മാഞ്ഞാലിയിലെ മനുഷ്യരെ വര്‍ഗ്ഗീയ മതില് കെട്ടിയടച്ച വികാരി. ജിമ്മൊക്കെ ചെയ്ത് പെരുപ്പിച്ചു കയറ്റിയ മസില് കാണിച്ചുള്ള ചിത്രങ്ങള്‍ ആളുകള്‍ പ്രചരിപ്പിക്കുന്നതിലും ലൈക്കടിക്കുന്നതും ത്രില്ലാണത്രേ വികാരിക്ക്! ഇത്തരം വൈകാരികമായ ആഹ്ളാങ്ങളുടെ ചരിത്രമാണ് പലയിടങ്ങളില്‍ നിന്ന് ആളെ മാഞ്ഞാലിയിലേക്ക് എത്തിച്ചതെന്നും നാട്ടുകാര്‍ പറയുന്നു.
മനുഷ്യരുടെ വഴിനടക്കാനുള്ള അവകാശത്തിനു മേല്‍, സര്‍ക്കാര്‍ സ്ഥലം മതിലുകെട്ടി അടച്ചതോടെ ഫാ. കോളിന്‍സ് ഇലഞ്ഞിക്കലിന്റെ മസില് ബലത്തിനെതിരെ നാട്ടുകാര്‍ സഹനസമരം ആരംഭിച്ചു . ഇപ്പോള്‍ രണ്ട് വര്‍ഷമായി. കെട്ടിയടച്ച ചുവരുകള്‍ക്കുള്ളിലെ സമരപ്പന്തലില്‍ വഴിമുട്ടിയ ദരിദ്ര കുടുംബങ്ങളെ പ്രതിനിധീകരിച്ച് ജമീല ജീവന്മരണ സമരം തുടങ്ങുകയാണ്.
ആഢംബരം ഒഴിവാക്കുന്നതിന്റെ ഭാഗമായി വലിയ കാര്‍ ഉപേക്ഷിച്ച വരാപ്പുഴ ബിഷപ്പിന്റെ കീഴിലാണ് ഈ വികാരിയുടെ ജീവിതം.
വൈദികനോട് ഒരു ഓണ്‍ലൈന്‍ വെബ്സൈറ്റ് നടത്തിയ അഭിമുഖത്തില്‍ നിന്ന്
ഫാ.കോളിന്‍സ്, പരാതി ഗുരുതരമാണ്. ദരിദ്രരായ മനുഷ്യരുടെ വഴി താങ്കള്‍ മുന്നില്‍ നിന്ന് അടച്ചു എന്നത് കേരളം ഞെട്ടലോടെയാണ് കേട്ടത്?
കാശ് കൊടുത്ത് പള്ളി വാങ്ങിയ സ്ഥലമാണ്. ജമീലയുടെ ഭര്‍ത്താവ് കരീമിന് ലോറി കയറുന്ന വഴി വേറെയുണ്ട്. ഞാന്‍ വേണമെങ്കില്‍ അവര്‍ അടച്ചു കെട്ടുന്നതിന്റെ ഫോട്ടോ അയച്ചു തരാം. 2018വരെ പള്ളി കരം അടച്ച സ്ഥലമാണ്. കളക്ടര്‍ ഭൂമി അളക്കാന്‍ ഓഡറിട്ടതാണ്. പള്ളി നാലുപാര്ശ്വവും സ്ഥലം അളന്നു. ഇവരെന്താ ഇവരുടെ ഭൂമി അളക്കാത്തത്.
സര്‍ക്കാര്‍ ഭൂമി പള്ളിക്ക് പതിച്ചു കിട്ടുമ്പോള്‍ തല്‍സ്ഥിതി തുടരണം എന്നായിരുന്നില്ലേ? പൊതുവഴി അടയ്ക്കരുത് എന്ന് വ്യക്തമല്ലേ അതില്‍?
