വളര്‍ത്തി വലുതാക്കി ഉന്നതങ്ങളിലെത്തി കഴിയുമ്പോള്‍ പ്രായമായ മാതാപിതാക്കളെ തിരസ്കരിക്കുന്ന അധ:പതിച്ച സമൂഹത്തില്‍ ഒരു മകന് നന്മയുടെ വെളിച്ചം പകരുകയാണ്. തന്റെ വിജയത്തില്‍ പങ്കര്ഹിക്കുന്ന അമ്മയുടെ പാദങ്ങളില്‍ നമസ്കരിക്കുന്ന ഒരു പോലീസുകാരന് മാതൃകയാവുകയാണ്. അവരുടെ ചിത്രം സാമൂഹികമാധ്യമങ്ങളില്‍ വൈറലാവുകയാണ്.
കര്‍ണാടക പോലീസിലെ സബ് ഇന്‍സ്പെക്ടറാണ് മകന്. അദ്ദേഹത്തിന്റെ പാസിങ് ഔട്ട് പരേഡില്‍ പങ്കെടുക്കാന്‍ അമ്മയ്ക്ക് സാധിച്ചിരുന്നില്ല. തുടര്‍ന്നാണ് മകന് നാട്ടിലെത്തി അമ്മയുടെ അടുത്തെത്തുകയും കാലില്‍ വീണ് നമസ്കരിക്കുകയും ചെയ്തത്.
കര്‍ണാടക പോലീസിലെ ഐപിഎസ് ഉദ്യോഗസ്ഥനായ ഭാസ്കര്‍ റാവുവാണ് ചിത്രം ട്വീറ്റ് ചെയ്തിരിക്കുന്നത്. ”നന്ദിയുള്ള ഒരു പുത്രന്” എന്നാണ് ചിത്രത്തിലെ പോലീസുകാരനെ ഭാസ്കര്‍ റാവു വിശേഷിപ്പിച്ചിരിക്കുന്നത്. കര്‍ണാടക സ്റ്റേറ്റ് റിസര്‍വ് പോലീസ് എഡിജിപിയാണ് ഭാസ്കര്‍ റാവു. സെപ്റ്റംബര്‍ 23നാണ് ഭാസ്കര്‍ റാവു ഈ ചിത്രവും കുറിപ്പും ട്വീറ്റ് ചെയ്തത്.
കൃഷിയിടത്തിനു സമീപം നില്ക്കുന്ന അമ്മയുടെ കാലിലാണ് പോലീസുകാരന് നമസ്കരിക്കുന്നത്. മകന്റെ തോളില്‍പിടിച്ച് ഉയര്‍ത്താന്‍ അമ്മ ശ്രമിക്കുന്നതും ഫോട്ടോയില്‍ കാണാം. പതിനേഴായിരത്തില്‍ അധികം ആളുകളാണ് ഇതിനോടകം റാവുവിന്റെ ട്വീറ്റ് ലൈക്ക് ചെയ്തിട്ടുള്ളത്. മൂവായിരത്തില്‍ അധികം തവണ റീട്വീറ്റ് ചെയ്യപ്പെട്ടിട്ടുമുണ്ട്.
കര്‍ണാടക പോലീസ് തങ്ങളുടെ ഔദ്യോഗിക പേജിലും ഈ ഫോട്ടോ ഷെയര്‍ ചെയ്തിട്ടുണ്ട്. നിരവധിയാളുകളാണ് പോലീസുകാരനും അമ്മയ്ക്കും അഭിനന്ദനവുമായി എത്തിയിട്ടുള്ളത്.