Breaking News
Home / Lifestyle / മുഴുത്തകുടിയാനാണ് എന്നറിഞ്ഞിട്ടും ആഷ്മി എന്തുകൊണ്ടായിരിക്കും ഈ കല്യാണത്തിന് സമ്മതിച്ചത്

മുഴുത്തകുടിയാനാണ് എന്നറിഞ്ഞിട്ടും ആഷ്മി എന്തുകൊണ്ടായിരിക്കും ഈ കല്യാണത്തിന് സമ്മതിച്ചത്

ഭാര്യഫിറ്റാകുമ്പോൾ.. !

കുപ്പിയിലുണ്ടായിരുന്ന വെളുത്ത ദ്രാവകം ചില്ല് ഗ്ലാസ്സിലേക്ക് വീഴ്ത്തുന്നതിൽ ശ്രദ്ധിക്കുമ്പോഴാണ് ഒപ്പമുള്ള കൂട്ടുകാരിൽ ഒരുത്തൻ അവളെകുറിച്ച് ഒരു അഭിപ്രായം എന്നോട് പറഞ്ഞത്.. !

ഡാ ആഷ്മിയുമായിട്ടാണോ നിന്റെ കല്യാണം ഉറപ്പിച്ചിരിക്കുന്നത്?

മ്മ്….

ഒന്ന് മൂളികൊണ്ട് ഗ്ലാസിൽ പകുതിയോളം നിറഞ്ഞ ദ്രാവകത്തെ ഞാനൊന്ന് രുചിച്ചുനോക്കി…

ഓള് നൈസ് ആണ് ബ്രോ..
ഒരെല്ല് കൂടുതലാണെന്നാ ഓളെക്കുറിച്ചു എല്ലാരും പറയുന്നത്.. !
അതുപോട്ടെ, നിന്റെ ഈ ഒടുക്കത്തെ കുടിയേകുറിച്ച് അറിഞ്ഞിട്ടാണോ അവൾ ഈ കല്യാണത്തിന് സമ്മതിച്ചത്..?

ആഹ്, അസ്സല്‌ കശുമാങ്ങ വാറ്റിയത്… !

അതായിരുന്നു ആ ചോദ്യത്തിന് എന്റെ മറുപടി..

എന്ത് വാറ്റാണെങ്കിലും അൽപ്പം വെള്ളം ചേർത്ത് കുടിക്ക് ഭായ്, ഇല്ലെങ്കിലേ ആഷ്മിക്ക് അധികം നാൾ നിങ്ങളെ കാണേണ്ടിവരില്ല..

ഒപ്പംഇരുന്നു കുടിക്കുന്നവന്റെ ആ പറച്ചിൽ കേട്ടപ്പോഴാണ് ഞാൻ അവളെകുറിച്ച് ചിന്തിച്ചത്.. !

മകന്റെ ഒടുക്കത്തെ കുടി അവസാനിപ്പിക്കാൻ വേണ്ടി അമ്മ കണ്ടെത്തിയ മാർഗ്ഗമായിരുന്നു ആഷ്മിയുമായുള്ള ഈ വിവാഹം.. !

കെട്ടിയാലും കൊള്ളാം ഇല്ലെങ്കിലും കൊള്ളാം എന്നായിരുന്നു ഈ കല്യാണത്തെക്കുറിച്ചു അമ്മ സംസാരിച്ചപ്പോൾ എന്റെ അഭിപ്രായം..

മുഴുത്തകുടിയാനാണ് എന്നറിഞ്ഞിട്ടും ആഷ്മി എന്തുകൊണ്ടായിരിക്കും ഈ കല്യാണത്തിന് സമ്മതിച്ചത് എന്നചിന്ത തലച്ചോറിനെ മദ്യം ഭരിക്കാത്ത സമയങ്ങളിലെല്ലാം എന്നെ അലട്ടിക്കൊണ്ടിരുന്നു…

അതിനുത്തരം എനിക്ക് ലഭിച്ചത് വിവാഹം കഴിഞ്ഞുള്ള ഞങ്ങളുടെ ആദ്യരാത്രിയിലായിരുന്നു…

വിവാഹദിവസത്തിൽ കള്ള് കുടിക്കരുതെന്ന് അമ്മ കാലിൽവീണു പറഞ്ഞതുകൊണ്ടുമാത്രമാണ് അന്ന് പകൽ മുഴുവൻ പച്ചക്ക് നിന്നത്…

രാത്രിയിൽ കൈയും കാലും വിറച്ചു തുടങ്ങിയപ്പോഴാണ് കട്ടിലിനടിയിൽ സൂക്ഷിച്ചിരുന്ന മിലിട്ടറി റം അടപ്പ് തുറന്ന് വായിലേക്ക് ചേർത്തത്

പട്ടാളക്കാരൻ രണ്ടു കവിളോളം അകത്തെത്തിയപ്പോൾ ഒരു ഉന്മേഷം തോന്നി..

