Breaking News
Home / Lifestyle / ദര്‍ശനത്തിന് ക്യൂ നില്‍ക്കുമ്പോള്‍ പാഡ് മാറ്റാന്‍ ഓടുമോ

ദര്‍ശനത്തിന് ക്യൂ നില്‍ക്കുമ്പോള്‍ പാഡ് മാറ്റാന്‍ ഓടുമോ

ശബരിമലയില്‍ പ്രവേശിക്കാന്‍ എല്ലാ സ്ത്രീകള്‍ക്കും അവകാശമുണ്ടെന്ന സുപ്രീംകോടതി വിധിക്ക് പിന്നാലെ നാനാഭാഗത്ത് നിന്നും അഭിപ്രായങ്ങളുയര്‍ന്നിട്ടുണ്ട്. അതിനിടയിലാണ് ആര്‍ത്തവത്തിന്‍റെയും ആര്‍ത്തവ രക്തത്തിന്‍റെയും പേരില്‍ സ്ത്രീകള്‍ മാറിനില്‍ക്കണമെന്ന അഭിപ്രായവുമായി സംവിധായകന്‍ അലി അക്ബര്‍ രംഗത്തെത്തിയത്.

ആർത്തവം അശുദ്ധിയല്ല, എന്നാൽ ആർത്തവ രക്തം ശുദ്ധമല്ലന്ന് പറഞ്ഞു തുടങ്ങിയ അലി അക്ബര്‍ ഭക്ഷണം അശുദ്ധമല്ല എന്നാൽ അതു മലമായി മാറിയാൽ അശുദ്ധി തന്നെയാണെന്നതടക്കമുള്ള ഉദാഹരണങ്ങളാണ് മുന്നോട്ട് വച്ചത്. ആർത്തവമുള്ള ഒരു സ്ത്രീയെ ക്ഷേത്രത്തിൽ തൊട്ടുകൂടെന്നുള്ള വിശ്വാസവും ഒരാളുടെ അവകാശം തന്നെയാണെന്ന് സ്ത്രീത്വത്തെ ബഹുമാനിച്ചുകൊണ്ട് അഭിപ്രായം രേഖപ്പെടുത്തുന്നതായും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

എന്നാല്‍ വലിയ തോതിലുള്ള വിമര്‍ശനമാണ് ഇതിനെതിരെ ഉയരുന്നത്. പോസ്റ്റിന് താഴെ നിരവധി പെൺകുട്ടികള്‍ കമന്‍റുമായി രംഗത്തെത്തിയിട്ടുണ്ട്. ആര്‍ത്തവത്തിന്‍റെ പേരില്‍ സ്ത്രീകളെ അപമാനിക്കുന്നുവെന്നാണ് ഏവരും അഭിപ്രായപ്പെടുന്നത്.രണ്ട് പെണ്‍മക്കളുള്ള താങ്ങള്‍ തന്നെ ഇങ്ങനെ പറയുന്നത് ആ കുട്ടികളെ അപമാനിക്കലാണെന്നും ചിലര്‍ ചൂണ്ടികാട്ടുന്നു.

അലി അക്ബറിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപത്തില്‍

ആർത്തവം അശുദ്ധിയല്ല, എന്നാൽ ആർത്തവ രക്തം ശുദ്ധമല്ല.
ഭക്ഷണം അശുദ്ധമല്ല എന്നാൽ അതു മലമായി മാറിയാൽ അശുദ്ധി തന്നെയാണ്. ജലം ശുദ്ധമാണ് അതു മൂത്രമായി മാറുമ്പോൾ അശുദ്ധിയുടെ ഭാഗമാവുന്നു.

ശരീരത്തിൽ നിന്നും പ്രകൃതിയുടെ നിയമപ്രകാരം പുറത്തേക്കു പോകുന്നതെല്ലാം നാം അശുദ്ധിയുടെ ഭാഗമായി കരുതുന്നു തുപ്പലും,കഫവും,മലവും. മൂത്രവും,ആർത്തവ രക്തവും,ശുക്ലവും ചലവുമെല്ലാം ഇതിൽ ഉൾപ്പെടും…
ഇതെല്ലാം ശരീരം പുറന്തള്ളുമ്പോൾ മാത്രമാണ് വേസ്റ്റ് അഥവാ മാലിന്യം ആയി മാറുന്നത്, (ഭക്ഷണത്തിൽ ഒരു മുടി കണ്ടാൽ എന്താ പുകില്)ഈ വേസ്റ്റുകളൊന്നും തന്നെ ശുദ്ധവുമല്ല രോഗവാഹികളാവാൻ സാധ്യത ഉള്ളതാണെന്നും ശാസ്ത്രം പറയുന്നു. ഇത് കാലത്തിനപ്പുറം മനസ്സിലാക്കിയ സമൂഹം ഇതിനൊക്കെ ചിട്ടയും ഉണ്ടാക്കി.

