Breaking News
Home / Lifestyle / കുഞ്ഞുമനസ്സില്‍ ആര്‍ത്തവം ആശുദ്ധിയാണെന്ന് കുത്തി നിറയ്ക്കരുത് വൈറല്‍ പോസ്റ്റുമായി ഡോക്ടര്‍

കുഞ്ഞുമനസ്സില്‍ ആര്‍ത്തവം ആശുദ്ധിയാണെന്ന് കുത്തി നിറയ്ക്കരുത് വൈറല്‍ പോസ്റ്റുമായി ഡോക്ടര്‍

ശബരിമലയില്‍ താല്പര്യമുള്ള സ്ത്രീകള്‍ക്ക് പോകാം. താത്പര്യമില്ലാത്തവര്‍ പോകണ്ട. പക്ഷെ കുഞ്ഞുമനസ്സില്‍ ആര്‍ത്തവം അശുദ്ധിയാണെന്ന് കുത്തി നിറയ്ക്കുന്ന കാഴ്ചപ്പാടുകളോട് നാം വിമുഖത കാണിക്കണം. പെണ്‍കുട്ടികളെ മാനസികമായും അത്തരം സാമൂഹിക ചിന്തകള്‍ ബാധിക്കാം.

ആര്‍ത്തവ സമയത്തു താന്‍ ഏതോ തൊട്ടുകൂടാന്‍ പാടില്ലാത്ത മനുഷ്യനാണ് എന്ന ചിന്ത ഒരു പെണ്‍കുട്ടിയെയും തളര്‍ത്തരുത്. ഡോ. ഷിനു ശ്യാമളന്‍ ഫേസ്ബുക്കില്‍ കുറിച്ച വരികളാണിത്. ശബരിമല വിവാദം കത്തി നില്‍ക്കുന്ന സാഹചര്യത്തില്‍ ഡോക്ടറുടെ കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമായി

ഡോ. ഷിനു ശ്യാമളന്റെ കുറിപ്പ് വായിക്കാം:

ഒരു പെണ്കുട്ടിക്ക് ആർത്തവം ഉണ്ടാകുമ്പോൾ മുതൽ അത് അശുദ്ധിയാണെന്ന ചിന്ത സമൂഹം അവളെ അടിച്ചേല്പിക്കുന്നു.

എന്റെ അനുഭവം കുറിക്കട്ടെ :

ആദ്യമായി ആർത്തവമുണ്ടായത്തിന് ശേഷം ഒരു ശനിയാഴ്ച്ച രാവിലെ കിടക്കയിൽ നിന്ന് എഴുനേറ്റ് ചെന്നപ്പോൾ അമ്മ കുളിച്ചു അമ്പലത്തിൽ പോകുവാൻ തയ്യാറാവുകയായിരുന്നു.

ഞാൻ അമ്മയുടെ പുതിയ സാരിയിൽ തൊട്ടു നോക്കി. ഉടനെ അമ്മ എന്നെ ശകാരിച്ചു : ” മാറി നിൽക്ക്, തൊടരുത്”

ഞാനാകെ വിഷമിച്ചു. 11 വയസുള്ള പെണ്കുട്ടിക്ക് ഒന്നും മനസ്സിലായില്ല. അവളുടെ കണ്ണുകൾ നിറഞ്ഞു.

അപ്പോൾ അമ്മയ്ക്കും സങ്കടമായി. ” മോളെ, ആർത്തവമുള്ളപ്പോൾ അമ്പലത്തിൽ സ്ത്രീകൾ പോകില്ല. മാത്രമല്ല അമ്പലത്തിൽ പോകുന്നവരെ അവർ തൊടാനും പാടില്ല.”

എനിക്ക് കുറെ ചോദ്യങ്ങൾ മനസ്സിൽ വന്നു. ആർത്തവമെന്നത് അശുദ്ധി കൽപ്പിക്കുന്ന എന്തോ ആണെന്ന് അന്ന് ഞാൻ കരുതി.

ഈ അനുഭവം ഒരിക്കൽ മാത്രമല്ല. അമ്പലത്തിൽ വീട്ടിലുള്ളവർ പോകുമ്പോളൊക്കെ പലപ്പോഴായി കേട്ടിട്ടുണ്ട്. “കട്ടിലിൽ ഇരിക്കരുത്, അവിടെ തൊടരുത്, ഇവിടെ തൊടരുത്..മാറി നിൽക്ക്”

???? തുടങ്ങിയ വാക്കുകൾ ഒന്നും മനസിലായില്ലെങ്കിൽ ‘അമ്മയും സമൂഹവും പറയുന്നത് 11 വയസ്സുകാരി പാടെ വിശ്വസിച്ചു.

“വിളക്ക് കത്തിക്കുന്നിടത് പോകരുത്”, “മാറി നിന്ന് പ്രാർത്ഥിക്കണം”, “എല്ലായിടത്തും തൊടരുത്”, തുടങ്ങിയ വാക്കുകൾ ആർത്തവസമയത് അവളുടെ കാതുകളിൽ മുഴങ്ങി കേൾക്കും.

ഇത്‌ എന്റെ മാത്രം അനുഭവമാകില്ല. പല പെണ്കുട്ടികളും ഇപ്പോഴും ഇത് അനുഭവിക്കുന്നുണ്ട്.

ചിലയിടത്ത് കിടക്കുന്ന മുറിയിൽ പോലും കിടത്തില്ല. ഇപ്പോഴും മാസമുറയുടെ സമയത്തു വേറെ കട്ടിലിൽ (ബെഡ് ഇല്ലാതെ) കിടക്കുന്നവർ ഉണ്ട്. 21 നൂറ്റാണ്ടിലും ഇതൊക്കെ ചെയ്തു വരുന്നവർ ഉണ്ട്.

ശബരിമലയിൽ താല്പര്യമുള്ള സ്ത്രീകൾക്ക് പോകാം. താത്പര്യമില്ലാത്തവർ പോകണ്ട.

പക്ഷെ കുഞ്ഞുമനസ്സിൽ ആർത്തവം ആശുദ്ധിയാണെന്ന് കുത്തി നിറയ്ക്കുന്ന കാഴ്ചപ്പാടുകളോട് നാം വിമുഖത കാണിക്കണം.

പെണ്കുട്ടികളെ മാനസികമായും അത്തരം സാമൂഹിക ചിന്തകൾ ബാധിക്കാം. ആർത്തവ സമയത്തു താൻ ഏതോ തൊട്ടു കൂടാൻ പാടില്ലാത്ത മനുഷ്യനാണ് എന്ന ചിന്ത ഇനി ഒരു പെണ്കുട്ടിയെയും തളർത്തരുത് എന്നു മാത്രം പറയുന്നു.

About Intensive Promo

Leave a Reply

Your email address will not be published.