ആദ്യരാത്രിക്ക് റം ബെസ്റ്റാ.. !

ഞാനത് മനസ്സിൽ ഉരുവിടുമ്പോഴാണ് മണിയറവാതിൽ തുറന്ന് ആഷ്മി അകത്തേക്ക് കടന്നുവന്നത്

ആശാൻ കാത്തിരുന്നു ബോറടിച്ചോ..?

ആഷ്മി കയ്യിലിരുന്ന ചില്ല് കുപ്പി മേശപ്പുറത്തു വെച്ചിട്ട് എന്നോടത് ചോദിച്ചപ്പോൾ ഞാനാദ്യം അവളുടെ മുഖത്തേക്കും പിന്നീട് മേശപ്പുറത്തിരിക്കുന്ന കുപ്പിയിലേക്കും അമ്പരപ്പോടെ നോക്കി..

ഭർത്താവിനെ ആശാൻ എന്ന് വിളിക്കുന്ന ഭാര്യ.. ! കൊള്ളാം.. ഇതെന്താ കുപ്പിയിൽ..? സാധാരണ ആദ്യരാത്രിയിൽ കാച്ചിയ പാലും കൊണ്ടല്ലേ ഭാര്യ മണിയറയിൽ പ്രവേശിക്കുന്നത്..?

എന്താ ഇങ്ങനെ നോക്കുന്നെ, കുപ്പിയിൽ തണുത്ത വെള്ളമാണ് ആശാനേ.. !

ആഷ്മി ചിരിച്ചുകൊണ്ട് അത്രയും പറഞ്ഞപ്പോൾ ഞാനും ഒന്ന് മുഖത്തു ഒരു ചിരിവരുത്തി…

ഇവിടെ ചിലപ്പോൾ ഇതൊക്കെയായിരിക്കും ആചാരങ്ങൾ.. അല്ലേലും പാല് കൊണ്ടുവരാഞ്ഞത് നന്നായി.. റമ്മിന് മുകളിലൂടെ പാല് കുടിച്ചാൽ ചിലപ്പോൾ പിരിയും,, ആചാരങ്ങൾ തെറ്റിക്കാൻപാടില്ല നടക്കട്ടെ.., നടക്കട്ടെ…

ഞാനത്രയും ചിന്തിച്ചിരിക്കുമ്പോഴാണ് യഥാർത്ഥ ട്വിസ്റ്റ്‌ സംഭവിക്കുന്നത്..

എന്റെ അടുത്ത് നിന്നും എണീറ്റു പോയ ആഷ്മി മുറിയിലെ അലമാര തുറക്കുന്നതും അതിൽ നിന്നും ഒരു ഫുൾ ബോട്ടിൽ വോഡ്ക എടുത്തു മേശപ്പുറത്തു വെക്കുന്നതും, കുപ്പിയുടെ അടപ്പ് ഒറ്റതട്ടിന് തുറക്കുന്നതും, രണ്ട് പെഗ് ഒഴിക്കുന്നതും,
തണുത്ത വെള്ളം ചേർത്ത് മോന്തുന്നതും കണ്ട് എന്റെ കണ്ണുകൾ പുറത്തേക്ക് തള്ളി, വായ പതിയെ തുറന്നുപോയി… !

എനിക്ക് തണുത്തവെള്ളം ഒഴിച്ച് കഴിക്കുന്നതാ ഇഷ്ടം, ആശാന് എങ്ങന്യാ..?
ഓ, ഈ മുഖം കണ്ടാലറിയാം ആശാന് രണ്ടും ഒരുപോലെയാണെന്ന്..

എന്റെ തൊണ്ടക്കുഴിയിൽ നിന്നും ശബ്ദം പുറത്തേക്ക് വരുന്നില്ലായിരുന്നു.. ഞാനങ്ങിനെ സ്തംഭിച്ചു ഇരിക്കുമ്പോൾ ആഷ്മി ഒരു റൗണ്ട് കൂടി ഗ്ലാസ്സിലൊഴിച്ചു മോന്തി..