ഒന്നുകിൽ കഴുകി വൃത്തിയാക്കുക, അല്ലെങ്കിൽ തുടർച്ചയായി ഒഴുകുന്നതാണെങ്കിൽ ആഗിരണം ചെയ്യുന്ന വസ്തുക്കൾ ഉപയോഗിച്ച് ശേഖരിച്ചു നശിപ്പിക്കുക എന്നതെല്ലാം അതിപ്രാചീന കാലം മുതൽ തുടർന്ന് വരുന്നതാണ്, ശാസ്ത്രം വളർന്നപ്പോൾ മാർഗ്ഗങ്ങൾ നൂതനമായി എന്ന് മാത്രം.

പ്രാചീന സംസ്കാരത്തിൽ ആർത്തവം പോലുള്ള ഘട്ടങ്ങളിൽ സമൂഹത്തിൽ

നിന്നും മാറ്റിപ്പാർപ്പിക്കുക പോലുള്ള സംവിധാനങ്ങൾ ഉണ്ടായിരുന്നു എന്നത് സത്യം തന്നെ. ഇന്നും പകരാവുന്ന രോഗാണുക്കൾ വിസർജ്ജ്യങ്ങളിൽ ഉണ്ടെങ്കിൽ ആ വ്യക്തിയെ ഒറ്റപ്പെടുത്തി തന്നെയാണ് ചികിത്സിക്കുന്നത്. ആധുനിക സംവിധാനം നിലവിലുണ്ടെങ്കിലും ചില സമയങ്ങളിൽ പരാജയപ്പെടുന്നതും നേരിൽ കണ്ടിട്ടുണ്ട്, പാട് വച്ചിട്ടും അമിത രക്തസ്രാവം ഉണ്ടായി ചൂരിദാറിന് പുറത്തേക്കു രക്തം ഒലിച്ചിറങ്ങുന്നത് അസാധാരണമായിട്ടുള്ളതല്ല.
ഈ പരിതഃസ്ഥിതിയിലാണ് ക്ഷേത്രങ്ങളിലും പള്ളികളിലുമൊക്കെ പോവുന്നതിൽ നിന്നും സ്ത്രീകൾ മാറി നിൽക്കാൻ നിർബന്ധിതമായായത്.വയറിളക്കം പിടിച്ചാൽ വീട്ടിൽ കഴിയുന്നതും സമാന അവസ്ഥ തന്നെ.

മുൻപേ വ്യക്തമാക്കി വിസർജ്ജ്യങ്ങൾ മറ്റുള്ളവരിൽ അറപ്പുളവാക്കുന്നത് തന്നെയാണ്,അതു കൈകാര്യം ചെയ്യുന്നതും ഒന്നുകിൽ സ്വയമോ അതല്ല ശാരീരിക ബുദ്ധിമുട്ടുണ്ടെങ്കിൽ അടുത്തവരോ അല്ലെങ്കിൽ ആശുപത്രിയിലും മറ്റും അത് സർവീസ് ആയി കരുതുന്നവരോ ആണ്.വൃത്തിയാക്കുന്ന സ്ഥലങ്ങളിൽ സ്വകാര്യത വേണം താനും.
മലമൂത്രവിസർജ്ജനം സാധാരണ ഗതിയിൽ കുറച്ചു സമയം നിയന്ത്രിച്ചു വയ്ക്കാം എന്നാൽ ആർത്തവരക്തസ്രാവം ശാരീരികമായി നിയന്ത്രിക്കാൻ അസാധ്യമായതും മുൻകരുതൽ സ്വീകരിക്കാവുന്നതും മാത്രമാണ് മുൻകരുതൽ പൂർണ്ണ വിജയമാണ് എന്ന് ഉറപ്പിക്കാൻ കഴിയാത്തതുമാണ്.

