Breaking News
Home / Lifestyle / പ്രവാസികളെ തിരിച്ചറിയുക ഈ ചതിക്കുഴികള്‍

പ്രവാസികളെ തിരിച്ചറിയുക ഈ ചതിക്കുഴികള്‍

ഗള്‍ഫിലേക്ക് യാത്രപുറപ്പെട്ട പ്രവാസിയുടെ കൈയില്‍ കൊടുത്തയയ്ക്കാനിരുന്ന അച്ചാര്‍ കുപ്പിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. ഗള്‍ഫിലെ സുഹൃത്തിനുവേണ്ടി അയാളുടെ നിര്‍ദേശമനുസരിച്ചാണ് പ്രവാസിയുടെ കൈയില്‍ അച്ചാര്‍ കുപ്പിയുമായി രണ്ടുപേര്‍ എത്തിയത്. നേരത്തെ സമ്മതം ചോദിച്ചാണ് സുഹൃത്ത് അച്ചാറുമായി കൂട്ടുകാരെ പറഞ്ഞുവിട്ടത്. യാത്രയ്ക്ക് ഒരുങ്ങുന്നതിനിടയില്‍ അച്ചാര്‍ കുപ്പിയുടെ പൊതിക്ക് പതിവില്‍ കവിഞ്ഞ ഭാരം തോന്നിയതിനാലാണ് വിശദമായ പരിശോധനയ്ക്ക് പ്രവാസി തയ്യാറായത്.

അച്ചാര്‍ കുപ്പി പരിശോധിച്ചപ്പോള്‍ അതില്‍ കിടക്കുന്നു മറ്റൊരു പൊതി- സാധനം കഞ്ചാവ്! വിവരം പോലീസിനെ അറിയിക്കാന്‍ ഏല്‍പ്പിച്ച് പ്രവാസി ഗള്‍ഫിലേക്ക് വിമാനംകയറി. അച്ചാറിനായി എത്തിയ സുഹൃത്തിനോട് ബാഗില്‍ സ്ഥലമില്ലാത്തതിനാല്‍ എടുത്തില്ലെന്ന് മറുപടി പറഞ്ഞ യുവാവ് സാധനം വീട്ടിലുണ്ടെന്നും തിരിച്ചെടുക്കാനും സുഹൃത്തിനോട് പറഞ്ഞു.

അതനുസരിച്ച് സാധനം എടുക്കാനെത്തിയ കൂട്ടുകാരെ അയല്‍ക്കാരും വീട്ടുകാരുമെല്ലാം ചേര്‍ന്ന് സ്വീകരിച്ച് പോലീസില്‍ ഏല്‍പ്പിച്ചു. ഇവിടെയുള്ള സുഹൃത്തിനെയും വേണ്ടവിധം പെരുമാറി നാട്ടിലേക്ക് കയറ്റിവിട്ടു. ഇത് ഒരു ഒറ്റപ്പെട്ട സംഭവമായി തോന്നിയേക്കാം. എന്നാല്‍ സമാനമായ ഒട്ടേറെ അനുഭവങ്ങള്‍ പല പ്രവാസികളും നേരിട്ടിട്ടുണ്ട്. ചിലര്‍ ജയിലിലേക്ക് പോകാനും ഇടയായി. കഴിഞ്ഞവര്‍ഷം അബുദാബിയില്‍ ഒരു ചെറുപ്പക്കാരന്‍ മാസങ്ങളോളമാണ് മയക്കുമരുന്ന് കടത്തിയതിന്റെ പേരില്‍ ജമയിലിലായത്. നിരപരാധിത്വം തെളിയിക്കാന്‍ വലിയ പരിശ്രമങ്ങളാണ് അയാള്‍ക്കുവേണ്ടി നടത്തേണ്ടിവന്നത്.

