Breaking News
Home / Lifestyle / കെട്ടുന്നെങ്കിൽ ഒരു ബുള്ളറ്റ് ഓടിക്കാനറിയാവുന്ന പെണ്ണിനയെ ഞാൻ കെട്ടൂ

കെട്ടുന്നെങ്കിൽ ഒരു ബുള്ളറ്റ് ഓടിക്കാനറിയാവുന്ന പെണ്ണിനയെ ഞാൻ കെട്ടൂ

കെട്ടുന്നെങ്കിൽ ഒരു ബുള്ളറ്റ് ഓടിക്കാനറിയാവുന്ന പെണ്ണിനയെ ഞാൻ കെട്ടൂ..”
വീട്ടിൽ കല്യാണാലോചന തകൃതി നടന്നപ്പോൾ ഞാൻ വീട്ടിൽ കട്ടായം പറഞ്ഞു.
“അതെന്താടാ നീ ബുളളറ്റുകാരിയെ കെട്ടൂള്ളെന്ന് പറയുന്നത്…”
അമ്മ ഉഷാറായതോടെ ഞാൻ ആവേശത്തിലായി.

ഒരു ജോലിയൊക്കെ കിട്ടീട്ട് മതി വിവാഹമെന്നു ഞാൻ കരുതിയിരിക്കുമ്പഴാണു അവിചാരിതമായി ഗവണ്മെന്റ് ആശുപത്രിയിൽ അറ്റൻഡറായി താത്ക്കാലിക ജോലി കിട്ടീത്…
അവിടുത്തെ ആശുപത്രിയിൽ നിരാലംബരായ കുറെ ആൾക്കാർ അഡ്മിറ്റ് ആയിട്ട് ഉണ്ടായിരുന്നു. ആദ്യമൊക്കെ എനിക്കെന്തൊ വല്ലാതെ ഫീൽ ചെയ്തു ഈ കാഴ്ചകൾ….

അന്ന് ഉച്ച സമയത്ത് ഒരു ബുളളറ്റിന്റെ ശബ്ദം റോഡിനെ പ്രകമ്പനം സൃഷ്ടിച്ചു..ഹോട്ടലിൽ നിന്ന് ഫുഡ് കഴിച്ചിട്ട് വിൽസിനു തീ പകർന്ന് ആത്മശാന്തിയടഞ്ഞ് റോഡിൽ നിൽക്കുമ്പഴാണ് ബുളളറ്റുകാരിയുടെ വരവ്….
അടിപൊളി ചെത്ത് സ്റ്റൈലിൽ ഒരു സുന്ദരിപ്പെണ്ണ്.ജീൻസും ടീഷർട്ടും വേഷം..വൃത്തികേടില്ല..വേഷം നന്നായിട്ട് ചേരും…

പിന്നിലൊരു പയ്യൻ വലിയൊരു കവറിൽ എന്തോ താങ്ങിപ്പിടിച്ചിട്ടുണ്ട്.ഏകദേശം കണ്ടാൽ അവളുടെ അനുജനാണെന്ന് പറയും ….

വലിച്ചിരുന്ന സിഗരറ്റ് തീരുമുമ്പേ അലക്ഷ്യമായി വകിച്ചെറിയാതെ താഴേക്കിട്ട് ചെരുപ്പിനാൽ ചവുട്ടിക്കെടുത്തി…
പതിയെ ഞാൻ ബുളളറ്റുകാരിയുടെ പിറകെ ചെന്നു.കല്യാണം കഴിക്കാത്ത ഏതൊരു ചെക്കനും ഒരു സുന്ദരിപ്പെണ്ണിനെ കാണുമ്പോഴുള്ളൊരു കൗതുകം മാത്രമായിരുന്നു…

ഞാൻ ചെല്ലുമ്പോൾ അവിടെ കണ്ട കാഴ്ചയെന്നെ അത്ഭുതപ്പെടുത്തി.ബുളളറ്റുകാരിയും അനിയനും കൂടി കൊണ്ടുവന്ന വലിയ കവറിൽ നിന്ന് ഭക്ഷണപ്പൊതി അവിടെയുള്ള ആലംബഹീനരായ രോഗികൾക്ക് ദാനം ചെയ്യുന്നു.
ഈ വന്നകാലത്ത് ആരും ചെയ്യാത്ത കാര്യം.അതെന്റെ മനസ്സിനെ വല്ലാതെ പിടിച്ചു കുലുക്കി.
“ഈശ്വരാ നല്ല മനസ്സുളളവർ.ഇവളെ വിവാഹം കഴിക്കുന്ന പയ്യൻ ഭാഗ്യവാൻ…”