ഒരിക്കലുമില്ല. കോടതിയില്‍ ഈ വാദം വന്നതാണ്. ഇവരീ ഭൂമിയില്‍ പ്രവേശിക്കരുത് എന്നു പറഞ്ഞ് കോടതി ഉത്തരവുള്ളതാണ്. കളക്ടര്‍ ഇവരുടെ സൈഡ് നിന്നു. കളക്ടര്‍ ഇതില്‍ ഓര്‍ഡര്‍ ഇടരുതെന്ന സ്റ്റേ നില്‍ക്കുന്നതാണ്. ഞങ്ങള്‍ പ്രോപ്പര്‍ട്ടി സര്‍ക്കാരില്‍ നിന്നു വാങ്ങുന്നത് 750 രൂപയ്ക്കാണ്. അന്നീ നാട്ടിലെ വില 300-400 രൂപയാണ്. വില കുറച്ചു തരണം എന്നു പറഞ്ഞ് രൂപതയുടെ ലെറ്റര്‍ റവന്യു ഓഫീസിലുണ്ട്. വേണമെങ്കില്‍ മേടിച്ചാല്‍ മതി എന്ന റിപ്ലേയും നമ്മുടെ കയ്യിലിരിപ്പുണ്ട്. പള്ളി ഒരു കാര്യത്തിന് ഡോക്കുമെന്റ്സ് ഇല്ലാതെ ഇറങ്ങുമോ? ഇപ്പോള്‍ ബിഷപ്പിനെയും കന്യാസ്ത്രീകളേയും സംബന്ധിച്ച വിഷയം വന്നപ്പോള്‍ പ്രഹസനവുമായി ഇറങ്ങിയിരിക്കുകയാണ്. ഞങ്ങള്‍ വഴി അടച്ചു കെട്ടി എന്നു പറയുന്ന അബ്ദുള്‍കരിം (ജമീലയുടെ ഭര്‍ത്താവ്) ഇതുവരെ പരാതികളൊന്നും പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി കൊടുത്തില്ല?
ഇത് അബ്ദുള്‍ കരീമിന്റെ മാത്രം പ്രശ്നമല്ലല്ലോ. ജമീല അവിടെ വഴിയടഞ്ഞ എല്ലാവര്ക്കും വേണ്ടിയല്ലേ നിരാഹാര സമരം നടത്തുന്നത്?
എന്തുകൊണ്ട് ആ സമരസമിതിയില്‍ കോണ്‍ഗ്രസും കമ്യൂണിസ്റ്റുമില്ല? ഒരു ക്രിസ്ത്യന്‍ പ്രശ്നമാണല്ലോ – എന്നിട്ടെന്തുകൊണ്ട് ബിജെപി നിക്കുന്നില്ല. സമരസമിതിയില്‍ മാഞ്ഞാലിയില്‍ നിന്ന് മൂന്നു പേരാണുള്ളത്. ഈ നാട്ടിലെ ആരെങ്കിലും ഇവരെ സപ്പോര്‍ട്ട് ചെയ്യുന്നുണ്ടോ? പിന്നെ കരീമിന് വഴി വേണ്ടാ എന്നു പറഞ്ഞ് എഴുതി ഒപ്പിട്ടത് ഞങ്ങളുടെ കയ്യിലുണ്ട്.
രണ്ട് വര്‍ഷമായി സമരം നടക്കുന്നു എന്നു പറയുന്നതില്‍ വാസ്തവമില്ലേ അപ്പോള്‍?
