Breaking News
Home / Lifestyle / പെങ്ങളെ പെണ്ണുകാണാൻ വന്നവരുടെ കണ്ണുകൾ പതിയെ അവളിൽ നിന്നും എന്റെ മുഖത്തേക്ക് മാറി

പെങ്ങളെ പെണ്ണുകാണാൻ വന്നവരുടെ കണ്ണുകൾ പതിയെ അവളിൽ നിന്നും എന്റെ മുഖത്തേക്ക് മാറി

“മോൻ ഏതുവരെ പഠിച്ചു??” പെങ്ങളെ പെണ്ണുകാണാൻ വന്നവരുടെ കണ്ണുകൾ പതിയെ അവളിൽ നിന്നും എന്റെ മുഖത്തേക്ക് മാറി. മറുപടി പറയാനായി ഞാൻ ഒരുങ്ങിയതും, ചാരുകസേരയിൽ നിന്നും അച്ഛന്റെ സ്വരമുയർന്നു.

”അവൻ പത്താം ക്ലാസും ഗുസ്തിയുമായങ്ങനെ പോകുന്നു…” പരിഹാസം നിറഞ്ഞുള്ള ആ മറുപടിയിൽ, കൂടിയിരുന്നിരുന്ന കരണവന്മാരേവരും ഒരുപോലെ അട്ടഹസിച്ചു.

”അല്ലേലും, എല്ലാ കുടുംബത്തിലുമുണ്ടാകും ഒരു ദേവനും ഒരു അസുരനും…” കൂടിയിരുന്നവരിൽ നിന്നും ഒരാൾ പറയുമ്പോൾ, ശരിയാണെന്ന അർത്ഥത്തിൽ അച്ഛൻ തലയാട്ടുന്നുണ്ടായിരുന്നു…

ശരിയാണ്… അച്ഛന്റെ കാഴ്ചപ്പാടിൽ ഞാൻ ആ വീട്ടിലെ അസുരനായിരുന്നു… സ്വഭാവ ശുദ്ധികൊണ്ടും, പഠനത്തിലെ മികവുകൊണ്ടും, അച്ഛന്റെ മനസ്സിലെ ദൈവിക പട്ടം കരസ്ഥമാക്കിയത് എന്റെ പെങ്ങളും.

അതിന്റെയാകാം, വാതിൽ മറവിൽ നിന്നിരുന്ന അവളുടെ മുഖത്തൊരൽപ്പം അഹങ്കാരം അലതല്ലുന്നുണ്ടായിരുന്നു. ഒപ്പം, ഒരു ബിരുദാനന്ത ബിരുദധാരിക്ക് പത്താംക്‌ളാസും ഗുസ്തിക്കാരനോടു തോന്നുന്ന പുച്ഛവും.

അതിരുകവിഞ്ഞൊഴുകുന്ന അവരുടെ പരിഹാസത്തിൽ കണ്ണുകൾ ചുളിച്ചുകൊണ്ടു ഞാൻ വാതിൽ പടിയിൽ നിന്നിരുന്ന അമ്മയെ നോക്കുമ്പോൾ, ആ കണ്ണുകൾ കരുണയോടെ എന്നോട് പറയുന്നുണ്ടായിരുന്നു.

”എടുത്തുചാടരുത്… പെങ്ങളുടെ ഭാവിയാണ്…” നിശബ്ദനായി തലതാഴ്ത്തിനിന്നുകൊണ്ടു, ആ പരിഹാസങ്ങളത്രയും ഏറ്റു വാങ്ങിയതിനാലാകാം, അവർ യാത്രപറഞ്ഞിറങ്ങിട്ടും എന്റെ മുഖത്ത് തെളിച്ചമേറിയതേയില്ല.

അത്താഴത്തിനുള്ള വിഭവങ്ങൾ ഒരുക്കാൻ അമ്മക്കൊപ്പം അടുക്കളയിൽ പങ്കുചേർന്നപ്പോഴും, എന്റെ ചിന്തകൾ അവരുടെ പരിഹാസങ്ങളിൽ തന്നെയായിരുന്നു….

അത് കണ്ടിട്ടാകണം ചിന്തകളിൽ നിന്നുമെന്നെ തട്ടിയുണർത്തി, തിളച്ചു മറിയുന്ന സാമ്പാർ പാത്രത്തിലേക്ക് അമ്മ കൈചൂണ്ടിയത്.