ആത്മഗതം ചെയ്തത് കുറച്ചു ഉച്ചത്തിലായിപ്പോയി.കേട്ടുകൊണ്ട് നിന്ന സഹപ്രവർത്തകൻ പറഞ്ഞു..
“മച്ചു കൊത്താൻ നിൽക്കണ്ട.പാവം കുട്ടിയാണ്.ജീവിച്ചു പോകട്ടെ പാവം…”
അയാളത്രയും പറഞ്ഞപ്പോൾ എനിക്ക് അവളെ കുറിച്ച് കൂടുതൽ അറിയാൻ കൊതിയായി.അവനെക്കൊണ്ട് നിർബന്ധിപ്പിച്ചു കൂടുതൽ കാര്യങ്ങൾ അറിഞ്ഞു….

ഒരു സാധാരണ കുടുംബത്തിലെ അംഗമാണ് അവളും അനുജനും.അമ്മയും അച്ഛനും ചെറുപ്പത്തിൽ തന്നെ മരണമടഞ്ഞു. അവളിപ്പോൾ സ്വന്തമായിട്ടൊരു ടൂവീലർ വർക്ക്ഷോപ്പ് നടത്തുന്നു.അനിയനും പഠിത്തം നിർത്തി അവളെ സഹായിക്കുന്നു…..

ചെറുപ്പത്തിലവർ ശരിക്കും പട്ടിണി അനുഭവിച്ചിട്ടുണ്ട്. അവരുടെ അച്ഛനും അമ്മയും കഴിവു പോലെ പാവങ്ങൾക്ക് ആഹാരം നൽകിയട്ടുണ്ട്.ഇന്ന് അവരും ഈ പാത പിന്തുടരുന്നു…
എനിക്ക് അവരാകെ അത്ഭുതമായി മാറി.ദിവസേനയുളള കണ്ടുമുട്ടൽ ഒരു ചെറുപുഞ്ചിരി അവളിൽ വിടർന്നു.പതിയെ ഞങ്ങൾ കൂടുതൽ അടുപ്പത്തിലായി.

ദിവസവും ആഹാരവുമായി അവൾ വരും.ആഴ്ചയിലെ ഞായറാഴ്ച ഒഴിവ്.അന്ന് ഫുൾ റെസ്റ്റ്…
അവളുടെ പെരുമാറ്റം എന്നിൽ മതിപ്പുളവാക്കി.ആദ്യം തോന്നിയ ഇഷ്ടം പ്രണയമായി മാറി.അവളോടത് തുറന്ന് പറഞ്ഞപ്പോൾ സമ്മതിച്ചില്ല…

“ചേട്ടൻ ഞങ്ങളെ കുറിച്ച് എന്ത് അറിഞ്ഞിട്ടാ ഇഷ്ടം കൂടുന്നത്.ഞങ്ങൾ പാവങ്ങളാണ്….”
അവൾ പറഞ്ഞപ്പോൾ ഞാൻ മറുപടി നൽകി..
“എനിക്ക് നിങ്ങളെ കുറിച്ച് എല്ലാം അറിയാം…”

“ചേട്ടനു അറിയാത്ത കുറച്ചു കാര്യങ്ങൾ കൂടി ഉണ്ട്. വർക്ക്ഷോപ്പ് അച്ഛൻ നടത്തി വന്നതാ.സ്വന്തം സ്ഥലത്തായിരുന്നു. എന്റെ അച്ഛൻ അമ്മയെ കൊന്നിട്ട് ചത്തതാണ്.സംശയ രോഗം. ശരിക്കും പറഞ്ഞാൽ ഭക്ഷണത്തിൽ വിഷം ചേർത്തതാണ്. എന്താണെന്ന് അറിയില്ല അച്ഛൻ ഞങ്ങളെ ഒഴിവാക്കി..പരാതി ഇല്ലാത്തതിനാൽ കൂടുതൽ കാര്യങ്ങൾ ആർക്കും അറിയില്ല .”

അവളുടെ ശബ്ദമൊന്നിടറി…..

“എല്ലാവർക്കും മുമ്പിൽ നന്നായി നടക്കണമെന്ന് ആഗ്രഹമുളളതിനാൽ പണക്കാരെ പോലെ വേഷം അണിയുന്നു.അയല്പക്കത്തെ ഒരു ബന്ധുവാണു ടൂവീലർ പണി പഠിപ്പിച്ചത്.ഇപ്പോൾ അനിയനും ചെയ്യുന്നു.ഇവനെ പഠിക്കാൻ മണ്ടനാ…പിന്നെ എനിക്കീ ബുളളറ്റിന്റെ ശബ്ദമൊരു വല്ലാത്ത ഹരമാണ്.അതുകൊണ്ട് പഴയതൊരണ്ണം ഒപ്പിച്ചെടുത്തു.”

