Breaking News
Home / Lifestyle / തേച്ചിട്ട് പോയവളുടെ മുഖത്ത് നോക്കി ഒരായിരം വട്ടം തന്തക്കു വിളിച്ചതു പോലൊരു രോമാഞ്ചവും

തേച്ചിട്ട് പോയവളുടെ മുഖത്ത് നോക്കി ഒരായിരം വട്ടം തന്തക്കു വിളിച്ചതു പോലൊരു രോമാഞ്ചവും

ആദ്യമായിട്ടാണ് ഒരു പെണ്ണിന്റെ ഐഡിയിൽ നിന്നും ഒരു റിക്വസ്റ്റ് വരുന്നതും അക്സപ്റ്റ് ചെയ്ത ഉടനേ മെസേജ് വരുന്നതും. “ഇതിപ്പോ ആരാ റബ്ബേ”… എന്നോർത്ത് നെഞ്ചൊന്നു കാളി.

അതോടൊപ്പം തന്നെ മനസ്സിൽ ഒരു നാലഞ്ചു ലഡ്ഡുവും പൊട്ടി. “മോനേ മാന്വോ ഇതാണ് ഇജ്ജ് എന്നും കിനാവ് കാണാറുള്ള നീയറിയാതെ നിന്നെ പ്രണയിക്കുന്ന സുബർക്കത്തിൽ നിന്നും ഇറങ്ങിവന്ന മാലാഖ ” എന്ന് ഖൽബിനുള്ളിൽ ഇരുന്നു ആരോ പറയുന്നതുപോലെ…

പിന്നെ ആ പേര് മാത്രം ഞമ്മക്ക് അത്ര പറ്റീല… “ഹസീന” പണ്ട് ദുബായിൽ സ്വന്തമായി ബിസിനസ് ഉള്ള ഒരുത്തന്റെ ആലോചന വന്നപ്പോൾ ഓൻ കല്യാണം കഴിഞ്ഞു ഓളെയും ദുബൈക്ക് കൊണ്ടുപോകുംന്ന് അറിഞ്ഞപ്പോൾ ഒരു ദുബൈക്കാരി ആവാനുള്ള അതിമോഹത്തിൽ മ്മളെ നൈസായി തേച്ച ഒരു പഴേ തേപ്പു പലകയുടെ പേരാണത്…

ഈയിടെയായി ആ പേര് കേൾക്കുമ്പോൾ തന്നെ ഓക്കാനം വരും….

“മാന്വോ.. ഇനിക്ക് അന്നെ പെരുത്ത് ഇഷ്ടാണ്… ശരിക്കും പറഞ്ഞാൽ ന്റെ ജീവനേക്കാൾ ഇഷ്ടാണ്… പക്ഷേ ആ ഇഷ്ടം എന്താണെന്ന് മനസ്സിലാക്കാൻ ഞാൻ ലേശം വൈകിപ്പോയി…

നിന്നെ ഒരിക്കലും ഒരു കാമുകന്റെ ലെവലിലേക്ക് തരം താഴ്ത്താൻ എനിക്ക് പറ്റൂല… ഇയ്യ് എപ്പളും ന്റെ ചങ്ക് ചെങ്ങായി ആയി കൂടെ വേണം ന്നാണ് ന്റെ ആഗ്രഹം… അനക്ക് ന്നേക്കാളും നല്ലൊരു മൊഞ്ചത്തിക്കുട്ടിയെ ഞമ്മള് കണ്ടുപിടിച്ചു തരും ”

എന്നൊക്കെ ഓള് പറഞ്ഞു കേട്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി…. “അപ്പൊ ന്റെ കൂടെ ബുള്ളറ്റിൽ മഞ്ഞുമല തേടിപ്പോയതും..

പിന്നെ കണ്ണിൽ കണ്ണിൽ നോക്കിയിരുന്നു കിന്നാരം പറഞ്ഞതും.. ഒക്കെ വെറുതേ ആയിരുന്നോ ഹസീനാ”

എന്ന് കണ്ണ് നിറച്ചുകൊണ്ട് ചോദിച്ചപ്പോൾ “ഓ… ഈ മാനൂന്റെ ഓരോ തമാശ… അതൊക്കെ ഫ്രണ്ട്ഷിപ്പിന്റെ ഭാഗമല്ലേ മോയന്തേ” എന്നും ചോദിച്ചു ഓള് ഓളെ കൊന്ത്രമ്പല്ലും കാണിച്ചു ആർത്തു ചിരിച്ചപ്പോൾ കരണക്കുറ്റി നോക്കി ഒന്ന് പൊട്ടിക്കാനായിരുന്നു ആദ്യം തോന്നിയത്…

