Breaking News
Home / Lifestyle / ലക്ഷ്യത്തിലേക്ക് പറക്കരുത് അത് പിന്നീടൊരു തീരാനഷ്ടമായി മാറും

ലക്ഷ്യത്തിലേക്ക് പറക്കരുത് അത് പിന്നീടൊരു തീരാനഷ്ടമായി മാറും

തിരുവനന്തപുരം: പല അപകടങ്ങളും നമുക്ക് വരുത്തി വെക്കുന്നത് പകരം വെയ്ക്കാന്‍ സാധിക്കാത്ത നഷ്ടങ്ങളാണ്. അതുപോലൊരു അപകടമാണ് ഇന്നലെ നടന്നത്. വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ കാര്‍ ഇന്നലെ അപകടത്തില്‍പ്പെടുകയും മകള്‍ മരിക്കുകയും ചെയ്തിരുന്നു. ഡ്രൈവര്‍ ഉറങ്ങിയതാണ് മരണ കാരണമെന്നാണ് സൂചന.

ഈ സാഹചര്യത്തില്‍ 25 വര്‍ഷം മുന്‍പു ഇതേ രീതിയില്‍ രാത്രിയുടെ നഷ്ടമായി മാറിയ മോനിഷയുടെ മരണത്തെപ്പറ്റി ഓര്‍ക്കുകയാണ് മോനിഷയുടെ അമ്മ ശ്രീദേവി ഉണ്ണി. ഒരു സ്വകാര്യ ചാനലിലെ ചര്‍ച്ചാ വേളയിലാണ് ശ്രീദേവി ഉണ്ണി ആ രാത്രിയെപ്പറ്റി പറയുന്നത്.

രാവിലത്തെ ഫ്‌ളൈറ്റ്‌ കിട്ടാന്‍ വേണ്ടി തിരുവനന്തപുരത്തുനിന്നും പോകുകയായിരുന്നു. വരുമ്പോഴൊന്നും വലിയ പ്രശ്‌നങ്ങള്‍ ഇല്ലായിരുന്നു. റോഡും നല്ല റോഡാണ്. ഇരുപത്തിയഞ്ച് വര്‍ഷം മുമ്പാണ്. എന്നാല്‍ മുന്നില്‍ നിന്നും വരുന്ന വാഹനങ്ങളുടെ ഹെഡ് ലൈറ്റ് ഡ്രൈവറുടെ മുഖത്തേയ്ക്ക് അടിച്ചുകൊണ്ടിരിക്കുകയാണ്. ആ സമയത്ത് ഞാന്‍ ഉറങ്ങിയിരുന്നില്ല, അത് ശ്രദ്ധിക്കുകയും ചെയ്തു. ഡ്രൈവര്‍ ഉറങ്ങാതിരിക്കാന്‍ വേണ്ടിയാണ് ഞാന്‍ ഉറങ്ങാതെ സംസാരിച്ചുകൊണ്ടിരുന്നത്. മകള്‍ ഉറങ്ങുകയായിരുന്നു.

തമിഴ് സിനിമകള്‍ ചെയ്യുന്ന സമയത്ത് നിരവധി തവണ രാത്രി യാത്രകള്‍ ചെയ്തിട്ടുണ്ട്. ഉറക്കം വരുന്നുണ്ടെന്ന് ഡ്രൈവര്‍ പറഞ്ഞാല്‍ കാര്‍ ഒതുക്കി വിശ്രമിച്ച ശേഷമേ യാത്ര തുടരാറൊള്ളൂ. അന്ന് അത് സംഭവിച്ചത് ആ സ്ഥലത്തിന്റെ കൂടെ പ്രത്യേകതയാണ്. അതൊരു സ്ഥിരം അപകടമേഖലയായിരുന്നുവെന്ന് പിന്നീടാണ് മനസ്സിലാക്കുന്നത്. അതൊരു ജംക്ഷനായിരുന്നു, അവിടെ ഇന്‍ഡിക്കേറ്ററും കാണാന്‍ സാധിക്കുന്നില്ലായിരുന്നു. അത്ര സംവിധാനം അവിടെ ഇല്ലായിരുന്നു.

ഏത് ഡ്രൈവര്‍ക്കും കുറച്ചൊന്ന് സ്പീഡ് എടുക്കണമെന്ന് തോന്നുന്ന റോഡ് ആണ് ചേര്‍ത്തലയിലെ അന്നത്തെ റോഡ്. അത് മനസ്സിലാക്കിയാണ് ഞാന്‍ ഉറങ്ങാതെ സംസാരിച്ചുകൊണ്ടിരുന്നത്. സമയം ഏതാണ് ആറുമണി. നല്ല മഞ്ഞുണ്ടായിരുന്നു. സൈഡില്‍ നിന്നും കയറി വന്ന ബസിന്റെ ലൈറ്റ് പോലും ഞാന്‍ കാണുന്നുണ്ട്. പെട്ടന്ന് ബസ് നേരെ പോകുന്ന ഞങ്ങളുടെ കാറിനെ ഇടിക്കുകയായിരുന്നു.

