Breaking News
Home / Lifestyle / മച്ചിയെന്നു മുദ്രകുത്തി എന്നെ എൻ്റെ വീട്ടിൽ കൊണ്ടുതള്ളുമ്പോൾ എരിഞ്ഞ് ഒടുങ്ങിയത് ഏക മകൾക്കായി ജീവിതം കാത്ത് വെച്ചാവരായിരുന്നു

മച്ചിയെന്നു മുദ്രകുത്തി എന്നെ എൻ്റെ വീട്ടിൽ കൊണ്ടുതള്ളുമ്പോൾ എരിഞ്ഞ് ഒടുങ്ങിയത് ഏക മകൾക്കായി ജീവിതം കാത്ത് വെച്ചാവരായിരുന്നു

ഒരുമച്ചിയുടെകത്ത്

ഒരു കുഞ്ഞിനു ജന്മം നൽകാൻ കഴിയുമോ എന്ന ഭയം അത് അത്രത്തോളം ഒരു ഇരുപത്കാരിയെ ഭീതിയുടെ മുൾമുനയിൽ നിർത്തിയിരുന്നുവെങ്കിൽ അവൾ എത്ര മാത്രം ഒരു അമ്മയാകാൻ ആഗ്രഹിച്ചിരുന്നുവെന്ന് മനസ്സിലാക്കണം സജിത്തേട്ടാ.

ക്രമം തെറ്റി വരുന്ന ആർത്തവവും ജാതകത്തിൽ ആദ്യത്തെ കുഞ്ഞ് മരിച്ചുപോകും എന്ന പ്രവചനവും യാതൊരു വിശ്വാസവും ഇല്ലാതിരുന്നവളെ എത്രവേഗമാണ് അന്ധവിശ്വാസങ്ങളുടെ പടുകുഴിയിലേക്ക് എടുത്തിട്ടത്.

മച്ചിയെന്ന വിളിയിൽ പാതി ജീവിതം എരിഞ്ഞുതീർത്തൊരു അമ്മയുടെ മകൾക്ക് നിങ്ങളുടെ പരിഹാസചിരി പരിഹാരമാകില്ലായിരുന്നു.

ചികിത്സിച്ച് ഭേദമാക്കാമായിരുന്ന ഒരു അസുഖത്തിൻറെ പേരിൽ മച്ചിയെന്നു മുദ്രകുത്തി എന്നെ എൻ്റെ വീട്ടിൽ കൊണ്ടുതള്ളുമ്പോൾ എരിഞ്ഞ് ഒടുങ്ങിയത് ഏക മകൾക്കായി ജീവിതം കാത്ത് വെച്ചാവരായിരുന്നു.

പിന്നെ പരിഹാസങ്ങളുടെ നാളുകൾ അകറ്റി നിർത്തപെട്ട നൂല് കെട്ട് ചടങ്ങുകൾ കണ്ണേറ് കിട്ടാതിരിക്കാൻ എൻ്റെ നോട്ടം പതിയാതെ സൂക്ഷിച്ച കുഞ്ഞുമുഖങ്ങൾ. കുടുംബത്ത് കുഞ്ഞുങ്ങൾക്ക് വന്ന പനിപോലും എൻ്റെ ദൃഷ്ടി ദോഷത്തിന് വെച്ച് കെട്ടിതന്ന അമ്മായിമാർ. എല്ലാം അറിഞ്ഞിട്ടും ഡിവോഴ്സിൻറെ കാരണം തേടി കുത്തിനോവിക്കുന്നവർ, മരിക്കണം എന്ന് തോന്നിയിരുന്നു പലപ്പോഴും പക്ഷേ എന്നിലെ സ്ത്രീ അമ്മ അതിന് സമ്മതിച്ചില്ല.

നിങ്ങൾക്ക് അറിയുമോ സജിത്തേട്ടാ ആ അവസ്ഥയുടെ ഭീകരത.