പിന്നെ ഓർത്തപ്പോൾ ഒക്കെ മ്മളെ തെറ്റ് തന്നെ ആയിരുന്നെന്നു മനസ്സിലായി.. അത് മറ്റൊന്നുമല്ല.. “പെണ്ണിന്റെ പ്രണയവും വിശ്വാസവും പിടിച്ചുവാങ്ങി ആളില്ലാത്തിടത്തോ ലോഡ്ജ്മുറിയിലോ കൊണ്ടുപോയി അവളുടെ തുണിയഴിച്ചു പരിശോധിക്കുന്നതല്ല ആണത്തം…

ഒരു താലിച്ചരടിന്റെ സുരക്ഷിതത്വത്തിൽ ജീവിതകാലം മുഴുവൻ അവൾക്കു തണലു നല്കുന്നവനാണ് യഥാർത്ഥ പുരുഷൻ ”

എന്നൊക്കെ പണ്ടേതോ വിവരമില്ലാത്ത വൃത്തികെട്ട കോന്തൻ എഴുതിവച്ചത് വായിച്ചു അതുപോലൊക്കെ ആവാൻ ശ്രമിച്ചു നോക്കിയതാണ് മ്മള് ചെയ്ത തെറ്റ്.

ഇത് ആ ഹസീന ആയിരിക്കരുതേ മറ്റേതെങ്കിലും ഹസീന ആവണേ ന്ന് പ്രാർത്ഥിച്ചുകൊണ്ടാണ് മെസഞ്ചർ ഓപ്പൺ ചെയ്തത്. അപ്പോഴേക്കും രണ്ടാമത്തെ “ഹലോ” മെസഞ്ചറിൽ വന്നു കുലുങ്ങി…

“ആരാ..” എന്ന് തിരിച്ചു മെസേജ് അയച്ചപ്പോൾ “ന്നെ ഓർമ്മയുണ്ടോ” എന്ന് ചോദിച്ചുകൊണ്ടുള്ള മെസേജ് വന്നു…

അതോടുകൂടി അത് വേറേതോ ഹസീന ആയിരിക്കണേ ന്നുള്ള പ്രാർത്ഥന ചീറ്റിപ്പോയിന്ന് ബോധ്യമായി… “ന്നോട് ഇപ്പഴും ദേഷ്യമാണോ” എന്ന് ചോദിച്ചു വീണ്ടും മെസേജ്..

“ഇല്ലാന്ന്… അല്ലേലും നിന്നോടൊക്കെ ദേഷ്യപ്പെടാൻ….. എന്ന് ഒരു മെസേജ് ഇട്ട ശേഷം അതോടു ചേർത്തു തന്നെ “നീ ആരെടീ പുല്ലേ” എന്നൊരു മെസേജ് കൂടി ചാമ്പി… രണ്ടുംകൂടി ഒരുമിച്ചു വിട്ടാൽ ഒരു ഇത് കിട്ടൂല.. അത്കൊണ്ടാണ് അങ്ങനെ ആക്കിയത്..

അതിന് മറുപടി ഒരു കരയുന്ന സ്മൈലി ആയിരുന്നു… പിന്നെ കുറേ സോറിയും… അതൊക്കെ കണ്ടപ്പോൾ മനസ്സൊന്നു ചെറുതായി അലിഞ്ഞെങ്കിലും റിപ്ലൈ കൊടുക്കാൻ പോയില്ല…

കുറേ സോറി പറഞ്ഞിട്ടും റിപ്ലൈ ഇല്ലാത്തത് കൊണ്ടാവണം അവൾ മെസഞ്ചറിൽ കോൾ ചെയ്തു… എടുക്കരുതെന്ന് വിചാരിച്ചിരുന്നെങ്കിലും എടുക്കാതിരിക്കാൻ പറ്റിയില്ല…

അതുവരെ ഉണ്ടായിരുന്ന ദേഷ്യമൊക്കെ അലിഞ്ഞില്ലാതായതുപോലെ… എടുത്ത ഉടനേ.. “ഹലോ.. അനക്ക് സുഖാണോ… വീട്ടിലെ വർത്താനം എന്തൊക്കെയാണ്..

