Breaking News
Home / Lifestyle / മൃതദേഹങ്ങളുടെ കാവൽക്കാരനാകാൻ മമ്മൂട്ടി എന്ന മഹാ നടൻ എത്തുന്നു ; കാത്തിരിപ്പോടെ പ്രവാസലോകം..!!

മൃതദേഹങ്ങളുടെ കാവൽക്കാരനാകാൻ മമ്മൂട്ടി എന്ന മഹാ നടൻ എത്തുന്നു ; കാത്തിരിപ്പോടെ പ്രവാസലോകം..!!

12 വർഷത്തെ പ്രവാസ ലോകത്തെ ജീവിതത്തിനിടയിൽ അയ്യായിരത്തോളം മൃതദേഹങ്ങൾ ഇന്ത്യയടക്കം വിവിധ രാജ്യങ്ങളിലേയ്ക്ക് കയറ്റി അയച്ച, പ്രവാസി ഭാരതീയ സമ്മാൻ ജേതാവ് കൂടിയായ കോഴിക്കോട് താമരശ്ശേരി സ്വദേശി അഷ്റഫിന്റെ ജീവിതമാണ് ടിനി അഭ്രപാളികളിലെത്തിക്കുക.

യുഎഇയിലെ സാമൂഹിക പ്രവർത്തകൻ അഷ്റഫ് താമരശ്ശേരിയുടെ ജീവിതം പ്രമേയമാക്കി തന്റെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രത്തിന് വേണ്ടിയുള്ള വിവരങ്ങൾ ശേഖരിക്കാനുള്ള യാത്രയിൽ കണ്‍മുന്നിൽ തെളിഞ്ഞതും കേട്ടതുമൊക്കെ ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത അനുഭവങ്ങളാണെന്ന് ടിനി ടോം  പറഞ്ഞു.

ടിവി ചാനലുകളിലും സിനിമകളിലുമൊക്കെ കാണാറുള്ള വർണശബളമായ ദുബായ് മാത്രമല്ല ഇത്തരത്തിൽ നീറുന്ന ജീവിതങ്ങളുള്ള ഒരു മുഖം കൂടി നേരിട്ട് അനുഭവിച്ചപ്പോൾ, തന്റെ സിനിമ ഏതു രീതിയിലാണ് ലോകം കാണേണ്ടതെന്നതിനെക്കുറിച്ച് ടിനിയുടെ മനസിൽ വ്യക്തമായ രൂപവുമായി.

മരണവീട് അല്ലെങ്കിൽ ആശുപത്രി, മോർച്ചറി, പൊലീസ് സ്റ്റേഷൻ, എംബാമിങ് കേന്ദ്രം, സെമിത്തേരി തുടങ്ങിയ സ്ഥലങ്ങളിലാണ് അഷ്റഫിന്റെ ഒരു ദിവസം കത്തിത്തീരുന്നത്. പ്രതിദിനം അഞ്ചോളം മൃതദേഹം അദ്ദേഹം കയറ്റിയയക്കുന്നു. മരിച്ചവരുടെ ബന്ധുക്കളുടെ ദുഃഖം സ്വയം ഏറ്റുവാങ്ങി, അവരെ സമാശ്വസിപ്പിക്കുക കൂടി ഇൗ മനുഷ്യസ്നേഹി തന്റെ കർത്തവ്യമായി കരുതുന്നു.

ഇന്നലെ അഷ്റഫിന്റെ കൂടെ ചെലവഴിച്ചപ്പോൾ, പത്താം തരം പരീക്ഷയെഴുതുന്ന മകളും ഭാര്യയുമടങ്ങുന്ന കുടുംബത്തെ പ്രവാസ ഭൂമികയിൽ ഒറ്റയ്ക്കാക്കി വേർപിരിഞ്ഞുപോയ തമിഴ് നാട് സ്വദേശി ആൻഡ്രൂ എന്നയാളുടെ മൃതദേഹം നാട്ടിലേക്ക് അയക്കുന്ന ജോലി മുഴുവൻ പൂർത്തിയാക്കുന്നതു കണ്ടു മനസിലാക്കി. ശരിക്കും മനസിനെ ആഴത്തിൽ സ്പർശിച്ച അനുഭവങ്ങളാണിതൊക്കെയെന്ന് ടിനി പറയുന്നു.