ഒരു വര്‍ഷമേ ആയുള്ളു. ഞങ്ങളിവിടെ ടൈല്‍ ഇട്ടെന്നു പറഞ്ഞാണ് സമരം തുടങ്ങിയത്. കോടതിയില്‍ ഇരിക്കുന്ന കേസല്ലേ. ഞങ്ങളെന്തു ചെയ്യാന്‍. കോമ്പ്രമൈസിന് എസ്ഡിപിഐക്കാര് വന്നിട്ടുണ്ടായിരുന്നു. താഴത്ത് കുഴിയാണ്. ഒരു മീറ്റര്‍ വഴി വിട്ടു തരാമെന്ന് ഞാന്‍ അവരോട് പറഞ്ഞിരുന്നു. രണ്ട് മീറ്റര്‍ വീട്ടുകാരുടെ പുരയിടത്തില്‍ സര്‍ക്കാര്‍ സ്ഥലം കിടപ്പുണ്ട്. ഈ വാക്ക് മാറില്ലല്ലോ അച്ചാ എന്നും പറഞ്ഞ് പോയ ജമാഅത്തുകാരേയും എസ്ഡിപിഐക്കാരേയും പിന്നെ കണ്ടില്ല.
മതത്തിന്റെ പ്രശ്നമാണോ… സിറിയന്‍ ക്രിസ്ത്യാനികള്‍ക്കും വഴിയില്ലല്ലോ?
ഇപ്പോള്‍ ജാതിയുടെ പ്രശ്നത്തിലാണ് കളിക്കുന്നത്.
ജമീലയ്ക്ക് ശേഷം സിറിയന്‍ ക്രിസ്ത്യന്‍ വീട്ടിലെ ഒരാള്‍ നിരാഹാരം കിടന്നാല്‍, മതത്തിന്റെ പേരിലാണ് എന്ന വാദം പൊളിയില്ലേ?
സിറിയന്‍ ക്രിസ്ത്യന്‍ എന്നു പറയുന്നവര്‍ക്ക് നടക്കാന്‍ വഴി കൊടുത്തിട്ടുണ്ട്. ഇവര്‍ പേപ്പര്‍ കാണിക്കട്ടെ. കോടതി എന്നു പറഞ്ഞാല്‍ പേപ്പറിലാണ്.
വൈദികനോടായതു കൊണ്ടാണ് ചോദ്യം. പ്രശ്നം വരുമ്പോള്‍ പേപ്പറില്‍ മാത്രമല്ലല്ലോ കാര്യം. അല്ലാതെയും പരിഹരിക്കാമല്ലോ?നിലവില്‍ എട്ടേക്കറിലധികം സ്ഥലം പള്ളിക്ക് ഉണ്ടായിരുന്നു- സെമിനാരിക്ക് മൂന്നേക്കര്‍ വില്ക്കുന്നതിനു മുന്‍പ്. ആവശ്യത്തിലധികം സ്ഥലമുള്ള പള്ളിയല്ലേ. വഴിനടക്കണം എന്ന പ്രാഥമിക ആവശ്യം പോലും സ്നേഹപൂര്‍വ്വം പരിഹരിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന സംശയം ന്യായമല്ലേ?
തൊട്ടു താഴെ ഒരു മുസ്ലിം പള്ളിയുണ്ട്. അവിടെ എഴുതി വച്ചിട്ടുണ്ട് ഇത് പൊതുവഴിയല്ലെന്ന്. അവിടെ താഴത്തെ വീട്ടുകാര്‍ മുസ്ലിം പള്ളിക്ക് എതിരെ കേസ് കൊടുത്തിരിക്കുകയാണ്. എന്താണ് അവിടെ പള്ളി സ്ഥലം കൊടുക്കാത്തത്?
ഒരു വഴി പൊതുവഴിയല്ല എന്ന് പറയുമ്പോള്‍, പള്ളിയിലേക്കുള്ള വഴി ദൈവത്തിലേക്കുള്ള വഴിയല്ലേ, അത്തരം ഒരു വഴിയില്‍ പൊതുവഴിയല്ല എന്നൊക്കെ എഴുതി വക്കുന്നത് കാണുന്നത് എത്രമാത്രം വിരുദ്ധമാണ്?
ഞങ്ങള്‍ പൊതുവഴിയല്ലെന്ന് എഴുതിയിട്ടില്ല. പ്രൈവറ്റ് വഴിയാണ് എന്നാണ് എഴുതിയിരുക്കുന്നത്. കാരണം വഴിയില്‍ കൊണ്ടുവന്ന് പാര്‍ക്കിങ്ങാണ്. ഞായറാഴ്ചകളില്‍ ഇവരുടെയെല്ലാം വണ്ടി വഴിയില്‍ കിടക്കും.
