“വയലിൻ വാദത്തിൽ ഇന്ദ്രജാലം സൃഷ്ടിച്ച യുവ സംഗീതജ്ഞൻ ബാല ഭാസ്കർ വിടവാങ്ങി ”
എന്നൊരു വാർത്ത മാത്രമായിരിക്കുന്നു ഞാനിന്ന്.
ലച്ചുവിനെ ഇവിടെ തനിച്ചാക്കി യാത്രയാവുകയാണ് എന്റെ മോളുടെ അടുത്തേക്ക്. ഡോക്ടർ ബന്ധുക്കളോട്
“ഞങ്ങൾ ഞങ്ങളുടെ പരമാവധി ശ്രമിച്ചു പക്ഷെ…!
അതു പറയുമ്പോൾ ഞാൻ അവരുടെ അടുത്ത് തന്നെ നിൽക്കുന്നുണ്ടായിരുന്നു. വെള്ള തുണിയിൽ മൂടി പുതച്ച എന്നെ അമ്മ കെട്ടി പിടിച്ചു കരയുന്നുണ്ട്. ഞാൻ എന്റെ ലച്ചുവിനെ കാണാനായി ഐ സി യു വിനുള്ളിലേക്ക് ചെന്നു. തലയിലും കലുകളിലും നിറയെ കെട്ടുകളും, ശരീരത്തിലാകെ വയറുകളും ട്രൂബുകളുമായി അവൾ ഉറങ്ങി കിടക്കുന്നു.
“പ്രണയിച്ചു കൊതി തീരാതെ നിന്നെ ഇവിടെ തനിച്ചാക്കി ഞാൻ യാത്രയാവുകയാണ് ” എന്ന് അവസാനമായി യാത്ര പറയണമെന്നുണ്ട്. കഴിയില്ലല്ലോ ഇനി എനിക്കതിന്. ഈ സമയം എന്റെ വെള്ളതുണിയിൽ പൊതിഞ്ഞ ശരീരം ആംബുലൻസിൽ വീട്ടിലേക്ക് കൊണ്ടു പോവുകയാണ്. എന്റെ വീട്ടിൽ നാടുമൊത്തം എന്നെ ഒരു നോക്കു കാണുവാനായി കാത്തു നിൽക്കുന്നുണ്ട്.
ചുറ്റും കൂടി നിൽക്കുന്നവരുടെ മിഴികൾ നിറഞ്ഞൊഴുകുകയാണ്.
ഒരാഴ്ച മുൻപ് സന്തോഷത്തോടെ ക്ഷേത്രത്തിലേക്ക് വഴിപാടുകൾ നടത്തുവാൻ അമ്മയോട് യാത്ര പറഞ്ഞ് ഈ വീട്ടിൽ നിന്നിറങ്ങുമ്പോൾ ഇതുപോലെയൊരു തിരിച്ചു വരവായിരിക്കും എന്ന് പ്രതീക്ഷിച്ചില്ല. അതൊരു അവസാന യാത്ര പറച്ചിലാവുമെന്നും . മോളുടെ കളിപ്പാട്ടങ്ങൾ വീടു നിറയെ അങ്ങിങ്ങായി ഇനി ഒരവകാശിയില്ലാതെ ചിതറി കിടക്കുന്നു. അതിൽ അവൾക്ക് ഏറെ പ്രിയപ്പെട്ട പാവക്കുട്ടിയെ അവൾ കിടക്കയിൽ ഉറക്കിക്കെടുത്തിയിരിക്കുകയാണ്. അവിടെ ഞാനെന്റെ പ്രാണനെ പോലെ നെഞ്ചോട് ചേർത്ത് പിടിച്ച എന്റെ വയലിൻ ഇന്നെനിക്ക് ഒന്നു സ്പർശിക്കാൻ പോലുമാവുന്നില്ലല്ലോ…
ഞാനെന്റെ വയലിൻ വായിക്കുന്ന ശബ്ദം കേൾക്കേണ്ട താമസം എന്റെ അരികിലേക്ക് അച്ഛേ…
എന്നു വിളിച്ച് വരുന്ന മോളെ എന്റെ മടിയിലിരുത്തി തുണികൾ മടക്കി വയ്ക്കുന്ന ലച്ചുവിനോടായി ഞാൻ പറയുമായിരുന്നു.
” നീ നോക്കിക്കോ ലച്ചൂ , എന്നേക്കാൾ വലിയ ഒരു സംഗീതജ്ഞയാകും ഇവളെന്ന് ”
ഞങ്ങളുടെ എല്ലാ സ്വപ്നങ്ങളും ഒരു കാർ അപകടത്തിന്റെ രൂപത്തിൽ ദൈവം തട്ടിയെടുത്തപ്പോൾ .വിധിക്കു മുന്നിൽ കീഴടങ്ങുകയല്ലാതെ എനിക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.
അച്ഛേ.. എന്നൊരു വിളി കേൾക്കുന്നതിനപ്പുറം മറ്റൊരു സന്തോഷവും എനിക്ക് ഉണ്ടായിരുന്നില്ല. നീണ്ട പതിനാറു വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഞങ്ങൾക്ക് ദൈവം നൽകിയ നിധിയെ, നൽകിയ ആ ദൈവം തന്നെ ഞങ്ങളിൽ നിന്നും തിരികെയെടുത്തു.
ഒരു പക്ഷെ അത്രയ്ക്കും ഇഷ്ടമായിരുന്നിരിക്കണം
ഞങ്ങളുടെ മൊളെ ദൈവത്തിന്. അവളുടെ അടുത്തേക്ക് ഞാനും യാത്ര തിരിക്കുകയാണ് അവളുടെ അച്ഛേ… എന്നൊരു വിളി കേൾക്കാനായി.
തിരികെ ജീവിതത്തിലേക്ക് തിരിച്ചു വരുന്ന ലച്ചുവിന് എന്റെയും, മോളുടെയും നഷ്ടം താങ്ങാനുള്ള ശക്തി കൊടുക്കണേ.. ദൈവമേ…
എന്നൊരു പ്രാർത്ഥനയേ ഉള്ളൂ,
എന്നെ സ്നേഹിക്കുന്ന എല്ലാവരും എന്റെ ലച്ചുവിനു വേഗം സുഖപ്പെടുവാൻ പ്രാർത്ഥിക്കണേ….