Breaking News
Home / Lifestyle / പ്രവാസിപ്പനി ജോലി കഴിഞ്ഞ് റൂമിലേക്ക് പോകാൻ ബസിൽ കയറിയപ്പോൾ തന്നെ മേലാസകലം വേദന തുടങ്ങിയിരുന്നു

പ്രവാസിപ്പനി ജോലി കഴിഞ്ഞ് റൂമിലേക്ക് പോകാൻ ബസിൽ കയറിയപ്പോൾ തന്നെ മേലാസകലം വേദന തുടങ്ങിയിരുന്നു

പ്രവാസിപ്പനി

ജോലി കഴിഞ്ഞ് റൂമിലേക്ക് പോകാൻ ബസിൽ കയറിയപ്പോൾ തന്നെ മേലാസകലം വേദന തുടങ്ങിയിരുന്നു… ദുബൈയിലെ ട്രാഫിക്കിൽ ഇനി റൂമിലെത്താൻ ഒന്നര മണിക്കൂറോളം എടുക്കും.. സീറ്റിലേക്കിരുന്നു, വല്ലാത്ത ക്ഷീണം. കണ്ണടച്ച് ചാരിയിരുന്നതെ ഓർമ്മയുള്ളൂ……. കൂടെയിരിക്കുന്നവൻ കുലുക്കി വിളിച്ചപ്പോഴാണ് ഉണർന്നത്. അപ്പോഴേക്കും പനി അതിന്റെ രൗദ്ര ഭാവത്തിൽ ശരീരത്തെ ബാധിച്ചിരുന്നു.. റൂമിലെത്തിയതും യൂണിഫോം മാറ്റി കട്ടിലിലേക്കിരുന്നു. റൂമിലെ കാരണവർ സതീശേട്ടൻ വന്നു തൊട്ടുനോക്കി…

“തള്ളേ.. ഡേയ്..നല്ല പനിയാണല്ല്..ഒരു പെനഡോൾ കഴിച്ചു കിടന്നോ കേട്ടാ…ഫുഡ് ഞങ്ങൾ വച്ചോളം…

കട്ടിലിലേക്ക് കിടന്നു കണ്ണടച്ചു… തലക്ക് വല്ലാത്തൊരു കനം.. മനസ്സ് സ്വപ്നങ്ങളുടെ ചിറകേറി നാട്ടിലേക്ക് പറന്നു…

കയ്യിൽ ആവി പറക്കുന്ന ചുക്കുകാപ്പി യുമായി അമ്മ.. ഗ്ലാസ്സ് എന്റെ ചുണ്ടിൽ തട്ടുമ്പോ പൊള്ളുന്നത് അമ്മക്കാണെന്ന് തോന്നും… ചൂടാറ്റണോ,,എരിവുണ്ടോ.. എന്നിങ്ങനെ നൂറുചോദ്യങ്ങൾ..
“ഒറ്റ വലിക്ക് കുടിച്ചോ…പനി വിടട്ടെ…” അമ്മയുടെ സ്നേഹനിർദേശം… കുടിച്ചു കഴിഞ്ഞ് അമ്മയെ പോകാൻ വിടാതെ പിടിച്ചിരുത്തി മടിയിൽ തല വച്ചുകിടന്നു..

‘”ന്റെ കുട്ടി അങ്ങ് വാടിപ്പോയി..”
നെറ്റിയിൽ തണുത്ത വിരലോടിച്ചു കൊണ്ട് അമ്മ പറയുന്നു… അമ്മയുടെ മടിത്തട്ടിന്റെ സുഗന്ധം.. ഇളം ചൂട്… അമ്പത് വയസുകാരനും അഞ്ച് വയസ്സുകാരനിലേക്ക്‌ ശരീരം കൊണ്ടും മനസ്സ് കൊണ്ടും മടങ്ങിപ്പോകുന്ന ഇന്ദ്രജാലം….കത്തുന്ന സൂര്യനെ മറച്ച് തണൽ നൽകുന്ന കാർമേഘം പോലെയാണ് അമ്മ.. ജീവിതയാഥാർത്ഥ്യങ്ങളുടെ കടുത്ത വേനൽചൂടിൽ ആ ഓർമ്മകൾ പോലും തണൽ നൽകും..

