വാഹനാപകടത്തില്‍ മരണപ്പെട്ട വയലിനിസ്റ്റ് ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിക്കു ബോധം തെളിഞ്ഞു. സുഹൃത്തും സംഗീതജ്ഞനുമായ സ്റ്റീഫൻ ദേവസ്സിയാണ് ഈ കാര്യം അറിയിച്ചത്. എന്നാൽ ലക്ഷ്മിക്കു സംസാരിക്കാൻ കഴിയുന്നില്ല. ബാലഭാസ്കറിന്റെയും മകൾ തേജസ്വിനി ബാലയുടെയും മരണം അവരെ അറിയിച്ചിട്ടില്ലെന്നും സ്റ്റീഫൻ പറഞ്ഞു. തിങ്കളാഴ്ചയോടെ ലക്ഷ്മിയെ വെന്റിലേറ്ററിൽനിന്നു മാറ്റുമെന്നാണു പ്രതീക്ഷയെന്നും സ്റ്റീഫൻ കൂട്ടിച്ചേർത്തു.
സ്റ്റീഫന്റെ വാക്കുകള്‍ ഇങ്ങനെ: ‘ഇന്നലെ വൈകിട്ട് ലക്ഷ്മിയുടെ ആരോഗ്യനിലയുമായി ബന്ധപ്പെട്ടു ഡോ. സുരേഷിനോടു സംസാരിച്ചിരുന്നു. ലക്ഷ്മി കഴിഞ്ഞ ദിവസം കണ്ണുതുറന്നതായി ഡോക്ടർ അറിയിച്ചു. ലക്ഷ്മിക്കു ബോധം തെളിഞ്ഞിരുന്നു. ഇപ്പോൾ അവർക്ക് എല്ലാം കേൾക്കാനും കാണാനും തിരിച്ചറിയാൻ കഴിയുന്നുണ്ട്. അവർ പ്രതികരിക്കുന്നുണ്ട്. പക്ഷേ, സംസാരിക്കാൻ സാധിക്കുന്നില്ല.
ഇപ്പോഴും വെന്റിലേറ്ററിൽ തന്നെയാണ്.
ദുരന്തത്തെക്കുറിച്ച് അവർക്കിപ്പോഴും ഒന്നും അറിയില്ല. അവരോട് എങ്ങനെ ഇതു പറയുമെന്നറിയില്ല. തിങ്കളാഴ്ചയോടെ ലക്ഷ്മിയെ വെന്റിലേറ്ററിൽനിന്ന് ഐസിയുവിലേക്കോ റൂമിലേക്കോ മാറ്റാൻ സാധിക്കുമെന്നാണു പ്രതീക്ഷ. ലക്ഷ്മി ഉറപ്പായും തിരിച്ചുവരും എന്നാണു ഡോക്ടർ പറയുന്നത്.
അതു പോസിറ്റീവ് ആയി നമുക്ക് കാണാം. ലക്ഷ്മിയെ ബാലയുടെ കുടുംബവും അവരുടെ കുടുംബവും ഈ വിവരങ്ങളെല്ലാം അറിയിക്കേണ്ടതുണ്ട്. ലക്ഷ്മിക്ക് ഇതെല്ലാം കേള്‍ക്കാനുള്ള ആത്മധൈര്യം ഉണ്ടാകട്ടെ എന്നു നമുക്ക് പ്രാർഥിക്കാം. ലക്ഷ്മിക്ക് എങ്ങനെ താങ്ങാന്‍ പറ്റുമെന്ന് അറിയില്ല. ബാലുവിനെ സ്നേഹിക്കുന്നവരെല്ലാം പ്രാർഥിക്കും.’