായ ഇടപെടലിൽ സെെനികർക്കു കിട്ടേണ്ട ആനൂകൂല്യം തഴയപ്പെടുകയാണ്. കേസ് നടത്തി ആനുകൂല്യം കുറയ്ക്കാനുള്ള നീക്കത്തിലൂടെയാണ് ഇപ്പോൾ ഈ ഭീമൻ തുക ചിലവായിരിക്കുന്നതും. ഇതുമായി ബന്ധപ്പെട്ട എല്ലാ മേഖലയിലും വൻ ക്രമക്കേട് നടക്കുന്നു എന്നാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്.
അധികാരത്തിലേറിയ ശേഷം മോദി സർക്കാർ, അംഗവെെകല്യം സംഭവിച്ച പട്ടാളക്കാരുടെ ആനുകൂല്യ വർധനവ് നിര്ത്തലാക്കണമെന്നാവശ്യപ്പെട്ടു സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാൽ, ഈ ആവശ്യം കോടതി നിരാകരിക്കുകയായിരുന്നു. അതിനു ശേഷമാണ് കോടതി വിധിയെ മറികടന്ന് ഇത്തരത്തിലുള്ള നീക്കവുമായി സർക്കാർ മുന്നോട്ടു നീങ്ങിയത്.