ശബരിമലയില്‍ എല്ലാ സ്ത്രീകള്‍ക്കും പ്രവേശിക്കാനുള്ള പോരാട്ടത്തിന്റെ ദേശീയ മുഖമായി മാറിയ തൃപ്തി ദേശായിയാണ് ആദ്യം മലചവിട്ടുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍, അതിനു മുന്‍പേ സന്നിധാനത്ത് വനിതയെ എത്തിക്കേണ്ട ചുമതല സംസ്ഥാന സര്‍ക്കാരിന്റെ കടമ. ശബരിമലയില്‍ നിലവില്‍ പത്തിനും അമ്പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്കായിരുന്നു പ്രവേശന തടസ്സം എന്നു പറയുന്നവര്‍ ഒൡപ്പിച്ചു വച്ച ഒരു കള്ളം കൂടിയാണ് ഇതോടെ പൊളിയുന്നത്. സ്ത്രീകള്‍ക്ക് പ്രവേശനം ഉണ്ടായിരുന്നപ്പോഴും സന്നിധാനത്തേയ്ക്ക് വനിതാ പൊലീസ് പ്രവേശിച്ചിരുന്നില്ല- സംസ്ഥാനത്ത് വനിതാ പൊലീസില്ലാത്ത ഏക സ്റ്റേഷന് പമ്പയാണ് എന്ന നാണക്കേട് വേറെ!
പമ്പയില്‍ മണ്ഡലകാലത്ത് 15 പൊലീസുകാരികള്‍ ഡ്യൂട്ടിയിലുണ്ടാകും. ഇവര്‍ ചെയ്യേണ്ട ജോലി സന്നിധാനത്തേയ്ക്ക് പ്രവേശിക്കാതെ വനിതകളെ തടയുക എന്നതാണ്. ഇവരെ കൂടാതെ മൂന്ന് വനിതാ ദേവസ്വം ഗാര്‍ഡുകളും ഉണ്ടാകും. മൂന്നു ഷിഫ്റ്റുകളിലായി ഈ 54 വനിതകള്‍ ദിവസവും പമ്പയില്‍ നിന്നും ശബരിമലയിലേയ്ക്ക് സ്ത്രീകള്‍ കടക്കാതെ തടയുക എന്ന ഡ്യൂട്ടിയാണ് ചെയ്യുന്നത്. പമ്പ പൊലീസ് സ്റ്റേഷനില്‍ നാരദ ന്യൂസ് ബന്ധപ്പെട്ടു. ആ തടയല്‍ ജോലി ഇന്നു മുതല്‍ ഉണ്ടോ എന്നറിയണമല്ലോ. ‘ആകെ കണ്‍ഫ്യൂഷനാണ്. എന്താണ് ചെയ്യേണ്ടത് എന്ന നിര്‍ദ്ദേശം ഒന്നും വന്നിട്ടില്ല. ഇപ്പോള്‍ നടതുറക്കുന്ന സമയമല്ലാത്തതിനാല്‍ ആരെയും കടത്തി വിടുന്നില്ല”- എന്നാണ് പമ്പ പൊലീസ് സ്റ്റേഷനില്‍ നിന്നു ലഭിച്ച വിവരം.
”സന്നിധാനത്ത്് താല്‍ക്കാലിക പൊലീസ് സ്റ്റേഷനുണ്ട്. മാസത്തില്‍ അഞ്ചു ദിവസം നടതുറക്കുമ്പോള്‍ ഒരു എസ്ഐയും രണ്ടു പൊലീസുകാരും സ്റ്റേഷനില്‍ ചുവതലയെടുക്കും. മണ്ഡലകാലത്ത് മുഴുവന്‍ സമയവും സ്റ്റേഷനുണ്ടാകും. എന്നാല്‍ കേസെടുക്കുന്നത് പമ്പ സ്റ്റേഷനിലാണ്. സന്നിധാനം കൂടാതെ നിലയ്ക്കല്‍, വടശ്ശേരിക്കര എന്നീ താല്‍ക്കാലിക സ്റ്റേഷനുകളുണ്ട്. എന്നാല്‍ ഇവിടെയൊന്നും വനിതാ പൊലീസ് ഇല്ല”- പമ്പ പൊലീസ് വ്യക്തമാക്കുന്നു.
ഇതേ വരെ വനിതാ പൊലീസ് മല ചവിട്ടിയിട്ടില്ല എന്ന വസ്തുത കൂടിയാണ് ഇതോടെ പുറത്തു വരുന്നത്. 50 വയസില്‍ കൂടുതല്‍ പ്രായമുള്ള സ്ത്രീകളായ ആയിരക്കണക്കിന് സ്ത്രീകള്‍ സന്നിധാനത്ത് എത്തുമ്പോഴും അവര്‍ക്ക് സുരക്ഷ നല്കാന് ഒരു വനിതാ പൊലീസും സന്നിധാനത്ത് ഉണ്ടായിരുന്നില്ല.
സന്നിധാനത്തെ പൊലീസ് ഡ്യൂട്ടിക്ക് മതം തിരിക്കുന്ന ഏര്‍പ്പാട് 1996ലെ നായനാര്‍ സര്‍ക്കാരിന്റെ കാലം വരെ ഉണ്ടായിരുന്നു. ഹിന്ദു മതത്തില്‍ ഉള്‍പ്പെട്ടവരെ മാത്രമെ സന്നിധാനത്ത് ഡ്യൂട്ടിക്ക് നിയോഗിക്കുമായിരുന്നുള്ളു.പൊലീസിങ്ങില്‍ ജാതിയും മതവും പാടില്ലെന്ന തീരുമാനമെടുത്തത് നായനാര്‍ മന്ത്രി സഭയാണ്. ഇപ്പോള്‍ സന്നിധാനം ഡ്യൂട്ടിക് മത വേര്‍തിരിവില്ല.
