Breaking News
Home / Lifestyle / നിന്റെ അമ്മയ്ക്കും എല്ലാ മാസത്തിലും ഇതൊക്കെ സംഭവിക്കും

നിന്റെ അമ്മയ്ക്കും എല്ലാ മാസത്തിലും ഇതൊക്കെ സംഭവിക്കും

അയ്യേ…!!!

”ഡാ… ആ ചേച്ചിടെ പുറകിൽ നോക്കിയേ… അയ്യേ…!!!”

എന്നെ പറ്റിയാണോ…? എന്താ എന്റെ പുറകിൽ… തിരിഞ്ഞു ഡ്രസ്സ് നോക്കിയപ്പോ ചോര. പോരേ പൂരം ബസ്സ് സ്റ്റോപ്പിൽ ഉണ്ടായിരുന്നവർ മുഴുവൻ എന്നെ നോക്കി ചിരിക്കാൻ തുടങ്ങി. മാസമുറ ഒരു ദിവസം മുൻപേ വിരുന്നെത്തി, ഞാൻ ഇപ്പോ എന്നു ചെയ്യും. പെണ്ണായി പോയില്ലേ.

അവൻ പിന്നേയും കളിയാക്കാൻ തുടങ്ങി. കണ്ടാൽ അത്രയേ ഉള്ളൂ, ഇവനെങ്ങനെയാ ഇതൊക്കെ അറിയുന്നത്. നിനക്ക് ഞാൻ വച്ചിട്ടുണ്ട്.

“എന്താ മോന്റെ പേര്?” കുറച്ച് ചമ്മി പോയെങ്കിലും ഞാൻ ധൈര്യം സംഭരിച്ച് അവനോട് ചോദിച്ചു.

പെട്ടെന്നുള്ള എന്റെ ചോദ്യം അവനെ ഒന്ന് അത്ഭുതപ്പെടുത്തി.

“വിപിൻ ” അതും പറഞ്ഞ് അവൻ അവന്റെ ഫോൺ പിറകിലേക്ക് മാറ്റി.പി ടി ച്ചു വാങ്ങി നോക്കിയപ്പോഴോ… ഞാനും എന്റെ ചോരയും.

ഫോട്ടോ ബസ്സ് സ്റ്റോപ്പിൽ ഉള്ളവർക്കൊക്കെ ഞാൻ കാണിച്ചു കൊടുത്തു. ചിരി വിടർന്നു നിന്നിരുന്ന അവരുടെയൊക്കെ മുഖം പതിയെ കുനിഞ്ഞു നിന്നു.

” ഞാൻ ഇത് ഇപ്പോൾ പോലീസിൽ ഏല്പ്പിക്കും.” വിറളി വെളുത്ത അവന്റെ മുഖം നോക്കി ഞാൻ പറഞ്ഞു.

“അയ്യോ ചേച്ചി ക്ഷമിക്കണം. ഞാൻ വെറുതേ ഒരു തമാശയ്ക്ക്… ഇനി ഒരിക്കലും ഇങ്ങനെയൊന്നും ചെയ്യില്ല, ഫോൺ തിരിച്ചു തരുമോ ചേച്ചി… ”

” അവന്റെ ഒരു തമാശ. തരില്ല, ഈ ഫോൺ നിനക്ക് ഇനി തിരിച്ചുകിട്ടില്ല. ഞാൻ ഇപ്പോൾ തന്നെ പോലീസ് സ്റ്റേഷനിൽ പോകും.” ഉറച്ച സ്വരത്തിൽ ഞാൻ പറഞ്ഞു.

അവിടെ കൂടി നിന്നവർ അവന്റെ വക്കാലത്തുമായി വന്നപ്പോൾ നിങ്ങളുടെ മകൾക്കോ ഭാര്യയ്ക്കോ ഇതേ അവസ്ഥ വന്നാൽ എന്തു ചെയ്യുമെന്ന ഒറ്റ ഡയലോഗിൽ കാര്യം മനസ്സിലായി. പിന്നെ അവർ ഒന്നും മിണ്ടിയില്ല.

” ചേച്ചി എന്റെ ബസ്സ് വന്നു, ഞാൻ ചേച്ചിടെ കാല് പിടിക്കാം, ഫോൺ തന്ന് എന്നെ പോകാൻ വിട്. ” അവന്റെ കണ്ണിൽ നിന്നും ധാരയായി കണ്ണുനീർ വരാൻ തുടങ്ങി.

“ശരി, ഫോൺ തിരിച്ചു തരാം, പോലീസ് സ്റ്റേഷനിലും പോകില്ല പക്ഷേ നീ എനിക്ക് രണ്ടു കാര്യങ്ങൾ ചെയ്തു തരണം. സമ്മതിച്ചോ ?” ഞാൻ ഇത് ചോദിച്ചതും അവിടെ കൂടി നിന്നവരുടെ മുഖത്ത് ആകാംക്ഷ നിറയുന്നത് ഞാൻ കണ്ടു.