കളക്ടര്‍ വഴി കൊടുക്കണം എന്ന ആവശ്യം ഉന്നയിച്ചിട്ടും താങ്കളത് അംഗീകരിച്ചില്ല?
കളക്ടറിന് സിപിഐഎമ്മിന്റെ ഇവിടുത്തെ പഞ്ചായത്ത് പ്രസിഡന്റ് എഴുതി കൊടുത്തതില്‍ ഇത് പൊതുവഴിയാണെന്ന് വന്നു. അതുകൊണ്ടാണ് കളക്ടറുടെ ആ ഓര്‍ഡര്‍ വന്നത്. പിന്നീട് കോടതിയില്‍ പോയി ഇത് പൊതുവഴിയല്ല, പള്ളിക്ക് കൊടുത്ത കരഭൂമിയാണ് എന്നു വ്യക്തമാക്കി. പള്ളിയിലെ വിശ്വാസികള്‍ക്ക് ഒരുമിച്ചു കൂടാനും പ്രാര്‍ത്ഥനയ്ക്കും കാര്യങ്ങള്‍ക്കും ഒന്നിച്ചു പോകാനും സര്‍ക്കാര്‍ തന്ന ഭൂമിയാണത്. അല്ലാതെ തൊട്ടടുത്തുള്ള വീട്ടുകാര്‍ക്ക് കൊടുക്കാന്‍ തന്ന ഭൂമിയല്ല. ഇപ്പോള്‍ത്തന്നെ ഈ വഴിയൊക്കെ ഇട്ടു കൊടുത്തത് ഞാനാണ്. കരീമിന് ഒഴിച്ച് ബാക്കി എല്ലാവര്ക്കും വഴി ഇട്ടിട്ടുണ്ട്.
കരീമിന് മാത്രം എന്താ കൊടുക്കാതിരുന്നത്?
കരീമിന് അപ്പുറത്ത് വഴിയുണ്ട്.
കരീമിന്റെ അവിടെ മാത്രം ബോധപൂര്‍വ്വമായി മതില് കെട്ടി അടച്ചിരിക്കുന്നു?
കരീമിന്റെ വഴിയാണെന്ന് ആധാരത്തിലോ, എവിടെയെങ്കിലും കാണിച്ചു താ.
പഞ്ചായത്ത് ഇതു പൊതുവഴിയാണെന്ന നിലപാട് എടുത്തത് എന്തുകൊണ്ടാകും?
പഞ്ചായത്ത് പ്രസിഡന്റ് കമ്യൂണിസ്റ്റിന്റെ ഇവിടുത്തെ സെക്രട്ടറിയായിരുന്നു. ഷാമോന് എന്നു പറയുന്നയാള്‍. ഇപ്പോള്‍ അയാളെ എന്തുകൊണ്ട് പാര്‍ട്ടി പുറത്താക്കി എന്ന് അന്വേഷിച്ചു നോക്ക്. അവര്‍ക്ക് സ്വാധീനമുള്ള കളക്ടറായിരുന്നതുകൊണ്ട് സ്വാധീനിച്ചു.
കോടതി പറയട്ടെ എന്നാണോ താങ്കളുടെ തീരുമാനം.
അതേ, കോടതി പറയട്ടെ. രണ്ടു മീറ്റര്‍ അവര്‍ നല്കിയാല് ഒരു മീറ്റര്‍ ഞാന്‍ കൊടുക്കാന്‍ തയ്യാറാണ്. വിവരവാകാശം വച്ച് ഞങ്ങള്‍ എടുത്ത രേഖയില്‍ രണ്ട് മീറ്റര്‍ സര്‍ക്കാര്‍ സ്ഥലം അവരുടെ കയ്യിലുണ്ട്. കഴിഞ്ഞ പെരുന്നാളിന് ഇവിടെ കൊണ്ടുവന്ന് കരിങ്കൊടി നാട്ടി ഇവര്‍.