ഉമ്മ എന്ത്‌ പറയുന്നു” എന്നൊക്കെ ചോദിച്ചു… ദേഷ്യമൊക്കെ അലിഞ്ഞുപോയത് കാരണം എല്ലാത്തിനും നല്ല രീതിയിൽ തന്നെ മറുപടി കൊടുക്കുകയും ചെയ്തു…

“എന്തൊക്കെയാ നിന്റെ വിശേഷം.. ഹസ് എന്ത്‌ പറയുന്നു.. ദുബായ് ജീവിതം ഒക്കെ എങ്ങനെ… അടിച്ചു പൊളിക്കുകയാണ് ലേ” എന്നൊക്കെ ഞാനും തിരിച്ചു ചോദിച്ചു…

അതിനുള്ള ഓളെ ഉത്തരം ഒരു കരച്ചിലായിരുന്നു… “ഇക്കാക്ക് സ്വന്തമായിട്ട് ബിസിനസാണ് സ്വന്തമായിട്ട് കാറും ഫ്ലാറ്റും ഒക്കെ ഉണ്ട് കല്യാണം കഴിച്ചിട്ട് ഇങ്ങോട്ട് കൊണ്ടോരും എന്നൊക്കെ പറഞ്ഞപ്പോൾ ഞാൻ വല്ലാതെ സന്തോഷിച്ചതാണ്…

പക്ഷേ അതൊക്കെ കേട്ട് വല്ലാണ്ടങ് അഹങ്കരിച്ചു ഇയ്യ് ന്നോട് കാണിച്ച സ്നേഹം കണ്ടില്ലെന്നു നടിച്ചതു തെറ്റായിപ്പോയിന്ന് ഇവിടെ എത്തി കുറച്ചു ദിവസം കഴിഞ്ഞപ്പോഴാണ് മനസ്സിലായത്” എന്നൊക്കെ കരച്ചിലിനിടയിൽ പറയുന്നുണ്ടായിരുന്നു….

അത് കേട്ടപ്പോൾ മ്മക്കും വല്ലാത്തൊരു ബേജാറ്… “ന്താടി.. ന്ത് പറ്റി.. അയാള് നിന്നെ പറ്റിച്ചോ.. അയാൾക്ക്‌ അവിടെ കൂലിപ്പണി ആയിരുന്നോ” എന്ന് ചോദിച്ചപ്പോൾ “അതൊന്നുമല്ല ഇക്ക പറഞ്ഞതൊക്കെ നേര് തന്നെ ആണ്…

പക്ഷേ നിക്ക് ഇവിടെ നിന്നിട്ട് ആകെ പ്രാന്താവുന്നു,, എങ്ങനേലും നാട്ടിൽ എത്തിക്കിട്ടിയാൽ മതി ന്നാണ് ഇപ്പൊ മനസ്സിൽ” എന്നൊക്കെ പറഞ്ഞു… മ്മക്കാണെങ്കിൽ സംഗതി എന്താണെന്നൊട്ടു കത്തിയും ഇല്ല..

പിന്നെ വിശദമായി ചോദിച്ചപ്പോൾ ആണ് ഒരു പ്രവാസി ഭാര്യയുടെ യഥാർത്ഥ അവസ്ഥ എന്താണെന്ന് പിടികിട്ടുന്നത്… സംഗതി വല്ല്യ ഫ്ലാറ്റും കാറും ഒക്കെ ഉണ്ടെന്നും ദുബായിലും ഖത്തറിലും ഒക്കെ ആണെന്നും മറ്റും മറ്റുള്ളോരോട് വീമ്പു പറയാമെന്നല്ലാതെ ഒരു കാര്യവുമില്ല….

വല്ല്യ കഷ്ടമാണ് ഇവറ്റകളുടെ കാര്യം… ചെന്ന് കയറിയ മുതൽ നാട്ടിലേക്ക് വരുന്നത് വരെ ആ ഫ്ളാറ്റിലെ നാല് ചുമരുകൾക്കുള്ളിൽ കഴിഞ്ഞോളണം… അയൽവാസികളില്ല സുഹൃത്തുക്കളില്ല ഫ്ലാറ്റിന്റെ ഡോർ തുറന്നു പുറത്തേക്ക് ഇറങ്ങാൻ പറ്റില്ല….

പിന്നെ ആകെയുള്ള ആശ്വാസം ഈ ഫോണും ഇന്റർനെറ്റും ഒക്കെ ആണ് വല്ലപ്പോഴും കെട്ട്യോൻ പുറത്തൊക്കെ കൊണ്ടുപോയാൽ ആയി… അത്ര തന്നെ…

ചുരുക്കിപ്പറഞ്ഞാൽ എല്ലാ സൗകര്യങ്ങളും ഉള്ള ഒരു ഹൈടെക് ജയിൽ… ഒക്കെ നല്ല വൃത്തിയായി കേട്ട് കഴിഞ്ഞപ്പോൾ മനസ്സിന് വല്ലാത്തൊരു ആശ്വാസം…