അഷ്റഫ് ഇന്നു രാജ്യാന്തര തലത്തിൽ പ്രശസ്തനാണ്. യുഎഇയിൽ എവിടെ ചെന്നാലും ആളുകൾ അദ്ദേഹത്തെ തിരിച്ചറിയുന്നു. വന്നു പരിചയപ്പെടുന്നു. ഒരു കഫ്റ്റീരിയയിൽ കയറിയാൽ ചായയുടെ പണം പോലും വാങ്ങാൻ കടക്കാരൻ കൂട്ടാക്കുന്നില്ല. ഇത്തരമൊരു മനുഷ്യ സ്നേഹിക്കുള്ള ആദരവായിരിക്കും ചിത്രം. എല്ലാതതരം പ്രേക്ഷകർക്കും കണ്ടാസ്വദിക്കാവുന്ന സിനിമയായിരിക്കുമെന്നും ടിനി ടോം ഉറപ്പു നൽകുന്നു.

കഥയുമായി മമ്മുട്ടിയെ സമീപിച്ചപ്പോൾ സധൈര്യം മുന്നോട്ടുപോകാൻ പച്ചക്കൊടി കാണിച്ചു. അഷ്റഫിന്റെ‌ ജീവിതം അപ്പാടെ പകർത്തുകയല്ല, അദ്ദേഹത്തിന്റെ ഇടപെടലുകളിലൂടെ പ്രവാസി ജീവിതത്തിന്റെ തീവ്രതയും ഉൗഷ്മളതയും ലോകത്തെ അറിയിക്കാനാണ് ഉദ്ദേശിക്കുന്നത്. അതോടൊപ്പം, പ്രവാസി മലയാളികളുടെ ഇടയിലെ രസകരമായ സംഭവങ്ങൾ ആക്ഷേപ ഹാസ്യത്തിലൂടെയും പറയും.

അഷ്റഫിന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണ നല്‍കി കൂടെ നടക്കുന്ന ഷിന്റോ, സദാശിവൻ എന്നീ കഥാപാത്രങ്ങളെ പ്രധാന നടന്മാർ അവതരിപ്പിക്കും. മറ്റു കഥാപാത്രങ്ങളെ യുഎഇയിൽ നിന്നു തിരഞ്ഞെടുക്കും. ഇവിടെ തിയറ്റർ രംഗത്ത് പ്രവർത്തിക്കുന്നവർക്കും അല്ലാത്തവർക്കും അവസരം നൽകും. ഏപ്രിലിൽ തിരക്കഥ പൂർത്തിയാകും. മലയാളത്തിലെ പ്രമുഖ സംവിധായകനായിരിക്കും ചിത്രം ഒരുക്കുക. തിരക്കഥാ രചനയ്ക്ക് സതീഷ് സഹായിക്കുന്നു.

1995 മുതല്‍ ഞാൻ യുഎഇയിലെ സന്ദർശകനാണ്. ജീവിതത്തിൽ ഒാർക്കാനുള്ള ഒരു ദിവസമാണ് അഷ്റഫ് ഇന്നലെ സമ്മാനിച്ചത്, ഒട്ടേറെ തിരിച്ചറിവുകളും ഇത് പകർന്നുതന്നു. ഒരു നിയോഗം പോലെ ഞാനി പദ്ധതിയിൽ എത്തപ്പെട്ടു. ഇതെന്റെ സ്വപ്‍നപദ്ധതിയായി മാറി. സാമ്പത്തിക നേട്ടത്തിനോ പ്രശസ്തിക്കോ വേണ്ടിയല്ല ഞാനിതേറ്റെടുത്തത്.

അതിനൊക്കെയുള്ള മരുന്ന് എന്റെ കൈയിൽ വേറെയുണ്ട്. എന്തു പ്രതിസന്ധി തരണം ചെയ്തും ഞാനീ സിനിമ യാഥാർഥ്യമാക്കും. മമ്മുട്ടി എന്ന മഹാ നടന്റെ പൂർണ പിന്തുണ എനിക്കുണ്ട്; പിന്നെ അഷ്റഫിനെ സ്നേഹിക്കുന്ന, അദ്ദേഹത്തിന്റെ നന്മയ്ക്കായി പ്രാർഥിക്കുന്ന ലോകത്തിന്റെ വിവിധ ഭാഗത്തുള്ള ആയിരക്കണക്കിന് പേരുടെയും– ടിനി പറഞ്ഞു.

About Intensive Promo

Leave a Reply

Your email address will not be published.