പ്രത്യേകകക്ഷികള് ചെയ്യുന്നു എന്നാണോ താങ്കള്‍ പറയുന്നത്?
ഇപ്പോ ഇവിടെ വന്ന് മതമൈത്രി സംസാരിക്കുന്നവര്‍ ആ കരിങ്കൊടി വച്ചതൊന്നും കണ്ടില്ലേ. എന്നെ പറ്റി എത്ര സ്ഥലങ്ങളിലാണ് മോശമായി സംസാരിക്കുന്നത്.
അച്ചനെ പറ്റി പറയുമ്പോഴും, ആധ്യാത്മകതയെക്കാള് ഭൗതികതയിലാണ് താല്‍പ്പര്യം എന്നാണറിഞ്ഞത്. രാവിലെ ബിഎംഡബ്ല്യു വൈകുന്നേരം മഹീന്ദ്ര താറ്.. മസില് പെരുപ്പിക്കാന്‍ ജിം…എന്നിങ്ങനെ ..
(ചിരിക്കുന്നു) ഞാന്‍ ചോദിക്കട്ടെ- അതല്ലല്ലോ കേസ്. ആധ്യാത്മികത കാറിലല്ല ഇരിക്കുന്നത്.
സ്ഥാപനവല്ക്കരണത്തെ കുറിച്ച് പോപ്പ്…?
(ഇടയ്ക്ക് കയറി) എന്ത് സ്ഥാപനം… എന്തിന്റെ ദാരിദ്രത്തെ കുറിച്ചാണ് പറയുന്നത്.
പോപ്പ് തന്നെ വൈദികര്‍ ദാരിദ്രം ആചരിക്കേണ്ടതിനെ പറ്റി എടുത്തു പറയുന്നുണ്ടല്ലോ?
പോപ്പ് ഒരു സഭയുടെ ഹെഡ്ഡല്ലേ. ഇതുപാടില്ല, അതുപാടില്ല എന്നൊക്കെ അദ്ദേഹത്തിന് ഓര്ഡറിട്ടുകൂടെ? എന്താ ഇടാത്തത്…
വരാപ്പുഴയിലെ ബിഷപ്പ് വലിയ കാറില്‍ നിന്ന് പഴയ ചെറിയ കാറിലേക്ക് മാറിയില്ലേ?
എന്നു വിചാരിച്ച് രൂപതയുടെ എന്ത് ആഘോഷത്തിലാണ് കുറവ് വന്നത്. എന്നെ സംബന്ധിച്ച് ഇങ്ങനെയുള്ള കാര്യങ്ങളില്‍ എന്റെ അഭിപ്രായമുണ്ട്.
ആധ്യാമികതയിലും ഭൗതികതയില്‍ താല്‍പ്പര്യമുള്ളയാളാണ് താങ്കളെന്നതിനാലാണ് വഴിക്കേസൊക്കെ ഉണ്ടാകുന്നതെന്നാണ്…
അതെന്റെ ഇടവകക്കാര് പറയട്ടെ. 140 ഇടവകാംഗങ്ങളില്‍ ഒരാള്‍ പറയട്ടെ. എന്നാല്‍ ഞാന്‍ പോകാം. വഴിയില്ലാത്ത മനുഷ്യരും സമ്പത്തുള്ള സ്ഥാപനവും തമ്മിലുള്ള പ്രശ്നമായല്ലേ പുറത്തു നിന്നു മനസിലാക്കാനാകു. എന്റെ ഇടവകക്കാര് പറഞ്ഞാല്‍ കൊടുക്കാന്‍ ഞാന്‍ തയ്യാറാണ്. 140ല്‍ ഒരു അഞ്ചു വീട്ടുകാരെ കൊണ്ടുവന്നാല്‍ വഴി ഞാന്‍ തുറന്നു കൊടുക്കാം.