പരിചയമില്ലാത്തവര്‍ തരുന്ന യാതൊന്നും കൂടെ കൊണ്ടുപോകാന്‍ വിമാനയാത്രക്കാര്‍ ശ്രമിക്കരുതെന്നായിരുന്നു നേരത്തെ എല്ലാവരും എല്ലാവരെയും പഠിപ്പിച്ചുകൊണ്ടിരുന്നത്. എന്നാല്‍ പരിചയക്കാര്‍ വരെ ഇത്തരത്തിലുള്ള ചതിക്കുഴികള്‍ ഒരുക്കുന്നു എന്നതാണ് ആദ്യം പറഞ്ഞ പ്രവാസിയുടെ അനുഭവം നമ്മോട് പറയുന്നത്. മയക്കുമരുന്ന് ഉപയോഗിക്കുന്നതും കടത്തുന്നതും ഗള്‍ഫ് നാടുകളില്‍ വലിയ കുറ്റമാണ്. 10 വര്‍ഷംമുതല്‍ ആജീവനാന്തം വരെ ജയിലില്‍ കിടക്കാനുള്ള വകുപ്പാണ് ഇത്തരം കേസുകളില്‍ ഗള്‍ഫ് നാടുകളിലെ ശിക്ഷ.

സൗദി അറേബ്യയിലാണെങ്കില്‍ വധശിക്ഷയ്ക്കുവരെ വിധിക്കപ്പെട്ടേക്കാം. ഇതൊക്കെ അറിഞ്ഞിട്ടും പല വഴികളിലൂടെ മയക്കുമരുന്നുകള്‍ കടത്താന്‍ ശ്രമങ്ങള്‍ നടക്കുന്നു. ഇടയ്ക്കിടെ പോലീസ് പിടികൂടുന്ന കേസുകളിലെ പ്രതികള്‍ മിക്കവരും ഏഷ്യക്കാരോ ആഫ്രിക്കന്‍ വംശജരോ ആണ്. ഇതെല്ലാം നേരിട്ടുള്ള വ്യാപാരവും ലഹരിമരുന്ന് ശേഖരിക്കുന്നതുമായൊക്കെ ബന്ധപ്പെട്ടുള്ള കേസുകളിലാണ്. ഗള്‍ഫ് നാടുകളിലെ എല്ലായിടത്തും ലഹരിക്ക് എതിരേ കര്‍ശനമായ നടപടികളാണ് സ്വീകരിച്ചുവരുന്നത്.

അതേസമയം നാട്ടില്‍നിന്ന് വരുന്നവര്‍വഴി ചെറിയ തോതിലാണെങ്കിലും ലഹരി വസ്തുക്കള്‍ കടത്താനാണ് സാധാരണക്കാരായ ചില മലയാളികള്‍ ശ്രമിക്കുന്നത്. ഇതാകട്ടെ നിരപരാധികളായ നിരവധി പേരെയാണ് കണ്ണീര് കുടിപ്പിച്ചത്. നിരവധി കുടുംബങ്ങളും അതിന്റെ പ്രയാസം നേരിട്ടനുഭവിക്കേണ്ടിവന്നു. സമ്പൂര്‍ണസാക്ഷരത നേടിയ കേരളത്തില്‍നിന്ന് എത്തുന്ന മലയാളിക്ക് ലോകകാര്യങ്ങളിലും വലിയ വിവരമുണ്ടെന്നാണ് പൊതുധാരണ. എന്നാല്‍ പലപ്പോഴും മുന്നറിയിപ്പുകള്‍ മലയാളി മറന്നുപോകുന്നു എന്നതാണ് യാഥാര്‍ഥ്യം.

വിദേശയാത്രകളില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് എല്ലായിടത്തും വലിയ മുന്നറിയിപ്പുകള്‍ നല്‍കാറുണ്ട്. അതില്‍ ഏറ്റവും പ്രധാനമാണ് അപരിചിതരില്‍നിന്ന് സാധനങ്ങള്‍ സ്വീകരിക്കുന്ന വിഷയം. വിമാനത്താവളങ്ങളില്‍ വരെ ഇത്തരത്തില്‍ സാധനങ്ങള്‍ കെട്ടിയേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന മലയാളികളെ ഇടയ്ക്കിടെ കാണാറുണ്ട്. ദയനീയമായ മുഖവുംതന്നെ കാത്തിരിക്കുന്നവരുടെ ദാരുണാവസ്ഥയുമെല്ലാം വിവരിച്ചാണ് മിക്കവാറും പേര്‍ ചിലരെ ചതിക്കുഴിയില്‍ വീഴ്ത്തുന്നത്.

