Breaking News
Home / Lifestyle / മഴ കൊള്ളാതിരിക്കാന്‍ ഒരു ഷീറ്റ് വാങ്ങി തരാമോ എന്ന് ചോദിച്ചു യുവാക്കള്‍ വയോധികയ്ക്ക് നിര്‍മ്മിച്ച് നല്‍കിയത്

മഴ കൊള്ളാതിരിക്കാന്‍ ഒരു ഷീറ്റ് വാങ്ങി തരാമോ എന്ന് ചോദിച്ചു യുവാക്കള്‍ വയോധികയ്ക്ക് നിര്‍മ്മിച്ച് നല്‍കിയത്

പ്രളയം തലചായ്ക്കാനുള്ള ചോരുന്ന കൂരയും കൊണ്ടുപോയതോടെ ഷെഡില്‍ താമസമാക്കിയ രമയ്ക്ക് കൈത്താങ്ങായി സുമനസുകളായ ഒരു കൂട്ടം യുവാക്കള്‍. മഴയും വെയിലും കൊള്ളാതിരിക്കാന്‍ ഒരു പ്ലാസ്റ്റിക് ഷീറ്റ് വാങ്ങിത്തരുമോ എന്നു ചോദിച്ച വീട്ടമ്മയ്ക്കു സമൂഹ മാധ്യമക്കൂട്ടായ്മ ഒരുക്കി നല്‍കിയത് അടച്ചുറപ്പുള്ള ഒരു വീട്. അതും പതിനാറു ദിവസം കൊണ്ട്.

പറവൂര്‍ വടക്കുംപുറം തൈക്കൂട്ടത്തില്‍ ശ്രീനിവാസന്റെ ഭാര്യ രമ (63)യ്ക്കായാണ് സൗഹൃദക്കൂട്ടായ്മ വീടൊരുക്കി നല്‍കിയത്. ഭര്‍ത്താവിന്റെ മരണത്തോടെ ഒറ്റപ്പെട്ട രമ ഒരു കൊച്ചു ഷെഡിലായിരുന്നു താമസിച്ചിരുന്നത്. പ്രളയം വന്നതോടെ അതു തകര്‍ന്നു. തലചായ്ക്കാന്‍ ഇടമില്ലാതായതോടെ ദുരിതാശ്വാസ പ്രവര്‍ത്തനത്തിനെത്തിയ യുവാക്കളോടാണ് തന്റെ ആവശ്യം രമ ഉന്നയിച്ചത്.

രമയുടെ ദുരിതാവസ്ഥ മനസിലാക്കിയ യുവാക്കള്‍ ഒരു വീടൊരുക്കി നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനായി രൂപപ്പെടുത്തിയ വാട്‌സ്ആപ്പ്, ഫേസ്ബുക്ക് ഗ്രൂപ്പുകളാണു വളരെ ചുരുങ്ങിയ സമയം കൊണ്ടു മനോഹരമായ വീടൊരുക്കി ഇവര്‍ക്കു സമ്മാനിച്ചത്.

രണ്ടര ലക്ഷം രൂപയാണ് ഇതിനായി യുവാക്കള്‍ സമാഹരിച്ചത്. ഒരു മുറി, അടുക്കള, ശുചി മുറി, സിറ്റ് ഔട്ട് എന്നിവയുള്ള വീടാണ് ഒരുക്കി നല്‍കിയത്. വീടിനകം ടൈല്‍ പാകിയിട്ടുണ്ട്. മേല്‍ക്കൂര ഷീറ്റ് വിരിച്ച് സീലിങ് ചെയ്തതോടെ വീട് റെഡി. വീട് പൂര്‍ണമായും നിര്‍മിച്ച ശേഷമായിരുന്നു ഗൃഹപ്രവേശന വിവരം പുറത്തുവിട്ടത്. ഞായറാഴ്ച രാവിലെ നടന്ന ഗൃഹപ്രവേശനത്തിലേക്ക് ആരേയും ക്ഷണിച്ചിരുന്നില്ല. എന്നാല്‍ എംഎല്‍എയും ജനപ്രതിനിധികളും കലാകാരന്മാരും അടക്കം സമൂഹത്തിന്റെ വിവിധ തുറകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ചടങ്ങിനെത്തി സന്തോഷം പങ്കുവെച്ചു.

ഹോം ചലഞ്ച് എന്ന പേരില്‍ രൂപീകരിക്കപ്പെട്ട ഗ്രൂപ്പ് സമാഹരിച്ച തുകയില്‍ ബാക്കി വന്ന 10000 രൂപ മറ്റൊരു വീടു നിര്‍മാണത്തിനായി രമ കൈമാറി. മറ്റൊരാള്‍ക്ക് വീടൊരുക്കാനുള്ള പുതിയ ദൗത്യത്തിലാണ് ഈ സൗഹൃദസംഘം.

About Intensive Promo

Leave a Reply

Your email address will not be published.