ആശാന് ഒഴിക്കട്ടെ ഒരെണ്ണം..?

അവളത് കുഴഞ്ഞ സ്വരത്തിൽ ചോദിക്കുമ്പോൾ അൽപ്പം മുൻപേ വെള്ളം ചേർക്കാതെ കഴിച്ച പട്ടാള റമ്മിന്റെ വീര്യം എന്റെ ശരീരത്തിൽ നിന്നും ആവിയായി പറന്നുപോയിരുന്നു…

ഓ.. ആശാൻ മുന്നേ അടിച്ചുകാണും അല്ലേ, ഛെ ജസ്റ്റ്‌ മിസ്സ്‌ !

ഈ കല്യാണം ഉറപ്പിച്ചപ്പോൾ തൊട്ടുള്ള എന്റെ സ്വപ്നമായിരുന്നു ആശാനുമായി കട്ടക്ക് പിടിച്ചു നിക്കുന്ന ഒരു കള്ള് കുടി കമ്പിനി.. സാരല്യ.. ഇനീം നമുക്കുമുൻപിലിങ്ങനെ ദിവസങ്ങൾ നീണ്ടുനിവർന്നു കിടക്കുവല്ലേ മുത്തേ…

മദ്യക്കുപ്പി അലമാരയിൽ എടുത്തു വെക്കുന്നതിനിടക്ക് ആഷ്മി പറഞ്ഞ ആ വാക്കുകൾ കേട്ടപ്പോൾ എനിക്കാ കാര്യം മനസ്സിലായത്.. ഇവൾ എന്തിനാണ് അത്യാവശ്യം നല്ല കുടിയനായ എന്നെ കെട്ടാൻ സമ്മതിച്ചതെന്ന് !

പാതിയടഞ്ഞ മിഴികളുമായി ആഷ്മി കിടക്കയിൽ വന്നിരുന്ന് എന്റെ തോളിൽ കയ്യിട്ടിരുന്നു..

ആശാനേ എനിക്ക് നല്ല ക്ഷീണം, രണ്ടെണ്ണം അടിച്ചപ്പോ ഉറക്കവും വരുന്നു, കണ്ണടഞ്ഞു പോണ്..

അത്രേം പറഞ്ഞപ്പോഴേക്കും കുലച്ച നേന്ത്രവാഴ കാറ്റത്തു മറഞ്ഞു വീഴുന്നതുപോലെ ആഷ്മി ബെഡിലേക്ക് വീണു…..

കട്ടിലിൽ ഒരു വശം ചെരിഞ്ഞു കിടന്നു കൂർക്കം വലിക്കുന്ന അവളെ ഞാനങ്ങനെ നോക്കിനിന്നു..

മദ്യം ആവോളം ആസ്വദിച്ചു കുടിച്ചിട്ടുണ്ട്, കള്ളുകുടിയുടെ പല അവസ്ഥാന്തരങ്ങളും കണ്ടിട്ടുണ്ട്.. പക്ഷെ ഇതുപോലൊരു അവസ്ഥ സ്വന്തം ജീവിതത്തിൽ; അതും ആദ്യരാത്രിയിൽ വരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല, ഓർക്കുമ്പോൾ ഉള്ള് പൊള്ളുന്നപോലെ.. !

“നിങ്ങൾ നോക്കിക്കോ ഞാൻ കെട്ടുന്ന പെണ്ണ് രണ്ടെണ്ണം അടിക്കുന്നവൾ ആയിരിക്കും “എന്നൊക്കെ മദ്യപാന സദസ്സിൽ കൂട്ടുകാർക്കിടയിൽ വെല്ലുവിളി നടത്തിയിട്ടുണ്ട്, അത് സത്യമായി ഭവിച്ചു.. പക്ഷെ ആ കുടികണ്ടിട്ട് ഇവൾ രണ്ടെണ്ണമല്ല ഒരുകുപ്പി മുഴുവനും കഴിക്കാൻ വഴിയുണ്ട്..

