Breaking News
Home / Lifestyle / ഭയം കൊണ്ട് ആളുകള്‍ പുറത്തിറങ്ങാതിരുന്ന ഒരു ഗ്രാമം

ഭയം കൊണ്ട് ആളുകള്‍ പുറത്തിറങ്ങാതിരുന്ന ഒരു ഗ്രാമം

തെലങ്കാനയിലെ ഒരു ഗ്രാമത്തിലാണ് സംഭവം നടക്കുന്നത്. അവിടെ, പതിവിലും നേരത്തെ ആളുകള്‍ വീടെത്തിത്തുടങ്ങിയിരിക്കുന്നു. വീടിന്‍റെ വാതിലുകള്‍ രാത്രിയാവുന്നതിന് മുമ്പ് തന്നെ അടഞ്ഞു തുടങ്ങി. തെരുവുകളില്‍ ആരുമില്ലാതായി. കുട്ടികളുടെ കളികളെല്ലാം വീടിനകത്തായി. ഇത് ആ നാടിന് അപരിചിതമായിരുന്നു. അതുവരെ ചൂടുകാലത്ത് വീടിനു പുറത്ത് കിടന്നുറങ്ങിയവരായിരുന്നു അവിടുത്തെ ജനങ്ങള്‍. പക്ഷെ, ഇപ്പോഴിങ്ങനെയാണ്.

മാര്‍ച്ച് മാസത്തില്‍ ഗ്രാമത്തിലെ പൊലീസുകാരാണ് മേലധികാരിയെ ഈ മാറ്റം അറിയിച്ചത്. അതോടെ രമാ രാജേശ്വരി എന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥ തന്‍റെ കൂടെ കളിക്കളത്തിലിറങ്ങാനുള്ള പൊലീസുകാരെ ഒരുക്കി നിര്‍ത്തി.

‘നാട്ടുകാര്‍ പറഞ്ഞത്, സൂര്യാസ്തമയത്തിനുശേഷം ആ ഗ്രാമത്തിലെ ജീവിതം ഭയത്തിനു പുറത്താണെന്നാണ്. ഇതിന് മുമ്പൊരിക്കലും ഇങ്ങനെയൊന്നും ഉണ്ടായിട്ടില്ലെന്നും അവര്‍ പറയുന്നു’വെന്നും രമാ രാജേശ്വരി പറയുന്നു.

അടുത്ത ദിവസങ്ങളില്‍, ഗ്രാമത്തിലെന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് അന്വേഷിക്കാന്‍ തുടങ്ങി. അന്വേഷണത്തിലാണ് മനസിലായത്, ഗ്രാമത്തിലെ ഭൂരിഭാഗം പേര്‍ക്കും വാട്ട്സാപ്പ് വഴി ഒരു വീഡിയോയും, ഓഡിയോ റെക്കോര്‍ഡിങ്ങും കിട്ടിയിട്ടുണ്ട് എന്ന്. വളരെ പണ്ട് ഉണ്ടായിരുന്ന മോഷണവും പിടിച്ചുപറിയും നടത്തിയിരുന്ന ഒരു കൂട്ടം ആദിവാസികള്‍ തിരികെ വന്നിട്ടുണ്ട് എന്നായിരുന്നു വാട്ട്സാപ്പ് ഓഡിയോ. അവര്‍ തിരികെ വരുന്നത് മനുഷ്യരുടെ അവയവങ്ങള്‍ മോഷ്ടിക്കുന്നതിനാണെന്നും ഓഡിയോയിലുണ്ടായിരുന്നു. പൊലീസുകാര്‍ ഗ്രാമത്തിലുള്ളവരുടെ ഫോണുകള്‍ പരിശോധിച്ചു.

മുപ്പത്, മുപ്പത്തഞ്ചോളം വീഡിയോകളും, ഫോട്ടോയുമൊക്കെ ഇങ്ങനെ വൈറലായിട്ടുണ്ടായിരുന്നു. ഏറ്റവുമധികം ഷെയര്‍ ചെയ്യപ്പെട്ട വീഡിയോകളിലൊന്ന് ഒരു കുട്ടിയെ തട്ടിക്കൊണ്ടുപോകുന്ന വീഡിയോ ആയിരുന്നു. യഥാര്‍ത്ഥത്തില്‍ പാകിസ്ഥാനില്‍ ശിശു സംരക്ഷണത്തിന്‍റെ ഭാഗമായി ചിത്രീകരിച്ച ഒരു സിനിമയില്‍ നിന്നെടുത്ത ഭാഗം എഡിറ്റ് ചെയ്തതതായിരുന്നു ആ വീഡിയോ. പരിശോധനയില്‍ ഇത് വ്യക്തമാവുകയും ചെയ്തു.