കയിലു കൊണ്ടു ഒരൽപം കോരിയെടുത്തു അമ്മയുടെ കൈവെള്ളയിലേക്ക് പകർന്നു രുചിച്ചു നോക്കുമ്പോൾ അമ്മയുടെ ചുണ്ടുകൾ അറിയാതെ മന്ത്രിച്ചു. ”അയ്യേ… ഇതിലെന്തോ കുറവുണ്ടല്ലോ…”

പിഴിഞ്ഞു വെച്ചിരുന്ന പുളിവെള്ളം സാമ്പാറിലേക്ക് ചേർത്തുകൊണ്ട് വീണ്ടും ഒരൽപ്പം അമ്മക്ക് രുചിച്ചുനോക്കാൻ നൽകുമ്പോൾ, അയ്യെന്നു പറഞ്ഞ അമ്മയുടെ കണ്ണുകളിൽ ഒരു തെളിച്ചമേറിവന്നു.

”ജീവിതവുമിതുപോലെയാണ്… കുറവുകൾ കണ്ട് പലരും അയ്യേ എന്ന് പറയും… പക്ഷേ അതിൽ തളരരുത്… ആ കുറവുകൾ കണ്ടെത്തി അത് നികത്താൻ ശ്രമിക്കണം…”

മൂകനായി നിൽക്കുന്ന എന്നെ കണ്ടിട്ടാകണം, ജീവിതത്തെ വെട്ടിപ്പിടിക്കാനുള്ള പ്രോത്സാഹനമെന്ന പോലെ അമ്മയിൽ നിന്നും ആ വാക്കുകളുയർന്നത്.

അല്ലേലും അമ്മ അങ്ങനെയായിരുന്നു. എന്റെ തോൽവികളിൽ അച്ഛനടക്കമുള്ളവർ പരിഹസിക്കുമ്പോൾ, അമ്മ മാത്രം പറയും. ”ഇത് പഠനത്തിന്റേയോ, കലയുടേയോ ലോകമല്ല…

കഴിവിന്റെ ലോകമാണ്….” പക്ഷേ എന്റെ കഴിവ് എന്തെന്ന് എനിക്കൊരിക്കലും കണ്ടെത്താനായില്ല… പല രാത്രികളിലും ചിന്തിക്കാറുണ്ട്..

സിനിമയിലേതു പോലെ നാടുവിട്ട് പോയി പണക്കാരനായി തിരിച്ചുവരുന്നത്…. പക്ഷേ എങ്ങോട്ടെന്നോ എവിടേക്കെന്നോ അറിയാത്തതിനാൽ പുതപ്പിനുള്ളിൽ തന്നെ ചുരുണ്ടുകൂടും.

ആടുതോമയായി മാറിയാലോ എന്ന് ചിന്തിച്ചു നോക്കിയിട്ടുണ്ട്… പക്ഷേ കൂളിംഗ് ഗ്ലാസ് വെച്ച എന്റെ മുഖം കാണുമ്പോൾ, എനിക്കുതന്നെ ചിരി വരും.

എങ്കിലും സ്വപ്നങ്ങൾക്കും കിനാവുകൾക്കും ടിക്കറ്റ് വേണ്ടാത്തതിനാൽ മനസ്സാഗ്രഹിക്കുംപോലെയൊക്കെ ഞാൻ നായക വേഷങ്ങൾ ധരിച്ചുനോക്കാറുണ്ട്.

കുമിഞ്ഞുകൂടിയ അനിയത്തിയുടെ പഠന സെർട്ടിഫിക്കറ്റുകളിൽ മനം മയങ്ങിയ ചെറുക്കനും വീട്ടുകാർക്കും, ഊരു തെണ്ടിയായ സഹോദരൻ ഒരു പ്രശ്‌നമേയല്ല എന്നറിഞ്ഞപ്പോൾ, മറ്റുള്ളവരെക്കാൾ ഏറെ സന്തോഷിച്ചത് ഞാൻ തന്നെയായിരുന്നു.

അവരുടെ മനസ്സ് മാറും മുൻപേ കല്ല്യാണ നിശ്ചയം നടത്താൻ ഞാൻ മുന്നിട്ടിറങ്ങിയതും, അതേ ആവേശത്തോടെയായിരുന്നു. പക്ഷേ കല്ല്യാണ നിശ്ചത്തിനു വന്നവർക്കിടയിലും ഞാനൊരു പരിഹാസ കഥാപാത്രമായി മാറുകായായിരുന്നു.