അതൊക്കെ ആലോചിച്ചു പട്ടി റൊട്ടി തിന്നപോലെ കുറച്ചു നേരം റൂമിൽ വട്ടംചുറ്റി നടന്നു.. ഒന്നിനും ഒരു തിരുമാനമാകാതായപ്പോൾ കട്ടിലിനടിയിൽ നിന്നും കുപ്പിയെടുത്തു രണ്ട് കവിൾ കൂടി വിഴുങ്ങി..

പട്ടാളക്കാരന്റെ വീര്യം ചിന്തകളെ മന്ദീഭവിക്കുന്നതുപോലെ തോന്നിയപ്പോൾ ഫിറ്റായി ഉറങ്ങുന്ന ആഷ്മിക്കരുകിൽ ഞാനും ചുരുണ്ടു കൂടി, ഫിറ്റായി തന്നെ…

ആദ്യരാത്രിയിൽ കള്ളുംമോന്തി ബോധമില്ലാതെ കിടക്കുന്ന ഭർത്താവും ഭാര്യയും… എന്താലേ.. !

രാത്രി ഏറെ വൈകി ഉറങ്ങിയതുകൊണ്ടാകാം പിറ്റേന്ന് രാവിലെ ആഷ്മി കുലുക്കി വിളിച്ചപ്പോഴാണ് കണ്ണുതുറന്നത്..

ഇന്നലെ കള്ളുമോന്തി നാവ്കുഴഞ്ഞു സംസാരിച്ച ആ ആഷ്മിയെ അല്ല ഞാനപ്പോൾ കണ്ടത്..

രാവിലെ കുളികഴിഞ്ഞു സെറ്റ്സാരിയുടുത്തു നെറ്റിയിൽ ചന്ദനം ചാർത്തി അണിഞ്ഞൊരുങ്ങി എനിക്ക് ചായയുമായി വന്ന അവളെ കാണാൻ എന്തൊരു ചന്തം, എന്തൊരു ഐശ്വര്യം.. !

എന്തൊരു ഇരിപ്പാ ആശാനേ ഇത്, ആ അഴിഞ്ഞുപോയ ലുങ്കിയുടുത്തു എണീക്കാൻ നോക്കിക്കേ.,നേരം പുലർന്നിട്ട് കൊറച്ചായി..

എന്റെ കവിളിലൊന്ന് തട്ടികൊണ്ട് ആഷ്മി അത്രേം പറഞ്ഞു തിരിഞ്ഞു നടന്നപ്പോൾ ഞാൻ വാ പൊളിച്ചിരുന്നുപോയി…

ഇവളല്ലേ ഇന്നലെ കുമുകുമാ കുടിച്ചു ഫിറ്റായി ആദ്യരാത്രി കുളമാക്കിയത്, ഇന്നലെ ഇത്രേം കുടിച്ചിട്ടും യാതൊരു ഹാങ്ങ്‌ഓവറും ഇല്ലാതെ ഇളിച്ചോണ്ട് പോണത് കണ്ടില്ലേ .. ഭീകരി..!

സ്വന്തം ഭാര്യയുടെ മദ്യപാനത്തെ കുറിച്ചോർത്തു ആധിപൂണ്ട് അന്ന് വൈകുന്നേരം വരെ ഞാൻ വീട്ടിൽതന്നെ കുത്തിയിരുന്നു..

ആഷ്മിയും എനിക്കൊപ്പംതന്നെ ഉണ്ടായിരുന്നു കളിച്ചും ചിരിച്ചും, മറ്റുള്ളവരെ ചിരിപ്പിച്ചും… !

രാത്രിയായപ്പോൾ നൈസായിട്ട് വീട്ടിൽനിന്നും ബുള്ളറ്റെടുത്തു ഞാൻ കൂട്ടുകാർക്കിടയിലേക്ക് എത്തി..

ആദ്യരാത്രിയെ കുറിച്ചുള്ള അവരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാതെ മുൻപിലിരുന്ന കുപ്പി തുറന്ന് മൂന്നുനാലെണ്ണം വെള്ളംതൊടാതെ വിഴുങ്ങുന്ന എന്നെ നോക്കി അവർ അന്തിച്ചു നിൽക്കുമ്പോൾ ധൃതിയിൽ ബുള്ളറ്റിൽ കയറി ഞാൻ വീട്ടിലേക്ക് തിരിച്ചു…

ബുള്ളറ്റ് സ്റ്റാൻഡിൽ വെച്ച് ഇറങ്ങുമ്പോഴേ ഉമ്മറത്തിരിക്കുന്ന അമ്മയുടെ വീർത്തമുഖം കണ്ടു, ഒപ്പം ഒരു പിറുപിറുക്കലും…

ഇനിയെങ്കിലും കുടിക്കാതിരുന്നൂടെടാ നിനക്ക്,..