മണ്ഡലകാലം തുടങ്ങുമ്പോള്‍ 1000 പൊലീസുകാരാണ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്നത്. തിരക്കു കൂടുന്നതനുസരിച്ച് 1800 വരെ ഉയരും. മകരവിളക്ക് എത്തുമ്പോള്‍ 2500 പൊലീസുകാരാകും. സംസ്ഥാനത്തെ പൊലീസ് സേനയുടെ അഞ്ചു ശതമാനം മകരവിളക്ക് സമയത്ത് ഇവിടെ ഡ്യൂട്ടിയിലുണ്ടാകും.
സ്ത്രീകള്‍ ശബരിമലയില്‍ എത്തുമ്പോള്‍ ഭീഷണികള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്താനാണ് സര്‍ക്കാര്‍ നീക്കം. എന്നാല്‍, ഇത്തരം ഒരു ആവശ്യം സര്‍ക്കാരിനു മുന്നില്‍ ദേവസ്വം ബോര്‍ഡ് എത്തിക്കാന്‍ ഉദ്ദേശിക്കുന്നില്ല. നിലവിലുള്ള സ്ഥിതി തുടര്‍ന്നു കൊണ്ട് സ്ത്രീകള്‍ പ്രവേശിച്ചോട്ടെ, പ്രത്യേകിച്ച് ഒന്നും ചെയ്യില്ല എന്നു തന്നെയാണ് ദേവസ്വം പ്രതികരിക്കുന്നത്. സ്ത്രീകള്‍ക്കായുള്ള സാനിറ്ററി സൗകര്യങ്ങള്‍ ഒന്നും ഏര്‍പ്പെടുത്താനോ, സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കാനോ ശ്രമിക്കില്ല. എങ്ങനെയും സ്ത്രീക്ള്‍ വരാതിരിക്കണം എന്ന നിലയ്ക്കാണ് കാര്യങ്ങള്‍. അതേസമയം സ്ത്രീ പ്രവേശനത്തിലൂടെ ലഭിക്കുന്ന 40 ശതമാനം വരുമാന വര്‍ദ്ധനവ് കണ്ടില്ലെന്ന് നടിക്കാനുമാകില്ല.
വിധിയുടെ പശ്ചാത്തലത്തില്‍ സ്ത്രീ സുരക്ഷ മുന്നിട്ട് എന്തെല്ലാം സൗകര്യങ്ങള്‍ ശബരിമലയില്‍ ഏര്‍പ്പെടുത്തി എന്ന ചോദ്യത്തോട് പൊലീസിന് ഔദ്യോഗികമായി പ്രതികരിക്കേണ്ടി വരും. മുന്നോടിയായി പമ്പയില്‍ സ്ത്രീകളെ നിയമിക്കേണ്ടി വരും. പുതുതായി പരിശീലനം പൂര്‍ത്തിയാക്കിയ വനിതാ ബറ്റാലിയനിലെ 1000പേര്‍ക്ക് ശബരിമലയാകും ആദ്യ ഡ്യൂട്ടി സ്ഥലം. സായുധ പരിശീലനം ലഭിച്ച ഈ വനിതാ പൊലീസ് അംഗങ്ങള്‍ ഒക്ടോബര്‍ 16ന് തുലാമാസ പൂജയ്ക്ക് നടതുറക്കുമ്പോള്‍ ഡ്യൂട്ടിക്ക് ഉണ്ടാകും.
ഇവരില്‍ ആരാകും ആദ്യം സന്നിധാനത്ത്, അയ്യപ്പ സന്നിധിയില്‍ ഡ്യൂട്ടിക്ക് ഉണ്ടാവുക എന്നത് ചരിത്രമാണ്. ആദ്യമായി സന്നിധാനത്ത് എത്തിയ സ്ത്രീ ആ പൊലീസുകാരിയാകും. പമ്പയില്‍ നിന്ന് മലകയറാനെത്തുന്ന യുവതിക്കൊപ്പം പൊലീസുകാരികളും മലകയറും എന്ന നിലയ്ക്കും തീരുമാനിച്ചേക്കാം. എന്നാല്‍, സന്നിധാനത്ത് ആദ്യത്തെ വിശ്വാസിയായ സ്ത്രീ എത്തുന്നതിനു മുന്‍പേ,
ഒരു വനിതാ പൊലീസുകാരി എത്തേണ്ടതുണ്ട്. 50 വയസ് പൂര്‍ത്തിയായ വനിതാ പൊലീസുകാരിയെ സന്നിധാനത്ത് നിയോഗിച്ചാല്‍ അത് സര്‍ക്കാര്‍ എടുത്ത സ്ത്രീ പ്രവേശനത്തിന് അനുകൂലമായ നിലപാടിന് വിരുദ്ധവുമാകും. സ്ത്രീ പ്രവേശനത്തിന് അനുകൂലമായ നിലപാടെടുത്ത സര്‍ക്കാരില്‍ തന്നെ ആദ്യത്തെ യുവതിയെ സന്നിധാനത്ത് എത്തിക്കുക എന്ന ചുമതല വന്നു നില്‍ക്കുകയാണ്.
ഞാന്‍ സന്നിധാനത്ത് പ്രവേശിക്കില്ല എന്ന് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട പൊലീസുകാരിക്ക് പറയാനുമാകില്ല- ആരായിരിക്കും ചരിത്രമാകുന്ന ആ വനിതാ പൊലീസുകാരി?