: സംസ്ഥാനത്തെ പോലീസ് സേനയ്ക്ക് തന്നെ നാണക്കേടായ അടിമപ്പണിയ്ക്ക് ഉദാഹരണമായിരുന്നു എഡിജിപി സുദേഷ് കുമാറിന്റെ മകള്‍ സ്നിഗ്ധ പോലീസ് ഡ്രൈവര്‍ ഗവാസ്കറെ മര്‍ദ്ദിച്ച സംഭവം. 109 ദിവസം പിന്നിട്ടിട്ടും രജിസ്റ്റര്‍ ചെയ്ത കേസില്‍ തെളിവുണ്ടായിട്ടും പോലീസ് പ്രതിയെ പിടികൂടാത്തതില്‍ പ്രതിഷേധം വീണ്ടും കനക്കുകയാണ്. ഇതിനിടെയാണ് പ്രതിയായ സ്നിഗ്ധ വിദേശത്തേക്ക് കടന്നത്.
തങ്ങള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകളിലെ എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഗവാസ്കറും സ്നിഗ്ധയും ഫയല്‍ ചെയത ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കാനിരിക്കെയാണ് ഈ വിദേശ യാത്ര.
ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാത്തതിനെതിരെ ഗവാസ്കര്‍ രംഗത്തു വന്നു. കേസില്‍ പ്രതിസ്ഥാനത്തുള്ളത് ഉന്നത ഉദ്യോഗസ്ഥന്റെ മകളാണെന്നതാണ് അന്വേഷണം ഇഴയുന്നതിന്റെ കാരണം. ഇതിനാലാണ് യുവതിക്ക് വിദേശയാത്ര നടത്തുന്നത് സാധിച്ചതെന്നും ഗവാസ്കര്‍ ആരോപിച്ചു.
എന്നാല്‍, കേസില്‍ കക്ഷികള്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ കോടതി പരിഗണിക്കാനിരിക്കുകയാണ്. ഇതിന് ശേഷം മാത്രമേ കുറ്റപത്രം സമര്‍പ്പിക്കൂവെന്ന് അന്വേഷണ സംഘം അറിയിച്ചിരിക്കുന്നത്. കേസ് അന്വേഷണം നടക്കുന്നു എന്ന കാരണത്താല്‍ യുവതിയുടെ വിദേശ യാത്ര വിലക്കേണ്ട സാഹചര്യമില്ലെന്നും ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അന്വേഷണം അവസാന ഘട്ടത്തിലാണെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.