അമ്മയുടെ പിറുപിറുക്കൽ ശ്രദ്ധിക്കാതെ റൂമിലേക്ക്‌ കയറിയപ്പോൾ ആഷ്മിയും ഒപ്പം ഓടിക്കേറി അടുത്തുവന്നു..

ഒരു കമ്പനിയില്ലാതെ ഞാൻ ബോറടിച്ചിരിക്കുവായിരുന്നു,… ആശാൻ ചെറുതായി മിനുങ്ങിയിട്ടുണ്ടെന്ന് തോന്നണുണ്ടല്ലോ..?

മൂക്ക് വിടർത്തി മണം പിടിച്ചുകൊണ്ട് അവളത് ചോദിച്ചപ്പോൾ ഞാൻ ചെറുതായി ചിരിച്ചുകൊണ്ട് കുളിമുറിയിലേക്ക് നടന്നു..

ആശാനേ, ചോറെടുത്തു വെച്ചിട്ടുണ്ട്.. പെട്ടെന്ന് വന്നാൽ ചൂടോടെ കഴിക്കാം..

കുളിച്ചുകൊണ്ടിരിക്കുമ്പോൾ ആഷ്മിയുടെ ശബ്ദം കേട്ടു..

ഉള്ളിൽ നല്ല വിശപ്പുണ്ടായതുകൊണ്ട് കുളി പെട്ടെന്ന് തീർത്തു പുറത്തിറങ്ങിയപ്പോൾ ആഷ്മി അതാ മൂളിപ്പാട്ടുംപാടിക്കൊണ്ട് ബെഡിലിരുന്നു വോഡ്ക വലിച്ചുകയറ്റുന്നു.. കുപ്പിയും തണുത്തവെള്ളവും തൊട്ടടുത്തു മേശപുറത്തിരിപ്പുണ്ട്..

അത്താഴത്തിനു മുൻപ് രണ്ടെണ്ണം എനിക്ക് നിർബന്ധമാണ്..

ചിരിച്ചുകൊണ്ട് അവളത് പറഞ്ഞപ്പോൾ എന്റെ രക്തം തിളച്ചു..

പച്ചമലയാളത്തിൽ രണ്ടെണ്ണം പറയാനായി നാവ് തരിച്ചു.

പക്ഷെ മൂക്കറ്റം കുടിച്ചു നടക്കുന്ന എനിക്ക് ഇവളോട് മദ്യം കഴിക്കരുതെന്ന് പറയാൻ എന്ത് യോഗ്യത..?

നിസ്സഹായനായി അങ്ങനെ നിൽക്കുമ്പോഴാണ് ആഷ്മിയുടെ അടുത്ത ചോദ്യം ഉയർന്നത്..?

ആശാന്റെ ബുള്ളറ്റ് ഏതാ മോഡൽ..?

“1987”

ബുള്ളറ്റും അതിനെക്കുറിച്ചുള്ള സംസാരവും എന്റെ ഇഷ്ടവിഷയം ആണെങ്കിലും ആഷ്മിയുടെ ചോദ്യത്തിന് ഞാൻ അലക്ഷ്യമായാണ് മറുപടി നൽകിയത്..

എനിക്കിഷ്ട്ടാ ബുള്ളറ്റ്, ഒരീസം അവനെ എനിക്കും ഓടിക്കണം. ഞാൻ ലൈസെൻസ് ഒക്കെ എടുത്തിട്ടുണ്ട്… !

ആഷ്മിയുടെ സംസാരം കേട്ട് എനിക്ക് അത്ഭുതം തോന്നി..

ബുള്ളറ്റ് ഓടിക്കുന്ന പെണ്ണിനെ ഭാര്യയായി കിട്ടുക എന്നതൊക്കെ എന്റെ പഴയകാല ആഗ്രഹങ്ങളിൽ ഒന്നായിരുന്നു…

അന്ന് അത്താഴം കഴിഞ്ഞ് മുറിയിലേക്ക് കയറി മൊബൈലിൽ കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് ബുള്ളറ്റ് സ്റ്റാർട്ടാകുന്ന ഇരമ്പൽ മുറ്റത്ത്‌ നിന്നും കേട്ടത്.. !