”ദേ ഇതാണ് പെണ്ണിന്റെ ആങ്ങള… പത്താം ക്‌ളാസും ഗുസ്തിയുമാണ് കയ്യിലുള്ള ഏക സമ്പാദ്യം…” പെണ്ണുകാണാൻ വന്നപ്പോൾ പരിചയപ്പെട്ട ആറാം ക്‌ളാസിൽ ആറുതവണ തോറ്റു പഠനം നിർത്തിയ കാരണവർ, ചെറുക്കന്റെ സഹോദരിക്കും സുഹൃത്തുകൾക്കും എന്നെ പരിചയപ്പെടുത്തുമ്പോൾ, എന്റെ പല്ലുകൾ അയാളെ നോക്കി കടിച്ചമരുന്നുണ്ടായിരുന്നു.

അതുകൊണ്ടുതന്നെ, അതിഥികളെ സ്വീകരിക്കാൻ നിൽക്കാതെ അവരിൽ നിന്നും അകലം പാലിക്കാനായി ഞാൻ ഊട്ടുപുരയിലേക്ക് നടന്നു.

തിളച്ചുകൊണ്ടിരിക്കുന്ന സാമ്പാറിനരികിൽ, നിരാശയോടെ തലതാഴ്ത്തി നിൽക്കുന്ന അമ്മിണി ചേച്ചിയും, ചേച്ചിയെ വട്ടമിട്ടു ചോദ്യം ചെയ്യുന്ന എന്റെ അച്ഛനും കുടുംബവും.

കാര്യം തിരക്കിയപ്പോൾ കൂടി നിന്നവരിൽ ആരോ പറഞ്ഞു. ”രാവിലെ വരാമെന്നേറ്റിരുന്ന പ്രധാന പാചകക്കാരൻ കുമാരേട്ടൻ ഇതുവരെയായിട്ടും എത്തിയില്ലത്രേ…”

അച്ഛന്റെ മുഖം അരിശത്താൽ ചുവന്നു തുടിച്ചിട്ടുണ്ട്… പലരുടേയും മുഖത്ത് എന്ത് ചെയ്യണമെന്നറിയാതെ നിർവികാരത മാത്രം. മൂകത തളം കെട്ടിയ ആ നിമിഷത്തിൽ, ഊട്ടുപുരയിലേക്ക് അമ്മ കടന്നു വന്നു.

”ചടങ്ങുകൾ നടക്കുന്നത് ഉമ്മറത്തെ പന്തലിലാണ്… എല്ലാവരും അങ്ങോട്ടേക്ക് ചെല്ല്… ഇവിടത്തെ കാര്യങ്ങൾ വേണ്ട രീതിയിൽ ചെയ്യാൻ തണ്ടും തടിയുമുള്ള ഒരു മകനുണ്ടെനിക്ക്…” അമ്മയുടെ ആ വാക്കുകളിൽ താഴ്ന്നു നിന്നിരുന്ന പല തലകളും ഒരു ഞെട്ടലോടെ ഉയർത്തെഴുന്നേറ്റു.

എന്തോ പറയുവാനായി ഒരുങ്ങിയ അച്ഛന്റെ ചുണ്ടുകളിൽ അമ്മ കൈചേർത്തടച്ചു. ”അവൻ നോക്കിക്കോളും…” അമ്മയുടെ ആ വാക്കുകളിൽ എന്നിലൂടെ അരിച്ചുകയറിയത് ഒരാവേശം തന്നെയായിരുന്നു….

ഒപ്പം ആ വാക്കുകളിൽ അമ്മ ഒളിപ്പിച്ചുവെച്ചിരുന്ന അർത്ഥങ്ങളും. അഴിഞ്ഞു കിടന്നിരുന്ന മുണ്ടിന്റെ തലപ്പെടുത്തു മടക്കി കുത്തി, അഴയിലെ ഉണങ്ങിയ തോർത്തെടുത്തു തലയിൽ ചുറ്റികൊണ്ട് അമ്മിണി ചേച്ചിയുടെ കൈകളിൽ നിന്നും ചട്ടുകം ഞാൻ ഏറ്റുവാങ്ങുമ്പോൾ, ആ കണ്ണുകൾ മിഴിച്ചുകൊണ്ടെന്നെ നോക്കുന്നുണ്ടായിരുന്നു.