‘ഈ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവര്‍ നമ്മുടെ ഗ്രാമത്തിലുമെത്തിയിരിക്കുന്നു. അവര്‍ നിങ്ങളുടെ വാതിലിനു നേരെ കല്ലെറിയും. നിങ്ങള്‍ പുറത്തിറങ്ങുകയോ, കുട്ടികളെ പുറത്തിറങ്ങാന്‍ അനുവദിക്കുകയോ ചെയ്യരുത്. ഇത് എല്ലാവരിലുമെത്തിക്കുക’ എന്നായിരുന്നു ഓഡിയോ.

വ്യാജ വാര്‍ത്തകള്‍ അപകടമായത് ഇങ്ങനെ

ഒരു കാലത്ത് ദാരിദ്ര്യവും കഷ്ടപ്പാടും ഭീകരമായി അലട്ടിയിരുന്ന നാടായിരുന്നു ജോഗുലമ്പ ഗദ്വാള്‍, വനപര്‍ത്തി എന്നീ ജില്ലകളിലേത്. അവിടെ ജനങ്ങളെല്ലാം ജോലി തേടി നഗരങ്ങളിലേക്ക് പോവുകയായിരുന്നു. പകുതി പേര്‍ക്ക് മാത്രമാണ് വായിക്കാനും എഴുതാനും അറിയാവുന്നത്. പക്ഷെ, എല്ലാ വീട്ടിലും ഒരു സ്മാര്‍ട് ഫോണെങ്കിലും ഉണ്ടായിരുന്നു. 2000 രൂപ വില വരുന്ന സെക്കന്‍ഡ് ഹാന്‍ഡ് ചൈനീസ് ഫോണെങ്കിലും ഓരോരുത്തരും വാങ്ങി. വിദ്യാഭ്യാസം എത്താന്‍ മടിച്ചുനിന്നെങ്കിലും ടെക്നോളജിയെ ജനങ്ങള്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു.

മാധ്യമങ്ങളെ കുറിച്ചും ജനങ്ങള്‍ക്ക് കാര്യമായ ധാരണകളില്ലായിരുന്നു. അവര്‍ വാര്‍ത്തകള്‍ക്കായി വാട്ട്സാപ്പിനെ ആശ്രയിച്ചു തുടങ്ങി. രണ്ട് ഡസനിലേറെ വാട്ട്സാപ്പ് ഗ്രൂപ്പകളില്‍ ഓരോരുത്തരും അംഗങ്ങളായിരുന്നു. കുടുംബങ്ങളുടെ, സുഹൃത്തുക്കളുടെ, നാട്ടിലെ അങ്ങനെ… അങ്ങനെ…

മാര്‍ച്ച് മാസത്തിലാണ് രണ്ട് ജില്ലകളില്‍ ഈ വീഡിയോ വൈറലായത്. രാജേശ്വരി ഇതിനെ കുറിച്ച് പഠിക്കാനും വ്യാജവാര്‍ത്തകളെ കുറിച്ച് കണ്ടുപിടിക്കാനും തീരുമാനിച്ചു. അവര്‍ നാട്ടുകാരോട് റൂമറുകളില്‍ വിശ്വസിക്കരുതെന്നും അത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ശിക്ഷ കിട്ടാവുന്ന കുറ്റമാണെന്നും പറഞ്ഞുകൊടുത്തു. രാത്രികാല പട്രോളിങ്ങ് ശക്തമാക്കി. പൊലീസുകാരുടെയും ചീഫിന്‍റെയും ഫോണ്‍ നമ്പറുകള്‍ ഗ്രാമത്തിലെ ചുവരുകളിലെല്ലാം എഴുതി.

ഒന്നരമാസത്തിനുശേഷം ഷെയര്‍ചാറ്റിലൂടെ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നുവെന്ന് വീണ്ടും വ്യാപകമായി വാര്‍ത്ത പ്രചരിച്ചു തുടങ്ങി. 2016-17 വര്‍ഷത്തില്‍ 54,000ത്തിലേറെ കുട്ടികളെ ഇങ്ങനെ തട്ടിക്കൊണ്ടുപോകുന്നുവെന്നായിരുന്നു പ്രചരണം. എന്നാല്‍, അന്വേഷിച്ചപ്പോള്‍ അതുസംബന്ധിച്ച റെക്കോര്‍ഡുകളൊന്നും കിട്ടിയില്ല.

