Breaking News
Home / Lifestyle / ബാലഭാസ്കറിന്റെ മകളുടെ മൃതദേഹം സംസ്ക്കരിച്ചു

ബാലഭാസ്കറിന്റെ മകളുടെ മൃതദേഹം സംസ്ക്കരിച്ചു

തേജുവിനെ സ്‌നേഹിച്ചും ലാളിച്ചും കൊതി തീര്‍ന്നിട്ടുണ്ടാവില്ല ബാലഭാസ്‌കറിനും ലക്ഷ്മിക്കും. മകള്‍ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനകള്‍ക്ക് ശേഷമുള്ള മടക്കയാത്ര ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തത്തിലേക്കാണെന്ന് അവര്‍ സ്വപ്‌നത്തില്‍ പോലും കരുതിക്കാണില്ല.

ഒടുവില്‍ വെന്റിലേറ്ററില്‍ അബോധാവസ്ഥയില്‍ അച്ഛനെ അവസാനമായി ഒരു നോക്ക് കാണാന്‍ പോലും കാത്ത് നില്‍ക്കാതെ തേജു യാത്രയായി. അമ്മയുടെ വീട്ടിലെ ഇത്തിരിയടി മണ്ണില്‍ ഇനി തേജസ്വിനി ബാല ഉറങ്ങും. അച്ഛന്റെ വയലിന്‍ നാദം കേള്‍ക്കാതെ..

ദേശീയ പാതയോരത്തെ മരത്തില്‍ ഇടിച്ച് തകര്‍ന്ന് നിന്ന വാഹനത്തില്‍ നിന്നും നാട്ടുകാര്‍ ആദ്യം പുറത്ത് എടുത്ത് രണ്ട് വയസ്സ് മാത്രം പ്രായമുള്ള ആ കുഞ്ഞിനെ ആയിരുന്നു. ജീവന്റെ മിടിപ്പ് അപ്പോഴും ആ കുഞ്ഞ് ശരീരത്തില്‍ അവശേഷിച്ചിരുന്നു. തേജസ്വിനിയെ കയ്യില്‍ വാരിയെടുത്ത് പോലീസ് ജീപ്പ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക്

എന്നാല്‍ ആശുപത്രിയെത്തുന്നത് വരെ ആ കുഞ്ഞുജീവന്‍ കാത്ത് നിന്നില്ല. ആശുപത്രിയില്‍ എത്തിക്കുന്നതിന് നിമിഷങ്ങള്‍ക്ക് മുന്‍പേ തേജുമോള്‍ മരണത്തിന് കീഴടങ്ങിയിരുന്നു. അരുമയായ ഏകമകളുടെ വിയോഗം ബാലഭാസ്‌കറും ലക്ഷ്മിയും ഇതുവരെ അറിയിച്ചിട്ടില്ലായിരുന്നു.

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ് ബാലഭാസ്‌കര്‍. ലക്ഷ്മിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ട്. ഇരുവരേയും ഒരുനോക്ക് കാണിക്കാതെ തേജസ്വിനിയുടെ മൃതദേഹം സംസ്‌ക്കരിക്കേണ്ട എന്ന തീരുമാനത്തിലായിരുന്നു ഇതുവരെ ബന്ധുക്കള്‍. ബോധം തെളിഞ്ഞ ലക്ഷ്മിയെ മകളുടെ മൃതദേഹം കാണിച്ചു.

എന്നാൽ ഇപ്പോഴും അബോധാവസ്ഥയിൽ വെന്റിലേറ്ററിൽ തുടരുന്ന ബാലഭാസ്കറിന് മകളെ അവസാനമായി ഒരുനോക്ക് കാണാനായില്ല. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം തിരുവനന്തപുരം മോര്‍ച്ചറിയില്‍ തേജസ്വിനിയുടെ മൃതദേഹം എംബാം ചെയ്ത് സൂക്ഷിച്ചിരിക്കുകയായിരുന്നു. എന്നാല്‍ പിന്നീട് ബന്ധുക്കള്‍ മൃതദേഹം ഇന്ന് തന്നെ സംസ്‌ക്കരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. അമ്മ ലക്ഷ്മിയുടെ തിരുവനന്തപുരത്തെ വീട്ടിലായിരുന്നു സംസ്‌ക്കാരം.