അല്ലെങ്കിലും തേച്ചുപോയ കാമുകി മനസ്സിന്റെ ഒരു വിങ്ങലായി മാറുന്നത് ഓള് ഞമ്മളെ തേച്ചിട്ട് പോയി സുഖിച്ചു കഴിയുന്നു എന്നറിയുമ്പോൾ മാത്രമാണല്ലോ…

“ഡാ ഞാൻ ഇതുപോലെ ഇടക്ക് വിളിക്കും ട്ടോ… നിന്നെയും നമ്മുടെ നാടും മഴയും പിന്നെ നിന്റെ ബുള്ളറ്റിൽ കയറിയുള്ള ആ യാത്രയും ഒക്കെ വല്ലാതെ മിസ്സ്‌ ചെയ്യുന്നു” എന്ന് പറഞ്ഞപ്പോൾ ചെറിയൊരു കുസൃതി തോന്നി…

“എപ്പോഴും വിളിക്കരുത് ട്ടോ… ന്റെ പെണ്ണ് വിളിച്ചിട്ട് ന്നെ കിട്ടിയില്ലെങ്കിൽ ആകെ പ്രശ്‌നാവും… നാളെ തീരെ വിളിക്കരുത് ഓള് ന്റെ കൂടെത്തന്നെ ഉണ്ടാവും..

മിക്കവാറും ഫോൺ ഓളെ കയ്യിൽ ആയിരിക്കും.. ഇവിടെ നല്ല മഴ അല്ലേ ഓളെയും കൂട്ടി ബുള്ളറ്റിൽ മഴയും നനഞ്ഞു എങ്ങോട്ടെങ്കിലും ചുറ്റാൻ പോകാം ന്ന് വാക്ക് കൊടുത്തതാണ് അതിനിടക്ക് നിന്റെ കോൾ എങ്ങാനും വന്നാൽ അതോടെ തീർന്നു..” എന്നൊക്കെ അങ്ങട് ചാമ്പി… അതുംകൂടി കേട്ടതോടെ ഓൾടെ ഫ്യുസ് മൊത്തം പോയി…

“ഓ സാരല്ല്യടാ… ഇനിയും ഞാൻ നിന്നെ വിളിച്ചു ബുദ്ധിമുട്ടിക്കില്ല..” എന്നും പറഞ്ഞു ഓള് ഫോൺ വെക്കാൻ നേരത്ത് “മ്മളെ നാട്ടിൽ എന്തെങ്കിലുമൊക്കെ പണിയെടുത്തു കഷ്ടപ്പെട്ട് ജീവിക്കുന്ന ചെറുപ്പക്കാരെ കാണാൻ വല്ല്യ മൊഞ്ചോ ഓലെ കയ്യിൽ പൂത്ത കാശോ ഒന്നും ഉണ്ടായെന്നു വരില്ല…

പക്ഷേ ഉള്ള് നിറയെ സ്നേഹവും സ്നേഹിക്കുന്നവർക്ക് വേണ്ടി ചിലവഴിക്കാൻ ഒരുപാട് സമയവും ഉണ്ടാവും അവരുടെ കയ്യിൽ… അതൊന്നും ഏത് കോടീശ്വരനെ കെട്ടിയാലും കിട്ടൂല ഹസീന….

അവർക്ക് അവരുടേതായ തിരക്കുകളും ബുദ്ധിമുട്ടുകളും ഒക്കെ ഉണ്ടാവും.. അതൊക്കെ മനസ്സിലാക്കി കെട്ട്യോനോടൊപ്പം ഹാപ്പിയായി ജീവിക്ക് ട്ടോ..

നീ പണ്ട് പറഞ്ഞതുപോലെ എനിക്കിപ്പോ കൂട്ടിനു നിന്നെക്കാളും മൊഞ്ചുള്ള ഒരു പെണ്ണിനെ കിട്ടീട്ടുണ്ട് നിക്ക് ഓളോട് മിണ്ടാൻ തന്നെ സമയം തികയുന്നില്ല”

എന്ന് കൂടി പറഞ്ഞു ഫോൺ കട്ട് ചെയ്തപ്പോൾ മനസ്സിന് എന്തെന്നില്ലാത്ത ഒരു സന്തോഷം… തേച്ചിട്ട് പോയവളുടെ മുഖത്ത് നോക്കി ഒരായിരം വട്ടം തന്തക്കു വിളിച്ചതു പോലൊരു രോമാഞ്ചവും…

രചന: സലീൽ ബിൻ ഖാസിം

About Intensive Promo

Leave a Reply

Your email address will not be published.