ഓടി മുൻവശത്തേക്കെത്തുമ്പോൾ ബുള്ളെറ്റുമായി പടികടന്നു അകന്നു പോകുന്ന ആഷ്മിയെയാണ് കണ്ടത്..

ഇവളെങ്ങോട്ടാ ഈ പോയത്, അതും ഇത്രേം ബോധമില്ലാത്ത അവസ്ഥയിൽ..?

എന്തുചെയ്യണമെന്നറിയാതെ ഞാനും അമ്മയും പകച്ചുനിൽക്കുമ്പോൾ റോഡിൽനിന്ന് ബുള്ളറ്റിന്റെ ഇരമ്പൽ വീണ്ടും കേട്ടു..

അവൾ തിരികെ വരികയാണ്.. !

ബുള്ളെറ്റുമായി അവൾ വരുന്നത് കണ്ട് “ഹാവൂ ” എന്നൊരു നെടുവീർപ്പുയർത്തികൊണ്ട് അമ്മ അടുക്കളയിലേക്ക് കയറിപ്പോയി..

ആശാനേ, ഇവൻ ആളൊരു പുലിയാട്ടോ, എന്താ സുഖം ഇതിൽ പോകാൻ…

ആടികുഴഞ്ഞുകൊണ്ട് ആഷ്മി അതും പറഞ്ഞു എന്റെ അടുത്തേക്ക് വന്നപ്പോൾ പെട്ടെന്ന് എനിക്കെന്നെ തന്നെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല..

ഒരെണ്ണം ഇട്ടു കൊടുത്തു ആ വെളുത്ത കവിളിൽ.. !

കൊറേ ആയി ഞാൻ സഹിക്കുന്നു,.. ഇജ്ജാതി അഭ്യാസം ഇനി ഈ വീട്ടിൽ നടക്കില്ല.., കേറിപോടീ അകത്തേക്ക്..

അമ്മ കേൾക്കാതിരിക്കാൻ ശബ്ദം താഴ്ത്തി ഞാൻ അത്രേം പറഞ്ഞപ്പോഴേക്കും ആഷ്മി കവിളിൽ കൈവെച്ചുകൊണ്ട് റൂമിലേക്ക്‌ ഓടിക്കയറിയിരുന്നു…

അരണ്ട നിലാവെട്ടത്തിൽ ഞാനങ്ങിനെ കൊറേ സമയം ആ ഉമ്മറത്തു കുത്തിയിരുന്നു..

അവളെ തല്ലാണ്ടായിരുന്നു,..അവളുടെ ഈ മുടിഞ്ഞ കുടിയാണ് എല്ലാത്തിനും കാരണം,.. അല്ലാത്തപ്പോൾ ആഷ്മിയൊരു ഉത്തമ ഭാര്യ തന്നെയാണ്, അമ്മക്ക് അവളെ ജീവനാണ്…,ഏറെക്കുറെ തനിക്കും.. !

എല്ലാംകൂടി ഓർക്കുമ്പോൾ തലപെരുക്കുന്നു…

അസ്വസ്ഥതയോടെ റൂമിലേക്ക്‌ കയറിയപ്പോൾ കട്ടിലിൽ ആഷ്മി തലകുനിച്ചിരിക്കുന്നത് കണ്ടു..

പതിയെ അടുത്തുചെന്ന് ഞാനാ ചുമലിൽ കൈവെച്ചു..

ഒന്ന് നടുങ്ങികൊണ്ട് അവൾ മുഖമുയർത്തിയപ്പോൾ കണ്ടു ആ വെളുത്ത കവിളിൽ ചുവന്നു തിണിർത്തു കിടക്കുന്ന കൈവിരൽ പാടുകൾ.. !

എന്തുപറയണം എന്നറിയാതെ ഞാൻ അസ്വസ്ഥതയോടെ കൈകൾ കൂട്ടി തിരുമ്മികൊണ്ട് അവളോട്‌ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു..

‘ആ കുപ്പിയിൽ എന്തേലും ബാക്കിയുണ്ടോ..?
എന്റെ സ്റ്റോക്ക് തീർന്നു.. ‘

അവളൊരു നിമിഷം എന്റെ മുഖത്തേക്ക് തുറിച്ചുനോക്കി,.. പിന്നെ അലമാര തുറന്ന് കുപ്പിയെടുത്തു മേശപ്പുറത്തു വെച്ച് വീണ്ടും കട്ടിലിൽ പോയിരുന്നു…

മേശപ്പുറത്തു നിന്നും കുപ്പിയെടുത്തു തുറന്നു നോക്കിയപ്പോൾ കഷ്ടിച്ച് ഒരു മൂന്നെണ്ണം കാണും..

