മരണം… എന്തൊരു വാക്കാണത്. എല്ലാമെല്ലാമായിരുന്നവര്‍ നമുക്ക് ചുറ്റം ശൂന്യത സൃഷ്ടിച്ച് എങ്ങോട്ടോ പോയ് മറയുന്നു. ആ ശൂന്യതയെ മറികടക്കാന്‍ അത്ര എളുപ്പം കഴിയണമെന്നില്ല. ആ മരണം അകാലത്തിലാണെങ്കിലോ?
അങ്ങനെയുളളയൊരു മരണമായിരുന്നു ബാലഭാസ്ക്കറിന്റേത്. കാറപകടത്തിന്റെ രൂപത്തില്‍ മരണം അദ്ദേഹത്തെയും മകള്‍ ജാനിയേയും കവര്‍ന്നപ്പോള്‍ ചുറ്റുമുളളവര്‍ക്ക് അത് ഉള്‍ക്കൊളളാന്‍ ഇതുവരെ സാധിച്ചിട്ടില്ല.
അദ്ദേഹത്തിന്റെ സുഹൃത്തും പ്രശസ്ത മെന്റലിസ്റ്റുമായ ആദി, ബാലഭാസ്ക്കറിനൊപ്പമുളള മറക്കാനാകാത്ത നിമിഷങ്ങളെപ്പറ്റി തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരിക്കുകയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു പുതുമയുളള പരിപാടി ബാലുവിനൊപ്പം ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നെന്നും സംഗീതലോകത്ത് പ്രശസ്തിയുടെ ഉയരങ്ങളില്‍ നിന്നിരുന്ന അദ്ദേഹം, മലയാളത്തില്‍ ഒട്ടും അറിയാതിരുന്ന തന്റെ മേല്‍വിലാസത്തെ അവഗണിച്ചില്ലയെന്നും ആദി പറയുന്നു.
What I am capable of’ എന്ന് തന്റെ അഹം കാണിച്ചു കൊടുത്ത ചില effects’ കുട്ടികള്‍ കണ്ടിരിക്കുന്ന ആശ്ചര്യത്തിലാണ് ബാലു സ്വീകരിച്ചത്. നിങ്ങളുടെയെല്ലാം ‘ബാലഭാസ്കര്‍’ തനിക്ക്’ബാലു’ ആകുന്നത് അന്നു മുതലാണ്. അന്നുതൊട്ടിന്നുവരെ പരസ്പരം സംസാരിക്കാതെ ഒരു തിരുമാനവും എടുത്തിട്ടില്ല: കലയിലായാലും ജീവിതത്തിലായാലുമെന്ന് ആദി കൂട്ടിച്ചേര്‍ത്തു.
അവനില്ല എന്ന തിരിച്ചറിവോടെ ഒരു വേദി അഭിമുഖീകരിക്കേണ്ടതെങ്ങനെ എന്നറിയില്ല. പഠിക്കണം എന്നു പറഞ്ഞാണ് ആദി ഫസേ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്. ബാലഭാസ്ക്കറിന്റെ മരണം മൂലം ഉണ്ടായ ആഘാതത്തില്‍ നിന്ന് ഇതുവരെ കുടുംബാംഗങ്ങളോ സുഹൃത്തുക്കളോ ആരാധകരോ മുക്തമായിട്ടില്ല. അദ്ദേഹത്തിന്റെ പ്രാണസഖി ഇതുവരെ തന്നെ തനിച്ചാക്കി ജാനിയും ബാലുവും അറിഞ്ഞിട്ടില്ല.
ആദിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
‘നിഗൂഢതകള്‍ ബാക്കി നില്ക്കുന്നതെന്തും കണ്ടു പഠിക്കണം എന്ന യാത്രയില്‍, 5 വര്‍ഷങ്ങള്‍ക്കു മുന്നേ, ബര്‍മുഡ ദ്വീപിലെ ഒരു വൈകുന്നേരമാണ്, ആരും കണ്ടു ശീലിച്ചിട്ടില്ലാത്ത പുതുമയുള്ള ഒരു പ്രോഗ്രാം design ചെയ്യണം എന്നു ചിന്തിക്കാനുള്ള ആത്മവിശ്വാസമുണ്ടാകുന്നത്.