“അമ്മ പോയി പൊടിയരിക്കഞ്ഞിയും ചുട്ട പപ്പടവും ചമ്മന്തിയും ഉണ്ടക്കിത്തരാം …അതു കുടിച്ച് ഒന്നുറങ്ങി എണീറ്റാൽ എല്ലാം മാറി മിടുക്കനാകും…

വിടില്ലെന്ന് പറയുംപോലെ അമ്മയെ കെട്ടിപ്പിടിച്ചു..

“വിട്ടേടാ ചെക്കാ.. പോത്ത് പോലെ വളർന്നു ..ഒരു പനി വന്നപ്പോഴേക്കും ഇങ്ങനെയായോ.. ?..അയ്യേ മോശം..മോശം.. “ചിരിച്ചു കൊണ്ട് അമ്മ പറയുന്നു.
പെട്ടെന്ന് അമ്മയുടെ മടിയിൽ നിന്നും താഴേക്ക് ഊർന്നു വീണു…. അഗാധഗർത്തത്തിലേക്ക് എന്നപോലെ വീഴുകയാണ്.. ഒരു നിലവിളിയോടെ കണ്ണ് തുറന്നു…

ധനൂ..ഡാ ശവീ.. ന്തൂട്ടാ നീ പിച്ചും പേയും പറയുന്നെ… സ്വപ്നം കണ്ടാ… ണീറ്റെ…. ഫുഡ് കഴിക്കാം…
റൂമിലെ എന്റെ മുകളിലെ കട്ടിലിൽ കിടക്കുന്ന ചങ്കാണ്.. സരീഷ്… സരു.. എന്ന് വിളിക്കും…എപ്പോഴും ഞങൾ ഒരുമിച്ചാണ് ജോലിസ്ഥലത്തും റൂമിലും..

ഭക്ഷണം കഴിക്കാൻ തോന്നുന്നില്ല.. വായ്‌ വല്ലാത്ത കയ്പ്… അമ്മയുടെ ഓർമ്മ മനസ്സിനെ മഥിക്കുന്നു.. അമ്മയെ ഒന്നു വിളിച്ചാലോ എന്നു തോന്നി.. പിന്നെ വേണ്ടെന്ന് വച്ചു.. “മോനേ”.. എന്ന ആർദ്രമായ ആ ഒരൊറ്റ വിളിയിൽ ഒരുപക്ഷേ സങ്കടം അണ പൊട്ടിപ്പോകും.. എത്ര മറയ്ക്കാൻ നോക്കിയാലും ശബ്ദത്തിലെ ചെറിയ വ്യത്യാസം പോലും അമ്മ തിരിച്ചറിയും…അസുഖമാണെന്നറിഞ്ഞാൽ അമ്മക്കും സങ്കടമാകും… വേണ്ട….

ഭക്ഷണം കഴിച്ചെന്നു വരുത്തി ഗുളിക കുടിച്ച് കയറിക്കിടന്നൂ…..
തണുപ്പ് ഇഷ്ടമായത് കൊണ്ട് ബ്ലാങ്കറ്റിന് പകരം ഒരു പുതപ്പെയുള്ളൂ.. അതിപ്പോ കുരിശായി… ഏതായാലും അതിനുള്ളിലേക്ക് കയറി ചുരുണ്ട് കിടന്നു..

ഒന്ന് വെട്ടിവിയർത്തപ്പൊഴാണ് ഉണർന്നത് .. പുതപ്പിനു പകരം ബ്ലാങ്കറ്റ് കൊണ്ട് പുതച്ചിരിക്കുന്നൂ…സരുവിന്റെയാണ്… എണീറ്റ് നോക്കുമ്പോ എന്റെ പുതപ്പ് അവൻ പുതച്ചിട്ടുണ്ട്… ശബ്ദം കേട്ട് അവൻ ഉണർന്നു..