തനിക്ക് വേണ്ടല്ലോ അല്ലേ?

ആ ചോദ്യത്തിന് മറുപടിക്ക് കാക്കാതെ ഞാനാ കുപ്പി വായിലേക്ക് ചേർത്തു…

ഒരുകവിൾ രുചിച്ചു ഇറക്കിയപ്പോൾ ഒന്ന് ഞെട്ടി.. സംശയത്തോടെ കുറച്ചൂടെ രുചിച്ചു നോക്കി…

അതെ, വെള്ളം.. വെറും പച്ചവെള്ളം… !

എന്തുപറ്റി ആശാനേ..?
മുഴുവനും കുടിക്കുന്നില്ലേ,..?

ഇത്, ഇത് വെറും വെള്ളം പോലുണ്ടല്ലോ..?

അതെ അത് വെറും വെള്ളമാണ്, ഇത് കഴിച്ചിട്ടാണ് പൂസ്സായ മട്ടിൽ ഞാൻ നിങ്ങൾക്ക് മുൻപിൽ അഭിനയിച്ചത്…

കട്ടിലിൽ നിന്നും എണീറ്റുവന്ന് എനിക്ക് അഭിമുഖമായി നിന്നുകൊണ്ട് ആഷ്മി പതർച്ചയില്ലാത്ത സ്വരത്തിൽ അത്‌ പറഞ്ഞപ്പോൾ അതിന്റെ അർത്ഥം മനസിലാക്കാൻ കഴിയാതെ ഞാൻ അന്തംവിട്ടു നിന്നു..

ഈ കല്യാണആലോചന വീട്ടിൽ എത്തിയപ്പോൾ തന്നെ ആശാന്റെ ഫുൾ ബയോഡാറ്റ എന്റെ കയ്യിൽ എത്തിയിരുന്നു..

വെള്ളത്തിലാശാൻ ആണെന്ന് അറിഞ്ഞിട്ടു തന്നെയാ താലികെട്ടാൻ കഴുത്തു നീട്ടിയതും..

മൂന്നാല്ദിവസം ഞാനിവിടെ ഈ കുപ്പിയും പിടിച്ചു ആടികുഴഞ്ഞത്‌ ആശാൻ കാണാൻ വേണ്ടി തന്നെയായിരുന്നു.. സ്വന്തം ഭാര്യ കുടിച്ചു കൂത്താടി നടക്കുന്നത് കാണുമ്പോഴെങ്കിലും ആശാൻ മദ്യത്തെ വെറുക്കുമെന്നും, ഉപേക്ഷിക്കുമെന്നും ഞാൻ കരുതി..

ആഷ്മിയുടെ വാക്കുകൾ ഇടറിതുടങ്ങി, ഒരു കൈതാങ്ങിനു വേണ്ടിയാവണം അവൾ മേശപ്പുറത്തു കൈയൂന്നി..

കുടിച്ചു ബോധമില്ലാതെ ഞാൻ ബുള്ളറ്റെടുത്തു കറങ്ങിയപ്പോൾ ആശാന്റെ മനസൊന്നു പിടച്ചെങ്കിൽ.. അതുപോലെ എത്രയെത്ര രാത്രികളിൽ ഇവിടുത്തെ അമ്മ ഉറക്കമൊളിച്ചു ആവലാതിപെട്ടു ആ തിണ്ണയിൽ ഇരുന്നിട്ടുണ്ടാവണം, ബോധമില്ലാതെ വണ്ടിയോടിച്ചു വരുന്ന മകനെയും കാത്ത്…

ആദ്യമായിട്ടാണ് ഒരാളെന്നെ തല്ലുന്നത്, പക്ഷെ എനിക്ക് നൊന്തില്ല, ആശാന്റെ മനസ്സ് അല്പമെങ്കിലും മാറിയെന്നോർത്തു ഞാൻ സന്തോഷിക്കുകയായിരുന്നു,…. പക്ഷെ ഇപ്പൊ മനസിലായി ഞാൻ ചെയ്തതൊക്കെ വെറുതെയാണെന്ന്.. മദ്യത്തെ ഒഴികെ വേറൊന്നിനെയും ആശാന് ഇഷ്ടപ്പെടാൻ, സ്നേഹിക്കാൻ കഴിയില്ലെന്ന്.. ഇപ്പൊ എനിക്ക് ബോധ്യമായി..