അനിയന്റെ മണ്ടക്കിട്ട് ഒന്നു കൊടുത്തിട്ടാണു അവൾ പറഞ്ഞത്.എന്നെ ഒഴിവാക്കാൻ ശ്രമിച്ചെങ്കിലും ഞാൻ പിന്മാറിയില്ല.

സമ്മതം അറിഞ്ഞിട്ട് വീട്ടിൽ പറയണമെന്ന് അറിയിച്ചപ്പോൾ അവളെതിർത്തു…
“ചേട്ടനു നിർബന്ധമാണെങ്കിൽ ആദ്യം വീട്ടുകാരെ അറിയിക്ക്.ഞാൻ സമ്മതം മൂളിയാൽ എന്റെയുള്ളിൽ പലവിധ ആശകൾ പൂവിടും.അതുകൊണ്ട് ആദ്യമിത് ചെയ്യ്…”
അവൾ പറഞ്ഞതാണ് ശരി.ആശ കൊടുത്തിട്ട് ആഗ്രഹിച്ച ജീവിതം കിട്ടിയില്ലെങ്കിൽ പിന്നെ ഇരുകൂട്ടർക്കും ദുഖമാകും…

കല്യാണക്കാര്യം പറഞ്ഞപ്പോൾ ബുളളറ്റിൽ കയറിപ്പിടിച്ചു.
അമ്മയോട് അവളുടെ കാര്യം പറഞ്ഞപ്പോൾ നൂറുവട്ടം സമ്മതം. മനസിൽ നന്മയുളള പെണ്ണിനെ കിട്ടുകാന്ന് പറയുന്നത് തന്നെയൊരു ഭാഗ്യമാണെന്ന് അമ്മ പറഞ്ഞു…

പെണ്ണുകാണാൻ ചെന്നപ്പോൾ അവളൊരു കണ്ടീഷൻ മുമ്പോട്ട് വെച്ചു…
“വിവാഹം കഴിഞ്ഞു അനിയനെയും കൂടെ കൂട്ടണം.ആശുപത്രിയിൽ ആഹാരം കൊടുക്കുന്ന തിനും മുടക്കു വരാൻ പാടില്ല…”

എനിക്കും അമ്മക്കും സമ്മതമായിരുന്നു കണ്ടീഷൻ…
“അല്ല ബുളളറ്റുകാരിയെ കെട്ടൂന്ന് എന്തായിരുന്നു ഇത്രവാശി…”

അവളുടെ ചോദ്യത്തിന് പുഞ്ചിരിയാദ്യം നൽകീട്ട് പറഞ്ഞു…
“എനിക്ക് ബുളളറ്റ് വല്യയിഷ്ടമാണ്.പക്ഷേ ഓടിക്കാനറിയില്ല.ഇടക്ക് ഒന്നു വീശും.അപ്പോൾ ബുളളറ്റുകാരീടെ പിന്നിലിരുന്നൊരു യാത്ര അതും ഒരു ഹരമാണേ…”
‘കൊല്ലും ഞാൻ… ”

“അതുമാത്രമല്ലടോ.ഇന്നത്തെ കാലത്ത് ആഹാരം വെറുതെ വലിച്ചെറിഞ്ഞാലും വിശക്കുന്നവർക്ക് അത് ആരും നൽകാൻ തയ്യാറാകുന്നില്ല.കിട്ടുന്ന വരുമാനത്തിൽ നിന്നൊരു പങ്ക് മാറ്റിവെച്ച് വിശക്കുന്നവർക്ക് ആഹാരം നൽകാനുള്ള ഈ നല്ല മനസ്സ് തന്നെയാണ് എന്നെയേറെ ആകർഷിച്ചതും…”

ഞാനത് പറഞ്ഞു തീരുമ്പഴേക്കും കുറുകി കൊണ്ടവൾ എന്നെ ആലിംഗനം ചെയ്തു…
“കൂടെയുണ്ടായിരിക്കും ഞാൻ എപ്പോഴും നിന്റെ കൂടെ…”
അവളുടെ ചെവിയിൽ ഞാൻ മന്ത്രിച്ചു….

A story by സുധീ മുട്ടം

About Intensive Promo

Leave a Reply

Your email address will not be published.