സബ്സിഡി വന്‍തോതില്‍ വെട്ടിക്കുറച്ച് വന്‍ ലാഭമുണ്ടാക്കിയ കേന്ദ്ര സര്‍ക്കാര്‍ ഗ്യാസുമായി ബന്ധപ്പെട്ട പുതിയ പണിയുമായി എത്തുന്നു. വീട്ടില്‍ സ്വന്തമായി കാറുണ്ടെങ്കില്‍ ഗ്യാസിന് കിട്ടിയിരുന്ന സബ്സീഡി റദ്ദാക്കപ്പെട്ടേക്കാമെന്നാണ് പുതിയ വിവരം. കാറുള്ളവരുടെ വിവരം ശേഖരിക്കാനായി ആര്‍ടിഒ ഓഫീസുകളില്‍ വിവര ശേഖരണം തുടങ്ങിയതായി റിപ്പോര്‍ട്ടുണ്ട്. ഗ്യാസ് സബ്സീഡി വെട്ടിക്കുറയ്ക്കല്‍ വഴി 30,000 കോടി ലാഭമുണ്ടാക്കിയ സര്‍ക്കാര്‍ ഈ രീതിയില്‍ കൂടുതല്‍ തുക കണ്ടെത്താനുള്ള വിദ്യയുമായാണ് എത്തുന്നത്.
നിലവില്‍ രണ്ടും മൂന്നും കാറുള്ളവര് പോലും ഗ്യാസ് സബ്സീഡിയുടെ ആനുകൂല്യം നേടുന്നുണ്ടെന്നാണ് സര്‍ക്കാരിന്റെ കണ്ടെത്തല്‍. അതുകൊണ്ട് തന്നെ കാറുണ്ടെങ്കില്‍ സബ്സീഡി ഇല്ലാതാക്കുക എന്നതാണ് ഉദ്ദേശം. നേരത്തേ 36 ദശലക്ഷം വ്യാജ കണക്ഷനുകള്‍ റദ്ദാക്കിയതിലൂടെ കേന്ദ്രസര്‍ക്കാര്‍ സബ്സീഡിയായ 30,000 കോടിയാണ് ലാഭമാക്കി മാറ്റിയത്. കാറുള്ളവര്‍ക്ക് സബ്സീഡി നഷ്ടപ്പെടുത്തുന്ന രീതി പ്രാബല്യത്തിലായാല്‍ ഈ ഇനത്തില്‍ സമാനരീതിയില്‍ മറ്റൊരു ലാഭം കൂടി വരും.
അതേസമയം എല്‍പിജി സിലിണ്ടര്‍ ഉടമകളുടെ കാര്‍ റജിസ്ട്രഷന്‍ സംബന്ധിച്ച വിവര ശേഖരണവും വിലാസവുമായുള്ള ഒത്തുനോക്കലും സര്‍ക്കാരിന് ഏറെ ദുഷ്ക്കരമായ ജോലിയായിരിക്കുമെന്നാണ് വിലയിരുത്തല്‍. ഇതിലൂടെ വന്‍ വിമര്‍ശനവും നേരിട്ടേക്കാം. അതേസമയം ഗ്യാസുമായി ബന്ധപ്പെട്ട് അധികാരത്തില്‍ വന്ന ശേഷം ഒട്ടേറെ മാറ്റങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയത്. ഗ്യാസിനുള്ള സബ്സീഡി ബാങ്ക് അക്കൗണ്ടിലേക്ക് വരുന്ന രീതിയില്‍ വന്‍ തുക വേണ്ടി വരുന്ന ഒരു സാഹചര്യം ഒഴിവാക്കാന്‍ ഉയര്‍ന്ന വരുമാനക്കാര്‍ ഗ്യാസ് സബ്സീഡി സ്വമേധയാ ഉപേക്ഷിക്കുന്ന പദ്ധതി ആദ്യം അവതരിപ്പിച്ചു. ഇത് വന്‍ വിജയമായി മാറുകയും ചെയ്തിരുന്നു.
ടെലിവിഷന്‍ പരസ്യം ഉള്‍പ്പെടെ വന്‍ പ്രചരണത്തിന്റെ പിന്തുണയോടെ വന്ന പദ്ധതി 1.05 കോടി പേരാണ് സബ്സീഡി വേണ്ടെന്ന് വെച്ചത്. ഇതിന് പിന്നാലെ ആധാറും എല്‍പിജിയും തമ്മില്‍ ബന്ധിപ്പിക്കുന്ന ജോലികളും കൊണ്ടുവന്നു. എല്‍പിജി അര്‍ഹതപ്പെട്ടവനാണ് കിട്ടുന്നതെന്ന ഉറപ്പാക്കലായിരുന്നു ഇത്. ഇതിന് പിന്നാലെയാണ് കാറുള്ളവരെ ഇപ്പോള്‍ സബ്സീഡിയില്‍ നിന്നും പുറത്താക്കുന്നത്.
നേരത്തേ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവര്‍ക്ക് സൗജന്യമായി ഗ്യാസ് കണക്ഷന് നല്‍കുന്നതിന് വേണ്ടി കേന്ദ്രസര്‍ക്കാര്‍ പ്രധാന മന്ത്രി ഉജ്ജ്വല്‍ യോജന എന്ന പദ്ധതി ആവിഷ്കരിച്ചിരുന്നു. മൂന്ന് വര്‍ഷത്തിനകം രാജ്യത്തെ 1. 13 കോടി ജനങ്ങള്‍ക്ക് സൗജന്യ എല്‍പിജി കണക്ഷന് നല്‍കുന്നതിനായി ആവിഷ്കരിച്ച പദ്ധതിയ്ക്ക് 8000 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. ഗ്യാസ് കണക്ഷന് ചാര്‍ജായ 1600 രൂപയുടെ ഇളവാണ് ലഭിക്കുക. സിലിണ്ടറിനും ഗ്യാസ് സിലിണ്ടര്‍ ഫില്‍ ചെയ്യാനും സിലിണ്ടര്‍ ഉടമകള്‍ നല്‍കണം.
നോട്ട് നിരോധനത്തിന് പിന്നാലെ പത്ത് ലക്ഷത്തിന് മുകളില്‍ വരുമാനമുള്ളവരുടെ ഗ്യാസ് സബ്സിഡ!ി സര്‍ക്കാര്‍ നീക്കം ചെയ്തിരുന്നു. വാര്‍ഷിക വരുമാനം പത്ത് ലക്ഷത്തിന് മുകളിലുള്ള നികുതി ദായകരായ ഉപഭോക്താക്കളെയാണ് സബ്സിഡിയില്‍ നിന്ന് ഒഴിവാക്കിയത്.