ചിലപ്പോൾ ഒരു പെണ്ണിന് മനസ്സിലാക്കാൻ കഴിയുന്നിടത്തോളം ആണിന് കഴിഞ്ഞെന്ന് വരില്ല. ഒരു കുഞ്ഞിനെ താലോലിക്കാൻ കൊതിച്ചവളുടെ മുലയൂട്ടാൻ കൊതിച്ചവളുടെ വേദന.

നിങ്ങൾ ഉൾപെടുന്ന സമൂഹത്തിന് അവൾ പാപം ചെയ്തവളാണ് ഒരു കുഞ്ഞിന് ജന്മം നൽകാൻ കഴിവില്ലാത്തവൾ. മച്ചിതൊട്ടാൽ മാവ് പോലും പൂക്കില്ലെന്ന് പറഞ്ഞ് നിങ്ങൾ ഓരോരുത്തരും കളിയാക്കുമ്പോൾ നുറുങ്ങി പോകുന്നൊരു ഹൃദയത്തിൻറെ വേദന. അമ്മയാകാൻ കൊതിച്ച് കുഞ്ഞുടുപ്പ് തുന്നിയവളുടെ സ്വപ്നങ്ങൾ നെയ്ത് കൂട്ടിയവളുടെ ഒരു കൂട് കരിവള ദേവിക്ക് നടയിൽ വെച്ച് തൊട്ടിലുകെട്ടി പ്രാർത്ഥിച്ച് എല്ലാ ദൈവങ്ങളെയും മുറുകെ പിടിച്ചൊരു പെണ്ണിന്റെ വേദന.

അറിയണം സജിത്തേട്ടാ പ്രസവത്തേക്കാൾ എത്ര മടങ്ങ് വേദനയാണ് അതിന് ഭാഗ്യമില്ലാത്ത ഓരോ പെണ്ണും മനസ്സിൽ പേറുന്നതെന്ന്.

ഇന്ന് നിങ്ങൾക്ക് ഈ കത്തെഴുതുമ്പോൾ ഈ ലോകത്ത് ഏറ്റവും അധികം സന്തോഷിക്കുന്നത് ഞാൻ തന്നെയാകും കാരണം എന്നോട് പറ്റിചേർന്ന് എൻ്റെ ചോര എൻ്റെ മകൾ ഉറങ്ങുന്നുണ്ട്. ഇന്ന് നിങ്ങൾ ഒരിക്കൽ പരിഹസിച്ചപോലെ ഞാൻ മച്ചിയല്ല അമ്മയാണ് ഏറെ സന്തോഷിക്കുന്നൊരു അമ്മ.

നന്ദി നിങ്ങളോട് തന്നെയാണ് എനിക്ക് എന്നെ മനസ്സിലാക്കുന്നൊരു ഭർത്താവിനെ തന്നതിന്. ഞാൻ ഒരു അമ്മ ആയത് എന്നെ ഭൂമിക്ക് ഭാരമായവൾ എന്ന് പറഞ്ഞ് ഉപേക്ഷിച്ച എൻ്റെ മുൻഭർത്താവ് അറിയേണ്ടത് തന്നെയല്ലേ.
നിങ്ങൾ ഉൾപ്പെട്ട സമൂഹം മനസ്സിലാക്കേണ്ടതുണ്ട് അമ്മയാകാൻ കഴിയാത്തത് ഒരു പെണ്ണിൻറെയും കുറ്റമല്ലെന്ന് ചികിത്സകൊണ്ട് മാറ്റാൻ കഴിയുന്നതാണ് ഏറെയും.

ഒരായിരം മടങ്ങ് വേദന അനുഭവിക്കുമ്പോളും അവൾക്ക് വേണ്ടത് ഭർത്താവിൻറെ പരിഹാസമല്ല കരുതലാണെന്ന്.

ഭൈരവി ഭദ്ര

About Intensive Promo

Leave a Reply

Your email address will not be published.