ചെറുപ്പം മുതലേ ഒരുപാട് ആരാധനയുള്ള ‘ബാലഭാസ്കര്‍’ കൂടയുണ്ടാകുമെങ്കില് എന്നത് സ്വപ്നം! രണ്ടു പേരുടെയും ആത്മമിത്രമായ രാജമൂര്ത്തിയോട് സംസാരിച്ചു. ”നല്ല ആശയം” എന്നഭിപ്രായം കേട്ടതിനു ശേഷം നേരിട്ടെഴുതി. സംഗീതലോകത്ത് പ്രശസ്തിയുടെ ഉയരങ്ങളില്‍ നില്ക്കുമ്പൊഴായിട്ടു കൂടി, മലയാളത്തില്‍ ഒട്ടും അറിയാതിരുന്ന എന്റെ മേല്‍വിലാസത്തെ അദ്ദേഹം അവഗണിച്ചില്ല! ”മൂര്ത്തിച്ചേട്ടന് പറഞ്ഞിരുന്നു. Excellent concept, നമുക്കിത് ചെയ്യണം” എന്നു മറുപടി. അതിനുശേഷം ഒരുപാട് ആലോചിച്ചിട്ടുണ്ട്; അദ്ദേഹത്തിന്റെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍ വേദിയില്‍ കൂട്ടു ചേരുന്ന ആളെപ്പറ്റി ഒന്നുമറിയാതെ ഒരനുകൂല തിരുമാനമെടുക്കില്ലായിരുന്നു.
32 ദിവസമാണ് ദുബായിലെ ‘Ductac’ എന്ന പ്രൗഢിയുള്ള തീയേറ്ററില്‍ ‘Mind & Music’ എന്ന പേരില്‍ ആദ്യ പരിപാടി തുടങ്ങാനുള്ള ദൂരം. പതിമൂന്നു ദിവസത്തിനു ശേഷം, ”ഇനിയൊരിക്കലും വയലില്‍ വായിക്കില്ല” എന്ന രീതിയില്‍ ബാലഭാസ്കറിന്റെ Fb Page കാണിച്ചു തന്ന പേടിപ്പിക്കുന്ന വരികള്‍. രാജയോടു വിളിച്ചു സംസാരിച്ചപ്പോള്‍ ”ഇതു നടക്കണം, നമുക്കവനെ തിരിച്ചു കൊണ്ടുവരണം” എന്നു സമാധാനിപ്പിച്ചു. അന്നു പ്രോഗ്രാം organise ചെയ്ത സുഹൃത്ത് Nisad ആത്മവിശ്വാസത്തോടെ തന്ന പിന്തുണയും…
ജനുവരി 4 നു, പ്രോഗ്രാമിന്റെ തലേ ദിവസം ദുബായിലെ Novotel ഹോട്ടലില്‍ വച്ചാണ് എല്ലാവരും ഒത്തുകൂടുന്നത്. പ്രോഗ്രാമിന്റെ ആശയം വിശദീകരിക്കുമ്പോള്‍, ഇതൊക്കെ നടക്കുമോ! എന്ന ഭാവത്തില്‍ എല്ലാം കേട്ടിരുന്നു. ”കൂടുതല്‍ നേരത്തേ ആയിപ്പോയോ! നാളെ Show കഴിഞ്ഞിട്ട് പറഞ്ഞു തന്നാല്‍ മതിയായിരുന്നല്ലോ” എന്നു ഹാസ്യം കൊണ്ടുള്ള തല്ല്.