ഫോണ്‍ അപ്പോഴും ശബ്ദിച്ചുകൊണ്ടിരുന്നു. ഒരു രാത്രി ഒരു ഗ്രാമവാസി വിളിച്ചു. ഭ്രാന്തനെ പോലെ പുലമ്പുന്നുണ്ടായിരുന്നു അയാള്‍. അയാളുടെ വീടിന്‍ വാതില്‍ ആരോ കല്ലെറിയുന്നുണ്ട് എന്നായിരുന്നു പറഞ്ഞുകൊണ്ടിരുന്നത്. കുട്ടികളെ കടത്തുന്നവരെത്തിയിട്ടുണ്ട് എന്നും അയാള്‍ പറയുന്നുണ്ടായിരുന്നു. സ്ഥലത്തെ കോണ്‍സ്റ്റബിള്‍ അന്വേഷണം നടത്തിയപ്പോള്‍ അവിടെ അങ്ങനെ ഒരു സംഭവമേ നടന്നിട്ടില്ലെന്നും കാര്യങ്ങള്‍ ശാന്തമാണെന്നുമാണ് അറിയാനായത്. അതോടെ രാജേശ്വരി സ്വന്തം നിലയില്‍ അന്വേഷണം നടത്താനാരംഭിച്ചു.

വീഡിയോ കണ്ട് ഭയക്കുന്ന ഗ്രാമവാസികളാണ് പൊലീസിനെ വിളിക്കുന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. അവര്‍ മദ്യപിച്ചിട്ടാണ് വിളിക്കുന്നതെന്നും. നാട്ടില്‍ പക്ഷെ, ഇത്തരം ഒരു സംഭവം പോലും നടന്നിട്ടില്ലെന്നും മനസിലായി. വിദ്യാഭ്യാസമില്ലാത്തതും വാട്ട്സാപ്പും, വ്യാജ വാര്‍ത്തകളും ജനങ്ങളെ കീഴടക്കിയതാണ് ഈ ഭയത്തിനെല്ലാം കാരണമെന്നും പൊലീസിന് മനസിലായി.

വ്യാജവാര്‍ത്തകളുടെ തിക്തഫലങ്ങളും ഓരോരുത്തര്‍ അനുഭവിച്ചു തുടങ്ങി. ഏപ്രില്‍ മാസത്തില്‍ അവിടെ ഒരു ഒറ്റപ്പെട്ട ഗ്രാമത്തില്‍, മതപരമായ ഒരു ചടങ്ങിന് ശേഷം വീട്ടിലേക്ക് തിരിച്ചുപോവുകയായിരുന്നു ഗ്രാമവാസികള്‍. അതില്‍ പാടാനെത്തിയ രണ്ട് സ്ത്രീകള്‍ക്ക് അവസാനത്തെ ബസ് കിട്ടാതിരിക്കുകയും അന്നുരാത്രി അവര്‍ അവിടെത്തന്നെയുള്ള ഒരു ചെറിയ അമ്പലത്തില്‍ തുടരാന്‍ തീരുമാനിക്കുകയും ചെയ്തു. അര്‍ധരാത്രിയോടെ മദ്യപിച്ച ഒരാള്‍ അവരെ കണ്ടു. ഗ്രാമവാസികളെ എല്ലാം ഉണര്‍ത്തി കുട്ടികളെ പിടിച്ചുകൊണ്ടുപോകുന്നവരെ താന്‍ കണ്ടെത്തി, അവര്‍ അമ്പലത്തില്‍ ഉറങ്ങുന്നുണ്ട് എന്ന് പറഞ്ഞു.

ഒരു ജനക്കൂട്ടം അപ്പോള്‍ തന്നെ അവരുടെ അടുത്തെത്തുകയും അവരെ മരത്തിന് കെട്ടിയിട്ട് അടിക്കാനും തുടങ്ങി. ഒരു ഗ്രാമവാസി പക്ഷെ പൊലീസിനെ വിവരമറിയിച്ചു. നാല് പൊലീസുകാര്‍ സ്ഥലത്തെത്തുകയും ആ സ്ത്രീകളെ രക്ഷപ്പെടുത്തുകയും ചെയ്തു.