എനിക്ക് തോന്നുന്നത് അദ്ദേഹം കുറച്ച് സമയം ഉറങ്ങിപ്പോയിട്ടുണ്ടാകാം. എനിക്ക് അറിയില്ല. അതിന് മുമ്പ് വരെ ഞങ്ങള്‍ സംസാരിച്ചിരിക്കുന്നുണ്ടായിരുന്നു. അയാള്‍ ഉറങ്ങിയെന്ന് എനിക്ക് തോന്നിയേ ഇല്ല. ഉണര്‍ന്നിരുന്ന ഞാന്‍ പോലും അറിയുന്നില്ല എന്താണ് സംഭവിച്ചതെന്ന്.

അത്ര പെട്ടന്നാണ് അപകടം നടക്കുന്നത്. ഡോര്‍ തുറന്ന് പുറത്തേക്ക് തെറിച്ച് പോകുന്നു. കാര്‍ പിന്നോട്ട് മറിയുന്നു. അവിടെയൊരു ഇന്‍ഡിക്കേഷന്‍ ഇല്ലാതിരുന്നതാണ് ആ അപകടം നടക്കാന്‍ കാരണം. നമുക്കൊട്ടും പരിചയമില്ലാത്ത കവലയായിരുന്നു അത്. ആ സമയത്ത് ഓടിവന്നത് നാട്ടുകാരാണ്. ആശുപത്രിയുടെ മുമ്പിലാണ് അപകടം നടക്കുന്നത്. ഒരു ശബ്ദം മാത്രമാണ് ഞാന്‍ കേട്ടത്. പുലര്‍ച്ചെ സമയം ആയതുകൊണ്ടാണ് നാട്ടുകാരെല്ലാം ഓടിയെത്തിയത്, അവര്‍ ആ സമയത്തുവന്നതുകൊണ്ടാണ് അപകടവിവരം എല്ലാവരെയും
ട്ടന്നുതന്നെ അറിയിക്കാന്‍ കഴിഞ്ഞത്. അന്ന് അംബാസിഡര്‍ കാറുകളാണ് കൂടുതലും.

ഓട്ടോമാറ്റിക്ക് അല്ല, ബ്രേക്ക് ചവിട്ടിയാല്‍ പോലും നില്‍ക്കില്ല. പുലര്‍ച്ചെ സമയത്താണ് കൂടുതലായും അപകടം നടക്കുന്നത്. ഒന്നുകണ്ണുചിമ്മിയാല്‍ പോയി. ദിവസം മുഴുവന്‍ ഡ്രൈവ് ചെയ്ത് ക്ഷീണിച്ചിരിക്കുന്ന ഡ്രൈവര്‍മാരാകും സിനിമാ സെറ്റിലൊക്കെ രാത്രി സമയത്ത് വണ്ടി ഓടിക്കുക നമുക്ക് അന്ന് ഇതൊന്നും അറിയില്ല. മഞ്ഞുകാലമാണ്, പുറത്തെ തണുപ്പ്, നേരം പുലര്‍ന്നുവരുന്നു, വാഹനങ്ങളുടെ വേഗത്തിലുള്ള വരവ്. കൂടാതെ നമ്മളെ കൃത്യസമയത്ത് എയര്‍പോട്ടില്‍ എത്തിക്കണം എന്നുള്ള വിചാരം. ഇതൊക്കെ അപകടത്തിന് കാരണങ്ങളാകാം.

വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇതുപോലുള്ള അപകടങ്ങള്‍ കൂടുന്നതു കാണുമ്പോള്‍ വല്ലാത്തൊരു വേദന തോന്നുന്നു. ഞാന്‍ ഇപ്പോള്‍ രാത്രികാലങ്ങളില്‍ സഞ്ചരിക്കാറില്ല. പുലര്‍ച്ചെയുള്ള സഞ്ചാരം ഒഴിവാക്കുക. ഒഴിവാക്കത്തതാണെങ്കില്‍ പുറപ്പെടാം. എന്നാല്‍ ലക്ഷ്യത്തിലേക്ക് പറക്കരുത്. അത് പിന്നീടൊരു തീരാനഷ്ടമായി മാറും’ ശ്രീദേവി ഉണ്ണി പറഞ്ഞു.

മലയാള സിനിമയ്ക്ക് നികത്താന്‍ പറ്റാത്ത നഷ്ടമാണ് മോനിഷയുടെ മരണം. 1986ല്‍ തന്റെ ആദ്യ ചലച്ചിത്രമായ നഖക്ഷതങ്ങളിലെ അഭിനയത്തിനു മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് നേടുമ്പോള്‍ 15 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഏറ്റവും കുറഞ്ഞ പ്രായത്തില്‍ ഈ ബഹുമതി നേടിയത് മോനിഷയാണ്. 1992 ഡിസംബര്‍ അഞ്ചിനാണ് അപകട രൂപത്തില്‍ മോനിഷയുടെ ജീവന്‍ മരണം കവര്‍ന്നത്. ചേര്‍ത്തലയില്‍ വെച്ച് മോനിഷ സഞ്ചരിച്ച കാര്‍ ബസുമായി കൂട്ടിയിടിക്കുകയും, തലച്ചോറിനുണ്ടായ പരിക്കു മൂലം മോനിഷ സംഭവസ്ഥലത്തുവച്ചുതന്നെ മരണപ്പെടുകയും ചെയ്തു.

About Intensive Promo

Leave a Reply

Your email address will not be published.