സാധനങ്ങള്‍ എന്താണെന്ന് നോക്കാന്‍ തിരക്കിനിടയില്‍ അത് സ്വീകരിക്കുന്നവരും ശ്രദ്ധിക്കാറില്ല. നാട്ടില്‍ ചെന്നിറങ്ങി അധികൃതരുടെ വലയിലെത്തുമ്പോഴാണ് പലരും വിവരം അറിയാറുള്ളത്. ഇതിന്റെ തനിയാവര്‍ത്തനം തന്നെയാണ് നാട്ടിലെ വിമാനത്താവളങ്ങളിലും നടക്കുന്നത്.

അങ്ങോട്ടേക്ക് പലപ്പോഴും സ്വര്‍ണമാണ് കടത്തുന്നതെങ്കില്‍ ഗള്‍ഫിലേക്ക് ലഹരിവസ്തുക്കുളും വിദേശ കറന്‍സികളുമായിരിക്കും ഇത്തരത്തില്‍ കടത്താന്‍ ശ്രമിക്കാറുള്ളത്. സ്വര്‍ണം കടത്താന്‍ സൗജന്യ ടിക്കറ്റും കമ്മിഷനുമെല്ലാം വാഗ്ദാനം ചെയ്യുന്ന വലിയ സംഘം ഇപ്പോഴുമുണ്ട്. എന്നാല്‍ ചെറുകിട കടത്തുകാരും പലപ്പോഴായി തലപൊക്കാറുണ്ട്.

നാട്ടില്‍നിന്ന് ഗള്‍ഫിലേക്ക് യാത്രതിരിക്കുന്നവരെ സ്വാധീനിച്ച് സാധനങ്ങള്‍ കയറ്റി അയയ്ക്കുന്നവരുമുണ്ട്. ഓരോ ഗള്‍ഫുകാരനും തിരിച്ചെത്തുമ്പോള്‍ കൂട്ടുകാര്‍ക്ക് നല്‍കാനായി നിരവധി പൊതികള്‍ അവന്റെ വീട്ടിലെത്തും. ഇതെല്ലാം എല്ലാവരും അഴിച്ച് പരിശോധിക്കാറുമില്ല. അറിയുന്നവരും അടുത്തവരുമൊന്നും ചതിക്കുഴികള്‍ ഒളിപ്പിച്ചുവെക്കില്ല എന്ന ഒരു വിശ്വാസത്തില്‍നിന്നാണ് എല്ലാവരും അതിന് സന്നദ്ധരാവാത്തത്.

എന്നാല്‍ പുതിയ അനുഭവം എല്ലാവര്‍ക്കും ഒരു തിരിച്ചറിവിനുള്ള അവസരമാണ് നല്‍കിയിരിക്കുന്നത്. അതേസമയം ഇത്തരക്കാരെ കൊണ്ട് കഷ്ടത്തിലാവുന്നത് യഥാര്‍ഥ ആവശ്യക്കാരാണ്. എല്ലാറ്റിനെയും സംശയദൃഷ്ടിയോടെ സമീപിക്കാന്‍ അത്തരം സംഭവങ്ങള്‍ എല്ലാവരെയും പ്രേരിപ്പിക്കുന്നു.അതെന്തായാലും കോഴിക്കോട് കായക്കൊടിയിലെ യുവാവിന് ഉണ്ടായ അനുഭവം ഒരു മുന്നറിയിപ്പാണ്. അത് ആവര്‍ത്തിക്കാതെ നോക്കാന്‍ എല്ലാവരുടെയും ജാഗ്രത ആവശ്യമാണ്. യാത്രചെയ്യുന്നവരും യാത്രയയയ്ക്കുന്നവരും ഇക്കാര്യത്തില്‍ ശ്രദ്ധിക്കണമെന്ന് ചുരുക്കം.

About Intensive Promo

Leave a Reply

Your email address will not be published.