ആഷ്മിയുടെ വാക്കുകൾ കേട്ട് എന്ത് ചെയ്യണം, എന്ത് പറയണം എന്നറിയാതെ കുഴഞ്ഞു നിൽക്കുമ്പോഴാണ് അവൾ ഡ്രസ്സ്‌ എല്ലാം ബാഗിൽ കുത്തിനിറച്ചു വാതിലിനടുത്തു നിൽക്കുന്ന എനിക്കരുകിലേക്ക് വന്നത്..

“എനിക്കെന്റെ വീട്ടിലേക്ക് പോണം, എന്നെ വീട്ടിൽ കൊണ്ടാക്കിയിട്ട് ആശാൻ തിരിച്ചു പോന്നോളൂ… ”

അവളതും പറഞ്ഞു നേരെ ബുള്ളറ്റിൽ പാഞ്ഞു കേറി വണ്ടി സ്റ്റാർട്ട്‌ ചെയ്തു..

പിറകിൽ കേറാൻ മടിച്ചു നിക്കുന്ന എന്റെ നേരെ അവളൊരു ദഹിപ്പിക്കുന്ന നോട്ടം അയച്ചു..

പിന്നൊന്നും നോക്കാതെ ഞാനും ചാടി ബുള്ളെറ്റിനു പിറകിൽ കയറികൂടി…

ഇരു വശങ്ങളിലും അഗാധ ഗർത്തങ്ങളുള്ള റോഡിലൂടെ വണ്ടി മുരണ്ടു നീങ്ങുമ്പോൾ ആഷ്മി നിശ്ശബ്ദയായിരുന്നു..

അവളോട്‌ മാപ്പ് പറയാൻ പോലും യോഗ്യതയില്ലാത്തതിനാൽ ഞാനും മൗനം ഭജിച്ചു..

എനിക്കറിയാമായിരുന്നു മൂന്നുനാൾ നീണ്ട എന്റെ ദാമ്പത്യജീവിതം ഇതോടെ അവസാനിക്കുകയാണെന്ന്….

പെട്ടെന്ന് ആഷ്മി റോഡരികിലേക്ക് കേറ്റി ബുള്ളറ്റ് ഒതുക്കി നിർത്തി.., മുഖം ചെരിച്ചു എന്നെ നോക്കി..

ചോദ്യഭാവത്തിൽ ഞാനും ആ മുഖത്തേക്ക് നോക്കി…

അവസാനമായിട്ട് ചോദിക്ക്യാ… ആശാന് കുപ്പി വേണോ അതോ എന്നെ വേണോ?

ഉത്തരം കുപ്പി എന്നാണേൽ നമ്മൾ രണ്ടുപേരടക്കം ബുള്ളറ്റ് ഈ കൊക്കയിലേക്ക് മറിയും…,ഞാനില്ലാതെ നിങ്ങളങ്ങിനെ സുഖിച്ചു ജീവിക്കേണ്ട.. !

മരിക്കാൻ പേടിയില്ലായിരുന്നെങ്കിലും എനിക്കവളുടെ മുഖത്തു നോക്കി പറയാൻ ഒരുത്തരമേ ഉണ്ടായിരുന്നുള്ളൂ…

“എനിക്ക് നിന്നെ മതി ഭാര്യേ “…

കുന്നും മലകളും താണ്ടി ആ ബുള്ളറ്റ് ഞങ്ങളെയും കൊണ്ട് പായുമ്പോൾ അൽപ്പം പിറകിലേക്ക് ചാഞ്ഞുകൊണ്ട് ആഷ്മി എന്നോട് ചോദിച്ചു…

ആശാനെ നമ്മൾ ഇതെങ്ങോട്ടാ ഈ പോകുന്നേ..?

ഒന്നൂടെ അവളിലേക്ക് ചാഞ്ഞുകൊണ്ട് ഞാനതിനു മറുപടി നൽകി..

“ഈ ഭൂമിയുടെ അറ്റത്തേക്ക്,, ”

Sai Bro

About Intensive Promo

Leave a Reply

Your email address will not be published.