ഭാര്യയും രണ്ടു പെൺമക്കളും ഉള്ള ഒരു കുടുംബനാഥൻ എന്ന അനുഭവത്തിലാണ് ഇത് കുറിക്കുന്നത്.
ആർത്തവ ഘട്ടങ്ങളിൽ സ്ത്രീകൾ ആരാധനാലയങ്ങളിൽ നിന്നും മാറി നിൽക്കുന്നത് വിശ്വാസം എന്നതിലുപരി ശരീരം എന്ന സത്യത്തിന്റെ കാര്യകാരണങ്ങൾ കൂടി കണക്കിലെടുത്താണ് എന്ന് മനസ്സിലാക്കി വേണം വിലയിരുത്തൽ.
വിസർജ്ജ്യ വസ്തുക്കൾക്ക് ശുദ്ധിയുടെ സ്റ്റിക്കർ ഒട്ടിച്ചാലും, വിസർജ്ജ്യം മാത്രമായി തുടരും.

അവകാശബോധം നല്ലത് തന്നെ ഒപ്പം നാം ദർശനത്തിനായി പോവുന്ന ഇടങ്ങൾക്ക് സുമനസ്സുകൾ കൽപ്പിക്കുന്ന വിശുദ്ധി സ്വന്തം അവകാശത്തിനും മുകളിലാണെങ്കിൽ അത് മാനിക്കണ്ടേ… നല്ല കച്ചേരി നടക്കുന്നിടത്ത് ക്ഷയരോഗി ചുമച്ചു കൊണ്ടിരുന്നാൽ രോഗിയെ കേൾവിക്കാർ ഏത് രീതിയിൽ കാണും,അടച്ചിട്ട മുറിയിൽ എത്ര വലിയ കൂട്ടുകാരനായാലും ദുർഗന്ധമുള്ള ഒരു അധോവായു പുറത്തേക്കു വിട്ടാൽ നാം മൂക്ക് പൊത്തുകയില്ലേ .
പ്രത്യുൽപ്പാദനത്തിന്റെ ദിവ്യദ്രവം ഉൽപ്പാദനം നടക്കാതെ പുറത്തേക്കു വരുമ്പോൾ മാലിന്യം തന്നെയാണ്..

അതിനു വിശുദ്ധി കല്പിക്കേണ്ടതില്ല. നല്ല തേനും ആപ്പിളും,സുഗന്ധവ്യഞ്ജനങ്ങളുമെല്ലാം പ്രോസസിങ് കഴിഞ്ഞു മലാദ്വാരത്തിലൂടെ പുറത്തേക്കു വരുമ്പോൾ ഇന്നലെ താൻ അകത്തേക്ക് വിട്ട ശുദ്ധതയിൽ കൈകൊണ്ടു വാരി ശുദ്ധമായത് എന്ന് ആരും പറയാറില്ല.ജീവന്റെ വിത്താണ് ശുക്ലം അതുകൊണ്ട് അത് പുറത്തു വന്നാൽ ശുദ്ധമായഒന്നായി പുരുഷൻ കരുതാറില്ല. സ്കലനം സംഭവിച്ചാൽ അതും അശുദ്ധി തന്നെയായിട്ടാണ് കരുതുന്നത്. എട്ടും പത്തും മണിക്കൂർ ദർശനത്തിനായി ക്യൂ നിൽക്കുമ്പോൾ ഒരു പാഡ് മാറ്റാൻ പുറത്തേക്കോടേണ്ട അവസ്ഥ എന്താണെന്ന് സുപ്രീം കോടതിയ്ക്ക് അറിയില്ല അതു കൊണ്ടാണ് ആർത്തവ സമയത്തു ക്ഷേത്രത്തിൽ പോയാൽ കുഴപ്പമില്ല എന്ന തോന്നൽ കോടതിക്കുണ്ടാവുന്നത്.ആർത്തവമുള്ള ഒരു സ്ത്രീയെ ക്ഷേത്രത്തിൽ തൊട്ടുകൂടെന്നുള്ള വിശ്വാസവും ഒരാളുടെ അവകാശം തന്നെ.

സ്ത്രീത്വത്തെ ബഹുമാനിച്ചുകൊണ്ട് അഭിപ്രായം രേഖപ്പെടുത്തുന്നു.

About Intensive Promo

Leave a Reply

Your email address will not be published.