പനി കുറവുണ്ടോടാ… ഉറക്കച്ചടവോടെ അവന്റ ചോദ്യം..

ഉം.. കുറവുണ്ട്.. പക്ഷേ മേലോക്കെ ഒരു വേദന..

“നാളെ ലീവാ എടുത്തോ.. ഫോർമാനോട്… ഞാനാ പറഞ്ഞോളാ”…. അവൻ തിരിഞ്ഞു കിടന്നുറങ്ങി.. ഞാനും കയറിക്കിടന്നു..

പിറ്റേന്ന് കണ്ണ് തുറന്നപ്പോ ഏഴ് മണി… എല്ലാവരും പോയിരിക്കുന്നു.. എണീറ്റിരുന്നു… വല്ലാത്ത വിശപ്പ്… എന്തെങ്കിലും ഉണ്ടാക്കണം.. ആദ്യം കടയിൽ പോണം… ആകെ ഒരു മടുപ്പ്… എണീറ്റ് പോയി പല്ലുതേച്ച് വന്നു …ഫോൺ റിംഗ് ചെയ്യുന്നു.. സരുവാണ്..

“ഡാ ധനൂ.. ണീറ്റാ.. ?..ഞാനേ…കൊർച്ച് കഞ്ഞി ണ്ടാക്കി ഗ്യാസിന്റെ പൊർത്താ വച്ചിട്ട്‌ണ്ട്.. മറ്റെ അടുപ്പില് ചുക്ക്വാപ്പീം. ചൂടാക്കി കുടിച്ചോ..ട്ടാ..”

അടുക്കളയിൽ ചെന്നു നോക്കി. അടുപ്പിൽ കഞ്ഞിയുണ്ട്… മൂടിയുടെ മുകളിൽ പേപ്പറിൽ പൊതിഞ്ഞ് എന്തോ ഇരിക്കുന്നു…തുറന്നു നോക്കി… രണ്ട് ചുട്ട പപ്പടം… അറിയതൊന്നൂ ചിരിച്ചു പോയി…ചുക്കുകാപ്പി ചൂടാക്കി കുടിച്ചു.. കഞ്ഞി എടുത്തു ടേബിളിൽ കൊണ്ടുവച്ചു.. കഴിക്കാൻ തുടങ്ങിയതും വീണ്ടും ഫോൺ റിംഗ് ചെയ്തു… അവൻ തന്നെയാണ്…

“ഡാ.. നേരത്തെ വിളിച്ചപ്പൊ പറയാനാ മർന്നു.. നിന്റെ തലയണെടെ അടീല്‌ നൂറ് ദിർഹാ വെച്ചിട്ടുണ്ട്.. പനി കൂടിയാ പോയി ഡോക്ടറെ കാണിക്ക്‌.. ട്ടാ… ഓകെ.. വൈന്നേരം കാണാ… കാശില്ല ഫോണിൽ…

എന്ത് പറയണം എന്നറിയാതെ വാക്കുകൾ ചങ്കിൽ തടഞ്ഞു നിന്നു.. സന്തോഷമോ.. സങ്കടമോ എന്നറിയത്തൊരു വികാരം… കുടിച്ച കഞ്ഞി തൊണ്ടക്കുഴിയിലൂടെ കടഞ്ഞിറങ്ങി.. ഞാനറിയാതെ രണ്ട് തുള്ളി കണ്ണുനീർ പാത്രത്തിൽ വീണു ചിതറി… നാലരക്ക് പോകുന്ന വണ്ടി കിട്ടണമെങ്കിൽ ഇതൊക്കെ ഉണ്ടാക്കാൻ ഉറക്കപ്രാന്തനായ അവൻ മൂന്ന് മണിക്കെങ്കിലും എഴുന്നേൽക്കണം…