ജീവിതത്തിലേക്ക് തിരിച്ച് വരുമ്പോള്‍ മകളെ അവസാനമായി ഒരുനോക്ക് കാണാന്‍ പോലും ആയില്ലല്ലോ എന്ന വലിയ വേദനയാണ് ബാലഭാസ്‌കറിനെ കാത്തിരിക്കുന്നത്. നേരത്തെ ഒരു തവണ ബോധം തെളിഞ്ഞപ്പോള്‍ ലക്ഷ്മി അന്വേഷിച്ചത് മകളെ ആയിരുന്നുവെന്ന് അടുത്തുള്ളവര്‍ പറഞ്ഞിരുന്നു.

6 കൊല്ലത്തെ കാത്തിരിപ്പിന് ശേഷമാണ് ലക്ഷ്മിക്കും ബാലഭാസ്‌കറിനും തേജസ്വിനി പിറന്നത്. 2000ല്‍ ആയിരുന്നു ബാലഭാസ്‌കറും ലക്ഷ്മിയും തമ്മിലുള്ള വിവാഹം. ഒരു കുഞ്ഞിന് വേണ്ടി ബാലുവും ലക്ഷ്മിയും വിളിക്കാത്ത ദൈവങ്ങളും നടത്താത്ത പ്രാര്‍ത്ഥനയും വഴിപാടുകളുമില്ല.

ആ കാത്തിരിപ്പിന് ഒടുവിലാണ് തേജസ്വിനിയുടെ ജനനം. എന്നാല്‍ രണ്ട് വര്‍ഷം പോലും ആ കുഞ്ഞിന് അവര്‍ വിളിച്ച ദൈവങ്ങള്‍ ആയുസ്സ് കൊടുത്തില്ല. കുഞ്ഞിന് വേണ്ടിയുളള പ്രാര്‍ത്ഥനകള്‍ക്ക് ശേഷം തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തില്‍ നിന്നും മടങ്ങി വരുന്ന വഴിയിലാണ് തേജുവിന്റെ ജീവനെടുത്ത അപകടമെന്നത് മറ്റൊരു വിധി വൈപരീത്യം

തിങ്കളാഴ്ച പുലര്‍ച്ചെയാണ് തിരുവനന്തപുരത്ത് വെച്ച് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. ഡ്രൈവര്‍ ഉറങ്ങിയത് കാരണം വാഹനം നിയന്ത്രണം വിട്ട് മരത്തില്‍ ഇടിച്ച് തകരുകയായിരുന്നു. കാര്‍ വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്ത് എടുത്തത്.

ബാലഭാസ്‌കറിന്റെ നട്ടെല്ലിനാണ് കാര്യമായി പരിക്കേറ്റിരിക്കുന്നത്. എല്ലുകള്‍ പൊട്ടിയിട്ടുണ്ട്. ആന്തരികാവയവങ്ങള്‍ക്കും പരിക്കുണ്ട്. കഴിഞ്ഞ ദിവസം വെന്റിലേറ്ററിന്റെ സഹായം കൂടാതെ മരുന്നുകളോട് പ്രതികരിച്ചതോടെ ബാലഭാസ്‌കറിനെ വെന്റിലേറ്ററില്‍ നിന്നും മാറ്റിയിരുന്നു. എന്നാലിന്ന് വീണ്ടും വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു.

രക്തസമ്മര്‍ദ്ദത്തില്‍ വ്യതിയാനം സംഭവിക്കുന്നതാണ് വെന്റിലേറ്ററിലേക്ക് തന്നെ മാറ്റാനുള്ള കാരണം. അച്ഛന്‍ വിളിച്ചപ്പോള്‍ ബാലഭാസ്‌കര്‍ ചെറുതായി കണ്ണ് തുറന്നിരുന്നു. ലക്ഷ്മി അപകട നില തരണം ചെയ്തിട്ടുണ്ട്. ഒപ്പമുണ്ടായിരുന്ന അര്‍ജുന്റെ ആരോഗ്യനില തൃപ്തികരമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

About Intensive Promo

Leave a Reply

Your email address will not be published.