‘What I am capable of’ എന്ന് എന്റെ അഹം കാണിച്ചു കൊടുത്ത ചില effects’ കുട്ടികള്‍ കണ്ടിരിക്കുന്ന ആശ്ചര്യത്തിലാണ് അയാള്‍ സ്വീകരിച്ചത്. ഇതൊക്കെ എത്രയോ കണ്ടതാണ് എന്ന ഭാവത്തില്‍ രാജയും രാജേഷേട്ടനും ഷെറിനും തൊട്ടടുത്തുണ്ടായിരുന്നു. എന്റെ ഭ്രാന്തുള്ള ചിന്തകള്‍ക്ക്, ഇത്രയും വലിയൊരു ആര്‍ട്ടിസ്റ്റിനെ എത്രത്തോളം സ്റ്റേജില്‍ ഉപയോഗിക്കാന്‍ പറ്റും എന്നു പേടിച്ചിരുന്ന ഞങ്ങള്‍ക്ക്, ആവേശത്തോടെ ”എന്നെക്കൊണ്ട് കൂടുതലെന്തെങ്കിലും ചെയ്യിക്കൂ” എന്ന് അദ്ദേഹം തന്നെ ഇടയ്ക്കിടെ പറയാന്‍ തുടങ്ങി. നിങ്ങളുടെയെല്ലാം ‘ബാലഭാസ്കര്‍’ എനിക്ക് ‘ബാലു’ ആകുന്നത് അന്നു മുതലാണ്. അന്നുതൊട്ടിന്നുവരെ പരസ്പരം സംസാരിക്കാതെ ഒരു തിരുമാനവും എടുത്തിട്ടില്ല: കലയിലായാലും ജീവിതത്തിലായാലും.
അന്നുവരെ 100 പേരില്‍ ഒരുങ്ങുന്ന ഒരു വേദിയില്‍ പെര്‍ഫോം ചെയ്തിരുന്ന എനിക്ക് തീയേറ്റര്‍ എന്താണെന്ന് ഒരു ധാരണയും ഇല്ലായിരുന്നു. സ്റ്റേജില്‍ വരുത്തുന്ന ഓരോ കുഞ്ഞു തെറ്റുകളും കൂടെയുള്ള രണ്ടുപേരുടെയും prestige മാത്രമാണ് എന്നെ ഓര്‍മ്മപ്പെടുത്തിയത്; പേടിപ്പിച്ചത്്. Drama എനിക്കു ചേരില്ലെന്നു തിരിച്ചറിഞ്ഞപ്പോള്‍ സ്ക്രിപ്റ്റ് ഇല്ലാത്ത ഒരു രീതിയിലേക്ക് പ്രോഗ്രാം രൂപപ്പെടുകയായിരുന്നു.
”നമ്മുടെ സൗഹൃദവും തല്ലു കൂടലുമെല്ലാം വേദിയിലുമുണ്ടായാല് മതി, ഓരോ തവണ ഷോ കാണാന്‍ വരുന്ന ആള്‍ക്കാര്‍ക്കും അവര്‍ക്കു വേണ്ടി മാത്രമുള്ളൊരു പ്രോഗ്രാം”… അതിനുശേഷം മാസങ്ങളെടുത്ത് മൂന്നു പേരും ചേര്‍ന്ന് ഹൃദയം കൊണ്ടുണ്ടാക്കിയതാണ് ഇന്നത്തെ ‘M Show’
എത്രയോ തവണ ബാലുവിന്റെ വായനയില്‍ ലയിച്ചിരുന്ന് സ്റ്റേജില്‍ അടുത്തതെന്താണ് ചെയ്യേണ്ടത് എന്നു മറന്നു പോയിട്ടുണ്ട്. ഇതെപ്പറ്റി പറയുമ്പൊഴെല്ലാം ”തിരിച്ചും അങ്ങനെ തന്നെയാണ്” എന്നാവും മറുപടി. എന്നെ സമാധാനിപ്പിക്കാനുള്ള തമാശ. ഇനി അങ്ങനെയൊന്നുണ്ടാവില്ലെന്നറിയാം… അവനില്ല എന്ന തിരിച്ചറിവോടെ ഒരു വേദി അഭിമുഖീകരിക്കേണ്ടതെങ്ങനെ എന്നറിയില്ല. പഠിക്കണം…’