” എന്തു വേണമെങ്കിലും ചെയ്തു തരാം ചേച്ചി. ” വേറെ ഒരു രക്ഷയും ഇല്ലാന്ന് കണ്ട അവൻ പറഞ്ഞു.

എന്റെ ബാഗിൽ നിന്നും 50 രൂപ എടുത്ത് അവന്റെ കയ്യിൽ കൊടുത്ത് തൊട്ട് മുന്നിൽ ഉള്ള ഫാൻസി കടയിൽ നിന്ന് 34 രൂപയുടെ വിസ്പർ വാങ്ങിവരാൻ പറഞ്ഞു. അന്ധാളിച്ചു നില്ക്കുന്ന അവന്റെ മുഖം കണ്ടപ്പോൾ എനിക്ക് ചിരി വന്നു. ബസ്സ് സ്റ്റോപ്പിൽ ഉണ്ടായിരുന്നവരും ചിരിക്കാൻ തുടങ്ങിയപ്പോൾ അവനു വേറെ രക്ഷയില്ലാന്ന് മനസ്സിലായി. പതുക്കെ പൈസയും വാങ്ങി അവൻ നടന്നു.

” അതുവഴി ഓടിപ്പോകരുത്, ഫോൺ ഞാൻ പോലീസിന്റെ കയ്യിൽ കൊടുക്കും. 34 രൂപയുടെ വിസ്പർ മറക്കരുത്.” തിരിഞ്ഞു നിന്ന് നിസ്സഹായതയോടെ അവൻ എന്നെ ഒന്ന് നോക്കി, പിന്നെ പതുക്കെ നടന്നു.

അതും വാങ്ങി അവൻ വരുന്നത് അവന്റെ കൂട്ടുകാരൻ എന്തു ചെയ്യണമെന്ന് അറിയാതെ നിശബ്ദനായി നോക്കി നിന്നു.

എന്റെ കൈയിൽ തന്നിട്ട് ഇനി ഞാൻ പോയ്ക്കോട്ടെ എന്നു ചോദിച്ചു.

“അവിടെ നില്ക്ക് , ഇനി ആ കാണുന്ന വീട്ടിൽ ചെന്നിട്ട് ചോദിക്കണം, എന്റെ ചേച്ചിക്ക് പെട്ടെന്ന് പീരിയഡ്സ് ആയി, ബസ്സ് സ്റ്റോപ്പിൽ നില്ക്കന്നുണ്ട് ഇവിടുത്തെ ടോയ് ലറ്റ് ഒന്നു ഉപയോഗിക്കാമോ എന്ന്. വേഗം ചെല്ല്, മോന്റെ ബേഗ് ഇങ്ങ് തന്നേക്ക് വരുന്നതുവരെ ചേച്ചി പിടിക്കാം” ഒരക്ഷരം മിണ്ടാതെ ബേഗ് എന്റെ കയ്യിൽ തന്നിട്ട് അവൻ പോയി.

” ഉപയോഗിച്ചോളൂ, കുഴപ്പമൊന്നും ഇല്ലാന്ന് പറഞ്ഞു ”

“അതെയോ, എന്നാൽ ചേച്ചി ഇപ്പോ വരാട്ടോ, എന്നിട്ട് തരാം ബാഗും ഫോണും .”

ഞാൻ വരുന്നതുവരെ അവിടെ ഉണ്ടായിരുന്നവരെല്ലാം അക്ഷമയോടെ കാത്തിരുന്നു.

“നല്ല കുട്ടി, മോന്റെ വീട്ടിൽ അമ്മയില്ലേ?”

“ഉണ്ട്”

” നിന്റെ അമ്മയ്ക്കും എല്ലാ മാസത്തിലും ഇതൊക്കെ സംഭവിക്കും, ഇങ്ങനെ നടക്കുന്നത് കൊണ്ടാണ് നീയൊക്കെ ജനിച്ചത്. മനസ്സിലായോ? ഇതിനെ ഒരിക്കലും കളിയാക്കാൻ പാടില്ല കേട്ടോ?” അവൻ പതക്കെ തലയാട്ടി, അവിടെ കൂടി നിന്നവരുടെ മുഖത്തേക്ക് രൂക്ഷമായി ഞാൻ ഒന്നു നോക്കി, അവന്റെ ഫോണിൽ നിന്ന് ഫോട്ടോ ഡിലീറ്റ് ചെയ്ത് ബാഗും ഫോണും തിരിച്ചു നല്കി. എന്റെ മുഖത്ത് നോക്കാതെ ഒരു സോറിയും പറഞ്ഞ് അവൻ പോയി.

ഒരു വലിയ കാര്യം ചെയ്ത സംതൃപ്തിയോടെ ഞാൻ കോളേജിലേക്കും പോയി.

*****

Written By #shilpa_Balakrishnan

About Intensive Promo

Leave a Reply

Your email address will not be published.