അച്ഛന്റെ പരിഹാസങ്ങളിൽ നിന്നും മോചനം നേടാൻ, ചെറുപ്പം മുതൽ അമ്മയുടെ ഒപ്പം അടുക്കളയിൽ ഒതുങ്ങി കൂടിയപ്പോൾ, പാചകത്തിന്റെ ബാലപാഠങ്ങൾ പഠിപ്പിച്ചു തന്നത് അമ്മ തന്നെയായിരുന്നു.

ആ പാഠങ്ങൾ ഉൾക്കൊണ്ട്, വിഭവങ്ങൾ ഓരോന്നായി തയ്യാറാക്കുമ്പോഴും അമ്മിണിച്ചേച്ചിയുടെ മുഖത്തെ അമ്പരപ്പ് ഏറിക്കൊണ്ടേയിരുന്നു. അതിഥികൾക്ക് മുൻപിലായി, ഊണുമേശയിൽ അവ വിളമ്പുമ്പോൾ, പത്താം തരം പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവന്റെ പരവേശമായിരുന്നെന്നിൽ…

അതുകൊണ്ടു തന്നെയാകാം അവരിൽ നിന്നുമകന്നു പുറത്തെ മാവിൻചുവട്ടിൽ തനിയെ വന്നു ഞാൻ നിന്നത്. ”കൊള്ളാം… സദ്യ കേമായിട്ടുണ്ട്….

കൈപ്പുണ്ണ്യമുള്ള കൈകളാ ട്ടോ…” പുറകിൽ നിന്നും ഒരു ചെറുചിരിയോടെ ആദ്യമത് പറഞ്ഞത്, ചെറുക്കന്റെ സഹോദരി തന്നെയായിരുന്നു.

”ആള് വിചാരിച്ചപോലെയല്ല… കേമനാണ്…” കണ്മുൻപിൽ പെടുമ്പോഴെല്ലാം പരിഹസിക്കുന്ന ആ കാരണവരും അഭിമാനത്തോടെ പറയുമ്പോൾ, ഞാൻ കാണുന്നുണ്ടായിരുന്നു.

ഭക്ഷണം കഴിച്ചിറങ്ങിയവരുടെ മുഖത്തേറിയ തെളിച്ചം… ആ തെളിച്ചതിനു വയറും മനസ്സും നിറഞ്ഞ പ്രതീതിതന്നെയായിരുന്നു. ആ നിമിഷം മുതൽ അവിടെമാകെ ഉയർന്നുകേട്ടത് എന്റെ പേരുമാത്രമായിരുന്നു.

പരിഹസിക്കാൻ മാത്രമുയർന്നിരുന്ന അച്ഛന്റെ കൈകൾ അന്നാദ്യമായി എന്റെ തോളിൽ മുറുകെപ്പിടിച്ചു… ചെയ്തുപോയ തെറ്റുകൾക്കുള്ള പ്രായശ്ചിത്തമെന്ന പോലെ രണ്ടു തുള്ളി കണ്ണുനീർ ആ കണ്ണിൽ നിന്നും ഊർന്നുവീണു നിലം പതിച്ചു…

പുറകിൽ ആനന്ദാശ്രു പൊഴിച്ചുകൊണ്ടു നിന്നിരുന്ന അമ്മയുടെ കണ്ണുകൾ അപ്പോഴുമെന്നെ ഓർമ്മിപ്പിക്കുണ്ടായിരുന്നു.

”ഇത് പഠനത്തിന്റേയോ, കലയുടേയോ ലോകമല്ല… കഴിവിന്റെ ലോകമാണ്….” അതേ… ഞാൻ എന്റെ കഴിവ് കണ്ടെത്തിയിരിക്കുന്നു…. ഇനി ഇതാണെന്റെ ജീവിതം.

സമയത്തിന് എത്തിപ്പെടാനാകാത്തതിൽ പരിഭ്രമിച്ചുകൊണ്ടു ഓടിയെത്തിയ കുമാരേട്ടൻ ആ നിമിഷങ്ങൾ കണ്ട് ചിന്താവിഷ്ടനായി നിൽക്കുമ്പോൾ, അരികിലെത്തിയ അമ്മിണി ചേച്ചി പറയുന്നുണ്ടായിരുന്നു. ”യോഗല്ല്യ കുമാരേട്ടാ… പായ അങ്ങട് മടക്കിക്കോളീ..”

രചന: സരൺ പ്രകാശ്‌

About Intensive Promo

Leave a Reply

Your email address will not be published.