വേറൊരിക്കല്‍ ഒരു ഗ്രാമത്തില്‍ ഒരു യുവാവ് തന്‍റെ കാമുകിയെ കാത്തിരിക്കുകയായിരുന്നു. വയലുകളുടെ മറവിലാണ് നിന്നിരുന്നത്. അയാളെയും ഗ്രാമവാസികള്‍ കുട്ടികളെ കടത്തുന്നവനാണെന്ന് ആരോപിച്ച് തല്ലിച്ചതച്ചു. പൊലീസെത്തിയാണ് രക്ഷിച്ചത്.

വേറൊരിടത്ത് മൂന്നു യുവാക്കള്‍ വഴക്കുണ്ടാക്കി. അതില്‍ രണ്ടുപേര്‍ ചേര്‍ന്ന് മറ്റെയാളുടെ ചിത്രമെടുത്ത് കുട്ടികളെ പിടിക്കാനെത്തുന്നവനെന്ന് പറഞ്ഞ് വാട്ട്സാപ്പില്‍ പ്രചരിപ്പിച്ചു. അങ്ങനെ വാട്ട്സാപ്പില്‍ കണ്ട ആളുകള്‍ അയാളെയും അക്രമിച്ചു. മറ്റ് രണ്ടുപേരെ പൊലീസ് പിടികൂടി. അവര്‍ പറഞ്ഞത് അവനെ ഒരു പാഠം പഠിപ്പിക്കാനാണ് അങ്ങനെ ചെയ്തതെന്നാണ്. മുപ്പതോളം സംഭവങ്ങളാണ് ഇതുപോലെ നാട്ടിലുണ്ടായത്. വ്യാജവാര്‍ത്തകള്‍ വിശ്വസിച്ച് ആളുകള്‍ നടത്തുന്ന അക്രമം കൂടിക്കൂടി വന്നു. ഒറ്റപ്പെട്ട അവസരത്തില്‍ പെടുന്നവരെയെല്ലാം ജനങ്ങള്‍ അക്രമിച്ചു തുടങ്ങി.

പൊലീസിന്‍റെ പ്രവര്‍ത്തനം ഇങ്ങനെ

ഇതില്‍ നിന്നും ഗ്രാമത്തെ രക്ഷിക്കാന്‍ രാജേശ്വരിയുടെ നേതൃത്വത്തില്‍ പൊലീസ് മുന്നിട്ടിറങ്ങി. അവര്‍ നിരന്തരം ഗ്രാമത്തിലെ പ്രധാനപ്പെട്ട ആളുകളോടും വില്ലേജ് കൌണ്‍സിലിനോടും വ്യാജവാര്‍ത്തകള്‍ക്കെതിരെ ബോധവല്‍ക്കരണം നടത്തി. പൊലീസ് കോണ്‍സ്റ്റബിള്‍മാരെല്ലാം ഓരോ വാട്ട്സാപ്പ് ഗ്രൂപ്പുകളില്‍ അംഗങ്ങളാവുകയും, വ്യാജവാര്‍ത്തകളുണ്ടാവുന്നതിനെ കുറിച്ച് നിരീക്ഷിക്കുകയും ചെയ്തു.

ഗ്രാമത്തില്‍ ആഘോഷങ്ങളെക്കുറിച്ചും മറ്റും ചെണ്ടകൊട്ടിയറിയിക്കുന്നയാള്‍ വ്യാജവാര്‍ത്തകളെ കുറിച്ച് നിരന്തരം അറിയിച്ചു. പൊലീസുകാര്‍ സാംസ്കാരിക ഗ്രൂപ്പുകളുണ്ടാക്കുകയും ഗ്രാമങ്ങളിലെല്ലാം സഞ്ചരിക്കുകയും പാട്ടുകള്‍ പാടിയും, നാടകമവതരിപ്പിച്ചും വ്യാജവാര്‍ത്തയുടെ അപകടത്തെ കുറിച്ച് അറിയിക്കുകയും ചെയ്തു.

തെലങ്കാനയിലെ ഈ വ്യാജവാര്‍ത്തകള്‍ ഒരുപാട് പേര്‍ക്കാണ് അപകടമുണ്ടാക്കിയത്. എങ്കിലും, നിരന്തരമായ പൊലീസ് ഇടപെടലുകള്‍ ഒരു ഗ്രാമത്തിനെ രക്ഷിച്ചു. വ്യാജവാര്‍ത്തകള്‍ ഉണ്ടാക്കുന്ന അപകടത്തെ കുറിച്ച് വ്യക്തമാക്കുന്നതാണ് തെലങ്കാനയിലെ ഈ സംഭവം.

About Intensive Promo

Leave a Reply

Your email address will not be published.