ഇക്കഴിഞ്ഞ പണിമുടക്കിന്റെ അന്ന് ഉച്ചയുറക്കം കഴിഞ്ഞെണീറ്റ് പുറത്തെ മഴയുംകണ്ടിരിക്കുമ്പോൾ കടുപ്പത്തിൽ ഒരു ചായയും കൊണ്ടുതന്ന് ഫോൺ നീട്ടി ഈ ഫോട്ടോ കാണിച്ചുകൊണ്ട് ഒരു ചോദ്യം
‘മനുഷ്യാ… നിങ്ങൾക്ക് അരിപ്പ വീഴാത്ത എത്ര ബനിയനുണ്ട്’
‘അഞ്ചട്ടെണ്ണം കാണും’
‘ വണ്ടിതൊടക്കാറായിട്ടും ഇതെന്തിനാ ഇടക്കിങ്ങനെ ഇട്ടോണ്ട് നടക്കുന്നെ?’
‘അതുപിന്നെ’
‘ഒന്നും പറയണ്ടാ… ഞാനിതു പബ്ലിക്കാക്കും’
‘അതിന്റെ പിന്നിൽ ഒരുകാര്യമുണ്ട്’
‘അതാ ഞാനും ചോയിച്ചെ’
‘അത് ഞാൻതന്നെ പബ്ലിക്കാക്കാം… പോരെ?’
‘എന്താന്നിച്ചാ ചെയ്യ്’
കോഴിക്കോട് മലബാർ സ്പിന്നിങ് മില്ലിൽ ഒരു സാധാരണ നെയ്ത്തുകാരനായിരുന്നു അച്ഛൻ. ആഴ്ച്ചയിൽ ഒരുദിവസം വന്നുപോകുന്നതിന്റെ ബുധിമുട്ടും ഞങ്ങളെ വിട്ടുപിരിയുന്നതിന്റെ വിഷമവും കാരണം, തലശ്ശേരിയിൽ നിന്നും ഞങ്ങളെയും ജോലിസ്ഥലത്തിന് കുറച്ചകലെയായി ഒരു വാടകവീടെടുത്തു കൂടെ നിർത്തി. തുച്ഛമായ വേദനമായിരുന്നിട്ടും അച്ഛനാൽ കഴിയും വിധം നല്ലരീതിയിൽ ഞങ്ങളെ വളർത്തി.
‘അനുഭവങ്ങൾ പാളിച്ചകൾ’ ഞാനാദ്യമായി തിയേറ്ററിൽ പൊയ്കണ്ട സിനിമ, കോഴിക്കോട് മീഞ്ചന്തയിലെ ഓലമേഞ്ഞ തേർഡ് ക്ലാസ് തീയേറ്ററിലെ ഇരുട്ടിൽ നിന്നും സ്ക്രീനിലേക്കുറ്റുനോക്കികൊണ്ടിരുന്ന എന്റെ കൈയിൽ തട്ടി അച്ഛൻ പരിചയപ്പെടുത്തി അതാണ് ‘സത്യൻ’. അച്ഛന്റെ എന്നത്തേയും ഇഷ്ടനടൻ. ‘സർവ്വരാജ്യത്തൊഴിലാളികളെ’ എന്നുതുടങ്ങുന്ന ഇതിലെ പാട്ട്, തികഞ്ഞ കമ്മ്യൂണിസ്റ്റുകാരനായ അച്ഛന് ലഹരിയായിരുന്നു. ആദ്യത്തെ ഇഗ്ലീഷ് സിനിമ (‘ഫസ്റ്റ് ബ്ലഡ്’) അച്ഛനോടൊപ്പമായിരുന്നു ബ്ലുഡയമണ്ടിൽ നിന്നും, പിന്നെ പൂമ്പാറ്റ, ബാലരമ, അമർചിത്രകഥകൾ, വാട്ടർക്കളർ, പെയിന്റിംഗ്ബ്രെഷ് തുടങ്ങി കൊച്ചു കൊച്ചു സന്തോഷങ്ങൾ അച്ഛൻ തന്ന് കൊണ്ടേയിരുന്നു.
താമസ സ്ഥലത്തു നിന്നും മൂന്നാലു കിലോമീറ്റർ നടന്നാണ് അച്ഛൻ ജോലിക്കു പോകാറ്. തുള വീണശേഷമാണ് മിക്കവാറും ചെരുപ്പ് തന്നെ മാറ്റാറുള്ളത്. ഹവായി ചെരുപ്പിനു പണ്ട്, വാറുമാറ്റുക എന്നൊരേർപ്പാടുണ്ട്. കണ്ണി പൊട്ടിയാലും പുതിയതിടാം എന്നിട്ട് അടി തയഞ്ഞുതീരും വരെ ഉപയോഗിക്കാം. പണ്ടൊക്കെ ഞാനും ചെയ്തിട്ടുണ്ട്.
മലബാർ സ്പിന്നിങ് മില്ലിൽ എട്ടുമണിക്കൂർ വീതം മൂന്നു ഷിഫ്റ്റാണ് ആഴ്ചക്കു ഡ്യൂട്ടി മാറിക്കൊണ്ടേയിരിക്കും. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ ദിവസങ്ങളിൽ അധികവും രാവിലെ അച്ഛന്റെ ഗന്ധവും സൂര്യവെളിച്ചവുമേറ്റു ഞാനെണീക്കുമ്പോൾ അച്ഛൻ കുമ്പിട്ടു കിടന്നുറങ്ങുന്നത് കാണാം.
അരിപ്പവീണ കയ്യില്ലാത്ത വെളുത്ത ബനിയാനാവും മിക്കവാറും ധരിച്ചിരിക്കുക. മില്ലിൽ നിന്നും പാറിയ കോട്ടൺ പൊടിപടലങ്ങളും നൂൽ കഷണങ്ങളും കാണാം അവിടവിടങ്ങളിലായി ബനിയനിലും തലമുടിയിലും. ക്ഷീണത്താൽ തളർന്നുറങ്ങുന്ന അച്ഛന്റെ കഷണ്ടികേറിയ തലയിലൂടെ കൈ പായിക്കുമ്പോൾ സൂര്യ വെട്ടത്തിൽ കലപില പാറുന്ന കോട്ടൺ പൊടിപടലങ്ങക്കന്നു സ്വർണനിറമായിരുന്നു….
ഇന്ന് ആ ഓർമകൾക്കും!
വല്ലപ്പോഴെങ്കിലും ഇങ്ങനെ ഈ അരിപ്പ വീണ ബനിയനിട്ടു കിടക്കുമ്പോൾ അച്ഛനോടുരുമ്മി കിടക്കുന്ന ഒരു ഫീൽ അത്രമാത്രം…
………………………………………………………………………………………
ഇന്ന് ഫാതേർസ്ഡേയോ അച്ഛന്റെ ഓർമ്മദിനമോ ജന്മദിനമോ ഒന്നുമല്ല! അല്ലെങ്കിലും അച്ഛനെ ഓർക്കാൻ അങനെ ഒരു ദിനത്തിന്റെ ആവശ്യമുണ്ടോ…
ഫോട്ടോ കടപ്പാട്: Ramyashagi.