കൂടാതെ അവന്റെ പെങ്ങളുടെ പ്രസവ ദിവസം അടുത്തിരിക്കുകയാണ് …കാശിനു വേണ്ടി പലരോടും കടം ചോദിക്കുന്നത് ഞാനും കണ്ടതാണ്.. അതിൽ നിന്നാണ് നൂറ് ദിർഹം അവൻ മാറ്റിവച്ചിരിക്കുന്നത്… ഞാൻ കസേരയിലേക്ക് ചാഞ്ഞിരുന്നു… മനസ്സിന് വല്ലാത്തൊരു സുഖം.. തണുത്ത ഒരു പുതപ്പ് കൊണ്ട് ഹൃദയം പൊതിഞ്ഞു പിടിച്ച പോലെ….മുഖം കഴുകിവന്ന് കഞ്ഞി മുഴുവൻ കുടിച്ചു.. ഫോണെടുത്ത് അവനെ തിരിച്ചുവിളിച്ചു…
.
“കള്ളപ്പന്നീ… കഞ്ഞി ഉണ്ടാക്കിയപ്പോ ലേശം ചമ്മന്തി അരക്കാൻ അണക്ക്‌ പറ്റീലെ… അതിനിനി അന്റെ മാമന്റെ അളിയൻ വരുവോ… മൈ &#@?… ഓന്റെ ഒരു ഒലക്കമ്മേലെ കഞ്ഞി…”

കള്ള പെ%#:@ടീ.. നിന്റെ അമ്മയിയപ്പനോട് പോയിട്ടാ പറയെടാ.. വേണം.. ച്ചാ നക്ക്യാ മതിടാ… ഒണ്ടാക്കി നിന്റെ അണ്ണാക്കിലാ കേറ്റ്യതും പോരാ…കാവർക്കി മ&@#… ബാക്കി വൈന്നേരം വന്നിട്ടാ തരാം… @##@¢£% മോനേ…

പിന്നേ …ഇജ്ജ് ഇന്നെ അങ്ങട്ട് മൂക്കീ കേറ്റും… ഒന്ന് പോടാ…. തരത്തീ പോയി കളി…

അത് ഞാൻ കാണി്ചുതരാം…

ആടാ കാണാ..!

ചിരിച്ചുകൊണ്ട് ഞാൻ ഫോൺ വച്ചു..
ഒരു നന്ദി പറച്ചിലിനേക്കാൾ ഇതാണ് നല്ലത്…… അല്ലെങ്കിലും സുഹൃത്തിനോട് നന്ദി പറയാൻ പാടില്ല എന്നല്ലേ…. അവിടെ അവനും ഇപ്പൊ ചിരിക്കുന്നുണ്ടാകും… ഇത് ഞങ്ങൾക്ക് മാത്രം അവകാശപ്പെട്ട സ്നേഹ പ്രകടനമാണ്… കാതുകളെക്കാൾ ഹൃദയങ്ങൾ തമ്മിലാണ് അവ സംവദിക്കുന്നത്‌…. ആകെ ഒരുന്മേഷം തോന്നുന്നു.. അസുഖമെല്ലാം മാറിയ പോലെ… ഒരു മൂളിപ്പാട്ടും പാടി കട്ടിലിലേക്ക് ചാടിക്കിടന്നു… അവന്റെ ബ്ലാങ്കെറ്റ് എടുത്ത് തലവഴി മൂടി… അതിനപ്പോൾ ആ ഗന്ധമായിരുന്നു …. അമ്മയുടെ മടിത്തട്ടിന്റെ അതേ സുഗന്ധം….

പ്രവാസിയായിട്ട് എന്തു നേടി എന്ന ചോദ്യത്തിനുള്ള എന്റെ ഏറ്റവും വലിയ ഉത്തരമാണ് നെഞ്ചോട് ചേർത്ത ഒരു പിടി നല്ല സൗഹൃദങ്ങൾ….

വീഴ്ചയിൽ കൂടെ നിന്നവർ…..സന്തോഷങ്ങളിൽ കൂടെ ചിരിച്ചവർ…ഇല്ലായ്മയിൽ പങ്കുവച്ചവർ…..
അവർക്കുവേണ്ടി….
സസ്നേഹം….
ധനേഷ്… —

About Intensive Promo

Leave a Reply

Your email address will not be published.